Friday, 26 September 2014

പ്രിയപ്പെട്ട മനുവേട്ടനു,

അകാലത്തില്‍ പറന്നകന്ന ഒരു കഥാകാരന്റെ സ്മരണക്ക് മുന്നില്‍ വേദനയോടെ ...ഒന്ന് കരയാന്‍ പോലും കഴിയാതെ...ഞാന്‍ സമര്‍പ്പിക്കുന്നു....
ശ്രീ മനോരാജിനു ആദരാഞ്ചലികള്‍..


ജീവിതത്തിന്റെ ബാന്‍ഡ് വിഡ്ത്തില്‍ ഒരു കാക്ക
----------------------------------------------

"ജീവിതത്തിന്റെ ബാന്‍ഡ് വിഡ്ത്തില്‍ ഒരു കാക്ക" എന്ന ശ്രീ
മനോരാജിന്റെ കഥാസമാഹാരത്തിന്റെ കവര്‍ പേജ് തന്നെ പുസ്തകത്തിന്റെ പേരിനെ
അന്വര്‍ത്ഥമാക്കും വിധം ഉള്ളതാണ്. 75 രൂപ വില വരുന്ന പുസ്തകം സൈകതം
ബുക്സ് ആണ് പബ്ളിഷ് ചെയ്തിരിക്കുന്നത്.
ഒരുപക്ഷെ എന്റെ മനസ്സിനെ ഏറെ സ്വാധീനിച്ചത് ഈ പുസ്തകത്തിന്റെ
സമര്‍പ്പണമാണ്. വല്ലാത്തൊരു വശ്യതയുണ്ട് ആ സമര്‍പ്പണത്തിന്.
ശ്രീ.കെ.പി.രാമനുണ്ണിയുടെ ഏറെ അനിയോജ്യവും ഒട്ടും അതിശായോക്തി
കലരാത്തതുമായ അവതാരിക കഥാസമാഹാരത്തിനു മാറ്റ് കുട്ടുന്നു.
നമുക്കുചുറ്റും കാണുന്ന ജീവിതങ്ങളുടെ പച്ചയായ ആവിഷ്കാരമാണ് ശ്രീ
മനോരാജിന്റെ ഓരോ കഥയും. അവയോരോന്നും അവതരണഭംഗികൊണ്ട് മികവുറ്റതും
വ്യത്യസ്ഥവുമായി തീരുന്നു. സ്വാര്‍ത്ഥത എത്രമാത്രം ആധുനിക മനുഷ്യനില്‍
അധികരിച്ചിരിക്കുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത് എന്ന് ആര്‍ക്കും
ആത്മനിന്ദ തോന്നിപ്പോകുന്നു 'ഹോളോബ്രിക്സില്‍ വാര്‍ത്തെടുക്കുന്ന ദൈവം'
എന്ന കഥ വായിക്കുമ്പോള്‍.
ഈശ്വരനെ വില്‍ക്കുകയും ജീവിതം മുന്നോട്ടുനയിക്കുകയും ചെയ്യുന്ന
കുടുംബത്തിനുനേരെ ഈശ്വരന്‍ നിഷ്കരുണം കണ്ണടക്കുന്നതില്‍ കഥാകാരന്‍
അമ്പരന്ന് പോവുകയാണ് 'നടപ്പാതയില്‍ വീണുടയുന്ന സ്വപ്നങ്ങള്‍' എന്ന
കഥയില്‍.
സ്വവര്‍ഗരതിയിലെ അര്‍ത്ഥശൂന്യതയെ 'ഹരിചന്ദന'ത്തിലൂടെ
വിവരിക്കുമ്പോള്‍ ഒരു നാട്ടിന്‍പുറത്തുകാരിയായ വിധവയുടെ വേവലാതികളും
വിഹ്വലതകളും രസകരമായി അവതരിപ്പിക്കുകയാണ് 'ജീവിതത്തിന്റെ
ബാന്‍ഡ്വിഡ്ത്തില്‍ ഒരു കാക്ക' എന്ന കഥയിലൂടെ .
ആധുനിക ജീവിതം തിരക്കേറിയതാണ്. ആ തിരക്കിനിടയില്‍ എല്ലാവരാലും
പിഞ്ചുമക്കള്‍ ഒറ്റപ്പെടുകയാണ്. ആ പിഞ്ചുനൊമ്പരത്തെ ഒരു എക്സ്റേ മെഷീന്‍
ഒപ്പിയെടുക്കുന്നു. ' ഒരു എക്സ്റേ മെഷീന്റെ ആത്മഗതം' എന്ന ഈ കഥയാവണം ഈ
പുസ്തകത്തിന്റെ മര്‍മ്മം.
നാടിനെ കുറിച്ചും നാട്ടുകാരെ കുറിച്ചും വര്‍ണ്ണിക്കുമ്പോള്‍
അവയെല്ലാം നമുക്ക് സുപരിചിതങ്ങളായി തോന്നിപ്പോവുകയാണ്. 'ഉണങ്ങാത്ത
മുറിവി'ലെ കുഞ്ഞപ്പയെ വായനക്കാര്‍ക്കൊക്കെയും പരിചയമുണ്ടാവും എന്ന്
തീര്‍ച്ചയാണ്.
സമൂഹത്തിന് നേരെ തുറന്ന് പിടിക്കുന്ന ദര്‍പ്പണമാണ് ശ്രീ മനോരാജിന്റെ
ഈ പതിനഞ്ചുകഥകളും. ശവംനാറിപൂവ്, പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ
ശ്രദ്ധക്ക് എനീ കഥകളിലൂടെ സമൂഹത്തിന്റെ ജീര്‍ണ്ണതകള്‍ക്കെതിരെ ശക്തമായ
ഭാഷയില്‍ പ്രതികരിക്കുകയാണ് കഥാകാരന്‍. വായന പൂര്‍ത്തിയാക്കുമ്പോള്‍ ഈ
ജീര്‍ണ്ണതകള്‍ക്കെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാന്‍ എനിക്കും
കഴിഞ്ഞുവെങ്കില്‍ എന്ന് ഓരോ വായനക്കാരനും ഒരു നിമിഷം ചിന്തിച്ചുപോകും..

