Friday, 26 September 2014

പ്രിയപ്പെട്ട മനുവേട്ടനു,

അകാലത്തില്‍ പറന്നകന്ന ഒരു കഥാകാരന്റെ സ്മരണക്ക് മുന്നില്‍ വേദനയോടെ ...ഒന്ന് കരയാന്‍ പോലും കഴിയാതെ...ഞാന്‍ സമര്‍പ്പിക്കുന്നു....
ശ്രീ മനോരാജിനു ആദരാഞ്ചലികള്‍..


ജീവിതത്തിന്റെ ബാന്‍ഡ് വിഡ്ത്തില്‍ ഒരു കാക്ക
----------------------------------------------

"ജീവിതത്തിന്റെ ബാന്‍ഡ് വിഡ്ത്തില്‍ ഒരു കാക്ക" എന്ന ശ്രീ
മനോരാജിന്റെ കഥാസമാഹാരത്തിന്റെ കവര്‍ പേജ് തന്നെ പുസ്തകത്തിന്റെ പേരിനെ
അന്വര്‍ത്ഥമാക്കും വിധം ഉള്ളതാണ്. 75 രൂപ വില വരുന്ന പുസ്തകം സൈകതം
ബുക്സ് ആണ് പബ്ളിഷ് ചെയ്തിരിക്കുന്നത്.
ഒരുപക്ഷെ എന്റെ മനസ്സിനെ ഏറെ സ്വാധീനിച്ചത് ഈ പുസ്തകത്തിന്റെ
സമര്‍പ്പണമാണ്. വല്ലാത്തൊരു വശ്യതയുണ്ട് ആ സമര്‍പ്പണത്തിന്.
ശ്രീ.കെ.പി.രാമനുണ്ണിയുടെ ഏറെ അനിയോജ്യവും ഒട്ടും അതിശായോക്തി
കലരാത്തതുമായ അവതാരിക കഥാസമാഹാരത്തിനു മാറ്റ് കുട്ടുന്നു.
നമുക്കുചുറ്റും കാണുന്ന ജീവിതങ്ങളുടെ പച്ചയായ ആവിഷ്കാരമാണ് ശ്രീ
മനോരാജിന്റെ ഓരോ കഥയും. അവയോരോന്നും അവതരണഭംഗികൊണ്ട് മികവുറ്റതും
വ്യത്യസ്ഥവുമായി തീരുന്നു. സ്വാര്‍ത്ഥത എത്രമാത്രം ആധുനിക മനുഷ്യനില്‍
അധികരിച്ചിരിക്കുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത് എന്ന് ആര്‍ക്കും
ആത്മനിന്ദ തോന്നിപ്പോകുന്നു 'ഹോളോബ്രിക്സില്‍ വാര്‍ത്തെടുക്കുന്ന ദൈവം'
എന്ന കഥ വായിക്കുമ്പോള്‍.
ഈശ്വരനെ വില്‍ക്കുകയും ജീവിതം മുന്നോട്ടുനയിക്കുകയും ചെയ്യുന്ന
കുടുംബത്തിനുനേരെ ഈശ്വരന്‍ നിഷ്കരുണം കണ്ണടക്കുന്നതില്‍ കഥാകാരന്‍
അമ്പരന്ന് പോവുകയാണ് 'നടപ്പാതയില്‍ വീണുടയുന്ന സ്വപ്നങ്ങള്‍' എന്ന
കഥയില്‍.
സ്വവര്‍ഗരതിയിലെ അര്‍ത്ഥശൂന്യതയെ 'ഹരിചന്ദന'ത്തിലൂടെ
വിവരിക്കുമ്പോള്‍ ഒരു നാട്ടിന്‍പുറത്തുകാരിയായ വിധവയുടെ വേവലാതികളും
വിഹ്വലതകളും രസകരമായി അവതരിപ്പിക്കുകയാണ് 'ജീവിതത്തിന്റെ
ബാന്‍ഡ്വിഡ്ത്തില്‍ ഒരു കാക്ക' എന്ന കഥയിലൂടെ .
ആധുനിക ജീവിതം തിരക്കേറിയതാണ്. ആ തിരക്കിനിടയില്‍ എല്ലാവരാലും
പിഞ്ചുമക്കള്‍ ഒറ്റപ്പെടുകയാണ്. ആ പിഞ്ചുനൊമ്പരത്തെ ഒരു എക്സ്റേ മെഷീന്‍
ഒപ്പിയെടുക്കുന്നു. ' ഒരു എക്സ്റേ മെഷീന്റെ ആത്മഗതം' എന്ന ഈ കഥയാവണം ഈ
പുസ്തകത്തിന്റെ മര്‍മ്മം.
നാടിനെ കുറിച്ചും നാട്ടുകാരെ കുറിച്ചും വര്‍ണ്ണിക്കുമ്പോള്‍
അവയെല്ലാം നമുക്ക് സുപരിചിതങ്ങളായി തോന്നിപ്പോവുകയാണ്. 'ഉണങ്ങാത്ത
മുറിവി'ലെ കുഞ്ഞപ്പയെ വായനക്കാര്‍ക്കൊക്കെയും പരിചയമുണ്ടാവും എന്ന്
തീര്‍ച്ചയാണ്.
സമൂഹത്തിന് നേരെ തുറന്ന് പിടിക്കുന്ന ദര്‍പ്പണമാണ് ശ്രീ മനോരാജിന്റെ
ഈ പതിനഞ്ചുകഥകളും. ശവംനാറിപൂവ്, പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ
ശ്രദ്ധക്ക് എനീ കഥകളിലൂടെ സമൂഹത്തിന്റെ ജീര്‍ണ്ണതകള്‍ക്കെതിരെ ശക്തമായ
ഭാഷയില്‍ പ്രതികരിക്കുകയാണ് കഥാകാരന്‍. വായന പൂര്‍ത്തിയാക്കുമ്പോള്‍ ഈ
ജീര്‍ണ്ണതകള്‍ക്കെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാന്‍ എനിക്കും
കഴിഞ്ഞുവെങ്കില്‍ എന്ന് ഓരോ വായനക്കാരനും ഒരു നിമിഷം ചിന്തിച്ചുപോകും..

