Sunday, 9 October 2011

സ്വപ്നങ്ങളിലൂടെ...

     വിജനമായ ആ വീഥിയിലൂടെ ഞാനിങ്ങനെ ഏകയായി അലക്ഷ്യമായി നടക്കുന്നതെന്തിനാണ്‌? ഓര്‍മ്മകള്‍ പാടേ പടി ഇറങ്ങിപ്പോയത് പോലെ. ചുറ്റുമുള്ള വീഥികള്‍ പെട്ടെന്ന് പ്രളയത്തിന്റെ കരാള ഹസ്തങ്ങളില്‍ പെട്ടുപോയതാണോ? എങ്ങും ജലം നിറയുന്നു. വീഥികളിലെ ജലം കെട്ടിടങ്ങളേയും വിഴുങ്ങാന്‍ തുടങ്ങിയിരിക്കുന്നു. എന്റെയുള്ളില്‍ ഭയം കൂടുകെട്ടി.

     അതിലൊരു കെട്ടിടം എനിക്ക് പരിചയമുള്ളത് പോലെ. ഞാന്‍ സൂക്ഷിച്ചു നോക്കി. അതെ! അത് മദീനാപള്ളിയാണ്‍്‌. അതിന്റെ പച്ച നിറമുള്ള മിനാരം മാത്രമേ ഇനി ജലം വിഴുങ്ങാനുള്ളൂ. ബാക്കിയെല്ലാം വെള്ളത്തിന്റെ വായ്ക്കകത്താണ്‌.ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്‌. ഇത് ജനങ്ങളില്‍ എത്തിക്കെണ്ടത് എന്റെ ബാധ്യതയാണ്‌. ഞാന്‍ എന്റെ മൊബൈല്‍ ക്യാമറയില്‍ ആ ദൃശ്യങ്ങള്‍ വളരെ ഔത്സുക്യത്തോടെ പകര്‍ത്തിയെടുത്തു.

      ഞാനിപ്പോള്‍ നില്‍ക്കുന്നത് എവിടെയാണ്‌? ഇവിടിപ്പോള്‍ ജലമില്ല. ചുറ്റും കാണുന്ന വലിയ പുല്ലുകള്‍ നെല്ലിന്റേതല്ല. അതിന്റെ പുല്ലുകള്‍ മറ്റേതൊ ധാന്യത്തിന്റേതാണ്‌. ഈ വയലിന്റെ ഒരു വശത്തെ പുല്ലുകള്‍ ചവിട്ടി മെതിക്കപ്പെട്ടിരിക്കുന്നു. താഴെ ചെളി കെട്ടിക്കിടക്കുന്നു. അവിടേക്ക് പന്ത്രണ്ട് പശുക്കളുടെ മുകളിലായി പന്ത്രണ്ട് മനുഷ്യര്‍ കടന്നു വന്നു.  കറുത്ത് തടിച്ചവര്‍. അവര്‍ക്ക് അസാമാന്യ വണ്ണവും  ഉയരവും.ആ യുവാക്കളുടെ അരയില്‍ മാത്രം ഒരു തരം നിറം മങ്ങിയ വെളുത്ത വസ്ത്രം. ആ പശുക്കള്‍ക്കും സാധാരണയില്‍ കവിഞ്ഞ വലുപ്പവും തടിയും. അവക്ക് ഓറഞ്ചു വര്‍ണ്ണം.അവയുടെ മുഖം വളരെ വൃത്തിയുള്ളതും ആകര്‍ഷകവും ആയിരുന്നു. അവര്‍ കടന്നു വന്നപ്പോള്‍ ആ ചെളിക്കെട്ട് ഒന്നൂടെ വീണ്ടും മെതിക്കപ്പെട്ടു. അതെന്നെ അലോസരപ്പെടുത്തി.ആ ചെളിക്കെട്ടിന്റെ നടുവിലേക്ക് ഞാന്‍ നോക്കി. അതാ.!! പരിശുദ്ധ കഅ്‌ബാലയം..! ഞാന്‍ ഞെട്ടി. എന്റെ ശരീരത്തിലാകമാനം രോമാഞ്ചം. എത്രയോ സമ്പന്നര്‍ ഹജ്ജ് ചെയ്യുന്നു. അവര്‍ക്കൊന്നും കഅ്‌ബാലയത്തിന്റെ പഴയ രൂപം കാണാന്‍ ആവില്ലല്ലൊ. ആര്‍ക്കും കാണാന്‍ കഴിയാത്ത കാഅ്‌ബാലയത്തിന്റെ പഴയ രൂപം..!!!

     സ്വപ്നത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു. മഴക്കാലമായിരുന്നിട്ടുകൂടി വിയര്‍പ്പില്‍ കുളിച്ചിരിക്കുന്നു. ഞാന്‍ കണ്ട സ്വപ്നത്തിന്റെ അര്‍ത്ഥമെന്തായിരിക്കും? പശുക്കളുടെ മുകളിലെ സഞ്ചാരം ..ഒരു പക്ഷെ മൂസാനനബിയുടെ കാലഘട്ടമാവണം! കിടപ്പുമുറിയുടെ ജനാലതുറന്ന് പുറത്തേക്ക് നോക്കി. എന്നും കാണാറുള്ള തലയെടുപ്പോടെ ഉയര്‍ന്ന് നില്‍ക്കുന്ന ആ പര്‍‌വ്വതത്തിനു സീനാപര്‌വ്വതത്തിന്റെ ഛായ!അതിനെ തൊട്ടുരുമ്മി നാണം കുണുങ്ങി ഒഴുകുന്ന തുപ്പനാട് പുഴ. ഈ പ്രകൃതിസൗന്ദര്യത്തിനു ഒരു അപവാദമെന്ന പോലെ അതിന്റെ മുന്നിലായി ജോസഫേട്ടന്റേയും മെഴ്സിചേടത്തിയുടേയും കൂര.

  പരോപകാരിയായ ജോസഫേട്ടന്‍. നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍. മദ്യപാനം കൊണ്ട് കുടുംബത്തിനു കണ്ണീര്‍ സമ്മാനം വാരിവിതറുമ്പോള്‍ മറുഭാഗത്തൂടെ ചോരുന്ന സമ്പാദ്യം. രണ്ടു പെണ്മക്കളില്‍ മൂത്തയാളുടെ വിയര്‍പ്പിനാല്‍ പുകയുന്ന അടുപ്പ്.

     തോരാത്ത മഴ. എന്റെ ഈ ജനാലയിലൂടെ മഴകാണാം. എത്ര നേരം ഇരുന്നാലും മതിയാവാറില്ല. ആകാശത്ത് നിന്നും മഴത്തുള്ളികള്‍ ഭൂമിയെ ആശ്ലേഷിക്കുന്നത് കാണാന്‍..കുന്നിന്‍ മേല്‍ നിന്ന് അരുവി ഒഴുകുന്നത് കാണാന്‍..പുഴ കലങ്ങുന്നതും നിറയുന്നതും കാണാന്‍..ഒരു മഴക്കാലം പെയ്ത് തിമിര്‍ക്കുമ്പോള്‍ മുന്‍പേതോ മഴക്കാലത്തിന്റെ മധുരിമയാര്‍ന്ന അല്ലെങ്കില്‍ വേദനിപ്പിക്കുന്ന സ്മരണകള്‍ അങ്ങിനെ മനസ്സിലൂടെ..

     മേഴ്സിച്ചേടത്തിക്കാണെങ്കില്‍ മഴ ഒരു ശാപവും. ചോര്‍ന്നൊലിക്കും കൂരക്കകത്ത് നിന്നും മഴ കനക്കും തോറും കൂടുതല്‍ കൂടുതല്‍ ആദിയോടെ കേള്‍ക്കാവുന്ന ശാപവാക്കുകള്‍. നോക്കിയിരിക്കെ യാദൃശ്ചികമായി നിലം പതിക്കുന്ന കൂര. മഴമേളത്തില്‍ അലിയുന്ന നിലവിളികള്‍. എല്ലാം കെട്ടടങ്ങി ആ കുടുംബം സഹോദരഗൃഹത്തിലേക്ക് യാത്രയാവുന്നതും നോക്കി ഇരുന്നിട്ടും മനസ്സെന്തെ ഒന്ന് വേദനിച്ചില്ല? സ്വപ്നങ്ങളുടെ അര്‍ത്ഥം തേടി അത് അപ്പോഴും അലയുകയായിരുന്നൊ? അതോ സ്വന്തം സ്വകാര്യതയില്‍ കൂട്ടായി ഒരു വിരുന്നുകാരനോ വിരുന്നുകാരിയോ തങ്ങള്‍ക്കിടയിലേക്ക് വരാത്തതെന്തേ എന്ന് മാത്രമേ മനസ്സ് മന്ത്രിച്ചുള്ളോ? മനസ്സ് ഒരു വിചിത്ര സമസ്യ!

     വിചിത്ര സ്വപ്നത്തിന്‍ അര്‍ത്ഥമറിഞ്ഞില്ലെങ്കിലും അതിനെ കുറിച്ച് വീണ്ടും വീണ്ടും ഓര്‍ക്കും തോറും ഹജ്ജ് എന്ന കര്‍മ്മം മനസ്സില്‍ തെളിഞ്ഞു വന്നു. വിളിച്ചാല്‍ ഉത്തരം കിട്ടുന്ന ആ ഭൂമിയില്‍ ചെന്ന് അപേക്ഷിച്ചാല്‍ ഒരു പക്ഷെ എന്റെ മാതൃത്വം എന്ന മോഹത്തിന്റെ പൂര്‍ത്തീകരണം സാധ്യമാകുമെന്ന് മനസ്സില്‍ നിന്ന് ആരോ പറയുകയാണോ?..തീരുമാനമെടുക്കാന്‍ പിന്നീട് വേണ്ടിവന്നത് നിമിഷങ്ങള്‍ മാത്രം. പ്രതീക്ഷിച്ചപോലെ ഇക്കയോ ഉപ്പയോ തടസ്സം പറഞ്ഞില്ല.
     ഇക്കയുടെ സമ്പാദ്യങ്ങളില്‍ തനിക്കുള്ള ഓഹരി പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ പെരുകി വരുന്നത് നിറഞ്ഞ മനസ്സോടെ നോക്കികണ്ടു. ഗാന്ധി ചിത്രങ്ങളുള്ള കടലാസുകഷ്ണങ്ങള്‍ക്ക് മോഹങ്ങളുടെ ഗന്ധം.

     ചില നിമിഷങ്ങളില്‍ ഒരു ഉമ്മ ആയത് പോലെ! രാവേറെ ചെന്നിട്ടും ഉറക്കം വരാതെ  താരാട്ടു പാട്ടിന്റെ ഇശലുകള്‍ മനസ്സിലങ്ങിനെ... പുലരാനയപ്പഴെപ്പോഴൊ നിദ്ര വന്ന് തഴുകിത്തലോടി...
സ്വപ്നങ്ങളുടെ ലോകത്തിലേക്ക് ഒരു സുഖകരമായ യാത്ര..!!

     ആ കുന്നില്‍ പുറത്തെക്ക് കയറിയപ്പോള്‍ കൂടെ ഉണ്ടായിരുന്നത് ഒരു വെളുത്ത മക്കനയും കറുത്ത പര്‍ദ്ദയും അണീഞ്ഞ ഒരു കൂട്ടുകാരിയാണ്‌. ഈ പര്‍‌വ്വതം ഏതാണ്‌? അത് സൗര്‍ ഗുഹയാണോ? അതോ ജബല്‍ നൂറോ? അറിയില്ല. അതിനടുത്തായി ഒരു പള്ളി. ചുമരുകള്‍  കരിങ്കല്ലിനാല്‍ നിര്‍‌മ്മിതം. പച്ച വര്‍‌ണ്ണമുള്ള മിനാരം. അതിനടുത്തായി ഒരു വന്‍ ജലാശയം. ആ ജലാശയത്തില്‍ നിന്ന് ഞങ്ങള്‍ വുളു എടുത്ത്  രണ്ട് റകഅത്ത് നമസ്കരിച്ചു.നമസ്കാര ശേഷം ഒരു ആശുപത്രിയിലേക്ക് പോയി. അവിടെ എന്റെ സഹോദരന്‍ അഡ്മിറ്റാണ്‌. എനിക്കവിടെ ദിവസങ്ങളോളം നില്‍ക്കേണ്ടതുണ്ട്. ശുശ്റൂഷക്ക് ഞാന്‍ തനിച്ചാണ്‌. സഹോദരന്‍ ഉച്ച മയക്കത്തിലായപ്പോള്‍ ഞാന്‍ പതിയെ പുറത്തിറങ്ങി. ആ കെട്ടിടത്തിന്റെ അങ്ങെ അറ്റത്തെ മുറിയില്‍ ഒരു ഗര്‍‌ഭിണിയാണുണ്ടായിരുന്നത്. നഴ്സുമാരുടെ പോക്കുവരവുകള്‍ കണ്ടിട്ട്  അവള്‍ പ്രസവിച്ചെന്ന് തോന്നുന്നു. അവരുടെ മുഖത്ത് പതിവില്‍ കൂടുതല്‍ ആകാംക്ഷ. ഒരു നഴ്സിനോട് കാര്യം തിരക്കി. അവള്‍ സംസാരിക്കാന്‍ ഭയക്കുന്നോ?  ആ സ്ത്രീയുടെ കുഞ്ഞ് പ്രസവിച്ച ഉടനെ തന്നെ സംസാരിക്കുന്നെന്ന്! അമ്മയേയും കുഞ്ഞിനേയും അല്പം കൂടി സ്വകാര്യതയുള്ള മറ്റൊരിടത്തെക്ക് മാറ്റി. അത്ഭുതവും ആകാംക്ഷയും കൊണ്ട് ആ കുഞ്ഞിനെ കാണാന്‍ ഞാന്‍ തീരുമാനിച്ചു. അണിഞ്ഞിരുന്ന നീല ഷാള്‍ മാറ്റി വെളുത്ത മറ്റൊന്ന് ധരിച്ചു.
     ആ പ്രത്യേക മുറിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരശരീരി. "നിന്റെ പാദരക്ഷകള്‍ മാറ്റുക."
ഞാന്‍ പാദരക്ഷകള്‍ അഴിച്ച് മാറ്റി. വലതുകാല്‍ വെച്ച് ഞാന്‍ മുറിയിലേക്ക് പ്രവേശിച്ചു. അവിടെ തൊട്ടിലില്‍ കുഞ്ഞ് കിടക്കുന്നു. കട്ടിലില്‍ കിടകുന്ന സ്ത്രീ കരയുന്നതെന്തിനാണ്‌? കുഞ്ഞിന്റെ പിതാവ് എഴുന്നേറ്റ് അല്പം മാറി നിന്നു. ഞാന്‍ തൊട്ടിലിനരികിലേക്ക് നീങ്ങി. കുഞ്ഞ് എന്നെ നോക്കി മോണ കാട്ടി ചിരിച്ചു. ഞാനും ചിരിച്ചു. അപ്പോള്‍ കുഞ്ഞ് പറഞ്ഞു " ഞാന്‍ മറിയമിന്റെ പുത്രന്‍ ഈസയാണ്‌."

     ഞാന്‍ തൊട്ടിലിന്‍ അരികില്‍ മുട്ടുകുത്തി നിന്നു. ഇരുകൈകളും മുകളിലേക്ക് ഉയര്‍ത്തി. എന്നിട്ട് പറഞ്ഞു " അല്ലാഹുവിന്റെ പ്രവാചകരേ, ഞാന്‍ താങ്കളില്‍ വിശ്വസിക്കുന്നു." അത് കേട്ടയുടന്‍ ആ തൊട്ടിലിലെ കുഞ്ഞ് ഒരു വലിയ മനുഷ്യരൂപം പ്രാപിച്ച് എഴുനെറ്റിരുന്നു. അത് കണ്ട ഞാന്‍ ഞെട്ടി തരിച്ചു. ആ കുഞ്ഞിന്റെ പിതാവ് ബോധം മറഞ്ഞ് നിലം പതിച്ചു. മാതാവും ബോധരഹിതയായി.

     അല്പനേരത്തിനു ശേഷം  ഞാന്‍ സമചിത്തത വീണ്ടെടുത്തു. അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. ഞാന്‍ അന്ന് വരെ ഫോട്ടോകളില്‍ കണ്ടിട്ടുള്ള യേശുവിന്റെ ചിത്രത്തോട് നല്ല സാമ്യം.അതേ ഉയരവും തടിയും. മുഖഛായയില്‍ നേരിയ വ്യതിയാനമുണ്ട്. നീണ്ട താടി രോമങ്ങള്‍. ചുരുണ്ടു നീണ്ട മുടിയിഴകള്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് വീണു കൊണ്ടിരുന്നു. ഞാന്‍ അവ ഒതുക്കി വെച്ചുകൊടുക്കാനായി മുന്നോട്ടാഞ്ഞു, ഉടനടി പിറകില്‍ നിന്ന് ഒരു അശരീരി. " അല്ലാഹുവിന്റെ പ്രവാചകനോടുള്ള നിന്റെ സ്നേഹം മനസ്സിലാവും, പക്ഷെ, അതൊരു അന്യപുരുഷനാണെന്നോര്‍ക്കുക!". ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി. ആശ്ചര്യം കൊണ്ടും ആഹ്ലാദം കൊണ്ടും ഞാന്‍ മതി മറന്നു. " മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം! അല്ലാഹുവിന്റെ റസൂലേ,താങ്കളോ!  അതും നേരിട്ട്.! സാധാരണക്കാരിലും സാധാരണക്കാരിയായ ഈയുള്ളവളുടെ മുന്നിലോ?!!!!

     എന്റെ ആശ്ചര്യഭാവം കണ്ട് അദ്ദേഹം പുഞ്ചിരിച്ചു. വെളുത്ത സുന്ദരന്‍. ചുവന്ന ചുണ്ടുകള്‍. വട്ടമുഖം. പുര്‍ണ്ണചന്ദ്രനെ പോല്‍ വിളങ്ങും നനുത്ത പുഞ്ചിരി! രണ്ട് പ്രവാചകന്മ്മാരേയും ഞാന്‍ മാറി മാറി നോക്കി. ഇരുവരും പുഞ്ചിരിച്ചു. ഏതാനും നിമിഷങ്ങള്‍...പിന്നെ പതിയെ അവര്‍ എന്റെ കാഴ്ചയില്‍ നിന്ന് മാഞ്ഞു പോയി.

