Tuesday 15 April 2014

അക്ഷരശലഭങ്ങള്‍

പുലരിയോടൊത്തെന്നും പൂന്തോപ്പിലെത്തുന്ന
പൂമ്പാറ്റക്കുഞ്ഞുങ്ങളെന്തു ചന്തം!
അവരുടുത്തിടുമാ പാവാട വിറ്റിടും കടയേതെന്ന-
മ്മക്കറിഞ്ഞുകൂടെ?
അതുപോലെയൊന്നമ്മേ തിരുവോണക്കോടിയായ്
അരുമമകള്‍ക്കു തരികയില്ലേ?...............പൂമ്പാറ്റപ്പാട്ടും പാടി മെറ്റില്‍ഡയങ്ങിനെ പാറിപ്പറന്നു നടന്നു. പൂക്കള്‍, പൂമ്പാറ്റകള്‍, മേഘങ്ങള്‍, നീലാകാശം..അങ്ങിനെ നീളുന്നു മെറ്റില്‍ഡയുടെ കുഞ്ഞിഷ്ടങ്ങള്‍ . പിറന്നാളിനു അവള്‍ക്ക് അമ്മ പൂമ്പാറ്റകള്‍ നിറഞ്ഞ ഉടുപ്പു സമ്മാനിച്ചു. എന്നാല്‍ അച്ഛന്‍ അവള്‍ക്ക് പൂമ്പാറ്റകളെ തന്നെ സമ്മാനിച്ചു. ദ്വാരങ്ങളുള്ള ഒരു ചില്ലുപെട്ടിയില്‍ അന്‍പത്താറ്  അക്ഷരപൂമ്പാറ്റകള്‍ ...ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയാത്ത സമ്മാനം..!

     ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നത് വരെ അവള്‍ അക്ഷരശലഭങ്ങള്‍ക്കിടയില്‍ ജീവിച്ചു. അവക്കിടയില്‍ അവള്‍ ആര്‍ത്തുല്ലസിച്ചു. അവക്ക് പലനിറങ്ങളും പല രൂപങ്ങളുമായിരുന്നു. അവക്ക് മുന്നില്‍ ആസ്വാദകര്‍ പെരുകി. അവക്കിടയില്‍ ഒരു രാജകുമാരിയെപ്പോല്‍ മെറ്റില്‍ഡ തിളങ്ങി. ഇതാണ് സ്വര്‍ഗം...ഇത് തന്നെയാണ് സ്വര്‍ഗ്ഗം...വളരാന്‍ അവള്‍ക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. എങ്കിലും കാലം അവളെ വളര്‍ത്തിക്കൊണ്ടേയിരുന്നു.

     ഒരിക്കല്‍ കോളേജ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ വീട്ടില്‍ ചില അതിഥികള്‍ . മുമ്പ് കണ്ടിട്ടില്ലാത്തവര്‍ . അവളോട് എന്തൊക്കെയോ ചോദിച്ചു. അവര്‍ പടിയിറങ്ങുമ്പോള്‍ അവളുടെ പ്രിയങ്കരിയായ ചുവന്നശലഭം താഴെ വീണുകിടക്കുന്നു. അതിഥികളിലാരോ അതിനെ ചവിട്ടിയിരിക്കുന്നു. ഓടിചെന്നതിനെയെടുത്തു. ചില്ലുപെട്ടിയുണ്ടെങ്കിലും അതിനെ അവക്കുള്ളിലാക്കാന്‍ അവള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഭാവനയുടെ ലോകത്തില്‍ പാറിപ്പറക്കാന്‍ മെറ്റില്‍ഡ അക്ഷരശലഭങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. സങ്കടവും ദേഷ്യവും അവള്‍ക്കൊപ്പം വന്നു. " അമ്മേ..ആരാണവര്‍..?" അവളുടെ ശബ്ദം കേട്ട് വീട് വിറച്ചു. " നിന്നെ പെണ്ണുകാണാന്‍ വന്നവരാണ് കുട്ടീ...."അവള്‍ പിന്നെ ഒന്നും പറഞ്ഞില്ല. താന്‍ വളര്‍ന്നിരിക്കുന്നു; വിവാഹപ്രായത്തോളം...!
   
