Tuesday, 19 May 2015

സര്‍പ്പദോഷം

നേവിയില്‍ നിന്നും ഇരുപത്തൊന്ന് ദിവസത്തെ ലീവിനു വന്നതാണ് അഭിലാഷ്.
വിവാഹമാലോചിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആദ്യമൊക്കെ വെറും
മുടന്തുന്യായങ്ങള്‍ പറഞ്ഞ് ഓരോന്നും മുടക്കി. മനസ്സില്‍ നിന്നും സൈര
ഇറങ്ങി പോകാതെ കിടക്കുകയായിരുന്നു അപ്പോള്‍ . മറ്റൊരു  വിവാഹത്തിനു
മനസ്സ് തയ്യാറായപ്പോഴാകട്ടെ പ്രായം കാത്ത് നില്‍ക്കാതെ കളിപ്പിച്ച്
കടന്നും പോയി. പലര്‍ക്കും ചെറുക്കന് പ്രായം കൂടുതലായി തോന്നിത്തുടങ്ങി..
      എങ്കിലും ഏതെങ്കിലും ഒരു പെണ്ണിനെ കൊണ്ടുവരാന്‍ അഭിലാഷിനും മനസ്സ്
വന്നില്ല. സൈരയെപ്പോലെ, തന്റെ അമ്മയെപ്പോലെ വധുവിനും കാല്‍മുട്ടുവരെ
നീളുന്ന കാര്‍ക്കൂന്തല്‍ വേണം.  തന്റെ വധു
ഒരു നിരീശ്വരവാദികൂടി ആവണമെന്ന് ശഠിച്ചതോടെ ബ്റൊക്കര്‍ ദിവകരേട്ടനും
അടിയറവ് പറഞ്ഞു. മിക്ക മെറ്റ്റിമോണിയല്‍സിലും നിറചിരിയുമായി അഭിലാഷിന്റെ
നിശ്ചലചിത്രം തിളങ്ങി.
     കുട്ടിക്കാലത്ത് അഭിലാഷിന്റെ സ്വപ്നങ്ങളില്‍ എന്നും സര്‍പ്പങ്ങള്‍
കാണുമായിരുന്നു. പല നിറത്തിലും തരത്തിലും ഉള്ളവ. എന്നും സ്വപ്നം കണ്ട്
പേടിച്ചുണരുന്നത് പതിവായതോടെ അമ്മ പ്രശ്നം വെപ്പിച്ചു. കടുത്ത
സര്‍പ്പദോഷം!അമ്മ ഒരു വലിയ ഭക്തയായിരുന്നു. പൂജകളുടെ ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്.
സര്‍പ്പക്കാവില്‍ അമ്മ നിത്യേന വിളക്ക് വെക്കും. ഒന്നിനും ഒരു മുടക്കം
വരാതെ അമ്മ വളരെ കൃത്യതയോടും ഭക്തിയോടും കൂടി ഒരോന്നും ചെയ്തു
കൊണ്ടിരുന്നു. എന്നിട്ടും അമ്മയുടെ മരണം
സര്‍പ്പദ്രംശനമേറ്റിട്ടായിരുന്നു. ആ വൈരുദ്ധ്യം അഭിലാഷിന്റെ യുക്തിക്ക്
യോജിക്കാത്തതായി മുഴച്ചു നിന്നു. ഈശ്വരവിശ്വാസം ഉപേക്ഷിക്കുക മാത്രമല്ല
തന്റെ പങ്കാളി പോലും വിശ്വാസി ആവരുതെന്ന് തീരുമാനിക്കുകയും ചെയ്തു.
     കഴിഞ്ഞ മാസം മെട്രിമോനിയല്‍ വഴി എത്തിയതാണ് നിമ്മി. ചാറ്റിങ്ങിലൂടെ