     ഉറക്കമുണര്‍ന്നിട്ടും വല്ലാത്തൊരവസ്ഥ. എന്തൊക്കെയാണീ ഞാന്‍ കണ്ടത്?!! എന്തെന്നില്ലാത്ത പരിഭ്രമം മനസിന്‌. കുളികഴിഞ്ഞ് സുബഹ് നമസ്കാരം കഴിഞ്ഞ് വീട്ട് ജോലികളില്‍ വ്യാപൃതയാകുമ്പോഴും മനസ്സ് മറ്റെങ്ങോ സഞ്ചരിക്കുകയാണ്‌. ഹജ്ജ് മാത്രം മനസ്സില്‍ കൊണ്ടു നടന്നത് കൊണ്ടാണോ ഈ ദിവ്യ ദര്‍ശനങ്ങള്‍.?!!

     ഇക്കയോടൊപ്പം ക്യാഷുമായി വീടുപൂട്ടി ഇറങ്ങി. ഹജ്ജിനുള്ള പണം അടക്കാന്‍ പോവുകയാണ്‌. മനസ്സ് മാത്രം ഇവിടില്ല. അത്  മറ്റെവിടെയോ അലയുന്നു. പതിവില്ലാതെ വീട്ടിന്നരികിലുള്ള കുന്നിന്‍ പുറത്തേക്ക് നോക്കി.. ആ കുന്നിന് ഒരു ദിവ്യഭാവം. സ്വപ്നത്തില്‍ ദര്‍ശിച്ച കുന്നിന്റെ ഛായ ഉണ്ടൊ? ആരാണതിന്‌ മുകളിലേക്ക് ധൃതിയില്‍ കയറുന്നത്?! ജോസഫേട്ടനോ? ഇന്നലെ ഇദ്ദേഹം എവിടാരുന്നു? പെങ്ങളുമായി വലിയ സുഖത്തിലല്ലെന്നറിയാം. കണ്ട സ്ഥിതിക്ക് വിവരങ്ങള്‍ അറിയാതെ പോകുന്നത് ശരിയല്ലെന്ന തോന്നല്‍. പക്ഷെ, അദ്ദേഹം എന്തൊരു ധൃതിയിലാണ്‌! നടന്നിട്ടും നടന്നിട്ടും എത്താത്തത് പോലെ. കല്ലടിക്കോട് മലയുടെ പകുതിയോളം എത്തേണ്ടി വന്നു ജോസഫേട്ടനെ ഒന്ന് തടുത്ത് നിര്‍ത്താന്‍. അദ്ദേഹം കിതക്കുന്നു. ആ തണുപ്പത്തും വിയര്‍ക്കുന്നോ?  അല്പനേരം നോക്കി നില്‍ക്കുമ്പോഴേക്കും ജോസഫേട്ടന്റെ നിശബ്ദതക്ക് കനത്ത ഭാരം തോന്നിച്ചു.

     വാചാലമായ മൗനത്തിനു ശേഷം ഒരു പൊട്ടിക്കരച്ചില്‍. അപ്രതീക്ഷിതമായ ആ കണ്ണീര്‍ എന്നെയും ഇക്കയേയും വല്ലാതെ വേദനിപ്പിച്ചു. പുഞ്ചിരിയോടെ മാത്രം കണ്ടിട്ടുള്ള ജോസഫേട്ടന്‍! വീട്ടുകാര്‍ക്ക് വേണ്ടി ഒന്നും സമ്പാദിക്കാത്ത ജീവിതം. ഇപ്പോള്‍ യുവത്വങ്ങളേയും സ്ത്രീത്വങ്ങളേയും അനാഥത്വത്തിന്റെ കരങ്ങളില്‍ ഏല്പ്പിച്ച് ഓടി ഒളിക്കാനുള്ള ശ്രമം!!

     അരുത്!! ഇതൊരു പുണ്യപര്‍‌വ്വതം! ഇത് ദൈവദര്‍‌ശ്നമേറ്റ സീനാപര്‍‌വ്വതം! അറിവിന്‍ പ്രതീകമാം അറാഫാകുന്ന്! ആശങ്കാകുലമാം സഫയും മര്‍‌വ്വയും! എല്ലാം ഈ പര്‍‌വ്വതമാണ്‌. ഇവിടൊരു അപമൃത്യു!!


ഞാന്‍ ഒരു നിമിഷം ഇക്കയുടെ മുഖത്തേക്ക് നോക്കി. ആ മുഖത്തെ ഭാവം വായിച്ചറിയാനായില്ല എങ്കിലും...
ഈ മൗനം സമ്മതമല്ലെ? നിശബ്ദയായി എന്റെ കൈയിലെ ബാഗില്‍നിന്നും പണപ്പൊതി ജോസഫേട്ടന്റെ കരങ്ങളില്‍ വെച്ച് കൊടുത്തു. ഇക്കയുടെ മുഖത്ത് ആശ്ചര്യ ഭാവമുണ്ടോ? ചിത്രങ്ങളിലെ കഅ്‌ബാലയം മനസ്സില്‍ തെളിഞ്ഞു വന്നു. എവിടെ നിന്നോ ഒരു കുഞ്ഞിന്റെ കരച്ചില്‍ കാതില്‍ പതിക്കുന്നു. !!

     ആ പര്‍‌വ്വതത്തിന്റെ മുകളില്‍ നിന്നും പതിയെ താഴെ ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ മൗനം എന്താണ്‌ പറഞ്ഞത്?!  നീ ഇങ്ങിനെയേ ചെയ്യൂ എന്ന് എനിക്കറിയാമായിരുന്നെന്നൊ? ഇക്ക സമ്മതിച്ചിട്ടുണ്ടെന്ന് എനിക്കറിയാം എന്നായിരുന്നു എന്റെ മൗനത്തിന്റെ വാചാലത.
     ഹൃദയം കൊത്തിപ്പറിക്കപ്പെടും പ്രോമിത്യൂസ്....നീ ഈ പര്‍‌വ്വതത്തിന്‍ മറുകരയിലോ?.....!!!!
                                       ***************

Monday, 15 August 2011

ഇതെന്റെ ആദ്യ ദൂരയാത്ര..!

     പാലക്കാടിന്റെ 'ഠ' വട്ടത്തില്‍ നിന്നും അപ്രതീക്ഷിതമായ ഒരു പുറത്തുകടക്കല്‍. അലിഗര്‍ സര്‍വ്വകലാശാലയില്‍ ഒരു പരീക്ഷാസംബന്ധിയായി ബുധനാഴ്ച എത്തേണ്ടതുണ്ടായിരുന്നു. ഇന്‍ഫര്‍മേഷന്‍ ലഭിക്കുന്നത് തിങ്കളാഴ്ചയും. സാധാരണഗതിയില്‍ വേണ്ടെന്ന് വെയ്ക്കാറുള്ള ഇത്തരം പരീക്ഷകളില്‍ ഇതിന്‌ പോകാമെന്ന് തീരുമാനിക്കപ്പെട്ടതില്‍ ഞാനിപ്പഴും അത്ഭുതം കൂറുന്നു.
തീവണ്ടിയില്‍ പോയാല്‍ ബുധനാഴ്ച എത്തില്ലെന്നുള്ളതിനാല്‍ ഫ്ലൈറ്റില്‍ പോകാന്‍ തീരുമാനിക്കപ്പെട്ടു. സന്തോഷം കൊണ്ട് ഞാന്‍ തുള്ളിച്ചാടി. ആകാശത്തിലൂടെ വിമാനം പറന്ന് നീങ്ങുന്നത് കൗതുകത്തോടെ മാത്രം നോക്കി കണ്ടിട്ടുള്ള ഞാന്‍ ഒരു വിമാനത്തില്‍ കയറാന്‍ പോവുകയാണ്‌! പാലക്കാടിന് പുറത്തുള്ള ലോകത്തിനുമപ്പുറം ആകാശക്കാഴ്ചകള്‍ കാണാനുള്ള ഭാഗ്യമാണ്‌ കരഗതമായിരിക്കുന്നത്. അതും നിനച്ചിരിക്കാതെ പെട്ടെന്നൊരുനാള്‍..!

     വീട്ടില്‍ നിന്നും റെയില്‍വെ സ്റ്റേഷന്‍ വരെ കാറിലാണ്‌ പോയത്.അവിടന്ന് എയര്‍‌പോര്‍ട്ട് വരെ തീവണ്ടിയിലും. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തോടടുക്കുമ്പോഴേക്കും എന്റെ സിരകളിലെ രക്തപ്രവാഹംഇരട്ടിച്ചിരുന്നു.         ബേക്കറികളും കൗണ്ടറുകളും ,തുടര്‍‌ച്ചയായി തറ വൃത്തിയാക്കികൊണ്ടിരിക്കുന്ന പെണ്ണുങ്ങള്‍, പട്ടാളവേഷത്തിലെ സെക്ക്യൂരിറ്റികള്‍, മണം പിടിച്ച് കൊണ്ടൊരു നായ,അതിന്റെ മുന്നിലും പിന്നിലുമായി ഓരോ സെക്യുരിറ്റി ഓഫീസര്‍‌മാര്‍, പൊട്ടിച്ചിരിക്കാനായി ഒരു എക്സിറ്റ് കൗണ്ടര്‍‌, പൊട്ടിക്കരയാനായി ഒരു പ്രവേശന കൗണ്ടറ്‌,.. അങ്ങിനെ പുതുമയാര്‍ന്ന ദൃശ്യ വിരുന്നായിരുന്നു എനിക്ക് വിമാനത്താവളം.

     പൊതുവെ കണ്ണീരിന്റെ നനവുള്ള പ്രവേശന കൗണ്ടറിലൂടെ അകത്തുകടന്നു. ബാഗുകള്‍ പെട്ടിക്കകത്തൂടെ അപ്പുറത്തെത്തുംബോള്‍ പച്ച ലൈറ്റ് കാണുന്നതും ശരീര പരിശോധനയും എനിക്ക് കൗതുകമേകി. അപ്പുറത്തെ മുറിയില്‍ വിമാനത്തിന്റെ നമ്പര്‍ വിളിക്കുമ്പോഴും പ്രവേശിക്കേണ്ട ഗേറ്റ് നമ്പര്‍ വിളിക്കുമ്പോഴും പുറമെ ശാന്തമെങ്കിലും മനസ്സ് ആഹ്ലാദം കൊണ്ട് തുള്ളിക്കളിച്ചു. ഒരു വലിയ സ്റ്റെപ്പിലൂടെ വിമാനത്തില്‍ പ്രവേശിച്ചപ്പോള്‍ പുഞ്ചിരിയോടെ സ്വാഗതം ചെയ്ത സുന്ദരനായ യുവാവ്. സീറ്റ് നമ്പറ് നോക്കി ഇരുപ്പുറപ്പിച്ചത് ഞാന്‍ വിമാനം മുഴുവന്‍ നോക്കികണ്ടതിന് ശേഷം മാത്രമാണ്. ഇരിക്കുന്ന സീറ്റിന്‌ മുന്നില്‍ തെളിയുന്ന കുഞ്ഞ് സ്ക്രീന്‍ നോക്കിയിരുന്നു. അതില്‍ വിമാന അപകടത്തെ കുറിച്ചുള്ള മുന്നറിയിപ്പും എങ്ങിനെ പുറത്ത് കടക്കണം എന്നും വിവരിച്ചു. അത് കേട്ടയുടനെ അത് വരെയുണ്ടായിരുന്ന എന്റെ സന്തോഷം മുഴുവന്‍ ഒറ്റ നിമിഷം കൊണ്ട് കെട്ടടങ്ങി. അപകട സാധ്യത മാത്രം  മനസ്സില്‍ മുഴങ്ങി നിന്നു. ഭയം കൊണ്ട് എന്റെ ഉള്ള് കിടുങ്ങാന്‍ തുടങ്ങി. ‘ആകാശത്തിന്റെ നെറുകയില്‍ എത്തിയിട്ട് അപകടം സംഭവിച്ചാല്‍ exitലൂടെ പുറത്ത് കടന്നിട്ട് എന്ത് ചെയ്യാനാണ്‌‘?എന്ന ചിന്ത എന്നെ മഥിച്ചു.

     വിമാനം ഉയര്‍‌ന്ന് പൊങ്ങി.താഴെ ഭൂമി വളരെ നേര്‍‌ത്ത് നേര്‍ത്ത് വന്നു.മുന്നിലെ സ്ക്രീനില്‍ വിമാനത്തിന്റെ വേഗതയും ഉയരവും എത്തിപ്പെടുന്ന സ്ഥലത്തിന്റെ മാപ്പും കാണിച്ചുകൊണ്ടിരുന്നു. ഭയം കൊണ്ട് വിറക്കുന്നുണ്ടെങ്കിലും ആകാശകാഴ്ചകള്‍ കണ്ട് തന്നെ ഇരുന്നു. കുട്ടിക്കാലത്ത് മഴമേഘങ്ങള്‍ ഘനീഭവിച്ച് മഴ പെയ്യുന്നു എന്ന് പഠിക്കുമ്പോഴും,  ഈ മേഘങ്ങള്‍ ചിലപ്പോള്‍ ഒരു മായക്കാഴ്ചയാവാം എന്നെന്റെ മനസ്സ് പറഞ്ഞിരുന്നു.മേഘങ്ങള്‍ എന്നത് ഒരു സത്യമാണെന്ന് അടുത്ത് നിന്ന് കണ്ടറിഞ്ഞു. ഒത്തിരി മേഘങ്ങളാണ്‌ കീഴ്‌പോട്ടുള്ള ദൃശ്യം. ഇരുണ്ട് കറുത്ത മേഘങ്ങളും സത്യങ്ങളാണ്‌. മുകളിലും താഴേയും മേഘങ്ങള്‍. ആകാശപ്പൊയ്കയുടെ നടുവില്‍ ഞാന്‍! ആകാശച്ചെരുവിന്റെ നീലിമ ഒരു മിഥ്യാകാഴ്ചയാണെന്നും കരുതിയിരുന്നു. ആകാശത്തിന്റെ നീലിമയും സത്യമെന്ന് അറിഞ്ഞു.
ഞാന്‍ വീണ്ടും സീറ്റിനുമുന്നിലെ സ്ക്രീനിലേക്ക് നോക്കി. 11000   മീറ്റര്‍ ഉയരത്തിലാണ്‌ ഭൂമിയില്‍ നിന്നും. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഉണ്ടാവുന്ന വാര്‍ത്ത 'ഞാന്‍  വിമാനാപകടത്തില്‍...' എന്ന് തുടങ്ങുന്ന വരിയാകുമോ അതോ ' ഞാനും വിമാന യാത്രചെയ്തു എന്നതാകുമൊ  എന്ന് ഇടക്കിടെ വെറുതെ ചിന്തിച്ചുകൊണ്ടിരുന്നു. മരണത്തെ ഞാന്‍ ഇത്ര മാത്രം ഭയക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞു. എത്ര ഭയന്നാലും ഏതൊരാത്മാവും അനുഭവിച്ചറിയേണ്ട രുചിയാണ്‌ മരണത്തിന്റെതെന്ന് അറിഞ്ഞുകൊണ്ടുതന്നെ.

     എല്ലാവര്‍ക്കും ഭക്ഷണം വിതരണം ചെയ്യപ്പെട്ടു. ഉപ്പുമാവും, മസാല അപ്പവും ബന്നും ഫലങ്ങളും ഒക്കെയായിരുന്നു വിഭവങ്ങള്‍. എന്റെ ശ്രദ്ധ ഭക്ഷണത്തിലേക്ക് തിരിഞ്ഞത് ടെന്‍ഷന്‌ അല്പം അയവ് വരുത്തി. അങ്ങിനെ ഞാനും ആകാശത്ത് വെച്ച് ഭക്ഷണം കഴിച്ചവളായി മാറി. ഭക്ഷണശേഷം വീണ്ടും പുറത്തെ ആകാശവും വിമാനത്തിന്റെ ചിറകും നോക്കി ഭയപ്പാടോടെ,പ്രാര്‍ത്ഥനയോടെ ഇരുന്നു. മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. അത് കൊണ്ട് വാച്ചിലെ സൂചി നീങ്ങുന്നതും നോക്കി സമയം കളഞ്ഞു.

     ഒടുവില്‍ 'ഞാനും വിമാനയാത്ര ചെയ്തു' എന്ന വാര്‍ത്തയാല്‍ ദില്ലിയില്‍  എത്തി. വിമാനത്താവളത്തില്‍ നിന്നും ടാക്സിയില്‍ കയറി.നേരത്തെ പറഞ്ഞിരുന്നത് പോലെ എം പിയുടെ ഓഫീസിലേക്കാണ്‌ പോയത്.പോകും വഴി രാഷ്ട്രപതി ഭവനും ഇന്ത്യഗേറ്റുമൊക്കെ ടാക്സിക്കാരന്‍ കാണിച്ചു തന്നു. ഓഫീസില്‍ എം പി യെകാണാന്‍ എത്തിയവരും പി എ മാരും ഒക്കെ ഉണ്ടായിരുന്നു.എല്ലാം മലയാളികളാണെന്ന് തോന്നുന്നു. എന്നോട് മലയാളത്തില്‍ സംസാരിച്ചു. പേഴ്സണല്‍ സ്റ്റാഫിലെ സിമ്മി സാറ്‌ അകത്ത് കുളിക്കാനും വസ്ത്രം മാറാനും സൗകര്യം ചെയ്ത് തന്നു.വൈകുന്നേരം അലിഗഡിലേക്കുള്ള ട്രെയ്നിന്‍‌റെ സമയം അന്വേഷിക്കുകയും ചെയ്തു.

      ഉച്ചതിരിഞ്ഞ് എം പി വന്നു. അദ്ദേഹത്തെ നേരില്‍ കണ്ട് ഞാന്‍ അതിശയിക്കുകയാണ്‌. ഒരു സിനിമാതാരത്തേയോ രാഷ്ട്രീയ നേതാക്കളെയോ ഒന്നും നേരില്‍ കണ്ടിട്ടില്ലാത്ത ഞാന്‍ സ്വപ്നം കാണുകയാണോ എന്ന് സ്വയം നുള്ളി നോക്കി. വളരെ സാധാരണാമായ ' ഊണ്‌ കഴിഞ്ഞോ? ചായ പറയട്ടെ?' എന്നിങ്ങനെയുള്ള കുശലാന്വേഷണങ്ങള്‍ ഉയിരോടെ ഒരു എം പി യെ കണ്ട ഭയപ്പാടില്‍ നിന്നെന്നെ ഊരിയെടുത്തു.

