Sunday, 26 June 2011

ഒരു യാത്രാ മധ്യേ....

["അടരുവാന്‍ വയ്യ ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുന്നതാണെന്റെ സ്വര്‍ഗം
നിന്നിലടിയുന്നതെ നിത്യ സത്യം........................" ]     ഒരു തോളിൽ നീളം കുറഞ്ഞൊരു ബാഗ്‌. മറ്റേതിൽ കൈകുഞ്ഞ്‌.“ ആരെങ്കിലും ഒന്നെഴുന്നേറ്റ്‌ തന്നെങ്കിൽ..”..ബസ്സിന്റെ മുകളിലെ കമ്പിയിൽ പിടിച്ച്‌ തൂങ്ങി നില്ക്കുമ്പോൾ സംഭവിക്കില്ലെന്നറിയാമെങ്കിലും വെറുതെ ആശിച്ചു പോയി..ബസ്സിൽ യാത്ര ചെയ്തിട്ട്‌ ഒരു പാട്‌ നാളായി. അതിന്റെ ശീലക്കേടുമുണ്ട്‌. മകന്റെ നിർത്താതുള്ള കരച്ചിൽ കൂടി ആയപ്പോൾ വല്ലാത്തൊരു അസഹനീയത.

     രാത്രി മുഴുവൻ മകൻ കരച്ചിലായിരുന്നു. പനിയും നേരിയ ശ്വാസം മുട്ടലും. ഇന്നലെ ആരേയും അവൻ ഉറക്കിയില്ല. അലോപതി മരുന്ന്‌ കൊടുക്കാറില്ല. പാർവ്വതിക്കും ശ്യാമേട്ടനും ഒരുപോലെ ആയുർവേദത്തോടാണ്‌ താല്പര്യം. സ്ഥിരമായി നാരായണ സ്വാമി വൈദ്യരെയാണ്‌ കാണിക്കാറ്‌. ഇന്ന്‌ ശ്യാമേട്ടന്റെ ഓഫീസിൽ ഇൻസ്പെക്ഷനാണ്‌. പോവാതെ തരമില്ല. ഒരു നിവർത്തിയുണ്ടായിരുന്നെങ്കിൽ അവളേയും കുഞ്ഞിനേയും തനിച്ചയക്കുമായിരുന്നില്ല. ജീവിതം തിരക്കേറിയതാണ്‌. ഒപ്പം ജീവിച്ചു തീർക്കാനുള്ളതും.

     “ചിറകറ്റ പക്ഷിക്കു ചിറകുമായി നീ
ഇനി പിറകെ വരല്ലേ വരല്ലേ...”
ബാഗിൽ നിന്നും മൊബൈൽ നാദം. ശ്യാമേട്ടനാവും. ഇന്നിത്‌ എത്രാമത്തെ തവണയാണ്‌! ടെൻഷൻ കാണും. വൈദ്യരെ കണ്ട്‌ ഇറങ്ങിയ ഉടനെ അവൾ വിളിക്കാൻ ശ്രമിച്ചതാണ്‌. അദ്ദേഹം എടുത്തില്ല. തിരക്കിലാവാം. ഇപ്പോൾ  തിരിച്ചു വിളിക്കുമ്പോൾ അവൾക്ക്‌ ഫോണെടുക്കാൻ കഴിയുന്നുമില്ല. ചില സാഹചര്യങ്ങൾ തമ്മിൽ കൂടിച്ചേരാൻ ഒരുപാട്‌ പ്രയാസപ്പെടും. കോർത്തിണക്കിയാലും ഇണങ്ങാത്ത കണ്ണികളുമുണ്ട്‌.