ഒത്തിരി ആശയങ്ങള്‍ പങ്കുവെച്ചു. ഫോട്ടോയും കണ്ടു. നിരീശ്വരവാദി. പിന്നെ,
നിലത്തിഴയുന്ന കാര്‍ക്കൂന്തല്‍.. അഭിലാഷിനു ഇഷ്ടപ്പെട്ടു. ഇത്
പെണ്ണുകാണലിനും വിവാഹത്തിനുമായുള്ള വരവാണ്. വിവാഹം കുറച്ചൂടെ
ലീവുള്ളപ്പോള്‍ നടത്താമെന്ന് പറഞ്ഞതാണ്. നിമ്മിയുടെ അച്ഛനായിരുന്നു വേഗം
വേണമെന്ന് നിര്‍ബന്ധം. യാത്രക്കിടയിലും മുഖപുസ്തകത്തില്‍ ഒന്നു കയറി.
നിമ്മിയുടെ നേരെ പച്ചവെളിച്ചമുണ്ട്.
 "നിമ്മീ.. കല്യാണം അടുത്ത വരവിനു പോരെ എന്ന് അച്ഛനോട് ചോദിച്ചു നോക്ക്.."
" എന്റെ വിവാഹം ജാതകദോഷം കൊണ്ട് ഒത്തിരി നീണ്ടുപോയതല്ലെ അഭിലാഷ്...ജാതകത്തിലും ഈശ്വരനിലൊന്നും വിശ്വസിക്കാത്ത ഒരു ബന്ധം ഒത്തു
വന്നപ്പൊ അച്ഛനു ഒട്ടും ക്ഷമയില്ലാതായി...മത്രോമല്ല..അച്ഛനും
വയസ്സായില്ലെ? ഷുഗറും കൂടുതലാ.."
" ശരി.നേരിട്ടു കാണാം.."..മറുഭാഗത്തെ പച്ചവെളിച്ചം അണഞ്ഞു.
     കുറച്ചു ദിവസം മുന്നെ സൈര തന്റെ ഫ്രണ്ട് റിക്വസ്റ്റ് അക്സെപ്റ്റ്
ചെയ്തിരിക്കുന്നു. ഒന്നു രണ്ടു തവണ ചാറ്റില്‍ വന്നപ്പോഴൊക്കെയും
അഭിലാഷിനെ വിവാഹത്തിനു നിര്‍ബന്ധിക്കുകയായിരുന്നു. സൈരക്കിപ്പോള്‍
മക്കള്‍ മൂന്നുമായി. പതിനേഴാം വയസ്സില്‍ തോന്നിയപ്രണയമായിരുന്നു അവളോട്.
ഒരു വയസ്സിന്റെ വ്യത്യാസം. പ്ളസ് ടുവില്‍ വെച്ച് നേവിയിലേക്ക് സെലക്ട്
ചെയ്തപ്പോള്‍ അവന്‍ ഏറെ നേരം  തട്ടത്തിനടിയിലൂടെ കാല്‍മുട്ടിനു താഴെ
എത്തി നില്‍കുന്ന അവളുടെ മുടി  നോക്കി നിന്നു. തന്റെ അമ്മയുടെ അതേ മുടി.
സൈര പ്ളസ് വണിലാണ്‍. സൈരക്ക് അഭിലാഷിനെ അറിയുക പോലുമില്ല. ഒരു വണ്‍ വേ
പ്രണയം. പോരുമ്പോള്‍ അവളുടെ മേല് വിലാസം ഒരു കൂട്ടുകാരി വഴി
സംഘടിപ്പിച്ചപ്പോള്‍ എന്തൊക്കെയോ നേടിയ ഭാവമായിരുന്നു അഭിലാഷിനു.
     ജോലിയില്‍ പ്രവേശിച്ചതിനു ശേഷം ഒരിക്കല്‍ ഒരു ചിത്രം സൈരയുടെ മേല്‍
