Wednesday, 11 December 2013

മഴ പെയ്യുന്നതെങ്ങിനെ??

 
     രാവിലെ മുറ്റമടിക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ജനലിലൂടെ മുറ്റത്തേക്ക് നോക്കി. മുടി വാരികെട്ടുകയെങ്കിലും ചെയ്തൂടെ? നിലത്തിഴയുന്നുണ്ട്. ക്ളോക്കിലേക്ക് നോക്കി. സമയം വൈകിയിരിക്കുന്നു. ഒരുങ്ങി ഓഫീസിലേക്ക് പോകാന്‍ തിരക്കിട്ട് തയ്യാറെടുത്തു. ചായയും പലഹാരങ്ങളും മേശപ്പുറത്ത് തയ്യാറായി കഴിഞ്ഞിരിക്കുന്നു.വേഗതയെ അംഗീകരിക്കാതെ വയ്യ.കഴിച്ചെന്ന് വരുത്തിതീര്‍ത്ത് സ്കൂട്ടിയുടെ താക്കോലുമെടുത്ത് പുറത്തേക്ക് ഇറങ്ങി.
     എഴുന്നേല്‍ക്കാന്‍ ഒരല്പ്പം വൈകിയാല്‍ എത്ര പിടഞ്ഞാലും പണി തീരില്ലെന്ന് മാത്രമല്ല, ഓഫീസിലെത്താന്‍ വൈകുകയും ചെയ്യും. ഇന്നെന്തുകാരണാം പറയണം? ഒരു കള്ളവും പെട്ടെന്ന് ഒരാവശ്യം വന്നാല്‍ മനസ്സില്‍ വരില്ല. അല്ലെങ്കില്‍ അതിനൊരു പഞ്ഞവും കാണില്ല. മുന്നിലതാ ഒരാള്‍ റോഡിന്റെ മധ്യത്തിരുന്ന് എന്തൊക്കെയോ കുത്തിക്കുറിക്കുന്നു. ശ്ശൊ.! ഈ ബ്റെക്ക് എവിടെയാ?? എങ്ങിനെയോ കാലുകുത്തി നിര്‍ത്തി. ഭാഗ്യം ഒന്നും സംഭവിച്ചില്ല. ഇയാള്‍ക്ക് ഇന്ന് തന്നെ ഇവിടെ വന്നിരിക്കണോ? അതും എന്റെ വഴിയില്‍ തന്നെ...വേറെ എവിടേയും സ്ഥലം കിട്ടിയില്ലെ? സ്ഥിരബുദ്ധിയില്ലാത്ത ആളോട് സംസാരിച്ചിട്ട് കാര്യമില്ല.. വീണ്ടും പറപ്പിക്കല്‍ തന്നെ.
     ഓഫീസെത്താന്‍ ഇനി കുറച്ചെ ഉള്ളൂ. അപ്പോഴാണ് മൊബൈയില്‍ ബെല്ലടിക്കുന്നത്.. ഓഫീസില്‍ നിന്നാണെങ്കിലോ? എടുക്കാതിരിക്കുന്നത് ശരിയല്ല..അത്യാവശ്യ കാര്യങ്ങളാണെങ്കിലോ? വേഗം ഒരു സൈഡിലേക്ക് വണ്ടി നിര്‍ത്തി. ഒരു കിഴവന്‍ രൂക്ഷമായി എന്നെ നോക്കി. എന്നിട്ട് അടുത്തേക്ക് വന്നു. " എവിടെ നോക്കിയാടീ വണ്ടി ഓടിക്കുന്നത്? മനുഷ്യന്മാര്‍ നില്‍ക്കുന്നത് കണ്ടില്ലേ?"ഒന്നൂടെ നോട്ടം കൊണ്ട് വിരട്ടിയിട്ട് അയാള്‍ നടന്ന് നീങ്ങി..