      മറ്റു ശലഭങ്ങള്‍ ചുവന്ന ശലഭത്തെ ശുശ്രൂഷിക്കുമ്പോള്‍ അവള്‍ അതിന്റെ ജീവനു വേണ്ടി വൃതമെടുത്തു കാത്തിരുന്നു. പക്ഷെ, വിവാഹദിവസം തന്നെ അതുണ്ടായി. ആ ചുവന്ന ശലഭം ജീവന്‍ വെടിഞ്ഞു. അവള്‍ വാവിട്ടുകരഞ്ഞു. പലരും അതിനെ പല രീതിയില്‍ വ്യാഖ്യാനിച്ചു. മറ്റുള്ളവയുടെ ജീവന്‍ രക്ഷിക്കാനായി അവള്‍ അവയെ ആ പഴയ ചില്ലുപെട്ടിയില്‍ തന്നെ സൂക്ഷിക്കാന്‍ തുടങ്ങി.

     ഇടക്ക് അടുക്കള ഭാരം ഒഴിയുമ്പോള്‍ ഏകാകിയാകുമ്പോള്‍ അലമാര തുറന്ന് ആ ചില്ലുപെട്ടി പുറത്തെടുത്ത് അവയെ പറക്കാന്‍ വിടും. സ്വപ്നലോകത്തിലെ വര്‍ണ്ണശലഭങ്ങളുടെ റാണിയായി അവള്‍ മാറും. ഒരു ദിവസം അവള്‍ പതിവിലേറെ നേരം അങ്ങിനെ ഇരുന്നുപോയി. ഭര്‍ത്താവ് കടന്നു വന്നത് പെട്ടെന്നായിരുന്നു. ആദ്യം ഭയന്നു. " ഈ അക്ഷര ശലഭങ്ങളെ ആര്‍ക്കാണ് സ്നേഹിക്കാന്‍ കഴിയാതിരിക്കുക?" എന്ന ചിന്ത അവള്‍ക്ക് ധൈര്യമേകി. പക്ഷെ, അദ്ദേഹത്തിന്റെ ആക്റോശത്തില്‍ ശലഭങ്ങള്‍ കിടുകിടെ വിറച്ചു. ഒരു വെളുപ്പില്‍ കറുത്ത പുള്ളിയുള്ള പൂമ്പാറ്റ അദ്ദേഹത്തിന്റെ കൈയില്‍ ഞെരിഞ്ഞമര്‍ന്നു. കരയാന്‍ പോലും കഴിയാതെ അവള്‍ തരിച്ചു നിന്നു. "ഇത്തരം ഭ്രാന്തുകള്‍ ഉള്ളവര്‍ വിവാഹമേ കഴിക്കരുതായിരുന്നു. വിവാഹം കഴിഞ്ഞ സ്ഥിതിക്ക് ഒരു നല്ല ഭാര്യയാവൂ. നല്ലൊരു അമ്മയാവൂ....അത് മതി. അത് മാത്രം മതി..ഇവയെ മുഴുവന്‍ മറന്നേക്കു..ഇല്ലെങ്കില്‍ ..." അദ്ദേഹം കടന്നുപൊകും വരെ ശലഭങ്ങള്‍ അവിടവിടെ പറ്റി നിന്നു. പൊയതിനു ശേഷം അവയെല്ലാം സ്വയമേവ ചില്ലുപെട്ടിക്കകത്ത് കയറി. " രാജകുമാരി കരയരുത്. നമുക്ക് കാത്തിരിക്കാം..പഴയത് പോലൊരു നല്ല കാലം വരും വരേക്കും.." മെറ്റില്‍ഡ കണ്ണീരോടെ അവയെ അലമാരക്കുള്ളില്‍ വെച്ചു.