വിലാസത്തില്‍ അയച്ചുകൊടുത്തു. അവള്‍ തന്നെ കൈപ്പറ്റുമെന്ന് ഒരു ഉറപ്പും
ഉണ്ടായിരുന്നില്ല. എങ്കിലും ഏകദേശം ഒരു മാസം കഴിഞ്ഞപ്പോല്‍ ഒരു മറുപടി
കിട്ടി.
" ആരാണെന്ന് എനിക്ക് മനസ്സിലായില്ല. എങ്കിലും ...ഈ ചിത്രത്തിന്റെ ഉടമയെ
ഞാന്‍ ബഹുമാനിക്കുന്നു.."
എന്തായിരുന്നു അപ്പോഴത്തെ ഒരു സന്തോഷം..!! വര്‍ണ്ണിക്കാന്‍
പ്രയാസം..പിന്നീടങ്ങോട്ട് ഒത്തിരി കത്തുകളുടെ പ്രളയം. കഠിനമായ
പരിശീലനത്തിന്റെ ഇടയില്‍ അവളുടെ അക്ഷരങ്ങളില്‍ നിറഞ്ഞു നിന്ന  സ്കൂള്‍
വിശേഷങ്ങള്‍ നാട്ടുവിശേഷങ്ങള്‍...ഒക്കെ ഒരു വന്‍ ആശ്വാസമായി
മാറുകയായിരുന്നു. പ്രണയിച്ചിരുന്നോ? പ്രണയിക്കുന്നു എന്ന് അവള്‍
ഒരിക്കലും പറഞ്ഞിട്ടില്ല. അവനും . എങ്കിലും അഭിലാഷ് അറിയാതെ അവള്‍ക്ക് ആ
സ്ഥാനം നല്‍കിയോ?
     നാട്ടില്‍ വന്നതിന്റെ പിറ്റേന്ന് തന്നെ നിമ്മിയെപെണ്ണുകാണാന്‍ പോയി.
പെണ്ണുകാണലും നിശ്ചയവും ഒന്നിച്ചായിരുന്നു. ഏഴുദിവസത്തെ വ്യത്യാസത്തില്‍
കല്യാണവും. വിവാഹം കഴിഞ്ഞു മൂന്നാം നാള്‍ ലീവും തീരും. അതു കൊണ്ട് വിവാഹം
അടുത്ത ലീവിനു മതി എന്ന വരന്റെ അപേക്ഷ ഇരു വീട്ടുകാരും നിരുപാധികം തള്ളി.
     വിവാഹത്തോടടുക്കുന്തോറും സൈരയുടെ മുഖം കൂടുതല്‍ കൂടുതല്‍
ഓര്‍മ്മയില്‍ തെളിഞ്ഞു വരുന്നതായി തോന്നി. വിവാഹത്തിനു അധികം
സമയമില്ലാത്തതും ഒരു കണക്കിനു നന്നായി. ഇല്ലെങ്കില്‍ ഒരു പക്ഷെ,
വിവാഹത്തോടടുക്കുമ്പോഴെക്കും തന്നിലെ നിരാശാകാമുകന്‍ വീണ്ടും ഉണര്‍ന്നാലോ
എന്ന് അഭിലാഷിനും തോന്നി..
     എഴുത്തുകളിലൂടെ സൈരയും അഭിയും സല്ലാപം നടത്തിയിരുന്നുവെങ്കിലും
ഒരിക്കലെ അതിനു ശേഷം ഇരുവരും നേരിട്ട് കണ്ടിട്ടുള്ളു. സൈരയുടെ ഇത്താക്ക്
സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍. ഒരു പക്ഷെ, സൈര ആദ്യമായി
അഭിയെ കാണുന്നതും അന്നാണ്‍. പക്ഷെ, ആ കൂടിക്കാഴ്ചയാവണം അവസാനത്തേതും.
അത്തവണ അഭി മടങ്ങി പോയതിനു ശേഷം രണ്ടും കല്പ്പിച്ച് സൈരയെ