ഇതെന്തു പാട്? ഞാന്‍ അയാളെ ഇടിക്കാനെ വന്നില്ലല്ലൊ? വിഷമത്തോടെ നേരെ തല ഉയര്‍ത്തി നോക്കിയപ്പോള്‍ മനസ്സിലായി അയാള്‍ വന്നത്ത് ആ കുഞ്ഞു ഷാപ്പില്‍ നിന്നാണെന്ന്. ഫോണ്‍ വന്നപ്പോള്‍ അതൊന്നുംനോക്കിയില്ല. വേഗം മൊബയില്‍ എടുത്തു. മിസ്സ്ഡ് കാള്‍ പരതി..ഈശ്വരാ...ഐഡിയ യുടെ കാള്‍ ആയിരുന്നു...എന്റെ ഇത്രയും നേരമപഹരിച്ച ഐഡിയാ...നീ എന്റെ ലയിഫ് തന്നെ മാറ്റിമറിക്കുമെന്ന് തോന്നുന്നു.

 ഓഫീസില്‍ എത്തിയപ്പോള്‍  എന്നത്തെക്കാളും വൈകിയിരിക്കുന്നു.ഹെഡോഫീസര്‍ കാണാതെ ഉള്ളില്‍ എത്തണേ എന്ന് പ്രാര്‍ത്ഥിച്ച് തീരും മുന്നെ തന്നെ അയാള്‍ടെ മുന്നില്‍ തന്നെ ചെന്നു തിന്നു. പിന്നെ സറ്വ്വശക്തിയുമെടുത്ത് ഒന്ന് വശ്യമായി പുഞ്ചിരിച്ചു. ഏറ്റോ? ഒന്നും മിണ്ടിയില്ല. പതുക്കെ ഒപ്പിട്ട് സീറ്റില്‍ ചെന്നിരുന്നു. അടുത്ത സീറ്റിലേക്ക് നോക്കി. അവിടെ മായാമോഹിനി 86കാരനായ കാമുകനെ ടീല്‍ ചെയ്യുകയാണ്. മായക്ക് അയാള്‍ടെ കാമുകി ആയതോടെ മായാമോഹിനി എന്ന് പേരു വീണു. ആ പടുകിഴവന് ഇപ്പോള്‍ മായാമോഹിനിയുമായി ഒരു ദിവസം ഗുരുവായൂര്‍ക്ക് പോകണം. നാളെയാവട്ടെ,അടുത്ത ശനിയാഴ്ചയാവട്ടെ എന്നൊക്കെ സമാധാനം പറയുന്ന തിരക്കിലാണ് പുള്ളിക്കാരി..ശല്യം ചെയ്യണ്ട,..എന്തിനു വെറുതെ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാകുന്നു??!!
സുന്ദരേട്ടന്‍ ഫയലുകള്‍ കൊണ്ടുവന്നു തന്നു." എന്റെ രണ്ടാമത്തെ മകന്‍ മലേഷ്യയില്‍ പോയിരിക്കുകയാണ്,ഓട്ടത്തിനേയ്...."ഞാനത് ശ്രദ്ധിക്കാത്തത് പോലെ ഇരുന്നു.പതുക്കെ ഫയലുകള്‍ക്കുള്ളിലേക്ക് മുഖം പൂഴ്ത്തി. മേശപ്പുറത്ത് ഒരാള്‍ തട്ടിയപ്പോഴാണ് തല ഉയര്‍ത്തിയത്. ഒരു അന്‍പത് വയസ്സ് കാഴ്ച്ചയില്‍ തോന്നിക്കുന്ന ഒരാള്‍. കറുത്ത് തടിച്ച ശരീരം. നീല ഷര്‍ട്ടിന്റെ ആദ്യകുറെ ബട്ടനുകള്‍ ഇട്ടിട്ടില്ല.      . വെളുത്ത മുടിയും. "സര്‍ എന്നെ ഒന്ന് സഹായിക്കണം".. കയ്യില്‍ നീട്ടിപിടിച്ച ഒരു കവറുമുണ്ട്. "പരാതികളും അപേക്ഷകളും അപ്പുറത്താണ്" ഞാന്‍ കൈ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു. വീണ്ടും പണിത്തിരക്കിലേക്ക് ഊളിയിട്ടു. ഊണുകഴിക്കാന്‍ സമയമായപ്പോള്‍ താനേ എഴുന്നേറ്റു. അതിന് ആരും വിളിക്കുകയോ ഓര്‍മ്മപ്പെടുത്തുകയോ ഒന്നും വേണ്ട എന്നത് ഒരു സത്യം തന്നെയാണ്.എഴുന്നേറ്റയുടനെ ഞെട്ടിപ്പോയി. ആ മനുഷ്യന്‍ നിന്ന ഭാഗത്ത് തന്നെ നില്‍ക്കുന്നു. അപ്പുറത്തേക്ക് പോയിട്ടെ ഇല്ല. ഒപ്പം എന്നെ ശല്യം ചെയ്തതുമില്ല..എന്താ വേണ്ടത്? ഞാന്‍ തിരക്കി."സര്‍, ഊണുകഴിച്ചിട്ട് വരൂ. ഞാന്‍ കാത്തിരിക്കാം.."