Tuesday, 15 April 2014

അക്ഷരശലഭങ്ങള്‍

പുലരിയോടൊത്തെന്നും പൂന്തോപ്പിലെത്തുന്ന
പൂമ്പാറ്റക്കുഞ്ഞുങ്ങളെന്തു ചന്തം!
അവരുടുത്തിടുമാ പാവാട വിറ്റിടും കടയേതെന്ന-
മ്മക്കറിഞ്ഞുകൂടെ?
അതുപോലെയൊന്നമ്മേ തിരുവോണക്കോടിയായ്
അരുമമകള്‍ക്കു തരികയില്ലേ?...............പൂമ്പാറ്റപ്പാട്ടും പാടി മെറ്റില്‍ഡയങ്ങിനെ പാറിപ്പറന്നു നടന്നു. പൂക്കള്‍, പൂമ്പാറ്റകള്‍, മേഘങ്ങള്‍, നീലാകാശം..അങ്ങിനെ നീളുന്നു മെറ്റില്‍ഡയുടെ കുഞ്ഞിഷ്ടങ്ങള്‍ . പിറന്നാളിനു അവള്‍ക്ക് അമ്മ പൂമ്പാറ്റകള്‍ നിറഞ്ഞ ഉടുപ്പു സമ്മാനിച്ചു. എന്നാല്‍ അച്ഛന്‍ അവള്‍ക്ക് പൂമ്പാറ്റകളെ തന്നെ സമ്മാനിച്ചു. ദ്വാരങ്ങളുള്ള ഒരു ചില്ലുപെട്ടിയില്‍ അന്‍പത്താറ്  അക്ഷരപൂമ്പാറ്റകള്‍ ...ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയാത്ത സമ്മാനം..!

     ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നത് വരെ അവള്‍ അക്ഷരശലഭങ്ങള്‍ക്കിടയില്‍ ജീവിച്ചു. അവക്കിടയില്‍ അവള്‍ ആര്‍ത്തുല്ലസിച്ചു. അവക്ക് പലനിറങ്ങളും പല രൂപങ്ങളുമായിരുന്നു. അവക്ക് മുന്നില്‍ ആസ്വാദകര്‍ പെരുകി. അവക്കിടയില്‍ ഒരു രാജകുമാരിയെപ്പോല്‍ മെറ്റില്‍ഡ തിളങ്ങി. ഇതാണ് സ്വര്‍ഗം...ഇത് തന്നെയാണ് സ്വര്‍ഗ്ഗം...വളരാന്‍ അവള്‍ക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. എങ്കിലും കാലം അവളെ വളര്‍ത്തിക്കൊണ്ടേയിരുന്നു.