ജീവിതത്തിലേക്ക് ക്ഷണിച്ചു കൊണ്ട് കത്തെഴുതി. സൈരയുടെ സംസാരം പിന്നീട്
മതത്തെ കുറിച്ചു മാത്രമായി. ജാതിക്കും മതത്തിനും അപ്പുറം നമ്മള്‍ പച്ചയായ
മനുഷ്യരാണ് എന്ന ആശയം എന്തുകൊണ്ടോ അവള്‍ ചെവിക്കൊണ്ടില്ല.
     പിന്നീട് എഴുത്തുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. വീട്ടിലേക്ക്
വിളിച്ചാല്‍ അവളെ മുന്‍പും കിട്ടാറില്ലായിരുന്നു. മനസ്സും ശരീരത്തിലെ ഓരോ
നാഡികളും ഒരുമിച്ച് പൊട്ടിത്തര്‍കരുന്ന പോലെ തോന്നിത്തുടങ്ങി. സൈരയുടെ
എഴുത്തില്ലാതായിട്ട് മാസങ്ങള്‍ ആയിരിക്കുന്നു.! അപ്പോഴാണ് റൂം മേറ്റ് ഒരു
കവറുമായി വന്നത്. അഭിലാഷ് വേഗം അത് പിടിച്ചു വാങ്ങി. സൈരയുടേതാണ്‍.
വിവാഹപത്രികയാണ്!!
     ഭ്രാന്തമായ ആ ദിവസങ്ങളില്‍ നിന്ന് എങ്ങിനെ ജീവിച്ചു കരകയറി എന്ന്
ഇപ്പഴും നിശ്ചയമില്ല. നിമ്മിയോടൊത്ത് ആദ്യരാത്രിയില്‍ പോലും
സൈരയായിരുന്നു ആദ്യ വിഷയം."ഇതെന്നോട് മുന്‍പും പറഞ്ഞിട്ടുള്ളതല്ലെ?
ഒരിക്കലും അഭിക്ക് സൈരയെ മറക്കാന്‍ കഴിയില്ലെന്നറിയാം...എന്നെ ഇതിന്റെ
പേരില്‍ സ്നേഹിക്കാന്‍ മറക്കരുതെന്ന അപേക്ഷമാത്രെ എനിക്കുള്ളൂ...."
അഭി നിമ്മിയെ ചേത്തുപിടിച്ചു. അവളുടെ കണ്ണുനീര്‍ തുടച്ചു. പെട്ടെന്ന്
വീട്ടിന്റെ ഓട്ടില്‍ നിന്ന് താഴെക്ക് തൂങ്ങിക്കിടന്ന ചേരപ്പാമ്പ്
അവര്‍ക്കിടയിലേക്ക് വന്നു വീണു. നിമ്മിയും അഭിയും ഉറക്കെ നിലവിളിച്ചു
പോയി.
     ബന്ധുക്കള്‍ വാതില്‍ തുറന്നു അകത്ത് വന്ന് തിരച്ചില്‍
നടത്തിയെങ്കിലും അതെവിടെക്ക് പോയെന്നറിയാതെ നിരാശരായി. നിമ്മി കിടുകിടെ
വിറക്കുകയായിരുന്നു. ഇരുവരും തനിച്ചായപ്പ്ഴും അവര്‍ക്കിടയില്‍ നിന്നു ഭയം
നീങ്ങിപോയില്ല. എവിടെയോ ഒരു പാമ്പ് തങ്ങളെ തന്നെ നോക്കി നില്‍ക്കുന്നതായി
ഇരുവര്‍ക്കും തോന്നി.
     അഭിലാഷിന്റെ കൂട്ടുകാരന്‍ ജിത്തു അവരുടെ അവസ്ഥ മനസ്സിലാക്കി