     തീന്മേശയിലേക്ക് നടക്കുമ്പോഴും മനസ്സ് അസ്വസ്ഥമായിരുന്നു. എന്റെ സെക്ഷനില്‍ ഇടപാടുകാരെ ടീല്‍ ചെയ്യേണ്ടതില്ല. അത് പറഞ്ഞിട്ടും അയാള്‍ കൂട്ടാക്കാതെ നിന്നപ്പോള്‍ ഒരു ടെന്‍ഷന്‍. ഊണ് എന്ന് പറഞ്ഞാല്‍ എന്നും സദ്യയാണ്. പല തരം കറികള്‍, ഉപ്പേരികള്‍, മിഴുക്കിവരട്ടികള്‍....ചിലപ്പോള്‍ കറികള്‍ കഴിക്കാന്‍ ചോറ് തികയാതെയും വരാം. ആകെ സ്റ്റാഫുകള്‍ പരസ്പരം സംസാരിക്കുന്ന സമയം ഈ ഉച്ചയൂണിന്റെ സമയത്തിലാണ്.
സുന്ദരേട്ടന്‍തുടക്കം കുറിച്ചു. ."മേഡം അറിഞ്ഞോ? അജ്മലിനു സ്വര്‍ണ്ണം കിട്ടി."
"സ്വര്‍ണ്ണമോ ? എവിടന്ന്?.."
" അവനിന്ന് മലേഷ്യയില്‍ ഓടിയിട്ട് സ്വര്‍ണ്ണം കിട്ടിയെന്ന്.."
ഓ. അജമല്‍ എന്ന സ്കൂള്‍ കായികതാരത്തിന്റെ കാര്യമാണ് ഇയാള്‍ പറയുന്നത്..കുറച്ച് നേരത്തേക്ക് സുന്ദരേട്ടന്‍ന്റെ സ്പോര്‍ട്സ് കമ്പം മറന്നു പോയതാണ്.പ്രശസ്ഥനായ ആ കായികതാരവുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും അവന്‍ സ്വന്തം മകനെ പോലെയാണെന്നും എന്നും പറയാറുള്ളതാണ്. എങ്കിലും ഇടക്ക് ഞാന്‍ അത് മറന്നു പോവുന്നു.
" അജ്മല്‍..എന്റെ ചുണക്കുട്ടനാണ്...നോക്കിക്കൊ മേഡം അവന്‍ ഒരു സ്റ്റാറാവും എന്റെ രണ്ടാമത്തെ മകനാണ് അവന്‍.. അവന്റെ ബാപ്പ ഗള്‍ഫിലാണ്‍...."
 വിശാലമായ ഊണ് കഴിഞ്ഞ് തിരികെ സീറ്റിലെത്തിയപ്പോഴാണ് തന്നെയും കാത്തു നില്‍ക്കുന്ന ആ മനുഷ്യനെ ഓര്‍മ്മ വന്നത്.
