Saturday 9 April 2011

ഈ വെളുത്ത രാത്രിയിൽ...


[ ഇന്നിനി നമ്മളിലൊരാളിന്റെ നിദ്രക്കു
മറ്റെയാൾ കണ്ണിമ ചിമ്മാതെ കാവൽ നിന്നീടണം
ഇനി ഞാൻ ഉണർന്നിരിക്കാം
നീയുറങ്ങുക...onv]


വെളുത്ത പൂക്കളേയും വെള്ളാരം കല്ലുകളെയും വെണ്മേഘങ്ങളേയും വെളുത്ത പ്രാവുകളേയും ഇഷ്ടമായത് കൊണ്ടാണോ ഞാൻ വെളുത്ത നിറത്തെയും സ്നേഹിച്ചത്? പാല്പായസം പോലെതന്നെ വെളുത്ത പാഷാണവും എനിക്ക് പ്രിയമായി തോന്നുന്നത് ആ നിറത്തോടുള്ള പ്രണയമല്ലാതെ മറ്റെന്താണ്‌?!! മരണത്തിന്‌ കറുപ്പ് നിറമാണെന്ന് കരുതി ഭയന്നിരുന്നു. പിന്നീടാരാണ്‌ മരണം വെളുത്തതാണെന്ന് പറഞ്ഞുതന്നത്?! മരണവും ഒരു ഹരമായി.കൈ നീട്ടി തൊട്ടൊന്ന് പൊട്ടിച്ചിരിക്കാനും കൗതുകം!!

പരിശുദ്ധിയുടെ നിറമാണത്രെ വെളുപ്പ്. ശുഭ്രവസ്ത്ര ധാരിണികളെ കണ്ടാൽ മാലാഖമാരാണൊ എന്ന് ആലോചിച്ചു പോവും. ഇരുവശത്തും ശുഭ്രവസ്ത്ര ധാരിണികളുടെ സഹായത്തോടെ അങ്ങിനെ നീങ്ങുമ്പോൾ ഞാൻ സ്വർഗ്ഗത്തിലാണോ എന്നും തോന്നിപ്പോവുന്നു.വെളുത്ത ചുമരുകൾക്കുള്ളിലെ വെള്ള വിരിപ്പിട്ട മെത്തയിൽ വെളുത്ത കമ്പികളുള്ളാ കട്ടിലിൽ സ്ഥാനമുറപ്പിച്ചു.വെളുത്ത സ്റ്റാന്റിന്മേൽ കമിഴ്ന്നു കിടക്കുന്ന വെളുത്ത കുപ്പി. വെളുത്ത കുഴ്ലിലൂടെ നിറമില്ലാദ്രാവകം എന്റെ നാഡികളിലേക്ക്....കൺപോളകൾക്ക് ഭാരം വർദ്ധിക്കും പോലെ.....

കൺപോളകളുടെ ഭാരക്കൂടുതൽ ഓർമ്മിച്ചാൽ സുഗന്ദിയെ ഓർമ്മ വരും.സുഗന്ദിയുടെ കൺപോളകൾക്ക് എന്ത് കട്ടിയാണെന്നൊ!! അതിന്റെ ഭാരം കാരണം അവൾക്ക് കണ്ണ്‌ തുറക്കാൻ കഴിയാത്തതായി തോന്നിപ്പോകും..

അവളുടെ അമ്മ കുട്ടിക്കാലത്തെ തന്റെ വിസ്മയങ്ങളിലൊന്ന്‌. എനിക്കെല്ലാവരോടും അസൂയയാരിരുന്നു. ഓട്ടോറിക്ഷ ഓടിക്കാൻ കഴിയുന്നത് കൊണ്ട് ചൂടൻ മോഹനേട്ടനോട്; മനോഹരങ്ങളായത് കൊണ്ട് പൂമ്പാറ്റകളോട്. സ്കൂളിൽ പോകേണ്ടാത്തത് കൊണ്ട് കോഴിക്കുഞ്ഞുങ്ങളോടും പൂച്ചകളൊടും നായ്ക്കളോടും. എന്നും സുഗന്ദിയെ സ്കൂളിൽ കൊണ്ടുവന്നു വിടുകയും തിരികെ കൊണ്ടുപോവുകയും ഉച്ചക്ക് വന്ന് ഊണ്‌ വാരിക്കൊടുക്കുകയും ഒക്കെ ചെയ്യുന്നൊരമ്മയെ കിട്ടിയത് കൊണ്ട് സുഗന്ദിയോട്...