പിറ്റേന്ന് രാത്രി അവന്റെ വീട്ടിലേക്ക് വിരുന്നു വിളിച്ചു. രാത്രി ഒരു
വലിയ സദ്യ തന്നെ അവര്‍ ഒരുക്കിയിരുന്നു. മുകളിലെ നിലയില്‍ ഒരു മണിയറയും
ഒരുക്കി. കിടക്കക്ക് ചുറ്റും ബള്‍ബുകള്‍ കൊണ്ടും പൂക്കള്‍ കൊണ്ടും
അലങ്കരിച്ചിരുന്നു. ജിത്തുവിനോട് ഇരുവരും മനസ്സാലെ നന്ദി പറഞ്ഞു.
തലേന്നത്തെ സംഭവത്തെ നമുക്ക് മറക്കാം..ഇരുവരും അത് മറക്കാന്‍ ശ്രമിച്ചു.
അപ്പോഴാണ് ജിത്തു വാതിലില്‍ മുട്ടുന്നത് കേട്ടത്..
"അഭീ...തുറക്ക് അഭീ..."
അഭി വാതില്‍ തുറന്നു. ജിത്തു വിയര്‍ത്ത് കുളിച്ചു നില്ല്കൂന്നു. " ഒന്ന്
വേഗം വാ..വന്ന് വണ്ടിയെടുത്തെ .
അച്ഛനെ ഊണു കഴിഞ്ഞു മുറ്റത്ത് ഉലാത്തുമ്പോള്‍ എന്തോ ഒന്ന് കടിച്ചു.
പാമ്പാണെന്നാ അച്ഛന്‍ പറയണേ..." ജിത്തു കരയുകയാണ്. അഭി വേഗം ഇറങ്ങി
ചെന്നു...
     പിറ്റേന്ന് രാവിലെയാ അഭി മടങ്ങിയെത്തിയത്. അഭിലാഷിനും ഉച്ചക്ക്
മുന്‍പെ റെയില്‍ വേസ്റ്റേഷനില്‍ എത്തണം. ഇന്നാണ് മടക്കം. വീടെത്തി കുളി
കഴിഞ്ഞ് നോക്കുമ്പോള്‍ പെട്ടിയൊക്കെ നിമ്മി വൃത്തിയായി പാക്ക് ചെയ്തു
വെച്ചിട്ടുണ്ട്. നിമ്മിയെ മാത്രം കാണുന്നില്ല. അഭിയും അച്ഛനും
ബന്ധുക്കളും പരിഭ്രന്തരായി. ആരും നിമ്മിയെ കണ്ടിട്ടില്ല. നിമ്മിയുടെ
മൊബൈല്‍ വീട്ടില്‍ തന്നെയുണ്ട്. പലരും കുശുകുശുക്കാന്‍ തുടങ്ങി.
പോലീസിലേക്ക് അറിയിക്കേണ്ട സ്റ്റേജിലേക്കാണ് കാര്യങ്ങള്‍ നീളുന്നത്.
അപ്പോഴാണ് നിമ്മി പടി കടന്ന് വരുന്നത്. സെറ്റ്സാരിയൊക്കെ ചുറ്റി
നീണ്ടമുടിയിഴകളില്‍ മുല്ലപ്പൂചൂടി...നിമ്മിയിപ്പോള്‍ അതീവ സുന്ദരിയാണ്. ഈ
തിരക്കിനിടയില്‍ ആരുടെയും ശ്രദ്ധയില്‍ പതിക്കാതെ ഇവള്‍ എവിടെപോയതാണ്?
     " അഭീ..ഒന്ന് അമ്പലം വരെ പോയതാണ്. സര്‍പ്പദോഷത്തിനുള്ള പൂജക്ക്
പറഞ്ഞിട്ടുണ്ട്."
അഭി ഒന്നും മിണ്ടിയില്ല...
പൂജിക്കട്ടെ...ഇനിയൊരു അവധിക്ക് വരുമ്പോള്‍ ഞങ്ങള്‍ക്കിടയിലേക്ക് മറ്റൊരു
സര്‍പ്പം ഇഴഞ്ഞു കയറാതിരിക്കട്ടെ..!
   