     അങ്ങോട്ട്‌ പോകാൻ സ്റ്റേഡിയം ബസ്സ്റ്റാന്റ്‌ വരെ ശ്യാമേട്ടനും വന്നിരുന്നു. മടങ്ങുമ്പോൾ അവിടെ വന്ന്‌ കാത്ത്‌ നില്ക്കാമെന്ന്‌ പറഞ്ഞിട്ടുമുണ്ട്‌. സ്റ്റേഡിയത്തിന്‌ ഇന്നെന്തൊരു മോടിയായിരുന്നു! വഴിയോരക്കച്ചവടങ്ങളില്ലാത്ത റോഡിന്‌ വളരെ വീതി തോന്നി. വൃത്തിയും. റോഡിന്റെ വശങ്ങളിൽ തൂക്കിയിട്ട വർണ്ണക്കടലാസുകൾ കാറ്റിലാടി. മന്ത്രിയെ വരവേല്ക്കാനായി ഒരുങ്ങി നില്ക്കുകയാണ്‌ സ്റ്റേഡിയം. പാലക്കാടൻ മണ്ണിന്‌, ആടായാഭരണങ്ങൾ അണിഞ്ഞ്‌ വരന്റെ വരവിനായി കാത്തിരിക്കുന്ന പുതുക്ക പെണ്ണിന്റെ നാണം!! ഇന്നൊരു  ഉദ്ഘാടന ചടങ്ങുണ്ട്‌. ഉച്ചക്ക്‌ ശേഷം വിദ്യാലയങ്ങൾക്കും ഓഫീസുകൾക്കും അവധി. ഉച്ചക്ക്‌ മുൻപ്‌ വീടെത്താൻ അവളും ധൃതിപ്പെടുന്നത്‌ അത്കൊണ്ടാകും. വൈദ്യരോട്‌ വിളിച്ച്‌ പറഞ്ഞിരുന്നത്‌ കൊണ്ട്‌ ചെന്നയുടനെ കാണാനായി. മടക്കയാത്രയും വേഗമായി.

     ബസ്സ്‌ കുരിയോട്‌ സ്റ്റോപ്പിൽ നിർത്തി. കുറെ പേർ ഇറങ്ങി. ബസ്സിനകം വെളിച്ചം കണ്ടു. ഇരിക്കാൻ സ്ഥലവുമായി ഒരാൾ തൊട്ടു വിളിച്ചു. ആദ്യം ഒന്ന്‌ ഞെട്ടിയോ? “മാഷ്‌”! മാഷിനരികിൽ ഇരിക്കാൻ ഒരു നിമിഷം ഒന്ന്‌ ശങ്കിച്ചു. കുരിയോട്‌ നിന്നും നാലഞ്ച്‌ ചെറുപ്പക്കാർ കയറുന്നുണ്ട്‌. ഇരുപ്പിടം അവർ കൈയ്യേറും മുൻപ്‌ വേഗം ഇരുന്നു. ഈ അവശതയിൽ മറ്റൊന്നും ആലോചിക്കാത്തതാ നല്ലത്‌.

     തോളിൽ നിന്ന്‌ മകനെ മടിയിലിരുത്തി. കൈകൾക്കും ആശ്വാസം. മകന്റെ കരച്ചിലിനും നേരിയ ശമനം. ഇരിപ്പൊന്ന്‌ നേരെയായപ്പോൾ മാഷിനെ നോക്കി. എത്ര നാളായി ഇദ്ദേഹത്തെ കണ്ടിട്ട്‌?! ഒരു ദശാബ്ദത്തിൽ കൂടുതലായിക്കാണണം.

     “സുഖാണോ പാച്ചൂ...”

     മാഷിന്റെ സൗമ്യമായ ചോദ്യം. “പാച്ചൂ..” ആ വിളിക്കുണ്ട്‌ ആ പഴയ ഈണവും ഇമ്പവും.

     വട്ടക്കണ്ണടയും നീളൻ താടിയും. ഒരു മാറ്റവുമില്ല മാഷിന്‌. കാലം അവളെ അല്പം വീർപ്പിച്ചിട്ടുണ്ടെന്ന്‌ മാഷ്‌ പറഞ്ഞു. വെളുത്ത്‌ മെലിഞ്ഞ പാച്ചു മനസ്സിൽ നിന്ന്‌ മായുന്നില്ലെന്നും. കാലത്തിന്റെ പറഞ്ഞാൽ തീരാത്ത പരാജയമായി മാഷങ്ങിനെ കണ്മുന്നിൽ! അതും കേട്ട്‌ മറന്ന, അല്ല, മറക്കാൻ ശ്രമിച്ച ഇമ്പമാർന്ന “പാച്ചു” എന്ന വിളിയുമായി. പാർവ്വതി വീട്ടുകർക്കും കൂട്ടുകാർക്കും  പാറുക്കുട്ടിയാണ്‌. മാഷിനു മാത്രം പാച്ചുവും.