     ഒരിക്കല്‍ കോളേജ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ വീട്ടില്‍ ചില അതിഥികള്‍ . മുമ്പ് കണ്ടിട്ടില്ലാത്തവര്‍ . അവളോട് എന്തൊക്കെയോ ചോദിച്ചു. അവര്‍ പടിയിറങ്ങുമ്പോള്‍ അവളുടെ പ്രിയങ്കരിയായ ചുവന്നശലഭം താഴെ വീണുകിടക്കുന്നു. അതിഥികളിലാരോ അതിനെ ചവിട്ടിയിരിക്കുന്നു. ഓടിചെന്നതിനെയെടുത്തു. ചില്ലുപെട്ടിയുണ്ടെങ്കിലും അതിനെ അവക്കുള്ളിലാക്കാന്‍ അവള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഭാവനയുടെ ലോകത്തില്‍ പാറിപ്പറക്കാന്‍ മെറ്റില്‍ഡ അക്ഷരശലഭങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. സങ്കടവും ദേഷ്യവും അവള്‍ക്കൊപ്പം വന്നു. " അമ്മേ..ആരാണവര്‍..?" അവളുടെ ശബ്ദം കേട്ട് വീട് വിറച്ചു. " നിന്നെ പെണ്ണുകാണാന്‍ വന്നവരാണ് കുട്ടീ...."അവള്‍ പിന്നെ ഒന്നും പറഞ്ഞില്ല. താന്‍ വളര്‍ന്നിരിക്കുന്നു; വിവാഹപ്രായത്തോളം...!
   
      മറ്റു ശലഭങ്ങള്‍ ചുവന്ന ശലഭത്തെ ശുശ്രൂഷിക്കുമ്പോള്‍ അവള്‍ അതിന്റെ ജീവനു വേണ്ടി വൃതമെടുത്തു കാത്തിരുന്നു. പക്ഷെ, വിവാഹദിവസം തന്നെ അതുണ്ടായി. ആ ചുവന്ന ശലഭം ജീവന്‍ വെടിഞ്ഞു. അവള്‍ വാവിട്ടുകരഞ്ഞു. പലരും അതിനെ പല രീതിയില്‍ വ്യാഖ്യാനിച്ചു. മറ്റുള്ളവയുടെ ജീവന്‍ രക്ഷിക്കാനായി അവള്‍ അവയെ ആ പഴയ ചില്ലുപെട്ടിയില്‍ തന്നെ സൂക്ഷിക്കാന്‍ തുടങ്ങി.

     ഇടക്ക് അടുക്കള ഭാരം ഒഴിയുമ്പോള്‍ ഏകാകിയാകുമ്പോള്‍ അലമാര തുറന്ന് ആ ചില്ലുപെട്ടി പുറത്തെടുത്ത് അവയെ പറക്കാന്‍ വിടും. സ്വപ്നലോകത്തിലെ വര്‍ണ്ണശലഭങ്ങളുടെ റാണിയായി അവള്‍ മാറും. ഒരു ദിവസം അവള്‍ പതിവിലേറെ നേരം അങ്ങിനെ ഇരുന്നുപോയി. ഭര്‍ത്താവ് കടന്നു വന്നത് പെട്ടെന്നായിരുന്നു. ആദ്യം ഭയന്നു. " ഈ അക്ഷര ശലഭങ്ങളെ ആര്‍ക്കാണ് സ്നേഹിക്കാന്‍ കഴിയാതിരിക്കുക?" എന്ന ചിന്ത അവള്‍ക്ക് ധൈര്യമേകി. പക്ഷെ, അദ്ദേഹത്തിന്റെ ആക്റോശത്തില്‍ ശലഭങ്ങള്‍ കിടുകിടെ വിറച്ചു. ഒരു വെളുപ്പില്‍ കറുത്ത പുള്ളിയുള്ള പൂമ്പാറ്റ അദ്ദേഹത്തിന്റെ കൈയില്‍ ഞെരിഞ്ഞമര്‍ന്നു. കരയാന്‍ പോലും കഴിയാതെ അവള്‍ തരിച്ചു നിന്നു. "ഇത്തരം ഭ്രാന്തുകള്‍ ഉള്ളവര്‍ വിവാഹമേ കഴിക്കരുതായിരുന്നു. വിവാഹം കഴിഞ്ഞ സ്ഥിതിക്ക് ഒരു നല്ല ഭാര്യയാവൂ. നല്ലൊരു അമ്മയാവൂ....അത് മതി. അത് മാത്രം മതി..ഇവയെ മുഴുവന്‍ മറന്നേക്കു..ഇല്ലെങ്കില്‍ ..." അദ്ദേഹം കടന്നുപൊകും വരെ ശലഭങ്ങള്‍ അവിടവിടെ പറ്റി നിന്നു. പൊയതിനു ശേഷം അവയെല്ലാം സ്വയമേവ ചില്ലുപെട്ടിക്കകത്ത് കയറി. " രാജകുമാരി കരയരുത്. നമുക്ക് കാത്തിരിക്കാം..പഴയത് പോലൊരു നല്ല കാലം വരും വരേക്കും.." മെറ്റില്‍ഡ കണ്ണീരോടെ അവയെ അലമാരക്കുള്ളില്‍ വെച്ചു.