     ഇത് വരെ ഒഴിവു വേളകളില്‍ അവര്‍ ക്കൊപ്പം പാറിപ്പറന്നു. ഇനി അതും നിലക്കുകയാണ്. വെളുത്ത അക്ഷരശലഭം കൂടി നഷ്ടമാവുകയും ചെയ്തു. ഇനിയൊര്‍ പരീക്ഷണത്തിനു മുതിരാന്‍ വയ്യ. നഷ്ടപ്പെടുന്ന ഓരോന്നും മടക്കയാത്രയില്ലാത്ത ലോകത്തിലേക്കാണ് പോകുന്നത്. അവള്‍ പിന്നെ ചില്ലുപെട്ടി തുറന്നില്ല. വീട്ടുജോലികളൊക്കെ തീര്‍ന്നാല്‍, ഭര്‍ത്താവില്ലാത്ത നേരത്ത് കുഞ്ഞുമക്കളൊക്കെ ഉറങ്ങുകയാണെങ്കില്‍ അവള്‍ അലമാര തുറന്ന് ചില്ല് പാത്രം നോക്കി തന്റെ വേദനകളും നൊമ്പരങ്ങളും പറഞ്ഞു വിതുമ്പും. ശലഭങ്ങള്‍ അതിനെക്കാള്‍ വേദനയോടെ പുളയും. ആള്‍ക്കൂട്ടത്തില്‍ തനിച്ചായതിന്റെ വേദന അവക്ക് മാത്രമേ മനസ്സിലാവുള്ളൂ എന്നവള്‍ വിശ്വസിച്ചു.
     വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വികൃതി പേരക്കുട്ടി ആ അലമാരയില്‍ നിന്നും ചില്ലുപാത്രം കൈയ്യിലെടുത്തു. അവള്‍ വേഗം അത് വാങ്ങി യഥാസ്ഥനത്ത് വെച്ചു. " ഈ വല്യമ്മച്ചിക്ക് ഭ്രാന്താ...." അവന്‍ പറഞ്ഞു. അവള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.

     പേരകുഞ്ഞുങ്ങളും മരുമക്കളും ഭര്‍ത്താവും ഇല്ലാത്ത ഒരു ദിവസം അവള്‍ ആ ചില്ലുപാത്രം എടുത്തു മുറ്റത്തേക്ക് പോയി. വര്‍ഷങ്ങള്‍ക്ക് ശേഷം അവ വെളിച്ചം കാണുകയാണ്.
"ഇനിയും നമ്മള്‍ കാത്തിരിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?" അവള്‍ ചോദിച്ചു.
പെട്ടിക്കകത്ത് നിന്ന് ഒരു നേരിയ ഞരക്കം മാത്രം കേട്ടു. അവയെല്ലാം അനങ്ങാതെ കിടക്കുന്നത് അവള്‍ കണ്ടു.

"ഇനിയും കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇന്നു മുതല്‍ നിങ്ങളെല്ലാം സ്വതന്ത്രരാണ്. ...."
അവള്‍ പെട്ടി തുറന്നു. അവക്കകത്ത് ഒത്തിരി ജഡങ്ങള്‍ . ചിലതിന്റെ ചിറകുകള്‍ കൊഴിഞ്ഞു കിടക്കുന്നു. രണ്ട് മൂന്നെണ്ണം പതുക്കെ കൂട്ടിനു പുറത്തേക്ക് പാറി. അവ പ്രാഞ്ചി പ്രാഞ്ചി മെറ്റില്‍ഡയുടെ കൈകളില്‍ തന്നെ വന്ന് വീണ് സ്വര്‍ഗം പൂകി.
     മെറ്റില്‍ഡ മുഖം പൊത്തി കരഞ്ഞില്ല. അവയോരോന്നിനേയും മാറി മാറി നോക്കി അവള്‍ ഇരുന്നു...

28 comments:

  1. ശലഭങ്ങള്‍ പറ്റിയ ഇടം തിരക്കിച്ചെന്ന് വളര്‍ന്ന് വികസിക്കും. കാരണം അവയ്ക്ക് നാശമില്ലല്ലോ!