     നിറഞ്ഞ ക്ലാസ്സ്‌ മുറികളിൽ പോലും അവൾ അനുഭവിച്ചിരുന്ന കനത്ത ഏകാന്തത. അതിനെ ഇടക്കിടെ ഭഞ്ജിച്ചിരുന്ന മാഷ്‌. അവളുടെ മുഖമൊന്ന്‌ വാടിയാൽ മാഷ്‌ അറിയും. മനസ്സൊന്ന്‌ പിടഞ്ഞാൽ മാഷ്‌ സാന്ത്വനം ചൊരിയും. ഹൃദയത്തിന്റെ ഉള്ളറകളിലേക്ക്‌ മാഷ്‌ പ്രവേശിക്കുന്നതെങ്ങിനെയെന്നറിയാതെ പലപ്പോഴും അതിശയിച്ചിട്ടുണ്ട്‌.

     പ്രായം മുപ്പതുകളിൽ ചെന്നെത്തിയിട്ടും മാഷ്‌ അവിവാഹിതനായി തുടരുന്നത്‌ പ്രണയ നൈരാശ്യം കൊണ്ടാണെന്ന്‌ കൂട്ടുകാർ പറഞ്ഞു. മാഷുമായി ഒരാത്മ ബന്ധം ഉണ്ടായിട്ടും ഇരട്ടിയോളം പ്രായമുള്ള മാഷോട്‌ അതേകുറിച്ച്‌ ചോദിക്കാൻ എന്തൊ ഒരു അരുതായ്ക.

     നാടോ വീടോ എവിടെയെന്ന്‌ ചോദിച്ചിട്ടില്ലെങ്കുലും മറ്റ്‌ കുട്ടികളെക്കാൾ മാഷെ കുറിച്ച്‌ എന്തെല്ലാമോ അറിയാം എന്ന ഭാവം. പതിനാറാം വയസ്സിലെ പിതൃവിയോഗം. പത്ത്‌ മക്കളിൽ മുതിർന്ന മകൻ. ചുമലിൽ ഏറ്റിയാൽ പൊങ്ങാത്ത കുടുംബഭാരം. കുടുംബത്തിന്റെ ആശ്രയകേന്ദ്രം.കൗമാരത്തിൽ യൗവ്വനവും യുവത്വത്തിൽ വാർദ്ധക്യവും കൈയ്യിലേന്തി യാത്ര തുടരുന്ന കരുത്തനായ തേരാളി. യൗവ്വനത്തിന്റെ വേലിയേറ്റത്തിൽ തന്നെ ആത്മാവിന്റെ വേലിയിറക്കവും അനുഭവിച്ചറിഞ്ഞ മാഷ്‌.

     വർഷങ്ങൾക്ക്‌ ശേഷം വീട്ടിൽ വിവാഹാലോചനകൾ തുടങ്ങിയപ്പോൾ മാഷിന്റെ മുഖം മാത്രം മനസ്സിലേക്ക്‌ ഓടിയെത്തിയതെന്താണ്‌? അതും ഒരിക്കൽ പോലും, പ്രണയപൂർണ്ണമായ ഒരു നോട്ടം പോലും സമ്മാനിച്ചിട്ടില്ലാത്ത മാഷ്‌!! എന്ത്‌ ധൈര്യത്തിൻ മേലാണ്‌ ആ പേര്‌ ഉറക്കെ പ്രഖ്യാപിച്ചത്‌?!