     വൈകുന്നേരം സിമ്മിസര്‍  ട്രയിന്‍ കയറ്റി വിടാന്‍ കൂടെ വന്നു. ഇരുനിറമുള്ള ഉയരം കുറഞ്ഞ ആ യുവാവിന്റെ വേഗതക്കൊപ്പമെത്താന്‍ ഞാന്‍ പെടാപാടുപെട്ടു.ഭൌമാന്തര്‍ ഭാഗത്തുള്ള മെട്രോ ട്രെയിനില്‍ ആദ്യമായി കയറി. ഇറങ്ങേണ്ടുന്ന സ്ഥലം ചാന്ദ്നി ചൗക്ക് എന്ന് പറഞ്ഞു തന്നു. ഒടുവില്‍, എന്റെ ഭയം കണ്ടിട്ടാവണം ലേഡീസ് കമ്പാര്‍ട്ട്‌മെന്‍‌റില്‍ കയറണ്ട കൂടെ വന്നോളാന്‍ പറഞ്ഞു. അങ്ങിനെ ഞാനും ജെനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറി.ഓരോ സ്റ്റോപ്പും അനൗണ്‍സ് ചെയ്യുന്നുണ്ടായിരുന്നു .അങ്ങിനെ ഭൂമിക്കടിയിലൂടെ ചാന്ദിനിചൗക്കിലെത്തി .അവിടെ പ്രവേശിക്കുംമ്പോഴും പുറത്ത് കടക്കുമ്പോഴുമുള്ള നടപടി ക്രമങ്ങള്‍  ഒത്തിരി ആയിരുന്നു.
    
     പിന്നെ റെയില്‍‌വേസ്റ്റേഷനിലേക്ക് കയറി. അവിടെ വല്ലാതെ തിരക്ക് അനുഭവപ്പെട്ടു. ക്യൂവിന്റെ നീളം കണ്ട് തന്നെ ഞാന്‍ വിവശയായി. സിമ്മിസര്‍ ക്യൂവില്‍ നിന്നു. ഒരു  ഇരുപ്പിടം പോലുമില്ലാത്ത പഴയദില്ലി. അസഹ്യമായ ചൂട് നിറഞ്ഞ അന്തരീക്ഷം. ഞാന്‍ വിയര്‍‌ത്തൊലിച്ചു. താഴെ വെറും നിലത്തിരിക്കുന്ന ആളുകളെ നോക്കി. വിയര്‍‌പ്പുകൊണ്ടും അഴുക്ക് കൊണ്ടും മുഷിഞ്ഞു നാറിയതല്ലാത്ത ഒരാളെ പോലും കാണാനായില്ല. ഞാനും അവരിലൊരാളായി. ആ അഴുക്കു നിറഞ്ഞ വെറും തറയില്‍ ഇരിക്കാന്‍ ആര്‍‌ക്കും ഒരു വൈമനസ്യവുമില്ലെന്നത് എനിക്ക് അത്ഭുതമായി തോന്നി.

     മണിക്കൂറുകളോളം നീണ്ട നില്പിനു ശേഷം എന്റെ കാലുകള്‍‌ കുഴയാന്‍ തുടങ്ങി. ഈ അഴുക്കു പിടിച്ച തറയില്‍ ഇരിക്കാന്‍ ആര്‍‌ക്കും ബുദ്ധിമുട്ടില്ലാത്തതിന്റെ കാരണം അനുഭവിച്ചറിഞ്ഞു. റെയില്‍‌വേ സ്റ്റേഷന്‍ എന്നാല്‍ ഗ്രാനൈറ്റ് പതിച്ച തറകളും,  സ്റ്റീലിന്റെയും ഗ്രാനേറ്റിന്റെയും ഇരുപ്പിടങ്ങളും ഒക്കെ ആയിരുന്നു മനസ്സില്‍. അല്ലാതെയും റെയില്‍‌വേസ്റ്റേഷനുണ്ടെന്നത് എനിക്ക് മനസ്സിലായി. എന്റെ ബാഗിന്റെ പുറത്തു തന്നെ ഞാന്‍ ഇരുന്നു.  ടോയ്‌ലറ്റില്‍ പോകണമെന്നുണ്ടായിരുന്നു .ഇതൊക്കെയാണ്‌ ഇവിടത്തെ അവസ്ഥയെങ്കില്‍ ടോയ്‌ലെറ്റിന്‍‌റെ വൃത്തിയെ കുറിച്ച് ഓര്‍ത്തതു കൊണ്ടും ട്രെയിനില്‍  കയറിയിട്ടാവാം എന്നത് കൊണ്ടും സഹിച്ചിരുന്നു.

     ദീര്‍‌ഘനേരത്തിന്‌ ശേഷം സിമ്മിസര്‍ ടിക്കറ്റുമായി വന്നു. അദ്ദേഹവും വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു. തീവണ്ടി പുറപ്പെടേണ്ട സമയമായതിനാല്‍ അദ്ദേഹം ധൃതിപെട്ട് നടന്നു. ഒപ്പമെത്താന്‍ ഞാന്‍ ഓടേണ്ടി വന്നു. ട്രെയിനില്‍  കയറി. ജനറല്‍ കമ്പാര്‍ട്ട്മെന്റ്. ഭാഗ്യത്തിന് ഇരിക്കാന്‍ സ്ഥലം കിട്ടി. ഇറങ്ങുന്നിടത്ത് ജമാല്‍ എന്ന പയ്യന്‍ കാത്ത് നില്‍ക്കുമെന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം യാത്രയായി. ജമാലിനെ ഫോണില്‍ വിളിച്ചു നോക്കി. എത്തുന്ന സമയമാകുമ്പോള്‍ സ്റ്റേഷനില്‍ കാണുമെന്ന് പറഞ്ഞു. തെല്ലൊരാശ്വാസത്തോടെ ഞാന്‍ ചുറ്റും നോക്കി. ഒരു വൃത്തിയുള്ള മുഖമോ വൃത്തിയുള്ള വസ്ത്രം ധരിച്ചതോ ആയ ആരേയും കാണാന്‍ കഴിഞ്ഞില്ല.അടുത്തിരിക്കുന്നവരില്‍ നിന്നുള്ള ദുര്‍‌ഗന്ധം എന്റെ മൂക്കിനെ ആലോസരപ്പെടുതുകയും പിന്നെയത് ചര്‍ദ്ദിയായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. സിറ്റി ട്രെയിന്‍ ആയത് കൊണ്ട് ടോയ്‌ലെറ്റ് ഇല്ലെന്ന അറിവ് എന്നെ ശരിക്കും വിഷമിപ്പിച്ചു

     രാത്രി പത്ത് മണിയോടെ അലിഗറില്‍ എത്തി. പറഞ്ഞിരുന്നത് പോലെ ജമാല്‍, നിഷാദ് എന്നീ വിദ്യാര്‍ത്ഥികള്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. അവര്‍ നേരത്തെ ബുക്ക് ചെയ്ത് വെച്ചിരുന്ന റൂമിലേക്ക് സൈക്കിള്‍ റിക്ഷയിലാണ്‌ പോയത്.  സൈക്കിള്‍ റിക്ഷ ഞാന്‍ ആദ്യമായാണ്‌ നേരില്‍ കാണുന്നത്. അതിലിരുന്ന് നാട് കാണുമ്പോള്‍ ഒരു പ്രത്യേക സുഖം തോന്നി. അവിടെ മഴ പെയ്തിരുന്നെന്ന് തോന്നുന്നു. അല്പം തണുത്ത കാറ്റ് വീശി. അത് വരെ അനുഭവിച്ചിരുന്ന വൈഷമ്യങ്ങള്‍‌ക്ക് നേരിയ ആശ്വസം.

     ഹോട്ടല്‍ഗുല്‍മാര്‍ഗ്ല്‍ ആയിരുന്നു താമസം.  അവര്‍ വിളിച്ച് പറഞ്ഞ് ചപ്പാത്തി റൂമില്‍ എത്തിച്ച് തന്നു. നാളെ കാലത്ത് എത്തും എന്ന് അറിയിച്ച് അവര്‍ പോയി. അന്നത്തെ ഉറക്കത്തിന്റെ ഗാഢത പ്രത്യേകതയുള്ളത് തന്നെ. ഞാനിത്രയും തളര്‍ന്ന് കുഴഞ്ഞ് ഉറങ്ങിപ്പോയിട്ടില്ല മുന്‍പൊരിക്കലും.

     രാവിലെ നിഷാദ് എത്തി. സൈക്കിള്‍‌‌റിക്ഷയില്‍  സര്‍വ്വകലാശാലയിലേക്ക് കൊണ്ടുപോയി.  നോമ്പ് കാലമായത് കൊണ്ട് രാവിലെ ഭക്ഷണം കിട്ടിയില്ല.ഉച്ചയോടെ പരീക്ഷ കഴിഞ്ഞ്കോളേജില്‍ നിന്നിറങ്ങുമ്പോള്‍ വെയിലിന്റെ ചൂടേറ്റ് കാത്ത് നില്പിന്റെ വിരസതയോടെ നൊയമ്പിന്റെ ആലസ്യത്തോടെ നിഷാദും കൂട്ടുകാരന്‍ സല്‍മാനും ഉണ്ടായിരുന്നു.എവിടെ നിന്നോ സംഘടിപ്പിച്ച പഴവും ജ്യൂസും തന്ന് അവര്‍ റൂമിലേക്ക് റിക്ഷ വിളിച്ച് തന്നു.

     മടക്കത്തെ കുറിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍ ഇത് വരെ വന്ന സ്ഥിതിക്ക് ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ കുറിച്ച് ഓര്‍മ്മിച്ചു. അങ്ങിനെ ആഗ്രയിലേക്ക് പോവാന്‍ തീരുമാനിച്ചു. അലിഗറില്‍ നിന്നും സല്‍മാന്‍‌ ആഗ്രയിലേക്കുള്ള ബസ് കയറ്റി വിട്ടു. ആഗ്രയില്‍ കാത്ത് നില്‍ക്കുന്നത്  വിനോദ് സര്‍ ആണ്‌.

     അലിഗഡിനെ പിന്നിലാക്കി ബസ് മുന്നോട്ട് നീങ്ങുംതോറും ചുറ്റുപാടുമുള്ള കാഴ്ചകള്‍ രസകരമായികൊണ്ടിരുന്നു. താജിന്റെ സിറ്റിയിലേക്ക് കയറിയപ്പോള്‍ ഒരു പ്രത്യേക സുഖം തോന്നി. ധാരാളം വാഹനങ്ങളും വൃത്തിയുള്ള ആളുകളും ഒക്കെ കണ്ടപ്പോള്‍ എനിക്കല്പം ആശ്വസമായി. പറഞ്ഞത് പോലെ ബസ്സ്റ്റാന്റില്‍ വിനോദ് സര്‍ വന്നു. എയര്‍ഫോഴ്സുകാരന്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ ഒരു വലിയ ഗൗരവക്കാരനെയാണ്‌ ഞാന്‍ പ്രതീക്ഷിച്ചത്. ഒരു ജാഡയുമില്ലാത്ത എയര്‍ഫോഴ്സുകാരനും എനിക്ക് കൗതുകമായി.അദ്ദേഹം ഹോട്ടല്‍ പവനിലാണ്‌ മുറി ബുക്ക് ചെയ്തിരുന്നത്. താജ്മഹലിലേക്ക് കാലത്ത് തന്നെ പോകണമെന്നും ഉച്ചവെയില്‍ ആയാല്‍ കാല്‍ പൊള്ളുമെന്നും പറഞ്ഞുതന്നിട്ട് അദ്ദേഹം താല്‍കാലിക യാത്ര പറഞ്ഞു

     പിറ്റേന്ന് ഏഴുമണിക്കു തന്നെ അദ്ദേഹമെത്തി. രാവിലെ ഒരു സൗത്തിന്ത്യന്‍ ഹോട്ടലില്‍ നിന്ന് പ്രാതല്‍  കഴിച്ച് ഓട്ടൊറിക്ഷയില്‍ താജ്മഹലിലേക്ക് പോയി. ഒരു ഭാഗത്ത് വെച്ച് ഓട്ടോ നിര്‍ത്തി. പിന്നീടങ്ങോട്ട് അല്പം നടക്കാനുള്ളതിനാല്‍ കുതിരവണ്ടി വിളിച്ചു. അങ്ങിനെ ആദ്യമായി കുതിരവണ്ടിയില്‍ കയറി. ഇതൊന്നും സ്വപ്നമല്ലെന്ന് തിരിച്ചറിയാന്‍ ഇടക്കിടെ കൈയില്‍ നുള്ളി നുള്ളി കൈ ചെമന്ന് തുടങ്ങിയിരുന്നു. ദേഹപരിശോധനയും ബാഗ് പരിശോധനയും നടന്നു. ബാഗില്‍ ഉണ്ടായിരുന്ന ബിസ്കറ്റ് അവര്‍ വേസ്റ്റ്‌ ബോക്സില്‍ നിക്ഷേപിച്ചു.ഭക്ഷ്യവസ്തുക്കള്‍ അനുവദനീയമല്ലത്രെ!

     താജ്‌മഹലിലേക്ക് പ്രവേശിക്കാന്‍ ഭീമാകാരമായ കൂറ്റന്‍ ചെമന്ന കവാടം. അതിന്റെ ഉയരവും മനോഹാരിതയും കണ്ട് ഒരു നിമിഷം ഞാനങ്ങിനെ നിന്നു. പിന്നെ അകത്തേക്ക്. ദൂരെ നിന്നും താജ്‌മഹല്‍ എന്ന ആ മഹാത്ഭുതം എന്റെ സ്വന്തം കണ്ണുകള്‍  കൊണ്ട്, നേരിട്ട്, മറയില്ലാതെ ഞാന്‍ നോക്കി കണ്ടു!! വിനോദ് സര്‍ ക്യാമറ എടുത്തിരുന്നു. അദ്ദേഹത്തിന്റെ ക്യാമറ കണ്ണുകള്‍ പരിസരം ഒപ്പിയെടുത്തുകൊണ്ടിരുന്നു.
  ചെരുപ്പുകള്‍ സൂക്ഷിക്കാന്‍ കൊടുത്ത് ടോക്കണ്‍ വാങ്ങി. അങ്ങിനെ ആ അനശ്വര പ്രണയത്തിന്റെ ശവകുടീരത്തിനകത്തേക്ക് പ്രവേശിച്ചു. ആ കൂറ്റന്‍ കെട്ടിടത്തിന്റെ ഒത്ത കേന്ദ്രത്തില്‍ നിന്ന് മുംതാസ് ബീഗത്തിന്റെ ഖബറിടത്തിന്റെ കേന്ദ്രത്തിലേക്ക് ഒരു  കയര്‍. അത്രക്കും കൃത്യതയോടെയാണ്‌ ശില്പി അത് പണിതിരിക്കുന്നത്. വെളുത്ത മാര്‍ബിള്‍ കൊണ്ട് തിളങ്ങുന്ന ആ ശവകുടീരത്തില്‍ നില്‍ക്കുമ്പോള്‍ അത് പണിത ശേഷം ഇനിയൊന്ന് പണിയാതിരിക്കാനായി ക്രൂരമായി വധിക്കപ്പെട്ട ശില്പിയെ മനസ്സില്‍ ഓര്‍ത്തു. മാര്‍ബിളില്‍ കൊത്തിയെടുത്ത ലോട്ടസ്, ജാസ്മിന്‍ ഫ്ലവര്‍ എന്നിങ്ങനെയുള്ള ഡിസൈനുകള്‍ ഒത്തിരി നേരം നോക്കി നിന്നു പോയി. ഒരു പ്രണയത്തിന്റെ പേരില്‍ അനേകായിരങ്ങളുടെ കണ്ണീരും വിയര്‍പ്പും കൊണ്ട് നിര്‍മ്മിതമായ മഹല്‍! രാജ്യത്തിന്റെ ക്ഷേമത്തിനായി ചിലവഴിക്കേണ്ട ധനം ഇത്തരത്തില്‍ ദുര്‍‌വിനിയോഗം ചെയ്ത ഷാജഹാന്‍ ചക്രവര്‍ത്തി! വര്‍ഷങ്ങള്‍ക്ക് ശേഷവും നാമം പ്രകീര്‍ത്തിക്കപ്പെട്ട സ്ത്രീകളില്‍ അസൂയ ജനിപ്പിക്കുന്ന മുംതാസ് ബീഗം! ...അങ്ങിനെ ചിന്തകള്‍ ഒഴുകുകയാണ്‌.

    
     താജ്‌മ്യൂസിയത്തില്‍ താജ്‌മഹലും പരിസരവുമൊക്കെ ഒരു ചിത്രകാരന്‍ വരച്ചു വെച്ചിരിക്കുന്നു. ക്യാമറകണ്ണുകള്‍ നാണിച്ചുപോകും ചിത്രങ്ങള്‍! അതില്‍ ഷാജഹാനും മുംതാസ് ബീഗവും ഉണ്ട്. മുംതാസ് എന്ന സുന്ദരിയുടെ ചിത്രം തെല്ല് അസൂയയോടെ ഞാന്‍ നോക്കി. അവിടന്ന് വിട വാങ്ങുമ്പോള്‍ ആര്‍‌‍ക്കിയോളജിക്കല്‍  വിഭാഗത്തിന്‌ ഇന്ന് സമ്പാദ്യം തരുന്ന ഒരു കെട്ടിടം എന്നതിനെക്കാള്‍ ഒരു കാലത്ത് ഒരു ചക്രവര്‍ത്തി കാണിച്ച ധൂര്ത്തായിരുന്നു മനസ്സിലെ ബിംബം.