     അയാളെ അരികിലേക്ക് വിളിച്ചു. അയാള്‍ വന്നു. എന്‍വലപ്പ് എനിക്ക് നേരെ നീട്ടി. ഞാന്‍ കവര്‍ വാങ്ങി തുറന്നു നോക്കി. ഒരു കൊച്ചുഞെട്ടലോടെ അയാളുടെ മുഖത്തേക്ക് നോക്കി. കാലികവര്‍ ! "അത് വേഗം അടക്കു"..അയാള്‍ ഗൗരവത്തില്‍ പറഞ്ഞു. ഞാന്‍ അടച്ചു. " എന്താ ഇത്?" അയാള്‍ സ്വകാര്യം പറയാന്‍ എന്ന വണ്ണം എന്റെ അരികിലേക്ക് അലപ്പം കൂടി ചേര്‍ന്നു.ശബ്ദം താഴ്ത്തി പറഞ്ഞു..." മോളേ...എന്നെ ഒന്ന് സഹായിക്കണം.മോള്‍ക്ക മാത്രമെ അതിനു കഴിയൂ..."
"അങ്ങിനെ പറയാന്‍ നിങ്ങള്‍ക്കെന്നെ അറിയുമോ?"
"പിന്നില്ലാതെ. എനിക്ക് അറിയില്ലെങ്കില്‍ ഞാന്‍ ഇവിടെ വരുമോ? മോള്‍ടെ ജോലിത്തിരക്കൊഴിയാന്‍ ഇത്ര നേരം കാത്തിരിക്കുമൊ?"
"പറയൂ..ഞാന്‍ എന്താണ് ചെയ്യേണ്ടത്?"
" ഈ കവര്‍ ഞാന്‍ വരുന്നത് വരെ സൂക്ഷിക്കണം"
" നിങ്ങള്‍ എവിടെ പോകുന്നു?"
"നാളെ എന്റെ മകനും ഭാര്യയും ഒക്കെ ചേര്‍ന്ന് എന്നെ ഏതോ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയാണ്. ഞാന്‍ എന്ന് മടങ്ങിവരുമെന്ന് അറിയില്ല. വരുമ്പോള്‍ ഞാന്‍ ആദ്യം ഇവിടെക്കാവും വരുക. അത് വരെ സ്വന്തം അച്ഛനെ പോലെ കരുതി എനിക്ക് വേണ്ടി മോള്‍ ഇത് സൂക്ഷിക്കണം..."
ഞാന്‍ അല്പ്പനേരം തരിച്ചിരുന്നു. എന്താണിതിന്റെയൊക്കെ അര്‍ത്ഥം? എന്താണ് മറുപടി പറയേണ്ടത്?ശബ്ദം ഇടറുന്നതായി തോന്നി.എങ്കിലും ചോദിച്ചു? " ഈ കവറില്‍ എന്താണ്?"..
അയാള്‍ ചുറ്റും നോക്കി. അയാള്‍ പറയാന്‍ പോകുന്ന രഹസ്യം ആരും കേള്‍ക്കുന്നില്ലല്ലൊ എന്ന് ഉറപ്പു വരുത്തുന്നതായി തോന്നി."അതിനു മുന്‍പ് ഒരു ചോദ്യം ചോദിക്കട്ടെ?"
"മ്മ്...എന്താ?"
" മഴ പെയ്യുന്നത് എങ്ങിനെ ആണ് എന്ന് അറിയാമോ?"
" മ്മ്...മേഘങ്ങള്‍ ഘനീഭവിച്ച്...."
അയാള്‍ ഒന്ന് അമര്‍ത്തി ചിരിച്ചു. ശബ്ദം അധികരിക്കാതിരിക്കാന്‍ അയാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു."മരങ്ങള്‍ മേഘങ്ങളെ തടഞ്ഞു നിര്‍ത്തുമല്ലെ?"
"ഉം...അതെ" എന്റെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇയാള്‍ ഒന്നാം ക്ളാസ്സിലെ കുഞ്ഞുങ്ങളോട് സംസാരിക്കും പോലെ....എനിക്ക് ജോലിത്തിരക്കുള്ളതാണ്‍`.