     അദ്ദേഹത്തിന്റെ നാടും വീടും ഇന്നത്തെ അവസ്ഥയും ഒന്നുമറിയില്ലെന്ന്‌ പറഞ്ഞപ്പോൾ ഉയർന്ന അച്ഛന്റെയും കൂടപ്പിറപ്പുകളുടേയും പൊട്ടിച്ചിരിയിൽ അലിഞ്ഞു ചേർന്ന അവളുടെ കണ്ണീർ മുത്തുകൾ...അടുത്തുണ്ടായിരുന്നപ്പോഴൊന്നും ആ ബന്ധം ഒരു പ്രണയ പരിമളം ചൊരിഞ്ഞില്ല.എന്നിട്ടും ഇപ്പോൾ തോന്നുന്ന ഈ ഭാവത്തെ എന്ത്‌ പേരിട്ട്‌ വിളിക്കണം? പക്വതയില്ലായ്മയും ഒരു ശാപമാണ്‌.

     വഴിയിൽ വെച്ച്‌ മാഷിനെ കണ്ടെന്ന്‌ ഒരുദിവസം ആങ്ങള പറഞ്ഞു. വിവരങ്ങളെല്ലാം ധരിപ്പിച്ചുവെന്നും. വീട്ടിലെ ഫോൺ നമ്പർ മാഷിന്‌ നൽകിയിട്ടുണ്ട്‌; രണ്ട്‌ ദിവസത്തിനകം വിളിക്കുമെന്ന്‌..

     ആകാശപ്പൊയ്കയിലെ നക്ഷത്രങ്ങളെ കൈക്കലാക്കിയ ആനന്ദം. ‘എന്റെ പ്രേമം പോലെയാണെന്റെ മരണമെങ്കിൽ ഞാൻ മരിച്ചു കൊള്ളട്ടെ..’ എന്നുറക്കെ പ്രഖ്യാപിച്ച പ്രിയ ദസ്തയേവ്സ്കീ..നിനക്കു പ്രണാമം! ഊണിലും ഉറക്കത്തിലും ഫോൺ നാദത്തിനായി കാതോർത്തു. നിമിഷങ്ങൾ ദിവസങ്ങളായും മണിക്കൂറുകൾ വർഷങ്ങളായും തോന്നി. നിമിഷങ്ങളും മിനിറ്റുകളും മണിക്കൂറുകളും ഒക്കെ ചേർന്ന്‌ ഒരു മനോഹര വൃക്ഷമായി പൂത്തുലഞ്ഞു  നിന്നു. പിന്നീട്‌, ആ പൂക്കളൊന്നൊന്നായി വാടി കരിഞ്ഞ്‌ കൊഴിഞ്ഞ്‌ വീണു. ഓരോ കോളും മാഷിന്റേതാവണേ  എന്ന്‌ മനമുരുകി പ്രാർത്ഥിച്ചു. ചില കാത്തിരിപ്പുകൾ അനന്തവും അനശ്വരവുമാണ്‌.

     പ്രണയം തീവ്രമാകുന്തോറും പ്രണയിക്കുന്ന വസ്തു അപ്രാപ്യമായികൊണ്ടിരിക്കുമെന്നത്‌ ഒരു ലോകതത്വമാണോ? അതോ..
    മനുഷ്യന്‌ നൽകപ്പെട്ട ഏറ്റവും വലിയ അനുഗ്രഹം മറവിയത്രെ. മറവിയെന്ന മനോഹര പദത്തിന്റെ മറയും പിടിച്ച്‌ ശ്യാമേട്ടന്റെ ജീവിതത്തിലേക്ക്‌ ചേക്കേറാൻ മാഷിന്റെ നിശബ്ദത വഴികാട്ടിയായി.

     മാഷ്‌ മകനെയൊന്ന്‌ വാത്സല്യപൂർവ്വം തലോടി. അവൻ വീണ്ടും കരയാനും.അമളിപറ്റിയ പോലെ മാഷ്‌ അവളെ നോക്കി. സുഖമില്ലെങ്കിൽ അവൻ അങ്ങിനെയാണ്‌. എന്തിനും ഏതിനും കരഞ്ഞുകൊണ്ടിരിക്കും. അവന്റെ അസ്വസ്ഥതകൾ പ്രകടിപ്പിക്കാനുള്ള ഏകമാർഗ്ഗം.