    ReplyDelete
  2. അക്ഷരങ്ങളെ ജീവനുതുല്യം സ്നേഹിച്ചിട്ടും ആ വർണപ്പകിട്ടാർന്ന ലോകം നിഷേധിക്കപ്പെടുന്നവരുടെ മുഴുവൻ ആത്മാവും, പ്രതീകാത്മകമായി പറഞ്ഞ ഈ കഥയിൽ അറിയാനാവുന്നു. ഒന്നും ചെയ്യാൻ കഴിയാതെ കൂച്ചുവിലങ്ങിടപ്പെടുന്ന എത്രയെത്ര മെറ്റിൽഡമാർ - ജീവിതസായാഹ്നത്തിൽ നഷ്ടമായിപ്പോയ ലോകത്തെ ഓർത്ത് കരയാൻപോലും സാധിക്കാതെ നിസംഗരായിപ്പോവുന്നു......

    നന്നായി എഴുതി.....

    ReplyDelete
  3. പ്രതികൂലസാഹചര്യങ്ങളാണ് സര്‍ഗ്ഗവാസനകളെ തളര്‍ത്തുന്നത്....
    നന്നായിട്ടുണ്ട് രചന
    ആശംസകള്‍

    ReplyDelete
  4. ഹൃദയത്തിലേറ്റി താലോലിക്കുന്ന അക്ഷരങ്ങള്‍ പോലും നഷ്ടപ്പെടുന്ന അവസ്ഥയിലൂടെ, ഇതെല്ലാം നഷ്ടപ്പെടുമെന്നറിയാതെ ജീവിതത്തിന്‍റെ പുതിയ വഴിത്താരയിലേക്ക് ചെന്ന് വീഴുമ്പോള്‍ നിസ്സഹായായി പോകുന്ന മനസ്സുകളുടെ നൊമ്പരങ്ങള്‍ നന്നായി പറഞ്ഞു. ഒരു പരിധി കഴിയുമ്പോള്‍ വീണ്ടും അടക്കിക്കൂട്ടാന്‍ വെമ്പുമ്പോള്‍ അങ്ങിങ്ങ് ചിതറിപ്പോകുന്നു.
    എങ്കിലും കഥയുടെ അവസാനം എല്ലാം വളരെ ഭംഗിയായി തിരിച്ചുപിടിക്കാന്‍ കഴിയും എന്ന എന്റെ ആഗ്രഹം നടന്നില്ല.
    ഇഷ്ടായി.

    ReplyDelete
  5. അക്ഷരങ്ങള്‍ കടന്നുവന്ന് മനസ്സില്‍ നിറയുന്നതിന്റെയും അത് കൂട്ടായി സങ്കടവും സന്തോഷവും ആയി കൂടെ കൂടുന്നതിന്റെയും സാഹചര്യങ്ങള്‍ കൊണ്ട് അത് കൈവിട്ടു പോകുന്നതിന്റെയും ഒരു നല്ല ചിത്രം വരച്ചു കാട്ടി. അഭിനന്ദനങ്ങള്‍

    ReplyDelete
  6. തലമുറകളുടെ ഓര്‍മ്മകള്‍ .. ചിലപ്പോള്‍ വിഷാദാര്‍ദ്രം..

    ReplyDelete
  7. (അക്ഷര)പൂമ്പാറ്റകൾക്ക് ചിറകുകൾ ഉണ്ട്. അത് പാറിപ്പറക്കുന്നത് ചിലരെയോക്കെ അസ്വസ്ഥതപ്പെടുത്തും. അവർ അതിനെ പുഴുക്കളാക്കാൻ ശ്രമിക്കും.

    ReplyDelete
  8. സർഗ്ഗചേതനയെ ആർക്കും തടുത്തു നിറുത്താനാവില്ല. സമയമാകുമ്പോൾ പുറത്തു ചടും...

    ReplyDelete
  9. Inganeyum chila kaaryangalund..

    Kathagaliloode
    Karyam parayunna
    'KANNADI' k
    Ellavidha aashamsagalum...