  ഉച്ചയൂണ്‌ കഴിഞ്ഞ് ആഗ്ര കോട്ടയിലേക്ക് പോയി. ഷാജഹാന്‍ മകനാല്‍ തടവിലാക്കപ്പെട്ട കോട്ട. അതിന്റെ കിടങ്ങുകളും കടുവാത്തോട്ടവും ഇരുമ്പുദണ്ഡ്‌ ഉരുട്ടും പാലവും അതിശയിപ്പിക്കുന്നവ തന്നെ. അതിനകത്ത് മുംതാസിന്റെ രണ്ട് പെണ്മക്കളുടെ മുറികളും ഒത്ത നടുവില്‍ ഷാജഹാന്റേയും മുംതാസിന്റെയും കിടപ്പുമുറിയും. അവയെല്ലാം ഒരു കാലത്ത് സ്വര്‍ണ്ണങ്ങള്‍ കൊണ്ടും രത്നങ്ങള്‍ കൊണ്ടും അലങ്കരിക്കപ്പെട്ടിരുന്നന്നും, ബ്രിട്ടീഷുകാര്‍ അവയെല്ലാം പറിച്ചെടുത്ത് നാടുകടത്തിയെന്നും ഗൈഡ് പറഞ്ഞു. മുംതാസിന്റെ ആദ്യവിവാഹമായിരുന്നില്ല അതെന്നും ഷാജഹാന്റെ നാലാമത്തെ ഭാര്യയാണ്‌ അവരെന്നും പതിനാലാം പ്രസവത്തിലാണ്‌ അവര്‍ മരിച്ചതെന്നും ഗൈഡ് പറഞ്ഞു.  ഓരോ ഗൈഡും ഓരോ കഥ പറയുമെന്നും ചിലത് സത്യവും ചിലത് അസത്യവുമെന്ന് വിനോദ് സര്‍ ഓര്‍‌മ്മിപ്പിച്ചുകൊണ്ടിരുന്നു. അവരുടെ സ്നാനസ്ഥലം, തടവറകള്‍, മച്ലിഭവന്‍, മുംതാസിനു വേണ്ടി മാത്രം നിര്‍‌മ്മിച്ച ചില്ല് മുറി, മുന്തിരിത്തോട്ടങ്ങള്‍, നിസ്കാരപള്ളി, ദീവാനാഖാസ്, ദീവാനെ ആം എല്ലാം കണ്ട് സന്ധ്യയോടെ പുറത്ത് കടന്നു. ഇരുട്ടും മുന്നെ മുറിയില്‍ തിരിച്ചെത്തി.
   .

     പിറ്റേന്ന് രാവിലെ തീവണ്ടി കയറ്റിവിടാന്‍ വിനോദ് സര്‍ വന്നു. ഒപ്പം ട്രയിനില്‍ കഴിക്കാനുള്ള ഭക്ഷണവുമായി ഭാര്യയും കുഞ്ഞുവാവയും. അങ്ങിനെ മഹാത്ഭുതങ്ങളുടെ നടുവില്‍ നിന്നും നാട്ടിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. തീവണ്ടിയിലെ എസി കമ്പാര്‍ട്ട്മെന്റിലായിരുന്നു മടക്കയാത്ര. ചൂടും വൃത്തിഹീനതയും ഒന്നുമില്ലാത്ത സുഖകരമായ മടക്കം. ഞാന്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി എന്റെ ഇന്ത്യയെ കണ്ടുകൊണ്ടിരുന്നു. ഇന്ത്യന്‍ റെയില്‍‌വേയും അതിന്റെ പരിസരങ്ങളും ലോകത്തിലെ ഏറ്റവും വലിയ ശൗച്യാലയമാക്കി മാറ്റിയ ഭാരതീയരെ ഞാന്‍ കണ്ടു. ഗ്രാമീണതയെന്നാല്‍ നിറഞ്ഞ പച്ചപ്പും കളകളാരവം പൊഴിക്കുന്ന അരുവികളും ഒക്കെയുള്ള എന്റെ സങ്കല്പ്പം തകര്‍ന്നുടഞ്ഞു. ഗ്രാമം എന്നാല്‍ ശൗച്യാലയമില്ലാത്ത വീടുകളും, വെറും ഇഷ്ടികകള്‍ അടുക്കി വെച്ച താമസസ്ഥലവും, ഒരു വിദ്യാലയമോ പ്രാഥമികാരോഗ്യ കേന്ദ്രമോ പോലുമില്ല്ലാത്ത എന്തിന്‌, വൈദ്യുതിയോ വെള്ളമോ പോലുമില്ലാത്ത ഒന്നാണ്‌ എന്ന് ഞാന്‍ മനസ്സിലാക്കി. ഗ്രാമീണതയുടെ മനോഹാരിത എന്ന എന്റെ മനസ്സിലെ ചിത്രം ഗ്രാമീണതയുടെ പരാധീനത എന്ന് മാറ്റിവരച്ചു.

     ആന്ധ്രാപ്രദേശിലൂടെ ട്രെയിന്‍ കടന്ന് പോയപ്പോള്‍ അല്പം സുഖം തോന്നി. പാലക്കാടിന്റെത് പോലുള്ള വയലേലകളും പനകളും മനസ്സിനെ ആകര്‍ഷിച്ചു. തിരികെ വീടണഞ്ഞപ്പോള്‍ മനസ്സില്‍ എന്തായിരുന്നു? ഈ ഭൂമിയിലെ ഈ കൊച്ചു കേരളത്തിലെ പാലക്കാടിന്റെ മകളായി ജനിക്കാന്‍ കഴിഞ്ഞത് തന്നെയാണ്‌ ഏറ്റവും വലിയ ഭാഗ്യം എന്നായിരുന്നു ഞാനന്നെന്റെ ഡയറിയില്‍ കുറിച്ചിട്ടത്. ഇത് തന്നെയാണ്‌ സ്വര്‍ഗ്ഗം!!! പഴയൊരു സിനിമാഗാനം ഞാന്‍ വെറുതെ മൂളി..
              "ഈ മനോഹര തീരത്ത് തരുമോ
               ഇനിയൊരു ജന്മം കൂടി...."

Sunday, 26 June 2011

ഒരു യാത്രാ മധ്യേ....

["അടരുവാന്‍ വയ്യ ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുന്നതാണെന്റെ സ്വര്‍ഗം
നിന്നിലടിയുന്നതെ നിത്യ സത്യം........................" ]     ഒരു തോളിൽ നീളം കുറഞ്ഞൊരു ബാഗ്‌. മറ്റേതിൽ കൈകുഞ്ഞ്‌.“ ആരെങ്കിലും ഒന്നെഴുന്നേറ്റ്‌ തന്നെങ്കിൽ..”..ബസ്സിന്റെ മുകളിലെ കമ്പിയിൽ പിടിച്ച്‌ തൂങ്ങി നില്ക്കുമ്പോൾ സംഭവിക്കില്ലെന്നറിയാമെങ്കിലും വെറുതെ ആശിച്ചു പോയി..ബസ്സിൽ യാത്ര ചെയ്തിട്ട്‌ ഒരു പാട്‌ നാളായി. അതിന്റെ ശീലക്കേടുമുണ്ട്‌. മകന്റെ നിർത്താതുള്ള കരച്ചിൽ കൂടി ആയപ്പോൾ വല്ലാത്തൊരു അസഹനീയത.

     രാത്രി മുഴുവൻ മകൻ കരച്ചിലായിരുന്നു. പനിയും നേരിയ ശ്വാസം മുട്ടലും. ഇന്നലെ ആരേയും അവൻ ഉറക്കിയില്ല. അലോപതി മരുന്ന്‌ കൊടുക്കാറില്ല. പാർവ്വതിക്കും ശ്യാമേട്ടനും ഒരുപോലെ ആയുർവേദത്തോടാണ്‌ താല്പര്യം. സ്ഥിരമായി നാരായണ സ്വാമി വൈദ്യരെയാണ്‌ കാണിക്കാറ്‌. ഇന്ന്‌ ശ്യാമേട്ടന്റെ ഓഫീസിൽ ഇൻസ്പെക്ഷനാണ്‌. പോവാതെ തരമില്ല. ഒരു നിവർത്തിയുണ്ടായിരുന്നെങ്കിൽ അവളേയും കുഞ്ഞിനേയും തനിച്ചയക്കുമായിരുന്നില്ല. ജീവിതം തിരക്കേറിയതാണ്‌. ഒപ്പം ജീവിച്ചു തീർക്കാനുള്ളതും.

     “ചിറകറ്റ പക്ഷിക്കു ചിറകുമായി നീ
ഇനി പിറകെ വരല്ലേ വരല്ലേ...”
ബാഗിൽ നിന്നും മൊബൈൽ നാദം. ശ്യാമേട്ടനാവും. ഇന്നിത്‌ എത്രാമത്തെ തവണയാണ്‌! ടെൻഷൻ കാണും. വൈദ്യരെ കണ്ട്‌ ഇറങ്ങിയ ഉടനെ അവൾ വിളിക്കാൻ ശ്രമിച്ചതാണ്‌. അദ്ദേഹം എടുത്തില്ല. തിരക്കിലാവാം. ഇപ്പോൾ  തിരിച്ചു വിളിക്കുമ്പോൾ അവൾക്ക്‌ ഫോണെടുക്കാൻ കഴിയുന്നുമില്ല. ചില സാഹചര്യങ്ങൾ തമ്മിൽ കൂടിച്ചേരാൻ ഒരുപാട്‌ പ്രയാസപ്പെടും. കോർത്തിണക്കിയാലും ഇണങ്ങാത്ത കണ്ണികളുമുണ്ട്‌.

     അങ്ങോട്ട്‌ പോകാൻ സ്റ്റേഡിയം ബസ്സ്റ്റാന്റ്‌ വരെ ശ്യാമേട്ടനും വന്നിരുന്നു. മടങ്ങുമ്പോൾ അവിടെ വന്ന്‌ കാത്ത്‌ നില്ക്കാമെന്ന്‌ പറഞ്ഞിട്ടുമുണ്ട്‌. സ്റ്റേഡിയത്തിന്‌ ഇന്നെന്തൊരു മോടിയായിരുന്നു! വഴിയോരക്കച്ചവടങ്ങളില്ലാത്ത റോഡിന്‌ വളരെ വീതി തോന്നി. വൃത്തിയും. റോഡിന്റെ വശങ്ങളിൽ തൂക്കിയിട്ട വർണ്ണക്കടലാസുകൾ കാറ്റിലാടി. മന്ത്രിയെ വരവേല്ക്കാനായി ഒരുങ്ങി നില്ക്കുകയാണ്‌ സ്റ്റേഡിയം. പാലക്കാടൻ മണ്ണിന്‌, ആടായാഭരണങ്ങൾ അണിഞ്ഞ്‌ വരന്റെ വരവിനായി കാത്തിരിക്കുന്ന പുതുക്ക പെണ്ണിന്റെ നാണം!! ഇന്നൊരു  ഉദ്ഘാടന ചടങ്ങുണ്ട്‌. ഉച്ചക്ക്‌ ശേഷം വിദ്യാലയങ്ങൾക്കും ഓഫീസുകൾക്കും അവധി. ഉച്ചക്ക്‌ മുൻപ്‌ വീടെത്താൻ അവളും ധൃതിപ്പെടുന്നത്‌ അത്കൊണ്ടാകും. വൈദ്യരോട്‌ വിളിച്ച്‌ പറഞ്ഞിരുന്നത്‌ കൊണ്ട്‌ ചെന്നയുടനെ കാണാനായി. മടക്കയാത്രയും വേഗമായി.

     ബസ്സ്‌ കുരിയോട്‌ സ്റ്റോപ്പിൽ നിർത്തി. കുറെ പേർ ഇറങ്ങി. ബസ്സിനകം വെളിച്ചം കണ്ടു. ഇരിക്കാൻ സ്ഥലവുമായി ഒരാൾ തൊട്ടു വിളിച്ചു. ആദ്യം ഒന്ന്‌ ഞെട്ടിയോ? “മാഷ്‌”! മാഷിനരികിൽ ഇരിക്കാൻ ഒരു നിമിഷം ഒന്ന്‌ ശങ്കിച്ചു. കുരിയോട്‌ നിന്നും നാലഞ്ച്‌ ചെറുപ്പക്കാർ കയറുന്നുണ്ട്‌. ഇരുപ്പിടം അവർ കൈയ്യേറും മുൻപ്‌ വേഗം ഇരുന്നു. ഈ അവശതയിൽ മറ്റൊന്നും ആലോചിക്കാത്തതാ നല്ലത്‌.

     തോളിൽ നിന്ന്‌ മകനെ മടിയിലിരുത്തി. കൈകൾക്കും ആശ്വാസം. മകന്റെ കരച്ചിലിനും നേരിയ ശമനം. ഇരിപ്പൊന്ന്‌ നേരെയായപ്പോൾ മാഷിനെ നോക്കി. എത്ര നാളായി ഇദ്ദേഹത്തെ കണ്ടിട്ട്‌?! ഒരു ദശാബ്ദത്തിൽ കൂടുതലായിക്കാണണം.

     “സുഖാണോ പാച്ചൂ...”

     മാഷിന്റെ സൗമ്യമായ ചോദ്യം. “പാച്ചൂ..” ആ വിളിക്കുണ്ട്‌ ആ പഴയ ഈണവും ഇമ്പവും.

     വട്ടക്കണ്ണടയും നീളൻ താടിയും. ഒരു മാറ്റവുമില്ല മാഷിന്‌. കാലം അവളെ അല്പം വീർപ്പിച്ചിട്ടുണ്ടെന്ന്‌ മാഷ്‌ പറഞ്ഞു. വെളുത്ത്‌ മെലിഞ്ഞ പാച്ചു മനസ്സിൽ നിന്ന്‌ മായുന്നില്ലെന്നും. കാലത്തിന്റെ പറഞ്ഞാൽ തീരാത്ത പരാജയമായി മാഷങ്ങിനെ കണ്മുന്നിൽ! അതും കേട്ട്‌ മറന്ന, അല്ല, മറക്കാൻ ശ്രമിച്ച ഇമ്പമാർന്ന “പാച്ചു” എന്ന വിളിയുമായി. പാർവ്വതി വീട്ടുകർക്കും കൂട്ടുകാർക്കും  പാറുക്കുട്ടിയാണ്‌. മാഷിനു മാത്രം പാച്ചുവും.

     നിറഞ്ഞ ക്ലാസ്സ്‌ മുറികളിൽ പോലും അവൾ അനുഭവിച്ചിരുന്ന കനത്ത ഏകാന്തത. അതിനെ ഇടക്കിടെ ഭഞ്ജിച്ചിരുന്ന മാഷ്‌. അവളുടെ മുഖമൊന്ന്‌ വാടിയാൽ മാഷ്‌ അറിയും. മനസ്സൊന്ന്‌ പിടഞ്ഞാൽ മാഷ്‌ സാന്ത്വനം ചൊരിയും. ഹൃദയത്തിന്റെ ഉള്ളറകളിലേക്ക്‌ മാഷ്‌ പ്രവേശിക്കുന്നതെങ്ങിനെയെന്നറിയാതെ പലപ്പോഴും അതിശയിച്ചിട്ടുണ്ട്‌.

     പ്രായം മുപ്പതുകളിൽ ചെന്നെത്തിയിട്ടും മാഷ്‌ അവിവാഹിതനായി തുടരുന്നത്‌ പ്രണയ നൈരാശ്യം കൊണ്ടാണെന്ന്‌ കൂട്ടുകാർ പറഞ്ഞു. മാഷുമായി ഒരാത്മ ബന്ധം ഉണ്ടായിട്ടും ഇരട്ടിയോളം പ്രായമുള്ള മാഷോട്‌ അതേകുറിച്ച്‌ ചോദിക്കാൻ എന്തൊ ഒരു അരുതായ്ക.

     നാടോ വീടോ എവിടെയെന്ന്‌ ചോദിച്ചിട്ടില്ലെങ്കുലും മറ്റ്‌ കുട്ടികളെക്കാൾ മാഷെ കുറിച്ച്‌ എന്തെല്ലാമോ അറിയാം എന്ന ഭാവം. പതിനാറാം വയസ്സിലെ പിതൃവിയോഗം. പത്ത്‌ മക്കളിൽ മുതിർന്ന മകൻ. ചുമലിൽ ഏറ്റിയാൽ പൊങ്ങാത്ത കുടുംബഭാരം. കുടുംബത്തിന്റെ ആശ്രയകേന്ദ്രം.കൗമാരത്തിൽ യൗവ്വനവും യുവത്വത്തിൽ വാർദ്ധക്യവും കൈയ്യിലേന്തി യാത്ര തുടരുന്ന കരുത്തനായ തേരാളി. യൗവ്വനത്തിന്റെ വേലിയേറ്റത്തിൽ തന്നെ ആത്മാവിന്റെ വേലിയിറക്കവും അനുഭവിച്ചറിഞ്ഞ മാഷ്‌.

     വർഷങ്ങൾക്ക്‌ ശേഷം വീട്ടിൽ വിവാഹാലോചനകൾ തുടങ്ങിയപ്പോൾ മാഷിന്റെ മുഖം മാത്രം മനസ്സിലേക്ക്‌ ഓടിയെത്തിയതെന്താണ്‌? അതും ഒരിക്കൽ പോലും, പ്രണയപൂർണ്ണമായ ഒരു നോട്ടം പോലും സമ്മാനിച്ചിട്ടില്ലാത്ത മാഷ്‌!! എന്ത്‌ ധൈര്യത്തിൻ മേലാണ്‌ ആ പേര്‌ ഉറക്കെ പ്രഖ്യാപിച്ചത്‌?!

     അദ്ദേഹത്തിന്റെ നാടും വീടും ഇന്നത്തെ അവസ്ഥയും ഒന്നുമറിയില്ലെന്ന്‌ പറഞ്ഞപ്പോൾ ഉയർന്ന അച്ഛന്റെയും കൂടപ്പിറപ്പുകളുടേയും പൊട്ടിച്ചിരിയിൽ അലിഞ്ഞു ചേർന്ന അവളുടെ കണ്ണീർ മുത്തുകൾ...അടുത്തുണ്ടായിരുന്നപ്പോഴൊന്നും ആ ബന്ധം ഒരു പ്രണയ പരിമളം ചൊരിഞ്ഞില്ല.എന്നിട്ടും ഇപ്പോൾ തോന്നുന്ന ഈ ഭാവത്തെ എന്ത്‌ പേരിട്ട്‌ വിളിക്കണം? പക്വതയില്ലായ്മയും ഒരു ശാപമാണ്‌.