     ഇത് വരെ ഒഴിവു വേളകളില്‍ അവര്‍ ക്കൊപ്പം പാറിപ്പറന്നു. ഇനി അതും നിലക്കുകയാണ്. വെളുത്ത അക്ഷരശലഭം കൂടി നഷ്ടമാവുകയും ചെയ്തു. ഇനിയൊര്‍ പരീക്ഷണത്തിനു മുതിരാന്‍ വയ്യ. നഷ്ടപ്പെടുന്ന ഓരോന്നും മടക്കയാത്രയില്ലാത്ത ലോകത്തിലേക്കാണ് പോകുന്നത്. അവള്‍ പിന്നെ ചില്ലുപെട്ടി തുറന്നില്ല. വീട്ടുജോലികളൊക്കെ തീര്‍ന്നാല്‍, ഭര്‍ത്താവില്ലാത്ത നേരത്ത് കുഞ്ഞുമക്കളൊക്കെ ഉറങ്ങുകയാണെങ്കില്‍ അവള്‍ അലമാര തുറന്ന് ചില്ല് പാത്രം നോക്കി തന്റെ വേദനകളും നൊമ്പരങ്ങളും പറഞ്ഞു വിതുമ്പും. ശലഭങ്ങള്‍ അതിനെക്കാള്‍ വേദനയോടെ പുളയും. ആള്‍ക്കൂട്ടത്തില്‍ തനിച്ചായതിന്റെ വേദന അവക്ക് മാത്രമേ മനസ്സിലാവുള്ളൂ എന്നവള്‍ വിശ്വസിച്ചു.
     വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വികൃതി പേരക്കുട്ടി ആ അലമാരയില്‍ നിന്നും ചില്ലുപാത്രം കൈയ്യിലെടുത്തു. അവള്‍ വേഗം അത് വാങ്ങി യഥാസ്ഥനത്ത് വെച്ചു. " ഈ വല്യമ്മച്ചിക്ക് ഭ്രാന്താ...." അവന്‍ പറഞ്ഞു. അവള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.

     പേരകുഞ്ഞുങ്ങളും മരുമക്കളും ഭര്‍ത്താവും ഇല്ലാത്ത ഒരു ദിവസം അവള്‍ ആ ചില്ലുപാത്രം എടുത്തു മുറ്റത്തേക്ക് പോയി. വര്‍ഷങ്ങള്‍ക്ക് ശേഷം അവ വെളിച്ചം കാണുകയാണ്.
"ഇനിയും നമ്മള്‍ കാത്തിരിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?" അവള്‍ ചോദിച്ചു.
പെട്ടിക്കകത്ത് നിന്ന് ഒരു നേരിയ ഞരക്കം മാത്രം കേട്ടു. അവയെല്ലാം അനങ്ങാതെ കിടക്കുന്നത് അവള്‍ കണ്ടു.

"ഇനിയും കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇന്നു മുതല്‍ നിങ്ങളെല്ലാം സ്വതന്ത്രരാണ്. ...."
അവള്‍ പെട്ടി തുറന്നു. അവക്കകത്ത് ഒത്തിരി ജഡങ്ങള്‍ . ചിലതിന്റെ ചിറകുകള്‍ കൊഴിഞ്ഞു കിടക്കുന്നു. രണ്ട് മൂന്നെണ്ണം പതുക്കെ കൂട്ടിനു പുറത്തേക്ക് പാറി. അവ പ്രാഞ്ചി പ്രാഞ്ചി മെറ്റില്‍ഡയുടെ കൈകളില്‍ തന്നെ വന്ന് വീണ് സ്വര്‍ഗം പൂകി.
     മെറ്റില്‍ഡ മുഖം പൊത്തി കരഞ്ഞില്ല. അവയോരോന്നിനേയും മാറി മാറി നോക്കി അവള്‍ ഇരുന്നു...