32 comments:

 1. ഒരുപാട് കാലം കൂടിയുള്ള എഴുത്ത്...പ്രാർത്ഥനക്ക് ഫലം ഉണ്ടാകുന്നില്ലെങ്കിൽ ആരും നിരീശ്വരവാദിയായിപ്പോകും.സർപ്പദോഷം അവരുടെ ജീവിതത്തിൽ നിന്നും മാറില്ലായെന്ന സൂചന പോലെ........
  നല്ല കഥ..
  ഭാവുകങ്ങൾ!!!!!

  ReplyDelete
  Replies
  1. ആദ്യവായനക്കും അഭിപ്രായത്തിനും ഒരുപാടു നന്ദിയുണ്ട് സുധീ...
   ഒത്തിരി നാളായി ബ്ളോഗ് ശൂന്യമായപ്പോള്‍ തോന്നിയപ്പോള്‍ പോസ്റ്റിയതാണ്. പോരായ്മക്ള്‍ ഏറെ ഉണ്ടെന്നറിയാം...വരവിനു ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു...

   Delete
 2. ഹൃദ്യമായി അവതരിപ്പിച്ചു. പര്യവസാനം രസകരവും ആയി...

  ReplyDelete
  Replies
  1. വരവിനും അഭിപ്രായത്തിനും നന്ദി മുഹമ്മദിക്ക...

   Delete
 3. നന്നായിരിക്കുന്നു കഥ.
  എഴുതിത്തീര്‍ക്കാനുള്ള തിടുക്കം വായനയില്‍ അനുഭവപ്പെടുന്നുണ്ട്...............
  ആശംസകള്‍

  ReplyDelete
  Replies
  1. താങ്കള്‍ പറഞ്ഞതില്‍ കാര്യം ഉണ്ടാകും...എഴുതാന്‍ ഒരു ഗ്യാപ്പ് വന്നപ്പോള്‍ എങ്ങിനെ എഴുതീട്ടും ശരിയാവുന്നില്ല എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു മനസ്സില്‍....എഴുതി തീരും വരെ...

   Delete
  2. ചേട്ടൻ പറഞ്ഞതുപോലൊരു ഫീൽ എനിക്കും തോന്നി. ഒരുപക്ഷേ എന്റെ വായനയുടെ കുഴപ്പവുമാകാം....

   Delete
 4. ചിലപ്പോള്‍ ചിലതൊക്കെ തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ യുക്തിപോലും തോറ്റുപോകുന്നു.

  ReplyDelete
 5. വളരെ നാളുകൾക്ക് ശേഷമാണ് ഇവിടെ വായിക്കുന്നത് . വീണ്ടും കണ്ടതിൽ സന്തോഷം. ആത്മവിന് ബലവും, കൃത്യമായ നിലപാടുകൾ എടുക്കാൻ കഴിയാത്തവരുമായ പാവം മനുഷ്യരെക്കുറിച്ചുള്ള കഥ .......

  ReplyDelete
 6. ഇന്ന് ഭക്തിയേക്കാൾ യുക്തിക്കാണ് പ്രാധാന്യം. എന്നാലും വീണുപോകും. “വിശ്വാസം അതാണല്ലൊ എല്ലാം..!”

  ReplyDelete
 7. വിശ്വാസിയോ അവിശ്വാസിയോ! മനഃസ്സമാധാനമാണ് മുഖ്യം. കഥയ്ക്ക് നല്ല ഫ്ലോ ഉണ്ട്.