    ReplyDelete
  10. ഇത്തിരി സെന്‍സിറ്റീവ് ആയ എനിക്ക് കണ്ണ് നിറഞ്ഞു.. :)
    പൂമ്പാറ്റകള്‍ക്ക് ഇപ്പോഴും ജീവനുണ്ട് എന്നത് ഏറ്റവും സന്തോഷകരമായ കാര്യം തന്നെ.. അവ കൂടുതല്‍ അഴകാര്‍ന്ന ചിറകുകള്‍ വിരിച്ചു സന്തോഷപൂര്‍വ്വം പാറി നടക്കുന്നത് ഞാന്‍ സ്വപ്നം കാണുന്നു. വിഷ്വല്‍ ഡോമിനേറ്റഡ ആയ അനശ്വരക്ക് സാധ്യമാകുന്ന കാര്യമാണ് ഇത്. വരാനിരിക്കുന്ന സങ്കടങ്ങള്‍ക്കൂടി ഇപ്പോഴേ ആശങ്കാപൂര്‍വം നോക്കി കാണുന്നു എന്ന് കഥയ്ക്കുമപ്പുറം പറയാന്‍ തോന്നുന്നു..എന്തായാലും മെറ്റില്‍ഡയും അവളുടെ ആകാശം കാണാന്‍ കൊതിക്കുന്ന പൂമ്പാറ്റകളും ഒരു വേദനയായി അനശ്വര ഞങ്ങളിലെക്ക് പകര്‍ന്നു തരുന്നതില്‍ വിജയിച്ചിരിക്കുന്നു...

    ReplyDelete
  11. ചെറുത്‌ , മനോഹരം .. ഒറ്റ ശ്വാസത്തിൽ വായിച്ചു ...
    മനസ്സിൽ തട്ടി നില്ക്കുന്ന ഒരുപാട് വരികൾ ...
    ശക്തമായ അവതരണം ...
    ഒരുപാട് പോസ്റ്റ്‌മോർട്ടം ചെയ്യാൻ എനിക്കറിയില്ല ...
    ഇഷ്ടമായി... ആശംസകൾ ...

    ReplyDelete
  12. എന്തിനാണ് മെറ്റിൽഡാ ഒരു കോംപ്രമൈസ് ? ഭർത്താവ്,കുട്ടികൾ,കുടുംബം? എന്നിട്ട് സന്തോഷം കിട്ടിയോ? ചിത്ര ശലഭങ്ങൾ എല്ലാം പോയില്ലേ?

    കഥ നന്നായി അനശ്വര.

    ReplyDelete
  13. ശലഭത്തിലെ ഓരോ കുത്തുകളും ഓരോ ആത്മാവാണ്. കാലം എത്ര കഴിഞ്ഞാലും എന്തൊക്കെ സംഭവിച്ചാലും അവക്ക് അടങ്ങിയിരിക്കാനാവില്ലല്ലോ .... കണ്ണാടി തന്നെ ഏറ്റവും നല്ല ഉദാഹരണം :)

    ReplyDelete
  14. Manoharam ,,,,, aakhyana bhanki valareyer ishtamaayi

    ReplyDelete
  15. " രാജകുമാരി കരയരുത്. കാത്തിരിക്കാം..പഴയത് പോലൊരു നല്ല കാലം വരും വരേക്കും.."

    പഴയതിലും കരുത്താര്‍ന്ന എഴുത്ത്. ഇഷ്ട്ടായി.
    ആശംസകള്‍നേരുന്നു !