     വഴിയിൽ വെച്ച്‌ മാഷിനെ കണ്ടെന്ന്‌ ഒരുദിവസം ആങ്ങള പറഞ്ഞു. വിവരങ്ങളെല്ലാം ധരിപ്പിച്ചുവെന്നും. വീട്ടിലെ ഫോൺ നമ്പർ മാഷിന്‌ നൽകിയിട്ടുണ്ട്‌; രണ്ട്‌ ദിവസത്തിനകം വിളിക്കുമെന്ന്‌..

     ആകാശപ്പൊയ്കയിലെ നക്ഷത്രങ്ങളെ കൈക്കലാക്കിയ ആനന്ദം. ‘എന്റെ പ്രേമം പോലെയാണെന്റെ മരണമെങ്കിൽ ഞാൻ മരിച്ചു കൊള്ളട്ടെ..’ എന്നുറക്കെ പ്രഖ്യാപിച്ച പ്രിയ ദസ്തയേവ്സ്കീ..നിനക്കു പ്രണാമം! ഊണിലും ഉറക്കത്തിലും ഫോൺ നാദത്തിനായി കാതോർത്തു. നിമിഷങ്ങൾ ദിവസങ്ങളായും മണിക്കൂറുകൾ വർഷങ്ങളായും തോന്നി. നിമിഷങ്ങളും മിനിറ്റുകളും മണിക്കൂറുകളും ഒക്കെ ചേർന്ന്‌ ഒരു മനോഹര വൃക്ഷമായി പൂത്തുലഞ്ഞു  നിന്നു. പിന്നീട്‌, ആ പൂക്കളൊന്നൊന്നായി വാടി കരിഞ്ഞ്‌ കൊഴിഞ്ഞ്‌ വീണു. ഓരോ കോളും മാഷിന്റേതാവണേ  എന്ന്‌ മനമുരുകി പ്രാർത്ഥിച്ചു. ചില കാത്തിരിപ്പുകൾ അനന്തവും അനശ്വരവുമാണ്‌.

     പ്രണയം തീവ്രമാകുന്തോറും പ്രണയിക്കുന്ന വസ്തു അപ്രാപ്യമായികൊണ്ടിരിക്കുമെന്നത്‌ ഒരു ലോകതത്വമാണോ? അതോ..
    മനുഷ്യന്‌ നൽകപ്പെട്ട ഏറ്റവും വലിയ അനുഗ്രഹം മറവിയത്രെ. മറവിയെന്ന മനോഹര പദത്തിന്റെ മറയും പിടിച്ച്‌ ശ്യാമേട്ടന്റെ ജീവിതത്തിലേക്ക്‌ ചേക്കേറാൻ മാഷിന്റെ നിശബ്ദത വഴികാട്ടിയായി.

     മാഷ്‌ മകനെയൊന്ന്‌ വാത്സല്യപൂർവ്വം തലോടി. അവൻ വീണ്ടും കരയാനും.അമളിപറ്റിയ പോലെ മാഷ്‌ അവളെ നോക്കി. സുഖമില്ലെങ്കിൽ അവൻ അങ്ങിനെയാണ്‌. എന്തിനും ഏതിനും കരഞ്ഞുകൊണ്ടിരിക്കും. അവന്റെ അസ്വസ്ഥതകൾ പ്രകടിപ്പിക്കാനുള്ള ഏകമാർഗ്ഗം.

     മാഷിന്റെ കുടുംബത്തെ കുറിച്ച്‌ തെല്ലൊരാകാംക്ഷയോടെ ചോദിച്ചു. അല്പനേരം അവർക്കിടയിൽ ചേക്കേറിയ മൗനം. മാഷിന്നും അവിവാഹിതനായി തുടരുന്നു..!!!

    “പാച്ചൂ..നീ അവസരം തന്നില്ലാല്ലൊ?” എന്ന മറുചോദ്യത്തിൽ ഒളിഞ്ഞിരുന്നത്‌ വെറും കുസൃതിയോ?

     മാഷ്‌ അവളുടെ സഹോദരനെ കണ്ടിട്ടേ ഇല്ലെന്ന്‌ പറഞ്ഞു. ഫോൺ നമ്പർ വാങ്ങിയിട്ടുമില്ല. സത്യത്തിന്റെ പാതകൾ വിചിത്രവും നിഗൂഢവുമാണ്‌. അന്വേഷിച്ചാലും ചിലത്‌ കണ്ടെത്തില്ല. പാച്ചുവിൽ നിന്നും പാറുക്കുട്ടിയിലേക്കുള്ള തരംഗദൈർഘ്യം മനസ്സിൽ കണക്കാക്കുകയായിരുന്നു പാർവ്വതി.

     പെട്ടെന്ന്‌ സ്റ്റോപ്പല്ലാത്ത സ്ഥലത്ത്‌ ബസ്സ്‌ നിർത്തിയത്‌ എന്തിനായിരിക്കും? കുറച്ച്‌ ചെറുപ്പക്കാർ കയറുന്നുണ്ട്‌. അവർ തടുത്തതാവാം. ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക്‌ മുന്നിൽ ചോദ്യചിഹ്നങ്ങൾ പെറ്റു പെരുകുന്നു. കയറുന്ന യുവാക്കൾക്ക്‌ പതിവിൽ കൂടുതൽ വേഗതയും വ്യഗ്രതയും. കയറിയവർ ആരെയൊക്കെയോ തിരയുന്നു. കൈയിലുണ്ടായിരുന്ന ആയുധങ്ങളിലേക്ക്‌ ശ്രദ്ധയെത്തും മുമ്പേ ഒഴുകിയ ചോരപ്പുഴ. ബസ്സിനകത്ത്‌ ഉയർന്ന കൂട്ടനിലവിളി. അവർ കുരിയോട്‌ സ്റ്റോപ്പിൽ നിന്നും കയറിയവരെ തിരഞ്ഞു പിടിച്ച്‌ വെട്ടുന്നു. അരുണിമയാർന്ന നിറച്ചാർത്തിൽ കണ്ണുകൾ മങ്ങിയതാണോ? രക്തതുള്ളികൾ മുഖത്തേക്ക്‌ തെറിച്ച്‌ വീണപ്പോൾ കണ്ണുകളിൽ പടർന്നത്‌ ഇരുളിമ. കൈയിൽ നിന്നും മകൻ ഊർന്നു വീഴുന്നു. താഴെ വീഴുന്ന കുഞ്ഞിനോ, ബോധം മറയുന്ന പാച്ചുവിനോ, വെട്ടേറ്റ്‌ പിടയുന്ന ശരീരങ്ങൾക്കോ ...ആർക്കാർക്ക്‌ താങ്ങാവണമെന്നറിയാതെ സ്തബ്ദനായി നില്ക്കുന്ന മാഷ്‌..!!!
     “ചിറകറ്റ പക്ഷിക്കു ചിറകുമായി നീ
ഇനി പിറകെ വരല്ലേ വരല്ലേ...”
ബാഗിൽ നിന്നും വീണ്ടും മൊബൈൽ നാദം......
                     
      ***************************

Monday, 9 May 2011

ക്യാഷ്യർ

കമ്പിയിഴകളിലൂടെ നോക്കിയാൽ ലോകം വളരെ ചെറുതായി തോന്നാറുണ്ട്‌.നൂറുകണക്കിനു പേർ ദിവസേന ഈ കമ്പി വലയ്ക്ക്‌ പുറത്ത്‌ തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട്‌ അപ്രത്യക്ഷമാകും.എല്ലാവരുടെ മുഖത്തും തിടുക്കം മാത്രം.നടന്നടുക്കുന്ന ഓരോ ചുവടും മരണത്തിലേക്കാണെന്നോർക്കാതെ..

നോട്ടുകളുടെ ഗന്‌ധങ്ങൾ തിരിച്ചറിയാനും അവയിലൂടെ ആളെ തന്നെ തിരിച്ചറിയാനും ഞാൻ പഠിച്ചതെപ്പോഴാണ്‌..?! ചിലരുടെ പണത്തിന്‌ സുഗന്ധദ്രവ്യങ്ങളുടെ ഗന്ധമാണ്‌. ചിലരുടെതിന്‌ അരിയുടെ,മുളകിന്റെ,മത്സ്യത്തിന്റെ,വിയർപിന്റെ,കണ്ണീരിന്റെ..നോട്ടുകളുടെ ഗന്ധം എന്റെ സിരകളെ മത്ത്‌ പിടിപ്പിക്കാറില്ല.പണത്തിനോടും മമത കുറഞ്ഞ്‌ വരുകയാണോ?

“ടോക്കൺ മുപ്പത്തിമൂന്ന്‌ റസിയാ...”
നിമിഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഞാൻ വീണ്ടും വിളിച്ചു..
“ടോക്കൺ മുപ്പത്തിമൂന്ന്‌...റസിയാബീഗം..”

ഞാനും അടുത്ത ഊഴത്തിനായി കാത്ത്‌ നില്കുന്നവരും ഒരു പോലെ അക്ഷമരായി.ഞാൻ അടുത്ത ടോക്കണിലേക്ക്‌ കടന്നു.ക്ഷമയുടെ അർത്ഥവും അർത്ഥാന്തരങ്ങളും ഞങ്ങളെല്ലാം ഒരുപോലെ വിസ്മരിച്ചിരിക്കുന്നു.അർത്ഥശൂന്യതയെ മാറോടണക്കാൻ ഇഷ്ടമില്ലാത്ത നവയാന്ത്രിക ലോകം..!!

കാലങ്ങൾക്ക്‌ മുൻപ്‌ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പും ജീവിതമാണെന്ന്‌ പറഞ്ഞ കഥാകാരനും,മരിക്കുന്ന പുഴയെ നോക്കി കരഞ്ഞ കവിയത്രിയും,അവർക്കൊപ്പം തേങ്ങിയിരുന്ന ഞാനും..എല്ലാം ഇന്നൊരുപാടകലെയാണ്‌.എന്നിൽ നിന്നൊരിക്കലും അടരില്ലെന്ന്‌ കരുതിയിരുന്ന സ്വപ്നലോകം..അക്ഷരങ്ങൾ സ്വപ്നങ്ങളായും മോഹങ്ങളായും വിരിഞ്ഞിരുന്ന കാലം..ഭാവനയായും മാസ്മരികതയായും അക്ഷരങ്ങൾ പൂത്തിരുന്ന കാലം..ഇന്നവയ്ക്കെല്ലാം പലരൂപത്തിലും വലുപ്പത്തിലുമുള്ള നോട്ടുകളുടെ ഛായ..
കാലത്തെ പഴിചാരി രക്ഷ്പ്പെടുകയാണോ?
എനിക്ക് ചുറ്റുമുള്ള പ്രയാണങ്ങൾ എന്നെ അലട്ടില്ലെന്ന് കരുതി. എന്റേതായ ലോകത്തിൽ ഞാൻ തനിച്ച്...

“സാർ..,ടോക്കൺ മുപ്പത്തിമൂന്ന് വിളിച്ചോ.....?”
സാരിതലപ്പ് ഒന്നുകൂടി തലയിലേക്ക് പിടിച്ചിട്ടുകൊണ്ട് മുന്നിൽ റസിയാബീഗം..

ഇവളെ ഞാൻ വർഷങ്ങളായി കാണുന്നു.ക്ഷമയോടെ തിരക്കൊഴിയാൻ കാത്തു നില്ക്കും..പ്രത്യേകിച്ച് കൌണ്ടറിലെ ആണുങ്ങളുടെ തിരക്കൊഴിഞ്ഞാലെ ഇവൾ വരൂ. ഇന്ന് എന്തൊ ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി.നേരിയ ലജ്ജയാൽ അവളുടെ മിഴികൾ താണു.അവളുടെ കൈയിൽ നിന്നും വാങ്ങിയ നോട്ടുകൾ എണ്ണാൻ തുടങ്ങി. അഞ്ഞൂറ്‌ രൂപാനോട്ടിന്‌ റസിയാബീഗത്തിന്റെ നിറമാണെന്ന് എനിക്ക് തോന്നി.അവളുടെ ചുണ്ടുകൾക്ക് ആയിരം രൂപാനോട്ടിന്റെ നിറം. അവളുടെ ശബ്ദം നാണയത്തുട്ടുകളുടെ കലമ്പൽ പോലെ.

റസിയബീഗം ഒരു മുത്തശ്ശിയായെന്ന് ഒരു സ്റ്റാഫിൽ നിന്ന് അറിഞ്ഞതിനാലാണോ ഇന്നവളെ പതിവില്ലാതെ ശ്രദ്ധിച്ചത്? ആ കണ്ണുകളിൽ കണ്ടത് ദൈന്യതയോ? പതിമൂന്നാം വയസ്സിൽ ഭാര്യ..ഏതാനും ദിവസത്തെ ദമ്പത്യത്തിനു ശേഷം ലഭിച്ച വൈധവ്യം..പതിനാലാം വയസ്സിലെ മാതൃത്വം..ഒടുവിൽ മുപ്പത് തികയാത്ത മുത്തശ്ശിയും.ഇനിയും ജീവിതത്തിന്റെ ഏടുകൾ ബാക്കി. തലമുറകൾ എണ്ണിയെണ്ണി..

ജീവിതത്തിന്റെ വലിയൊരു മുഖമാണ്‌ തൊഴിലിന്‌.എനിക്ക് ചുറ്റും തീർത്തിരിക്കുന്ന ഈ കമ്പി വലയം എന്റെ അതിർവർമ്പുകളെ കുറിക്കുകയാണോ..?! പേരുകൾ ഒന്നൊന്നായി വിളിക്കുകയും ഓരോ പേരിന്റെയും ഉടമസ്ഥർ വരുകയും പോവുകയും ചെയ്യുന്നു.നാട്ടിലെ സമ്പന്നരും ദരിദ്രരും ഒരുപോലെ എന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. പരിചിതരും അപരിചിതരുമായവർ വരുകയും പോവുകയും ചെയ്യുന്നു. പരിചിത മുഖങ്ങളിലേക്ക് നോക്കാതിരിക്കാൻ ശ്രമിക്കും. പക്ഷെ,എന്റെ പേരു ചൊല്ലി കൂട്ടുകാരൻ വിളിച്ചപ്പോൾ നോക്കാതിരിക്കാൻ കഴിഞ്ഞില്ല.ജനമധ്യെ അധികമൊന്നും സംസാരിക്കാൻ കഴിയില്ലെങ്കിലും അവൻ ചോദിച്ചു..
“പഠിക്കുന്ന കാലത്ത് ഞാൻ കരുതി നീയൊരു അദ്ധ്യാപകനോ സാഹിത്യകാരനോ ആകുമെന്ന്. നീയിപ്പോൾ എഴുതാറില്ലെ? പൂക്കളുടെ ഗന്ധമുള്ള നിന്റെ കവിതകൾ.....!!!!”
മുഷിഞ്ഞു പിഞ്ഞിക്കീറിയ, നേരെ നിവർന്നു നിൽക്കാൻ സെല്ലൊടേപ്പ് ഒട്ടിച്ച,മൂല്യശോഷണം വന്ന അഞ്ചു രൂപാനോട്ടിനോട് തന്റെ മനോഹരമായ ഗതകാലപ്രൌഢിയെ കുറിച്ച് ചോദിക്കും പോലെ തോന്നിച്ചു അവന്റെ ചോദ്യം..

അവനു ബാക്കി നൽകാൻ ചില്ലറയില്ലാതെ മനസ്സ് ഒന്ന് പിടഞ്ഞു. ചോദ്യം കേട്ടതായി ഭാവിച്ചില്ല.എഴുത്ത്..!!!ഏതോ ഒരു കാലത്ത്‌ ഏതോ ഒരു ഞാൻ ചെയ്ത..എന്തോ ഭ്രാന്ത്..അക്ഷരങ്ങളെ സ്നേഹിച്ച,അക്ഷരങ്ങൾക്ക് കൂട്ടിരുന്ന,അക്ഷരങ്ങളുടെ കൂട്ടുകാരനായ ഞാൻ ഇന്ന് എവിടെയെന്ന് എനിക്ക് തന്നെ അറിയില്ല. ഉത്തരവാദിത്വങ്ങളുടെ കുരുക്കുകൾക്കിടയിൽ പിടി മുറുകുമ്പോൾ..അക്ഷരലോകവും എന്നോട് വിട ചൊല്ലിയോ?എഴുതുവാൻ തുടങ്ങും മുൻപെ വാക്കുകൾ പിണങ്ങി മാറുന്നു.വായനയുടെ മൃത്യു. എഴുത്തിന്റെ മരണവേദന. അക്ഷരങ്ങൾ അക്കങ്ങൾക്ക് വഴിമാറിക്കൊടുത്തു.ഇന്ന് ഞാൻ കോറിയിട്ട അക്കങ്ങൾ വായിച്ചെടുക്കാൻ എനിക്ക് തന്നെ നന്നേ പാടുപെടേണ്ടിയിരിക്കുന്നു!


ഒരുകാലത്ത് എന്റെ അക്ഷരങ്ങളെ സ്നേഹിച്ച,എന്റെ ഭാവനയുടെ ചിറകിലേറി എനിക്കൊപ്പം പറന്ന എന്റെ പ്രണയിനി....

ഇന്നവൾ യഥാർത്ഥജീവിതത്തിന്റെയും കാല്പനികതയുടെയും അർത്ഥങ്ങൾ തിരിച്ചറിഞ്ഞിരിക്കണം.അതോ,അവയൊന്നും ചിന്തിക്കാൻ പോലും ശക്തിയില്ലാതെ...

പ്രണയം.. ഒരു പ്രത്യേക നിമിഷങ്ങളിലെ മനോഭാവം മാത്രമാണെന്ന് പറഞ്ഞതാരാണ്‌?..
ഞാൻ ചിന്തിച്ചിരുന്നതും ഞാൻ എഴുതിയിരുന്നതും അവൾക്ക് വേണ്ടി..
ഭാവനയുടെ ആ മായാലോകത്തേക്ക് ഞാൻ അവളെ കൈ പിടിച്ചുകൊണ്ട് വരരുതായിരുന്നു.
മിഥ്യാലോകത്ത് നിന്നും ഇരുവരും ഇറങ്ങി വന്നത് വളരെ പെട്ടെന്ന്..ഒരിക്കലും ഒരു മടക്കയാത്രയില്ലാത്ത ആ യാത്രയുടെ പടിവാതില്ക്കൽ ഞങ്ങൾ പകച്ചു നിന്നുവോ..!?