     മാഷിന്റെ കുടുംബത്തെ കുറിച്ച്‌ തെല്ലൊരാകാംക്ഷയോടെ ചോദിച്ചു. അല്പനേരം അവർക്കിടയിൽ ചേക്കേറിയ മൗനം. മാഷിന്നും അവിവാഹിതനായി തുടരുന്നു..!!!

    “പാച്ചൂ..നീ അവസരം തന്നില്ലാല്ലൊ?” എന്ന മറുചോദ്യത്തിൽ ഒളിഞ്ഞിരുന്നത്‌ വെറും കുസൃതിയോ?

     മാഷ്‌ അവളുടെ സഹോദരനെ കണ്ടിട്ടേ ഇല്ലെന്ന്‌ പറഞ്ഞു. ഫോൺ നമ്പർ വാങ്ങിയിട്ടുമില്ല. സത്യത്തിന്റെ പാതകൾ വിചിത്രവും നിഗൂഢവുമാണ്‌. അന്വേഷിച്ചാലും ചിലത്‌ കണ്ടെത്തില്ല. പാച്ചുവിൽ നിന്നും പാറുക്കുട്ടിയിലേക്കുള്ള തരംഗദൈർഘ്യം മനസ്സിൽ കണക്കാക്കുകയായിരുന്നു പാർവ്വതി.

     പെട്ടെന്ന്‌ സ്റ്റോപ്പല്ലാത്ത സ്ഥലത്ത്‌ ബസ്സ്‌ നിർത്തിയത്‌ എന്തിനായിരിക്കും? കുറച്ച്‌ ചെറുപ്പക്കാർ കയറുന്നുണ്ട്‌. അവർ തടുത്തതാവാം. ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക്‌ മുന്നിൽ ചോദ്യചിഹ്നങ്ങൾ പെറ്റു പെരുകുന്നു. കയറുന്ന യുവാക്കൾക്ക്‌ പതിവിൽ കൂടുതൽ വേഗതയും വ്യഗ്രതയും. കയറിയവർ ആരെയൊക്കെയോ തിരയുന്നു. കൈയിലുണ്ടായിരുന്ന ആയുധങ്ങളിലേക്ക്‌ ശ്രദ്ധയെത്തും മുമ്പേ ഒഴുകിയ ചോരപ്പുഴ. ബസ്സിനകത്ത്‌ ഉയർന്ന കൂട്ടനിലവിളി. അവർ കുരിയോട്‌ സ്റ്റോപ്പിൽ നിന്നും കയറിയവരെ തിരഞ്ഞു പിടിച്ച്‌ വെട്ടുന്നു. അരുണിമയാർന്ന നിറച്ചാർത്തിൽ കണ്ണുകൾ മങ്ങിയതാണോ? രക്തതുള്ളികൾ മുഖത്തേക്ക്‌ തെറിച്ച്‌ വീണപ്പോൾ കണ്ണുകളിൽ പടർന്നത്‌ ഇരുളിമ. കൈയിൽ നിന്നും മകൻ ഊർന്നു വീഴുന്നു. താഴെ വീഴുന്ന കുഞ്ഞിനോ, ബോധം മറയുന്ന പാച്ചുവിനോ, വെട്ടേറ്റ്‌ പിടയുന്ന ശരീരങ്ങൾക്കോ ...ആർക്കാർക്ക്‌ താങ്ങാവണമെന്നറിയാതെ സ്തബ്ദനായി നില്ക്കുന്ന മാഷ്‌..!!!
     “ചിറകറ്റ പക്ഷിക്കു ചിറകുമായി നീ
ഇനി പിറകെ വരല്ലേ വരല്ലേ...”
ബാഗിൽ നിന്നും വീണ്ടും മൊബൈൽ നാദം......
                     
      ***************************