    ReplyDelete
    Replies
    1. എനിക്ക് തോന്നിയത് മറ്റൊന്നാണ്‌. പെൺകുട്ടികൾ പൊതുവേ കുടുംബ ജീവതത്തേ ഇഷ്ട്ടപ്പെടുന്നില്ല എന്നതാണ്‌ സത്യം....സ്വാതന്ത്ര്യത്തോടേ പാറി നടക്കാനാണ്‌ അവർക്കിഷ്ട്ടം...എന്നാൽ ഒരു സമയത്ത് ഭർത്താവ് വേണമെന്നാഗ്രഹിക്കും..കുഞ്ഞുങ്ങൾ വേണമെന്നാഗ്രഹിക്കും...പിന്നെ അതൊക്കെ ഒരു ഭാരമായി കരുതും...ചുരുക്കത്തിൽ എല്ലാം വേണം താനും ഒന്നും നഷ്ട്ടപെടുവാൻ തയ്യാറുമല്ല...നല്ല രചന....ആശംസകൾ

      Delete
  16. മെറ്റില്‍ഡയുടെ സങ്കടം എന്റേതുമാണ്. കാരണം ഞാനും ചിലപ്പോള്‍ അക്ഷരശലഭങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ നിര്‍ബന്ധിതയാകാറുണ്ട്. ആ ശലഭങ്ങള്‍ മരിക്കേണ്ടിയിരുന്നില്ല. കൂട് തുറന്ന് വിട്ടാല്‍ മതിയായിരുന്നു. എന്നെങ്കിലും ഒരു തിരിച്ചു വരവ് ആകുമായിരുന്നല്ലോ...

    ReplyDelete
  17. പറന്ന് ഉയരട്ടെ................

    ReplyDelete
  18. അക്ഷര ശലഭങ്ങൾ ഇനിയും പറക്കട്ടെ..
    കഥ വളരെ ഇഷ്ടമായി.

    ReplyDelete
  19. അക്ഷര ശലഭങ്ങള്‍ അനസ്യൂതം ഈ കണ്ണാടിയിലും നിറയട്ടെ; വര്‍ഷത്തില്‍ ഒന്ന് എന്നത് മാറ്റി .... കൂടുതല്‍ ഹൃദ്യമായ രചനകള്‍ ഉണ്ടാവട്ടെ.
    ആശംസകളോടെ ...

    ReplyDelete
  20. അനശ്വര ...
    നന്നായിട്ടുണ്ട്

    ReplyDelete
  21. അക്ഷരശലഭങ്ങള്‍ തന്നെ...

    ReplyDelete
  22. ആര്‍ക്കുവേണ്ടിയും ഒന്നിന് വേണ്ടിയും അക്ഷരശലഭങ്ങളെ പൂട്ടിവെയ്ക്കരുത് അവ സ്വതന്ത്രമായി പറക്കട്ടെ ..........

    ReplyDelete
  23. കഥ നന്നായി അനശ്വര...........ആശംസകൾ

    ReplyDelete
  24. ഞെരിഞ്ഞമർന്ന അക്ഷര ശലഭങ്ങളുടെ തേങ്ങൽ ഈ വരികളിൽ കൂടി കേൾക്കാൻ കഴിയുന്നു..
    എന്നത്തേയും പോലെ സുന്ദരമായ രചന.

    ReplyDelete
  25. അക്ഷരശലഭങ്ങളെ സ്നേഹിച്ചോർക്ക് മാത്രല്ല, കഴുത്തിൽ കുരുക്ക് വീണാ പിന്നെ ഒട്ടുമിക്കവർക്കും ഇങ്ങനൊക്കെ തന്ന്യാന്ന് തോന്നണു. ഹ്മം..... നല്ല കാലം വരും വരേം കാത്തിരിക്കാം കുമാരി. മജ്‌ഞു വാര്യറ് പോലും ഇപ്പൊ മടങ്ങി വന്നില്ലെ എന്നൊക്കെ ശലഭങ്ങള് പറയും.

    ........
    ശലഭങ്ങൾക്ക് ആയുസ്സ് തീരെ കുറവാത്രെ!

    ReplyDelete
  26. അക്ഷര ശലഭങ്ങൾ പറന്നുയരുന്ന ഒരു വർണ്ണക്കാഴ്ച്ച,,!

    ReplyDelete
  27. വാക്കുകള്‍ കൊണ്ടൊരു വര്‍ണ്ണ വിസ്മയം സൃഷ്ടിച്ചിരിക്കുന്നു..... ആശംസകൾ

    ReplyDelete