  ReplyDelete
 8. കഥ നന്നായി യുക്തിവാദവും ഭക്തി വാദവും ഒരു നേരിയ വരമ്പിന്‍റെ വ്യത്യസമേ ഉള്ളു എന്ന് പണ്ടേ തോന്നിയിരുന്നു.....നല്ല വായ നാ സുഖം തന്ന കഥ മനോഹരമായി.... ആശംസകൾ

  ReplyDelete
 9. ആദര്‍ശങ്ങള്‍ക്കൊക്കെ അത്രയേ ആയുസ്സുള്ളു. തടിയില്‍ തട്ടുമെന്ന് കണ്ടാല്‍  പലരും അതിനെ കയ്യൊഴിയും 

  ReplyDelete
 10. നല്ല ഒഴുക്കോടെ ഭക്തിയിലൂടേയും
  വിഭക്തിയിലൂടേയും ഒഴികിപ്പോയ നല്ലൊരു
  കഥയാണിത് കേട്ടൊ അനശ്വര

  ReplyDelete
 11. നല്ല കഥ!! ഇനിയും വരട്ടെ...

  ReplyDelete
 12. കഥ എന്ന നിലയിൽ പൂർണമായില്ല എന്ന് തോന്നുന്നു. വെറും ഒരു പറഞ്ഞു പോക്ക് പോലെ തന്നി. അവതരണത്തിന് വളരെ യേറെ പ്രാധാന്യമുണ്ട്. അത് ഇവിടെ അത്ര ഭംഗിയായില്ല. കുറെ കാര്യങ്ങൾ പറയുന്നു, തമ്മിൽ ബന്ധവും അടുക്കും ചിട്ടയും ഇല്ലാതെ. സർപ്പ ദോഷം എന്ന സങ്കൽപ്പം കുട്ടിക്കാലത്ത് മനസ്സിൽ കയറിയതാകാം. പക്ഷെ അതിൻറെ വളർച്ച കാണിച്ചില്ല എന്നൊരു പോരായ്മ യുണ്ട്. സൈര ആയിരിയ്ക്കാം പിന്നീട് സർപ്പം ആയി മനസ്സിൽ കിടന്നത്. അതൊന്നും വായനക്കാരന് അനുഭവപ്പെട്ടില്ല.

  കൂടുതൽ വായിയ്ക്കുക, എഴുതുക. വർഷത്തിൽ ഒന്ന് എന്ന ശീലം മാറ്റുക., എഴുതുക. നന്നാവും.

  ReplyDelete
  Replies
  1. വായിക്കുംപോൾ തോന്നുന്ന പിഴവുകൾ വിലയിരുത്തി ഓരോന്നും സൂക്ഷ്മമായി മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി..തീർച്ചയായും rewrite ചെയ്യുപോൾ ഈ പോരായ്മകൾ ലഘൂകരിക്കാൻ (ശമിക്കുന്നതാണ്....thanks ones again.

   Delete
  2. വേഗം അടുത്ത കഥയുമായി വാ ചേച്ചീ

   Delete
 13. കഥ ഇഷ്ട്ടപ്പെട്ടു... കണ്ണാടിയുടെ അടുത്ത ലക്കം ഉടൻ പ്രതീക്ഷിച്ചു കൊണ്ട് ഇനിയും ഇവിടം കാണും വരെ ഞാൻ തൽക്കാലം നിർത്തട്ടെ...

  ReplyDelete
 14. വായിച്ചു..ഇഷ്ടമായി.ചില ചോദ്യങ്ങൾ ഉത്തരമില്ലാത്തവയാണ്.യുക്തിക്കോ,ഭക്തിക്കോ ഉത്തരം തരാനാവാത്തവ.

  ReplyDelete
 15. കഥ ഇഷ്ടമായി...
  ഭക്തി തോല്‍ക്കുമ്പോള്‍ യുക്തിയെ മുറുകെപ്പിടിക്കുന്നു.. ആ യുക്തിയെ ഭയം തോല്‍പിക്കുമ്പോള്‍ വീണ്ടും ഭക്തിയെ പിടിവള്ളിയാക്കുന്നു.. നിലനില്‍പാണ് പ്രധാനം.. മനസ്സമാധാനവും..
  നല്ല തീം...!! അഭിനന്ദനങ്ങൾ.!!!