ബാങ്കിന്റെ ക്ലോസിങ്ങ് സമയം കഴിഞ്ഞ് എത്തിയവരെ അപ്പുറത്തെ സെക്ഷനിൽ നിന്നും മടക്കി അയക്കുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.സമയം..ആരേയും സ്നേഹിക്കാത്ത ,ആർക്കു വേണ്ടിയും കാത്തുനില്ക്കാത്ത സമയം..ആർക്കും പിടിച്ചു നിർത്താനും വയ്യ! നിതാന്തമായി,സ്വച്ഛമായി അതങ്ങിനെ ഒഴുകുന്നു..

രാവിലെ മുതൽ ഞാനെഴുതിയ പുസ്തകത്തിലെ കണക്കുകൾ കൂട്ടാനാരംഭിച്ചു.ഒരുപാട് കണക്കുകളുടെ കൂട്ടലിന്റെയും കുറക്കലിന്റെയും ആകെത്തുകയാണ്‌ ജീവിതം. പ്രയത്നങ്ങളെ കൂട്ടിക്കുറച്ച് കിട്ടുന്നത് പ്രതിഫലവും. തെറ്റിനും ശരിക്കുമിടയിലുള്ള ഒരു നേർത്ത അതിർവരമ്പ്. തിരുത്താനാവാത്ത തെറ്റുകളുമുണ്ട്. അവയോരോന്നും തീരാവേദനകളായി പെയ്തൊഴിയാതെ, അല്ലെങ്കിൽ പെയ്യാനാവാതെ ഒരു ഭാരമായി മനസ്സിന്റെ കോണിൽ അങ്ങിനെ കിടക്കും.

കംമ്പ്യൂട്ടറിൽ നിന്ന് ലഭിക്കുന്ന സംഖ്യയും എന്റെ ക്യാഷ്ബുക്കിലെ സംഖ്യയും ഒന്നാവുക എന്നത് ഒരു വലിയ യുദ്ധമായി എനിക്ക് തോന്നാറുണ്ട്.
അക്കങ്ങളുടെ മഹായുദ്ധം..! അക്ഷരാർത്ഥത്തിൽ“ coin war"..!

യുദ്ധങ്ങൾ എനിക്ക് പണ്ടെ പരിചിതമായി കഴിഞ്ഞു. യുദ്ധം വിതക്കുന്നത് നാശമത്രെ!!

ബാല്യത്തിൽ ഞാൻ കണ്ടത് മാതാപിതാക്കൾക്കിടയിലെ യുദ്ധം..നഷ്ടമായത് എന്റെ മയിൽപ്പീലിത്തുണ്ടുകളും,മഴവില്ലും...
കൗമാരത്തിലെ വർണ്ണങ്ങൾ എന്നോട് യുദ്ധം പ്രഖ്യാപിച്ചുവോ?
നഷ്ടപ്പെട്ട നിറങ്ങളുടെ ഓർമ്മകളിൽ ഞാൻ മുഖം പൊത്തി കരഞ്ഞിട്ടില്ല...!
ഇപ്പോൾ അക്കങ്ങളുടെ യുദ്ധം..ഈ യുദ്ധത്തിന്റെ മനോവേദന അസഹനീയം..
ജീവിതത്തിന്റെ രണ്ടറ്റങ്ങളെ തമ്മിൽ കൂട്ടി മുട്ടിക്കാനായി പെടാപ്പാടു പെടുന്ന ഒരു ഗൃഹനാഥന്റെ..മക്കളുടെ ആവശ്യങ്ങൾക്ക് മുന്നിൽ പകച്ചു നില്ക്കുന്ന ഒരച്ഛന്റെ..ഒരു നിർധന സഹോദരന്റെ..അങ്ങിനെ വേദനിക്കുന്ന ഒരുപാട് മുഖങ്ങളെ ഈ അക്കങ്ങളുടെ യുദ്ധത്തിൽ കാണാം.

ചില നഷ്ടങ്ങൾ..അവയൊരിക്കലും മടങ്ങി വരില്ല. നഷ്ടപ്പെട്ട എന്റെ മയിൽപ്പീലിയും മഴവില്ലും മഞ്ചാടിയും ഒന്നും ഒരിക്കലും മടങ്ങി വരില്ല.അവസരങ്ങൾ ഒന്നേയുള്ളൂ..ജീവിതവും.,!!

”എടോ, ഇങ്ങിനെ എല്ലാം കളഞ്ഞുകുളിക്കാനായി എന്തിനാ പണിക്ക് വരുന്നെ? ഒരിക്കലും ഒരു സ്വപ്നജീവിക്ക് ഒരു നല്ല കാഷ്യറാവനൊക്കില്ല..“ പുറകിൽ നിന്നും മനേജറുടെ സഹതാപവും സ്നേഹവും കലർന്ന ശാസനാവാക്കുകൾ..

ശരിയാണ്‌. ഒരു കാഷ്യർ വികാരാധീതനാവണം. ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിലിലോ, വേദന തിന്നുന്ന ഒരു രോഗിയിലോ,ചിരപരിചിത മുഖങ്ങളിലോ ഒന്നും അവന്റെ ശ്രദ്ധ പതിയരുത്.കൗണ്ടറിന്‌ മുന്നിൽ ഒരു പുരുഷാരം തന്നെ ഉണ്ടായാലും മനസ്സ് പതറാതെ ശ്രദ്ധാലുവായി..

ഇന്ന് ശമ്പളദിവസമാണ്‌. വീട്ടിൽ ഒരുപാട് ആവശ്യങ്ങളുമായി മക്കൾ,ഭാര്യ..പിന്നെ,പലചരക്ക് കടക്കാരൻ,പാൽക്കാരൻ തുടങ്ങിയ നിർബന്ധ പിരിവുകാർ..ബാധ്യതകൾ വിഴുപ്പ് ഭാണ്‌ഡങ്ങളാകുന്നു. എനിക്ക് ചുറ്റുമുള്ള ലോകം ഒന്ന് മാറി മറിഞ്ഞെങ്കിൽ..

ക്യാഷ് ബാലൻസിൽ വരുന്ന കുറവ് കാഷ്യർ സ്വന്തം കൈയിൽ നിന്നും നികത്തണം. നേരം സന്ധ്യയോടടുക്കുന്നു. മറ്റ് വഴികളൊക്കെയും അടയുന്നു. മനോഹരിയായ സന്ധ്യക്ക് മരണത്തിന്റെ മണമാണെന്നെനിക്ക് തോന്നി. അരുണിമയാർന്ന ആകാശത്തിന്‌ ആർദ്രഭാവം..

പോക്കറ്റിൽ നിന്നും റസിയാബീഗത്തിന്റെ ചുണ്ടുകളെ ഓർമ്മപ്പിക്കുന്ന, ചെഞ്ചോര വർണ്ണങ്ങളുള്ള ഏതാനും നോട്ടുകൾ എടുത്ത് ക്യാഷ്ബോക്സിൽ വെച്ചു. മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് എന്താണ്‌? കീറിയ സ്കൂൾ ബാഗിന്‌ പകരം മറ്റൊന്നാവശ്യപ്പെടുന്ന കുഞ്ഞുമോളോ? പുത്തൻ സൈക്കിളിനായി കാത്തിരിക്കുന്ന പൊന്നുമോനോ?അതോ, അടുക്കളയിലെ കാലിപാത്രങ്ങൾ കാണിച്ച് പരിഭവിക്കുന്ന ഭാര്യയോ? അതൊ, പരിഭവങ്ങളും പരാതികളുമില്ലാതെ തൊട്ടിലിൽ കിടക്കുന്ന കൊച്ചുവാവയോ?..

കണ്ണിൽ നിന്നും അറിയാതെ ഇറ്റുവീണു രണ്ട് രക്തത്തുള്ളികൾ..!! അവയോരോന്നിലും തിളങ്ങുന്ന പുഞ്ചിരിയുമായി ഗാന്ധിജി....!!!!


[' ഇതള്‍' ത്രൈ മാസികയില്‍ പ്റസിദ്ധീകരിച്ചത്..]

Saturday, 9 April 2011

ഈ വെളുത്ത രാത്രിയിൽ...


[ ഇന്നിനി നമ്മളിലൊരാളിന്റെ നിദ്രക്കു
മറ്റെയാൾ കണ്ണിമ ചിമ്മാതെ കാവൽ നിന്നീടണം
ഇനി ഞാൻ ഉണർന്നിരിക്കാം
നീയുറങ്ങുക...onv]


വെളുത്ത പൂക്കളേയും വെള്ളാരം കല്ലുകളെയും വെണ്മേഘങ്ങളേയും വെളുത്ത പ്രാവുകളേയും ഇഷ്ടമായത് കൊണ്ടാണോ ഞാൻ വെളുത്ത നിറത്തെയും സ്നേഹിച്ചത്? പാല്പായസം പോലെതന്നെ വെളുത്ത പാഷാണവും എനിക്ക് പ്രിയമായി തോന്നുന്നത് ആ നിറത്തോടുള്ള പ്രണയമല്ലാതെ മറ്റെന്താണ്‌?!! മരണത്തിന്‌ കറുപ്പ് നിറമാണെന്ന് കരുതി ഭയന്നിരുന്നു. പിന്നീടാരാണ്‌ മരണം വെളുത്തതാണെന്ന് പറഞ്ഞുതന്നത്?! മരണവും ഒരു ഹരമായി.കൈ നീട്ടി തൊട്ടൊന്ന് പൊട്ടിച്ചിരിക്കാനും കൗതുകം!!

പരിശുദ്ധിയുടെ നിറമാണത്രെ വെളുപ്പ്. ശുഭ്രവസ്ത്ര ധാരിണികളെ കണ്ടാൽ മാലാഖമാരാണൊ എന്ന് ആലോചിച്ചു പോവും. ഇരുവശത്തും ശുഭ്രവസ്ത്ര ധാരിണികളുടെ സഹായത്തോടെ അങ്ങിനെ നീങ്ങുമ്പോൾ ഞാൻ സ്വർഗ്ഗത്തിലാണോ എന്നും തോന്നിപ്പോവുന്നു.വെളുത്ത ചുമരുകൾക്കുള്ളിലെ വെള്ള വിരിപ്പിട്ട മെത്തയിൽ വെളുത്ത കമ്പികളുള്ളാ കട്ടിലിൽ സ്ഥാനമുറപ്പിച്ചു.വെളുത്ത സ്റ്റാന്റിന്മേൽ കമിഴ്ന്നു കിടക്കുന്ന വെളുത്ത കുപ്പി. വെളുത്ത കുഴ്ലിലൂടെ നിറമില്ലാദ്രാവകം എന്റെ നാഡികളിലേക്ക്....കൺപോളകൾക്ക് ഭാരം വർദ്ധിക്കും പോലെ.....

കൺപോളകളുടെ ഭാരക്കൂടുതൽ ഓർമ്മിച്ചാൽ സുഗന്ദിയെ ഓർമ്മ വരും.സുഗന്ദിയുടെ കൺപോളകൾക്ക് എന്ത് കട്ടിയാണെന്നൊ!! അതിന്റെ ഭാരം കാരണം അവൾക്ക് കണ്ണ്‌ തുറക്കാൻ കഴിയാത്തതായി തോന്നിപ്പോകും..

അവളുടെ അമ്മ കുട്ടിക്കാലത്തെ തന്റെ വിസ്മയങ്ങളിലൊന്ന്‌. എനിക്കെല്ലാവരോടും അസൂയയാരിരുന്നു. ഓട്ടോറിക്ഷ ഓടിക്കാൻ കഴിയുന്നത് കൊണ്ട് ചൂടൻ മോഹനേട്ടനോട്; മനോഹരങ്ങളായത് കൊണ്ട് പൂമ്പാറ്റകളോട്. സ്കൂളിൽ പോകേണ്ടാത്തത് കൊണ്ട് കോഴിക്കുഞ്ഞുങ്ങളോടും പൂച്ചകളൊടും നായ്ക്കളോടും. എന്നും സുഗന്ദിയെ സ്കൂളിൽ കൊണ്ടുവന്നു വിടുകയും തിരികെ കൊണ്ടുപോവുകയും ഉച്ചക്ക് വന്ന് ഊണ്‌ വാരിക്കൊടുക്കുകയും ഒക്കെ ചെയ്യുന്നൊരമ്മയെ കിട്ടിയത് കൊണ്ട് സുഗന്ദിയോട്...

ഉദ്യോഗസ്ഥ ദമ്പതികളുടെ മകളായി ജനിക്കരുതായിരുന്നു..പ്രത്യേകിച്ചും മൂത്തമകൾ!! മുതിർന്ന മക്കളെ ആർക്കും വേണ്ട. അമ്മേടെ ചെറിയമോളായി ജനിച്ചിരുന്നെങ്കിൽ എനിക്കും അമ്മേടെ തോളിൽ കിടന്നുറങ്ങാരുന്നു. വാശിപിടിച്ച് കരഞ്ഞ് മുതിർന്നവർക്ക് അടി വാങ്ങി കൊടുക്കാരുന്നു. സ്കൂളിലേക്കുള്ള ഓട്ടോറിക്ഷ വന്നാൽ അമ്മേടെ ചുംബനം ഏറ്റുവാങ്ങിക്കൊണ്ടതിൽ കയറാരുന്നു..രണ്ട് വയസ്സ് തികയും മുൻപെ തനിക്ക് ചാർത്തി കിട്ടിയ മൂത്തമകൾ എന്ന സ്ഥാനം എന്നെ നോക്കി പല്ലിളിച്ചു; കൊഞ്ഞനം കുത്തി.

അസൂയക്കാരി മാത്രമല്ല ഒരു ദേഷ്യക്കരി കൂടിയാണ്‌ ഞാൻ. ഭാരക്കൂടുതൽ ഉള്ളത് കൊണ്ട് ബാഗിനോട് ദേഷ്യം. സ്വന്തം ബാഗിനു പുറമെ സഹോദരങ്ങളുടെയും ബാഗുകൾ കൂടി സംരക്ഷിക്കുകയും ഓട്ടൊറിക്ഷയിൽ മറക്കാതെ വെയ്ക്കുകയും ഒക്കെ ചെയ്യേണ്ടി വരുമ്പോൾ ആ അഞ്ചുവയസ്സുകാരിക്ക് കൂടപ്പിറപ്പുകളോട് ദേഷ്യം. താഴെയുള്ള സഹോദരങ്ങൾക്ക് മാത്രം അമ്മ ചോറ്‌ വാരിക്കൊടുക്കുമ്പോൾ അമ്മയോട് ദേഷ്യം.എഴുതിയാലും എഴുതിയാലും തീരാത്തത്ര ഹോംവർക്ക് തരുമ്പോൾ ടീച്ചറോട് ദേഷ്യം. കളിക്കാൻ വിടാതിരിക്കുമ്പോൾ സായാഹ്നങ്ങളോട് ദേഷ്യം.ഉറക്കം മതിയാവാതെ തന്നെ നേരം വെളുക്കുമ്പോൾ പ്രകൃതിയോട് ദേഷ്യം. കാരണങ്ങളില്ലാതെ ഒറ്റക്കിരുന്ന് കരഞ്ഞുപോവുമ്പോൾ തൊട്ടാവാടി എന്ന് വിളിക്കുന്ന കൂട്ടുകാരോടും ദേഷ്യം!!!!

ദേഷ്യമില്ലാതിരുന്നത് അച്ഛനോടു മാത്രം.എന്റെ ഭ്രാന്തൻ സ്വപ്നങ്ങൾക്കും കാല്പ്പനിക കഥകൾക്കും ശ്രോതാവായ, അക്ഷരങ്ങൾ കൂട്ടി വായിക്കാൻ തുടങ്ങുമ്പോൾ തന്നെ ആത്മാവിൽ ഒരു ചിതയും മാമ്പഴവും മന:പാഠമാക്കിതന്ന അച്ഛൻ. എപ്പോഴോ അച്ഛനും ശത്രു പാളയത്തിലേക്ക് നീങ്ങി.ഉയരുന്തോറും നഷ്ടമായിക്കൊണ്ടിരുന്ന തിരിച്ചറിവുകൾ..!

ക്ലാസ്സിന്റെ പടികൾ ഒന്നൊന്നായി ചവിട്ടിക്കയറിയപ്പോൾ ഞാനറിഞ്ഞു സുഗന്ദിയുടെ അലക്കാത്ത യൂണിഫോമിന്റെ ഗന്ധം..കീറിത്തുടങ്ങിയ ബാഗിന്റെ മുഷിച്ചിൽ..ആഗ്രഹങ്ങളില്ലാത്ത അവൾക്ക് ഞാനെന്റെ മുനമാറ്റിയിടുന്ന പെൻസിലുകളും മണക്കുന്ന റബ്ബറുകളും നല്കി സൂക്ഷ്മതയില്ലാത്തവൾ എന്ന പേരുകൂടി സമ്മാനമായി നേടിയെടുത്തു.

മുതിർന്ന ക്ലാസ്സിലെത്തിയപ്പോൾ ഒരു കൂട്ടുകാരി സ്വകാര്യം പറഞ്ഞു സുഗന്ദിക്ക് അച്ഛനില്ലെന്ന്. അത്ഭുതം അതല്ല അവളുടെ അച്ഛൻ മരിച്ചിട്ടുമില്ല.സംശയങ്ങൾ മനസ്സിൽ കിടന്നുരുണ്ടുകൂടട്ടെ! പുറത്ത് വരരുത്. പ്രായത്തിന്റെ പക്വതയില്ലാത്തവൾ എന്ന ചീത്തപ്പേര്‌ പണ്ടേയുണ്ട്. ഇവിടെ നിശബ്ദതയാവാം. നിശബ്ദതക്കും വാക്കുകൽ ഉണ്ടത്രെ!