15 comments:

 1. ആദരാഞ്ജലികള്‍....നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു....

  ReplyDelete
 2. ആദരാഞ്ജലികൾ...

  ReplyDelete
 3. ഭാഷക്കും, സാഹിത്യത്തിനും ഇനിയും ഒരുപാട് ബാക്കിവെച്ചാണ് ആ വിളക്കണഞ്ഞത്. അകാലത്തിൽ പൊലിഞ്ഞ നമ്മുടെ കൂട്ടുകാരനുള്ള ആദരാഞ്ജലിയായി ഇതു വായിക്കുന്നു

  ReplyDelete
 4. അനശ്വരയോടൊപ്പം ഞങ്ങളും പങ്കു ചേരുന്നു.

  ReplyDelete
 5. ആദരാഞ്ജലികള്‍

  ReplyDelete
 6. സ്നേഹസ്മരണകളോടെ---

  ReplyDelete
 7. അനശ്വരാ...വിരോധമില്ലെങ്കിൽ ഈ പുസ്തകാവലോകനം പുസ്തകവിചാരത്തിലേക്ക് നൽകുമല്ലോ ? മെയ് 2014 വരെയുള്ള പോസ്റ്റുകൾ ഷെഡ്യൂൾ ചെയ്ത് വെക്കണേ മനോജേട്ടാ എന്ന് പറഞ്ഞ് ആ ബ്ലോഗിന്റെ താക്കോൾ(പാസ്സ്‌വേർഡ്) എന്നെ ഏൽ‌പ്പിച്ചാണ് മനോ പിരിഞ്ഞത് :( നമുക്കവനോട് നീതി പുലർത്തേണ്ട ബാദ്ധ്യതയുണ്ട്.

  ReplyDelete
 8. ആദരാഞ്ജലികള്‍..പരേതനു നിത്യ ശാന്തി നേരുന്നു...

  ReplyDelete
 9. ഈ പുസ്തകം വായിക്കണമെന്ന് ആഗ്രഹിക്കുന്നു....

  ReplyDelete
 10. ഒരുപാട് വൈകിയെന്നറിയാം...
  എങ്കിലും...
  ഞാനും വെക്കുന്നു, ഈ രചനയുടെ ചുവട്ടിലൊരു പിടി ശോകപുഷ്പങ്ങൾ..

  ReplyDelete
 11. ശ്ശൊ..! ഞാനിതൊന്നും വായിച്ചിട്ടില്ലെന്നേ....ഇത്രയും നേരത്തെ പോകുമെന്നറിഞ്ഞിരുന്നെങ്കില്‍ വായനാസാന്നിധ്യം നഷ്ടപ്പെടുത്തില്ലായിരുന്നു. അനുവിന്റെ കഥകളെ പരിചയപ്പെടുത്തല്‍ ഇഷ്ടായി. ഒപ്പം ഒരു നഷ്ടപ്പെടലിന്റെ വിങ്ങലും....

  ReplyDelete
 12. ;സമൂഹത്തിന് നേരെ തുറന്ന് പിടിക്കുന്ന
  ദര്‍പ്പണമാണ് ശ്രീ മനോരാജിന്റെ ഈ പതിനഞ്ചുകഥകളും. ശവം
  നാറിപൂവ്, പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെശ്രദ്ധക്ക് എന്നീ കഥകളിലൂടെ സമൂഹത്തിന്റെ ജീര്‍ണ്ണതകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍
  പ്രതികരിക്കുകയാണ് കഥാകാരന്‍. വായന പൂര്‍ത്തിയാക്കുമ്പോള്‍ ഈ ജീര്‍ണ്ണതകള്‍ക്കെതിരെ
  ഒരു ചെറുവിരലെങ്കിലും അനക്കാന്‍ എനിക്കും
  കഴിഞ്ഞുവെങ്കില്‍ എന്ന് ഓരോ വായനക്കാരനും ഒരു നിമിഷം ചിന്തിച്ചുപോകും‘

  ഈ കണ്ണാടിയിൽ കൂടി നമ്മുടെ മനോരാജ്ജിന്റെ കഥാമുഖം
  മനോഹരമ്മായി കാഴ്ച്ചവെച്ചിരുക്കുകയാണ് അനശ്വര ഇവിടെ

  ReplyDelete