  ReplyDelete
 16. കഥയ്ക്ക് അഭിനന്ദനങ്ങൾ..
  സത്യം പറയട്ടെ..,
  കുറച്ചുകൂടെ മെച്ചപ്പെടുത്താമായിരുന്നു എന്നു തോന്നി. അനശ്വരയ്ക്കതു സാധിക്കുമല്ലോ..
  പാത്രസൃഷ്ടി കുഴപ്പമില്ല. കഥനരീതിയിൽ അൽപ്പം കൂടെ ശ്രദ്ധിച്ചാൽ കൂടുതൽ ഒഴുക്ക് സൃഷ്ടിക്കാമായിരുന്നു..

  ReplyDelete
 17. മുമ്പെ വന്നവർ പറഞ്ഞത്പോലൊക്കെ തന്നെ, നല്ല ഒഴുക്ക്, അവസാനിപ്പിക്കാനുള്ള തിടുക്കം, നീണ്ട ഇടവേളയുടെ ആലസ്യം, ഇതൊക്കെ തെളിഞ്ഞുകാണുന്നു. ഒരു ഗണപതിഹോമം കഴിപ്പിച്ചിട്ട് അടുത്ത പോസ്റ്റ് എഴുതാനിരിക്കു. ഒക്കേം ശര്യാവും ;)

  ആശംസോള് കണ്ണാടി.

  ReplyDelete
 18. കഥ ഇഷ്ട്ടമായി അനശ്വര.. വായിക്കുമ്പോള്‍ ജയരാജിന്റെ പൈതൃകം സിനിമയാണ് മനസ്സിലേക്കോടി വന്നത്..... ആശംസകള്‍

  ReplyDelete
 19. എഴുത്തിനോടുള്ള അനശ്വരയുടെ അദമ്യമായ അഭിവാഞ്ചയും, കഴിവും കണ്ണാടിയില്‍ പ്രതിഫലിക്കുന്നു. നിരന്തരമായ എഴുത്തിലൂടെയും, വായനയിലൂടെയും എഴുത്തിന്റെ ലോകത്ത് മികച്ചൊരു സ്ഥാനം കരസ്തമാക്കുവാനുള്ള എല്ലാ യോഗ്യതയുമുണ്ട് . കൊച്ചു കൊച്ചു തെറ്റുകളും കുറ്റങ്ങളും പരിഹരിച്ചു സ്ഥിരമായി എഴുതുക. ഭാവിയുണ്ട് .ഭാവുകങ്ങള്‍.

  ReplyDelete
 20. എഴുത്തിനോടുള്ള അനശ്വരയുടെ അദമ്യമായ അഭിവാഞ്ചയും, കഴിവും കണ്ണാടിയില്‍ പ്രതിഫലിക്കുന്നു. നിരന്തരമായ എഴുത്തിലൂടെയും, വായനയിലൂടെയും എഴുത്തിന്റെ ലോകത്ത് മികച്ചൊരു സ്ഥാനം കരസ്തമാക്കുവാനുള്ള എല്ലാ യോഗ്യതയുമുണ്ട് . കൊച്ചു കൊച്ചു തെറ്റുകളും കുറ്റങ്ങളും പരിഹരിച്ചു സ്ഥിരമായി എഴുതുക. ഭാവിയുണ്ട് .ഭാവുകങ്ങള്‍.

  ReplyDelete
 21. Anashwara.....Dont stop .keep
  writing.All the Best.

  ReplyDelete
 22. എന്ത് പറ്റി അനു ...നിന്നില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത എഴുത്ത്...

  ReplyDelete
 23. എഴുത്തുകളൊക്കെ കാലം കൊണ്ടുപോയെന്ന് തോന്നുന്നു...

  ReplyDelete