"ജനങ്ങള്‍ ഇക്കണ്ട കാടൊക്കെ വെട്ടിത്തെളിച്ച് വെടുപ്പാക്കുന്നു. എന്നിട്ടും ഇപ്പോള്‍ മഴക്കെടുതി കൊണ്ട് നമ്മള്‍ പൊറുതിമുട്ടുകയും ചെയ്യുന്നു..അതിനൊക്കെ എന്താ അര്‍ഥം?"
"എനിക്കറിയില്ല.."
"അതായത്, മഴ പെയ്യുന്നതുമായി മരങ്ങള്‍ക്ക് ഒരു പങ്കുമില്ല.".
"പിന്നെ...?"ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.
"മഴ പെയ്യിക്കുന്നത് ഒരു തരം പുഴുക്കളാണ്..!"
"പുഴുക്കളോ?"
" അതെ മോളേ..ഞാന്‍ സത്യമാണ് പറയുന്നത്...എന്റെ വീട്ടില്‍ എന്റെ മകനു കമ്പ്യൂട്ടര്‍ ഉണ്ട്. അവര്‍ അത് ഓണാക്കൂമ്പോള്‍ ആ പുഴുക്കള്‍ പുറത്ത് വരും. ഞാന്‍ അതിനെ ശേഖരിച്ച് പുറത്തേക്ക് വിടും. അങ്ങിനെ അവ മഴ പെയ്യിക്കും..ചില സമയങ്ങള്‍ പുഴുക്കള്‍ കുറവായിരിക്കും അപ്പോള്‍ മഴയും കുറയും. ചിലപ്പോള്‍ കൂടുതല്‍ കിട്ടും. അപ്പോള്‍ മഴയും കൂടും. ഇടക്ക് ഞാന്‍ സ്ഥലത്ത് ഉണ്ടാവാറില്ല. അപ്പോള്‍ മഴപെയ്യിക്കാന്‍ കഴിയാതെ പോകുന്നു. പുഴുക്കള്‍ ഉണ്ടായിട്ടും ജനങ്ങള്‍ക്ക് മഴ ഉണ്ടാക്കി കൊടുക്കാന്‍ കഴിയാതെ എനിക്ക് അപ്പോള്‍ ശ്വാസം മുട്ടും. ഞാന്‍ കൈയില്‍ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞ് എന്റെ ദേഷ്യം പ്രകടിപ്പിക്കും. എനിക്ക് ദേഷ്യം വന്നെന്ന് മനസ്സിലായാല്‍ പിന്നെ ആരും എന്റെ അരികിലേക്ക് വരില്ല. മകന്‍ മാത്രം വന്ന് എന്നെ ആശ്വസിപ്പിച്ച് ഇവിടെ കൊണ്ടുവന്നാക്കും. അത് പോലെ നാളെ അവര്‍ എന്നെ കൊണ്ട് പോവുകയാണ്. എനിക്കറിയാം എനിക്ക അധിക ദിവസം വീട് വിട്ട് നില്‍ക്കാനാവില്ല. പക്ഷെ, ഇത്തവണ ഒരു ആശ്വാസമുണ്ട്; ഞാന്‍ വരുന്നത് വരെ പുഴുക്കളെ മോള്‍ സംരക്ഷിക്കുമല്ലൊ. എനിക്ക് അത് മതി. വീണ്ടും കാണാം....." അയാള്‍ വളരെ ശാന്തനായി പുറത്തേക്ക് പോയി...ഇടിവെട്ടേറ്റത് പോലെ ഞാന്‍ തരിച്ചിരുന്നു..