വളരുന്തോറും പിളരുന്ന രാഷ്ട്രീയ പാർട്ടികളെ പോലെ മുതിരുന്തോറും ഞങ്ങൾ സുഗന്ദിയിൽ നിന്നകന്നു. ഒട്ടും സഹിക്കാൻ കഴിയാത്ത കാരണം അവളുടെ അമ്മക്ക് പകരുന്ന രോഗമുണ്ടെന്നതത്രെ. അമ്മയുടെ ദീനവും മകളോടുള്ള അകല്ച്ചയും തമ്മിലുള്ള ബന്ധമെന്തെന്ന് എനിക്കും അറിയില്ലായിരുന്നു. എല്ലാരും പാടിയത് ഞാനും പാടി. അത്രമാത്രം! അർത്ഥ മറിയാത്തവക്ക് മുന്നിൽ മൗനം തന്നെ ഉചിതം. ഈ മൗനവും ഈ നിശബ്ദതയും വാചാലമാണ്‌.

സുഗന്ദി പഠനം നിർത്തിയതെന്തിനായിരുന്നു? വിവാഹമെന്നാരോ പറഞ്ഞു.ആരേയും ക്ഷണിച്ചില്ല. ആരും പോയതുമില്ല. വിവാഹം കഴിഞ്ഞും പഠിക്കുന്നവർ ഒരുപാട് പേരുണ്ട്.പക്ഷെ, സുഗന്ദി പിന്നെ പഠിച്ചില്ല. ആരും അന്വേഷിച്ചതുമില്ല.

അന്ന് കൂട്ടുകാരോടൊപ്പം ടിപ്പുവിന്റെ കോട്ടയിലേക്ക് ഇറങ്ങിയതാണ്‌. ചില സായാഹ്നങ്ങളിൽ കൂട്ടുകാരൊത്തൊരു കറങ്ങൽ..മനസ്സിനതൊരു സുഖമാണ്‌.ടിപ്പുവിന്റെ കോട്ടയെ ചുറ്റിപറ്റി നില്ക്കുന്ന എന്റെ ബാല്യം സന്തോഷമായും നഷ്ടബോധമായും,കണ്ണീരായും,വേദനയായും മനസ്സിലൂടെ അങ്ങിനെ കടന്നുപോകും. അന്ന് നടക്കാനിറങ്ങിയ സമയത്തെ പഴിച്ചുപോയി.ചുരിദാറിന്റെ ടോപ്പിനേയും ഷാളിനേയുമൊക്കെ അനുസരണക്കേട് പഠിപ്പിക്കുന്ന ശക്തമായ തീ തുപ്പുന്ന പാലക്കാടൻ കാറ്റ്..തീക്കാറ്റും പൊടിപടലങ്ങളും ശരീരത്തെ തളർത്തി.പാതവക്കിൽ നിന്നും ഞങ്ങളുടെ നേരെ നീട്ടിയ കൈകളിലേക്ക് അലക്ഷ്യമായി നോക്കിയതാണ്‌. ഉള്ളിലൊരു അഗ്നിപർവ്വതമാണോ പൊട്ടിയത്!! തന്റെ കരങ്ങളും കണ്ണുകളും എത്ര പെട്ടെന്നാണ്‌ സുഗന്ദിയുടെ അമ്മ പിൻവലിച്ചത്!!!!

അതെന്തൊരു ദിവസമായിരുന്നു! ഉണ്ണാനോ ഉറങ്ങാനോ കഴിയാതെ.....

എന്നെ പോലെ തന്നെ എന്റെ നിദ്രക്കുമുണ്ട് സ്വാർത്ഥത. മനസ്സിന്റെ ഏകാന്തതയിൽ മാത്രം വിരുന്നു വരുന്ന, മനസ്സിൽ വേദനയൊ അലട്ടലൊ എന്തെങ്കിലും ഉണ്ടെന്നറിഞ്ഞാൽ പിണങ്ങിപ്പോകുന്ന സുന്ദരനായ നിദ്ര..അന്നവൻ എനിക്കരികിലേക്ക് വന്നതെയില്ല..മനസ്സ് മുഴുവൻ സുഗന്ദിയും അമ്മയുമാണെന്ന് നിദ്ര അറിഞ്ഞുവോ?

തിരിച്ചറിവുകൾ ഒന്നൊന്നായി കൈയെത്തി തൊടുകയാണോ? സുഗന്ദിയുടെ അച്ഛനില്ലായ്മയുടെ പൊരുളാണഴിഞ്ഞത്. പാതവക്കിലെ കുഞ്ഞുമക്കൾക്കൊന്നും അച്ഛനുണ്ടാവാറില്ലെന്ന് എവിടെയോ ഞാനും വായിച്ചിട്ടുണ്ട്.

വഴിയോരത്ത് നിന്നും മകളെ ഇംഗ്ളീഷ് മീഡിയത്തിൽ പഠിക്കാനയച്ചൊരമ്മ!
രാത്രികളിൽ ഉറക്കമൊഴിച്ച് മകളുടെ ചാരിത്ര്യത്തിനു കൂട്ടിരുന്നൊരമ്മ..
പ്രായപൂർത്തി എത്തിയയുടനെ മകൾക്കൊരു സംരക്ഷകനെ കണ്ടെത്താൻ കഴിഞ്ഞൊരമ്മ..
ഇതിലും വലിയ സ്വപ്നങ്ങൾ ആ അമ്മക്കുണ്ടായിരുന്നൊ?....

എന്റെ മനസ്സിലെ കാർമേഘങ്ങൾ ഘനീർഭവിച്ചു. ഇനി പെയ്യാതെ വയ്യ!! കണ്ണുനീർ കവിൾത്തടത്തിലൂടെ ഒലിച്ചിറങ്ങി. കൺപോളകളുടെ ഭാരം ക്രമേണ കുറഞ്ഞ് കുറഞ്ഞ് വരും പോലെ! ഇപ്പോൾ കണ്ണുകൾ പതുക്കെ തുറക്കാം..

വീണ്ടും വീണ്ടും എന്റെ കവിളിൽ തട്ടുന്നതാരാണെന്ന് പതുക്കെ കണ്ണു തുറന്ന് നോക്കി. മുഖത്ത് നല്ല പുഞ്ചിരിയുമായി ഡോക്ടർ അൻവർ സാദത്ത്. “ഇന്നലെ ഞങ്ങളെയൊക്കെ ബേജാറാക്കിയല്ലൊ അനുക്കുട്ടീ..” അയാൾ വെളുക്കെ ചിരിച്ചു. ഞാൻ പതുക്കെ ചുറ്റും നോക്കി. അമ്മ കരയുകയാണ്‌. അച്ഛനും മറ്റുള്ളവരും ചില്ലിനപ്പുറത്താണ്‌..

അമ്മ കരഞ്ഞതെന്തിനാണ്‌?!!! പരീക്ഷക്ക് A+ കിട്ടിയില്ലെങ്കിൽ ഇങ്ങിനെ ഒരു മകളില്ലെന്ന് പറഞ്ഞത് അമ്മയല്ലെ? വീട്ടിൽ കയറ്റില്ലെന്നും പറഞ്ഞില്ലെ? എനിക്ക് A+ കിട്ടിയില്ലെന്ന് അമ്മ അറിഞ്ഞില്ലെ ഇതു വരെ?!!!

റിസൾട്ടറിഞ്ഞ നിമിഷം ലോകം മുഴുവൻ ശൂന്യമായത് പോലെ. എന്റെയുള്ളിലെ അമ്പിളിമാമനും നക്ഷത്രങ്ങളും ഒരുമിച്ച് കെട്ടടങ്ങിയത് പോലെ. അല്പനേരം കഴിഞ്ഞ് അവിടെ തെളിഞ്ഞതൊരു ഒറ്റ നക്ഷത്രം.അതിന്‌ സുഗന്ദീടെ അമ്മയുടെ ഛായ! എന്നിലൂടെ സുഗന്ദിമാർ പിറക്കാതിരിക്കട്ടെ എന്ന് ചിന്തിച്ചത് ബാലിശമോ?!!
അമ്മയുടെ കണ്ണീരല്ല ഈ മകൾക്കാവശ്യം.സ്നേഹമാണ്‌.സാന്ത്വനമാണ്‌.സംരക്ഷണമാണ്‌..നാക്കുകൾക്ക് കുഴച്ചിൽ ഉള്ളത് പോലെ. പറയാൻ ശ്രമിക്കുന്നത് പകുതിയെ പുറത്ത് വരുന്നുള്ളു എന്ന് തോന്നുന്നു. ഡോക്ടർ വീണ്ടും കുത്തിവെച്ച മരുന്നിന്റെ ശക്തി കൊണ്ടാണോ കണ്ണുകൾ അടഞ്ഞ് പോകുന്നത്..?

“പേടിക്കാനൊന്നുമില്ല. ഉണർന്നൂന്നെയുള്ളൂ. ഓർമ്മ വരാൻ കുറച്ചൂടെ സമയമെടുക്കും. ഒന്നുകൂടി മയങ്ങി എണീക്കട്ടെ. തല്ക്കാലം പുറത്തറിയണ്ട.കേസും കൂട്ടോം...” ഡോക്ടറുടെ ആശ്വാസ വചനങ്ങളാണ്‌.

ഞാൻ സ്വബോധത്തിൽ തന്നെയാണെന്ന് പറയണമെന്ന് തോന്നി.കഴിഞ്ഞില്ല. അപ്പൊഴേക്കും എവിടെ നിന്നൊ വെളുത്ത മാലാഖ ഉടുപ്പുമിട്ട് കുറെ LKG കുഞ്ഞുങ്ങൾ.. അവർ എനിക്ക് ചുറ്റും നൃത്തം വെച്ചു. എന്നിട്ട് പതുക്കെ ഉയർന്ന് പൊങ്ങി. വസന്ത പൗർണ്ണമിയുടെ തിളക്കമാർന്ന ഈ വെളുത്ത രാത്രിയിൽ ആ കുഞ്ഞുങ്ങൾ വെളുത്ത പഞ്ഞിക്കെട്ട് പോലുള്ള മേഘപാളികൾക്കുള്ളിലേക്ക് നീങ്ങുന്നു. എന്നെയും അവർ ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു; പാട്ടുകളുടേയും കഥകലുടേയും മറ്റൊരു ലോകത്തിലേക്ക്........


Thursday, 10 March 2011

ഉദ്യോഗസ്ഥ


                                                     
           
[ആദ്യത്തേതെന്തും നമുക്ക് പ്രിയപ്പെട്ടതാണല്ലൊ. ആദ്യത്തെ കന്മണി,ആദ്യ പ്രണയം..അങ്ങിനെ..അതു പോലെയാണ്‌ എനിക്ക് ആദ്യമായി അച്ചടിമഷി പുരണ്ട എന്റെ കഥയും..ഒരുപാട്‌ പോരായ്മകൾ ഉണ്ടെങ്കിലും അത് ഇവിടെ പകർത്തുകയാണ്‌]

കാറ്റിലുലയുന്ന നെല്‌പ്പാടങ്ങൾ,കുടവുമെടുത്തൊരു പെൺകുട്ടി,ക്രിക്കറ്റ് ബാറ്റുമായി നടന്നു വരുന്ന പയ്യൻ...അങ്ങിനെയങ്ങിനെ ഒരു സ്ക്രീനിലെന്ന പോലെ മിന്നിമറയുന്ന ദൃശ്യങ്ങൾ.ഇങ്ങിനെ എത്ര നേരം വേണമെങ്കിലും ഇരിക്കാം.ഒരു മുഷിപ്പും തോന്നില്ല.

ഒരുപാട് നേരം കാറ്റ്‌ മുഖത്തടിക്കുമ്പോൾ ഒരു നേരിയ അസ്വസ്ഥതയൊക്കെയുണ്ട്.കണ്ണടയിട്ടത് നന്നായി.യാത്രയിൽ കണ്ണിന്റെ സംരക്ഷണം അത് ഏറ്റെടുക്കുന്നുണ്ട്‌. അല്ലെങ്കിൽ, എന്താ ഈ സംരക്ഷണം എന്ന് പറഞ്ഞാല്‌?എന്തിനോ വേണ്ടി,ഏതോ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്ന പദം.യഥാർത്ഥത്തിൽ ആരെങ്കിലും ആരെയെങ്കിലും സംരക്ഷിക്കുന്നുണ്ടോ?ഇങ്ങിനെ ചിന്തിച്ചിരിക്കുമ്പോൾ മനസ്സിലേക്ക് കടന്നു വരുന്നത് ആശയങ്ങളല്ല;ഭ്രാന്തുകളാണ്‌.

മനൂ...പുറത്തേക്ക് നോക്ക്.എന്ത് ഭംഗിയുള്ള സ്ഥലങ്ങൾ! ഈ ഭൂമി എത്ര സുന്ദരിയാല്ലേ? ഈ വനങ്ങളുടെ പച്ച എന്റെ ഹൃദയാന്തർഭാഗത്തേക്ക് ആഴ്ന്നിറങ്ങുന്നു.അവിടെ കുളിര്‌ പകരുന്നു. ഹരിതം എന്നത് ആഹ്ളാദത്തെ സൂചിപ്പിക്കുന്ന നിറമാണെന്ന് പറഞ്ഞതാരാണ്‌? ആ വ്യക്തിക്കും എനിക്കും ഒരേ മനസ്സായിരിക്ക്യോ?

ഇങ്ങിനെ ബസ്സിലിരിക്കാൻ എന്ത് സുഖമാണ്‌,അല്ലേ മനൂ. ഈ യാത്ര ഒരിയ്ക്കലും അവസാനിക്കാതിരുന്നെങ്കിൽ..എങ്കിൽ..!എന്തൊരു നല്ല സ്വപ്നം! മനൂ..നിനക്കും ഇങ്ങിനെയൊക്കെ തോന്ന്ണില്ലേ? ഈ സ്വപ്നങ്ങളാണല്ലൊ നമ്മളെയൊക്കെ നയിക്കുന്നത്‌.ജീവിയ്ക്കാൻ പ്രേരിപ്പിക്കുന്നത്. ഇന്നത്തെ സ്വപ്നങ്ങൾ നാളത്തെ യാഥാർത്ഥ്യമത്രെ. നമുക്കും സ്വപ്നങ്ങളെ താലോലിക്കാം.

എന്താണ്‌ മനുവിങ്ങനെ സൂക്ഷിച്ചു നോക്കുന്നത്?

ശരിയാണ്‌.ഇങ്ങിനെ സ്വയം മറന്നിരിക്കാൻ കഴിയുന്നതെങ്ങിനെയാണെന്നല്ലേ? എനിക്കും അതറീണില്ല. ഞാനെന്താ ഇങ്ങനെ എന്ന് ഒരുപാട് തവണ ഞാനും ആലോചിച്ചിട്ടുണ്ട്. അതും ഈ പ്രായത്തിൽ...

പക്ഷെ,മനൂ..നീയൊരു മഹാസത്യമറിയുക.ആത്മാവിന്റെ മഞ്ഞുകാലം ശരീരത്തിന്റെതിൽ നിന്നും ശരീരത്തിന്റെ ഇല പൊഴിയും കാലം ആത്മാവിന്റേതിൽ നിന്നും വിഭിന്നമാണത്രെ.

ഈ വനങ്ങളും ഈ മനുവും മാത്രമെ ഇന്നെന്റെ മനസ്സിലുള്ളൂ.

മകൾ...ഒരുപാട് വേദനയ്ണ്ട് എനിക്കവളെക്കുരിച്ചോർക്കുമ്പോൾ. എനിക്കറിയാം അവൾ സ്നേഹത്തിനായി എന്തു മാത്രം ദാഹിക്കുന്നുണ്ടെന്ന്; അവളെ സ്നേഹിക്കാൻ ഞാൻ മാത്രേ ഉള്ളൂ എന്നും.മനൂ..എനിക്ക്..ഞാൻ..ഞാനവിടെ വല്ലാതെ പരാജിതയാവുന്നു!

കൗമാരത്തിന്റെ വർണ്ണങ്ങൾ അവളെ സ്വാധീനിക്കാത്തതെന്തെന്നും മനസ്സിൽ മഴവില്ലും മയില്പീലിയും മാത്രം വിരിയേണ്ട ഈ പ്രായത്തിൽ അവളിൽ വിരക്തിവന്നടിഞ്ഞതെന്തെന്നും ഞാനറിയുന്നു. അക്ഷരങ്ങളെ സ്നേഹിക്കുന്ന, അക്ഷരങ്ങളെ താലോലിക്കുന്ന, അക്ഷരങ്ങളുടെ കൂട്ടുകാരിയാണവളിന്ന്. എന്നിൽ നിന്ന് ലഭിക്കാതെ പോയതെല്ലാം അവൾ അക്ഷരങ്ങളിലൂടെ ഊറ്റിക്കുടിക്കാൻ ശ്രമിക്കുന്നു.പരിഭവമോ പരാതിയോ ഇല്ലാതെ..എല്ലാം അറിഞ്ഞിട്ടും ഒന്നും കണ്ടില്ലെന്ന് ഞാൻ നടിക്കുന്നു.

പക്ഷെ മനൂ..എനിക്ക്‌ വയ്യ..ജീവിത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാനായി ബദ്ധപ്പെടുന്നതിനിടയിൽ....

ഇന്ന്..ഇന്നെങ്കിലും അവൾക്കരികിൽ ഇരിക്കണമെന്ന് വിചാരിച്ചതാണ്‌.ഇന്നവൾടെ പിറന്നാളല്ലേ?

മനു മറന്നോ?ഓ..! നിനക്കതൊന്നും അറിയില്ലല്ലൊ. ല്ലെ?

ലീവ് തരപ്പെടാതെ വന്നപ്പോ ഞാൻ നേരത്തെ എത്താമെന്ന് അവൾക്ക് വാക്ക് കൊടുത്തതാണ്‌.

പക്ഷെ........

ശരിയാണ്‌ മനൂ. ഈ യാത്ര അവസാനിക്കണം. ബസ്സ് വേഗത കൂട്ടണം. അസ്തമയത്തിന്‌ മുമ്പ് വീടെത്തണം.
എന്തിനീ വ്യർത്ഥമോഹങ്ങൾ?!എന്നത്തേയുംകാൾ രണ്ട്‌ മണിക്കൂറോളം താനിന്ന്‌ വൈകിയിക്കുന്നു. അർത്ഥശൂന്യതയെ വാരിപ്പുണരാൻ മനൂനെപ്പോലെ താനും ഇഷ്ടപ്പെട്ടിരുന്നില്ലല്ലൊ. എന്നിട്ടും ഇന്ന് ഞാനതൊക്കെയും ചെയ്യുന്നു.മനസ്സ് ദുർബലപ്പെടുകയാണോ? പണ്ടത്തെ അനിഷ്ടങ്ങളൊക്കെയും ഇന്നത്തെ ഇഷ്ടങ്ങളായി തീർന്നിരിക്കുന്നു.

നേരത്തെ എത്താമെന്ന് പറഞ്ഞത് ഒരിയ്ക്കലും അവൾ വിശ്വസിച്ചിരിക്കില്ലെന്നറിയാം. അവൾക്കിതൊക്കെ എന്നേ പരിചിതമായിരിക്കുന്നു.സന്ധ്യ കഴിഞ്ഞാൽ അവൾക്ക് കൂട്ടിന്‌ അപ്പുറത്തെ മിനിക്കുട്ടി ഉണ്ടാവും.

ചിലപ്പോൾ തോന്നും വിശ്രമിക്കാൻ നേരമായീന്ന്‌. ഉദ്യോഗത്തിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി ഒരു ശാന്തമായ ജീവിതം.! ഉദ്യോഗം..അത് നഷ്ടപ്പെട്ടാൽ..പിന്നീട് തിരിച്ചു കിട്ടിയെന്നു വരില്ല.ജീവിതവും അവസരവും എല്ലാം ഒരിക്കൽ മാത്രം.

നന്നായി ഇരുട്ടി അല്ലെ?എനിക്ക് വഴിയൊക്കെ കാണാൻ നല്ല ബുദ്ധിമുട്ടുണ്ട്.ഇയ്യിടെയായി അങ്ങിനെയാണ്‌. വല്ല കല്ലിലും തട്ടി വീണാലും ആരും അറിയില്ല. വേഗം നടക്കാം, ല്ലെ?

ഞാനെന്താണ്‌ പറഞ്ഞത്‌?! വീണാൽ ആരും അറിയില്ലെന്നൊ?!! ഒറ്റയ്ക്കാണ്‌ എന്ന സത്യം യാഥാർഥ്യബോധത്തോടെ ഉൾക്കൊള്ളാൻ ഇടയ്ക്കെങ്കിലും ഞാനും തയ്യാറാവുന്നു!!!

മനൂ....നീ എനിക്കാരാണ്‌?......

എനിക്ക് നീ എല്ലാമെല്ലാമായിരുന്നില്ലേ?

എന്നിട്ടും എന്തിനു നീ എന്നെ സമൂഹത്തിൽ ഒറ്റപ്പെടുത്തി.? ആൾക്കൂട്ടത്തിൽ എന്തിനെന്നെ തനിച്ചാക്കി? എന്തിനു നീ എനിക്കൊരവിവാഹിതയായ അമ്മയുടെ വേഷം തന്നു..?

എല്ലാ നാണയങ്ങൾക്കും രണ്ട് പുറങ്ങളുണ്ടെന്ന് അന്ന് ഞാനറിന്നിരുന്നില്ലേ? അതൊ അവയൊക്കെയും അവസരോചിതമായി മറന്നതോ? മറവിയും ഒരു അനുഗ്രഹമാണല്ലൊ. നിന്റെ രണ്ടാമത്തെ മുഖം എന്നെ വല്ലാതെ ഞെട്ടിച്ചു; നോവിച്ചു. സഹപാഠികൾക്കു കൂടി പങ്കുവെയ്ക്കാൻ എങ്ങിനെ നിനക്കു കഴിഞ്ഞു??!!!

പ്രതികരിയ്ക്കരുത്! സ്ത്രീ സർവ്വം സഹയത്രെ! ആരൊക്കെയോ കളിക്കുന്ന കളങ്ങളിലെ കരുക്കൾ മാത്രമാണ്‌ നമ്മൾ. പ്രതികരണശേഷിയില്ലാത്ത ഒരു തലമുറ വളരട്ടെ! വളർന്ന്‌ പെരുകട്ടെ!!

എങ്കിലും..മനൂ..നീ ഒന്നറിയുക. ഞാൻ സ്നേഹിച്ചത് നിന്റെ നല്ല മുഖത്തെയാണ്‌. ആ മുഖത്തെ ഞാൻ ഇന്നും സ്നേഹിക്കുന്നു. ആത്മാർത്ഥസ്നേഹം എല്ലാ പോരായ്മകളും സഹിക്കുന്നു.

എന്റെ മനസ്സ് നിറയെ നീയാണ്‌. നീ ഇന്നും എന്റെ ആത്മാവാണ്‌. എന്റെ ജപങ്ങളൊക്കെയും നിന്റെ നാമമാണ്‌.എന്റെ ജീവന്റെ സ്പന്ദനം തന്നെ നീയാണ്‌.

മനൂ..അതാ നോക്ക്‌. അവൾ വീട്ടുപടിക്കൽ തന്നെയുണ്ട്. തന്നെ കണ്ടതും മിനികുട്ടി വിടവാങ്ങുന്നു.മോളുടെ മുഖം ക്ഷീണിച്ചിരിക്കുന്നു. അവൾക്ക് കിടക്കാരുന്നില്ലേ? എന്തിനിങ്ങനെ കാത്തിരിക്കുന്നു? ഓ..പ്രതീക്ഷയോടെയുള്ള കാത്തിരിപ്പും ജീവിതമാണെന്നല്ലെ എം.ടി. പറഞ്ഞിരിക്കുന്നത്.

“വൈകുമാരുന്നേൽ ഫോൺ ചെയ്യാരുന്നില്ലേ? അപ്പുറത്തെ ആരെയെങ്കിലും സ്റ്റോപ്പിലേക്ക് വിടാരുന്നു. രാത്രീല്‌ മമ്മിയിങ്ങനെ തനിച്ച്..അതും കണ്ണ്‌ പോലും ശരിക്കും ....”

മനൂ..ഞാൻ തനിച്ചാണോ? നീയില്ലേ എന്റെ കൂടെ? എന്നിട്ടും....

ഒരു പിറന്നാൾ സമ്മാനം പോലും വാങ്ങാൻ താൻ മറന്നിരിക്കുന്നു! മനൂ..നിനക്കെങ്കിലും ഒന്ന്‌ ഓർമ്മപ്പെടുത്താരുന്നില്ലേ എന്നെ?
                                           

Saturday, 5 March 2011

കടലു കാണാൻ

പരീക്ഷ കഴിഞ്ഞ്‌ വീടെത്തിയപ്പോൾ മനസ്സിൽ എന്നത്തെക്കാളും സന്തോഷമാണ്‌ തോന്നിയത്‌.പത്താം ക്ളാസ്സ്‌ പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷം ചെറുതല്ല.ആദ്യം അടുക്കളയിലേക്ക്‌ ഓടി.ജോലിക്ക്‌ നില്ക്കുന്ന ഇത്ത പഴം പൊരിച്ചു വെച്ചിരിക്കുന്നു.വിശപ്പ്‌ തോന്നിയില്ലെങ്കിലും ഒരെണ്ണം എടുത്ത്‌ പിച്ചി കഴിച്ചു.അല്പം വെള്ളം കുടിച്ചു.പിന്നെ,കുളിമുറിയിലേക്ക്‌..ശരീരത്തിലൂടെ ജലമൊഴുകിയപ്പോൾ എന്തെന്നില്ലാത്ത ഉന്മേഷം..

കൂട്ടുകാരെ പിരിയേണ്ടി വന്നതിൽ വലിയ സങ്കടം തോന്നിയില്ല.എന്താണെന്നറിയില്ല,കൂട്ടുകാരൊക്കെ അല്പം അകറ്റി നിർത്തും പോലൊരു തോന്നൽ..വെറും തോന്നലാവാം..സമപ്രായക്കാരായിട്ടും അവരൊക്കെ ആവശ്യമില്ലാത്ത ഒരു ‘ബഹുമാനം’ അവൾക്കു നല്കി അകറ്റും പോലെ..

കടലു കാണാനുള്ള ഉൽസാഹത്തിൽ സർവ്വവും മറന്ന പോലെ..കഥകളിലൂടെയും കവിതകളിലൂടെയും,ടി.വി. യിലൂടെയും മാത്രം ഷഹീദ അറിഞ്ഞിട്ടുള്ള കടൽ..വീട്ടിൽ നിന്നും ഏകദേശം ഒരു മണിക്കൂർ തികച്ചും യാത്രാ ദൈർഘ്യമില്ലാത്ത കടൽ..അവൾ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത കടൽ..പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നറിയാം..ചില സത്യങ്ങൾ അങ്ങിനെയാണ്‌.അവ എത്രമാത്രം സത്യമാണോ അത്രമാത്രം അവിശ്വസനീയവുമായിരിക്കും..

ഷഹീദയുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷങ്ങൾ പിന്നിട്ടു.ഇതിനിടയിൽ കടൽ കാണിച്ചു തരാം എന്ന വാഗ്ദാനങ്ങൾ ഒരുപാട് തവണയുണ്ടായി.പാലിക്കപ്പെടാൻ കഴിയാതെ പോകുന്ന വാഗ്ദാനങ്ങളും വേദനകളാണ്‌..

എങ്കിലും,ജമാലിക്കയെ കുറ്റപ്പെടുത്താനാവില്ല.ജോലിത്തിരക്കു കൊണ്ടാണ്‌.പലപ്പോഴും വീടെത്തുമ്പോൾ തന്നെ പാതിരാവോടടുക്കും.നേരം പുലരും മുൻപെ പല തിരക്കുകൾ പറഞ്ഞ് പോവുകയും ചെയ്യും.ജമാൽക്കാക്ക് എന്തെ ക്ഷീണം തോന്നാത്തത് എന്ന് ചിന്തിച്ചിട്ടുണ്ട്.

ഏതായാലും കല്യാണം കഴിഞ്ഞും ജമാൽക്ക പഠിപ്പിച്ചല്ലൊ..അതാണത്രെ അവളുടെ ഏറ്റവും വലിയ ഭാഗ്യം!ഇത്താത്തമാര്‌ രണ്ടു പേരുടേയും നിക്കാഹ് ഏഴാം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും വെച്ചായിരുന്നു.അവരൊന്നും പിന്നീട് പഠിച്ചില്ല.“ഷാഹീ,..അനക്ക് ഭാഗ്യംണ്ട് മോളേ..”കാണുമ്പോഴൊക്കെ ഇത്താത്തമാര്‌ ഒരു നെടുവീർപ്പോടെ തെല്ല് അസൂയയോടെ പറയും..തന്റെ ഭാഗ്യ നിർഭാഗ്യങ്ങൾ എന്തൊക്കെയെന്നറിയാതെ ചിലപ്പോൾ അമ്പരന്നു പോവും..സ്വപ്നങ്ങള്‍ വിരിയും മുമ്പെ ജീവിതത്തിന്റെ ചവിട്ടുപടി കയറിയല്ലൊ
എന്ന സ്വകാര്യദു:ഖം ഉള്ളിലൊതുക്കി ആരും കാണാതെ..ആരും അറിയാതെ....

തന്റെ ആവശ്യങ്ങളൊക്കെയും മറ്റുള്ളവര്‍ക്ക് നിസ്സാരങ്ങളാണ്. തന്റെ
മോഹങ്ങള്‍ വെറും കുട്ടിത്തങ്ങളും..അഭിപ്രായങ്ങളോ
, പ്രായത്തിന്റെ
പക്വതയില്ലായ്മയും...!


ഇന്നവൾ ആവശ്യപ്പെടാതെ തന്നെ ജമാല്ക്ക ഇങ്ങോട്ട് പറയുകയായിരുന്നു..പരീക്ഷ ഇന്നു കഴിയുകയല്ലെ,.ഇന്നത്തെ വൈകുന്നേരം നിനക്കുള്ളതാണ്‌,നിന്നെ കടൽ കാണിക്കാൻ വേണ്ടി മാത്രം...!

ആവശ്യപ്പെടാതെ ജമാൽക്ക ഇതു പറഞ്ഞപ്പോൾ മനസ്സ് നിറഞ്ഞ് കവിഞ്ഞൊഴുകും പോലെ..വലിയൊരു തിരമാല ആഞ്ഞടിക്കും പോലെ..

എങ്കിലും,വൈകുന്നേരം ഒന്നൂടെ ജമാൽക്കയെ വിളിച്ചു.രാവിലെ പറഞ്ഞത് ഓർക്കുന്നോ എന്നറിയാൻ.“ബേഗം റെഡിയയിക്കോ പെണ്ണേ..”എന്ന മറുപടി മനസ്സിലെ ചിത്രങ്ങൾക്ക് വർണ്ണം നല്കി.

ജമാൽക്കാക്കും അവൾക്കും ഒരു പോലെ ഇഷ്ടപ്പെട്ട ആകാശച്ചരുവിനെ ഓർമ്മിപ്പിക്കുന്ന ഇളം നീല ചുരിദാർ എടുത്തിട്ടു.അതിന്റെ ഭംഗി കണ്ണാടിയിൽ അല്പ നേരം നോക്കി നിന്നു.മുടി ചീകി ഒതുക്കി കെട്ടി.കണ്ണിൽ സുറുമയിട്ടു.ഷാൾ മുടികാണാത്ത വിധം മുഖമക്കനയായി ചുറ്റി,നീല കല്ലു പതിച്ച മഫ്ത പിൻ കൊണ്ട് ഉറപ്പിച്ചു നിർത്തി.ഒന്നു കൂടി കണ്ണാടിയിൽ നോക്കി സ്വയം തൃപ്തി വരുത്തി.പിന്നെ,പൂമുഖത്ത് ചെന്നിരുന്നു.ജമാൽക്കയെയും കാത്ത്...

ഒന്നിനു പിറകെ മറ്റൊന്നായി തിരമാലകൾ വരുന്നത്  പലതവണ ടി.വി. യിൽ കണ്ടിട്ടുണ്ട്.എത്ര കണ്ടാലും മതി വരാത്ത പ്രകൃതിയുടെ അത്ഭുത പ്രതിഭാസമാണ്‌ കടൽ എന്നും ഇവയെല്ലാം ലോകസൃഷടാവിന്റെ ദ്ദൃഷ്ടാന്തങ്ങളാണെന്നും ഓർത്തു..
കഥകളിൽ പറയാറുള്ള ചക്രവാളം നോക്കിയിരിക്കണം..ഉപ്പുരസമുള്ള വെള്ളം ഒരു തുള്ളിയെങ്കിലും വായിൽ വെയ്ക്കണം..

ഇടയ്ക്ക് ഒന്നു രണ്ടു തവണ ജമാൽക്കയെ വിളിച്ചു നോക്കി..പത്തു മിനിട്ടിനുള്ളിൽ എത്തുമെന്ന് വീണ്ടും വാഗ്ദാനം..
സ്വപ്നങ്ങൾ സാക്ഷാത്കരൈക്കപ്പെടും എന്ന വിശ്വാസം തന്നെ ഒരു പ്രത്യേകതരം ആനന്ദമാണ്‌.ഒരുപക്ഷെ,സാക്ഷാത്കരിക്കപ്പെട്ടതിന്‌ ശേഷമുള്ളതിനെക്കാൾ..

സ്വയം മറന്നിരുന്നു പോയ നിമിഷങ്ങൾ..മിനിട്ടുകൾ..
അസ്തമയ ശോഭ അന്തരീക്ഷത്തിന്‌ മനോഹരമായ വർണ്ണം നൽകി.ഏതോ മായാ ലോകത്ത്‌ നിന്നും അവൾ ഇറങ്ങി വരുകയായിരുന്നു..
നഷ്ടപ്പെട്ടു എന്നതിനെക്കാൽ വലിയ വേദനയാണ്‌ നഷ്ട്ടുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിന്‌..
മനസ്സിന്റെ വേദനയറിയാൻ കഴിയാത്ത സൂര്യനെ നോക്കി ശപിച്ചില്ല്ല..

പിന്നീട് ഫോൺ ചെയ്യണമെന്ന് തോന്നിയതുമില്ല..പതുക്കെ എഴുന്നേറ്റ് മുറിക്കകത്തേക്ക് പോയി.മഫ്ത പിൻ അഴിച്ചു.മുഖമക്കന മാറ്റി.ചുരിദാർ അഴിച്ചിട്ടു.അല്പം അയവുള്ള കോട്ടൻ മിഡിയും ടോപ്പും ഇട്ടു.

യാത്ര..ആരംഭത്തിൽ തന്നെ യാത്ര അവസാനിപ്പിക്കേണ്ടി വരുന്നതിനെക്കാൾ നല്ലത് അത് ആരംഭിക്കാതിരിക്കുന്നതാണ്‌..എല്ലാവർക്കും ആഗ്രഹിക്കുന്നതെല്ലാം ആഗ്രഹിക്കുന്ന സമയത്ത് ലഭിച്ചാൽ പിന്നെ ഈ ഭൂമിയെ സ്വർഗ്ഗം എന്ന് വിളിക്കേണ്ടി വരില്ലേ? ഇഛാഭംഗം..വാക്കുകൾക്കപ്പുറമുള്ള നൊമ്പരമാണ്‌..

നേരം പാതിരാവോടടുക്കുമ്പോൾ,പതിവു പോലെ ജമാൽക്ക എത്തി,പതിവിലേറെ പരിഭവങ്ങളുമായി..

അവൾ അദ്ദേഹത്തിന്റെ കൈയിൽ നിന്നും ബാഗ് വാങ്ങി യഥാസ്ഥാനത്ത് വെച്ചു..പതുക്കെ അദ്ദേഹത്തോട് ചേർന്ന് നിന്നു..“സാരംല്ല ജമാൽക്കാ, ഈ കടല്‌ ഇപ്പോഴൊന്നും വറ്റില്ലാല്ലൊ..സൃഷ്ടാവിന്റെ പുസ്തകത്തില്‌ നമുക്ക് ആയുസ്സും ആരോഗ്യോം അവസരങ്ങളും ഉണ്ടെങ്കി അതു പിന്നീടൊരുന്നാൾ...”
മുഴുമിപ്പിക്കാനാവാതെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിന്നു..ആർത്തിരമ്പി വരുന്ന തിരമാലയുടെ ശക്തിയോടെ കണ്ണുകൾ നിറഞ്ഞൊഴുകി.......

"....ഈ കണ്ണീര്‍....ഇത് എന്റെ പ്രായത്തിന്റെ പക്വതയില്ലായ്മയാവാം.........."