     എനിക്കെന്തോ തല പെരുക്കുന്നതായി തോന്നി. സീറ്റില്‍ തന്നെ തല വെച്ച് ഒരല്പ്പം കിടന്നു. സ്മിതചേച്ചി തട്ടി വിളിച്ചു. "എന്തു പറ്റി? വീട്ടില്‍ പോകുന്നില്ലെ? സുഖമില്ലെങ്കില്‍ എന്തിനാ വന്നത്? ഉച്ച മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നു ഈ വല്ലായ്മ.."ഒന്നും പറയാതെ കീ എടുത്ത് പുറത്തിറങ്ങി.സ്മിതചേച്ചി ചിരിച്ച് മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു.ചേച്ചിയുടെ തലമുടിയാണ് എന്നെ ഏറെ ആകര്‍ഷിക്കുന്ന ഘടകം.കാലു വരെ നീണ്ട മുടിയിഴകള്‍. എന്റെ അമ്മയെ കണ്ട ഓര്‍മ്മയില്ല. അമ്മക്ക് ഇത്രമാത്രം മുടി ഉണ്ടായിരുന്നെന്ന് അറിയാം..മുടി നീണ്ട സ്ത്രീകളെ മുഴുവന്‍ അമ്മയായി എനിക്ക് തോന്നാറുണ്ട്. ഒരു ചിത്രത്തില്‍ പോലും കാണാന്‍ കഴഞ്ഞിട്ടില്ലാത്ത ആ മുഖം അവരുടെയൊക്കെ ഛായയില്‍ സങ്കല്പ്പിച്ചു നോക്കും.
     വീടിന്റെ പടിക്കല്‍ തന്നെ അഛന്‍ കാത്തു നില്ക്കുന്നുണ്ട്. ഞാന്‍ ഓഫീസില്‍ പോയാല്‍ മടങ്ങി എത്തും വരെ അച്ഛനു ടെന്‍ഷനാണ്. വൈകുന്നേരമായാല്‍ പടിക്കല്‍ തന്നെ നില ഉറപ്പിക്കും." അച്ഛനെന്തിനാ ഇങ്ങിനെ പേടിക്കുന്നത്? ഞാന്‍ കൊച്ചു കുട്ടിയൊന്നുമല്ലോ വഴി തെറ്റാന്‍..."
"കുട്ടി ആയിരുന്നെങ്കില്‍ ഇത്രമാത്രം പേടിക്കില്ലായിരുന്നു..."
അദ്ദേഹത്തിന്റെ മുടി അപ്പോഴും നിലത്തിഴയുന്നു. "ഇതൊന്ന് കെട്ടിവെച്ചൂടെ..?"ഒന്നും മിണ്ടാതെ അച്ഛന്‍ മുറിയിലേക്ക് കയറി.അമ്മ മരിച്ചതില്‍ പിന്നെ അദ്ദേഹം മുടി വെട്ടിയിട്ടില്ല. അമ്മയുടെ ഓര്‍മ്മകള്‍ നിറം മങ്ങാതെ കാത്തുസൂക്ഷിക്കാനാണത്രെ. അമ്മ ദൈനം ദിനം വീട്ടില്‍ ചെയ്തുകൊണ്ടിരുന്ന എല്ലാ പ്രവര്‍ത്തികളും സ്വയം ഏറ്റെടുത്തു. രാവിലെ മുറ്റമടിക്കുന്നത് മുതല്‍ രാത്രി ഭക്ഷണം വരെയുള്ള എല്ലാം മുറതെറ്റാതെ ചെയ്യുന്നു. സഹായിക്കാന്‍ സമ്മതിക്കാറുമില്ല;സഹായിയായി ആരേയും നിര്‍ത്താന്‍ സമ്മതിക്കാറുമില്ല...
ഭക്ഷണം കഴിഞ്ഞ് പതുക്കെ കിടക്കയിലേക്ക് വീഴുമ്പോള്‍ വല്ലാത്തൊരു ചൂട് അനുഭവപ്പെടും പോലെ..ഒരു ഉഷ്ണം..ഓഫീസിലെ മേശക്കുള്ളില്‍ വെച്ച എന്വലപ്പ് ഓര്‍ത്തു. അത് കൊണ്ടു വരാമായിരുന്നു. മഴ പെയ്യിക്കാമോ എന്നൊന്നു പരീക്ഷിച്ചു നോക്കാമായിരുന്നു....
     *********************************************************************