ഉദ്യോഗസ്ഥ ദമ്പതികളുടെ മകളായി ജനിക്കരുതായിരുന്നു..പ്രത്യേകിച്ചും മൂത്തമകൾ!! മുതിർന്ന മക്കളെ ആർക്കും വേണ്ട. അമ്മേടെ ചെറിയമോളായി ജനിച്ചിരുന്നെങ്കിൽ എനിക്കും അമ്മേടെ തോളിൽ കിടന്നുറങ്ങാരുന്നു. വാശിപിടിച്ച് കരഞ്ഞ് മുതിർന്നവർക്ക് അടി വാങ്ങി കൊടുക്കാരുന്നു. സ്കൂളിലേക്കുള്ള ഓട്ടോറിക്ഷ വന്നാൽ അമ്മേടെ ചുംബനം ഏറ്റുവാങ്ങിക്കൊണ്ടതിൽ കയറാരുന്നു..രണ്ട് വയസ്സ് തികയും മുൻപെ തനിക്ക് ചാർത്തി കിട്ടിയ മൂത്തമകൾ എന്ന സ്ഥാനം എന്നെ നോക്കി പല്ലിളിച്ചു; കൊഞ്ഞനം കുത്തി.

അസൂയക്കാരി മാത്രമല്ല ഒരു ദേഷ്യക്കരി കൂടിയാണ്‌ ഞാൻ. ഭാരക്കൂടുതൽ ഉള്ളത് കൊണ്ട് ബാഗിനോട് ദേഷ്യം. സ്വന്തം ബാഗിനു പുറമെ സഹോദരങ്ങളുടെയും ബാഗുകൾ കൂടി സംരക്ഷിക്കുകയും ഓട്ടൊറിക്ഷയിൽ മറക്കാതെ വെയ്ക്കുകയും ഒക്കെ ചെയ്യേണ്ടി വരുമ്പോൾ ആ അഞ്ചുവയസ്സുകാരിക്ക് കൂടപ്പിറപ്പുകളോട് ദേഷ്യം. താഴെയുള്ള സഹോദരങ്ങൾക്ക് മാത്രം അമ്മ ചോറ്‌ വാരിക്കൊടുക്കുമ്പോൾ അമ്മയോട് ദേഷ്യം.എഴുതിയാലും എഴുതിയാലും തീരാത്തത്ര ഹോംവർക്ക് തരുമ്പോൾ ടീച്ചറോട് ദേഷ്യം. കളിക്കാൻ വിടാതിരിക്കുമ്പോൾ സായാഹ്നങ്ങളോട് ദേഷ്യം.ഉറക്കം മതിയാവാതെ തന്നെ നേരം വെളുക്കുമ്പോൾ പ്രകൃതിയോട് ദേഷ്യം. കാരണങ്ങളില്ലാതെ ഒറ്റക്കിരുന്ന് കരഞ്ഞുപോവുമ്പോൾ തൊട്ടാവാടി എന്ന് വിളിക്കുന്ന കൂട്ടുകാരോടും ദേഷ്യം!!!!

ദേഷ്യമില്ലാതിരുന്നത് അച്ഛനോടു മാത്രം.എന്റെ ഭ്രാന്തൻ സ്വപ്നങ്ങൾക്കും കാല്പ്പനിക കഥകൾക്കും ശ്രോതാവായ, അക്ഷരങ്ങൾ കൂട്ടി വായിക്കാൻ തുടങ്ങുമ്പോൾ തന്നെ ആത്മാവിൽ ഒരു ചിതയും മാമ്പഴവും മന:പാഠമാക്കിതന്ന അച്ഛൻ. എപ്പോഴോ അച്ഛനും ശത്രു പാളയത്തിലേക്ക് നീങ്ങി.ഉയരുന്തോറും നഷ്ടമായിക്കൊണ്ടിരുന്ന തിരിച്ചറിവുകൾ..!

ക്ലാസ്സിന്റെ പടികൾ ഒന്നൊന്നായി ചവിട്ടിക്കയറിയപ്പോൾ ഞാനറിഞ്ഞു സുഗന്ദിയുടെ അലക്കാത്ത യൂണിഫോമിന്റെ ഗന്ധം..കീറിത്തുടങ്ങിയ ബാഗിന്റെ മുഷിച്ചിൽ..ആഗ്രഹങ്ങളില്ലാത്ത അവൾക്ക് ഞാനെന്റെ മുനമാറ്റിയിടുന്ന പെൻസിലുകളും മണക്കുന്ന റബ്ബറുകളും നല്കി സൂക്ഷ്മതയില്ലാത്തവൾ എന്ന പേരുകൂടി സമ്മാനമായി നേടിയെടുത്തു.

മുതിർന്ന ക്ലാസ്സിലെത്തിയപ്പോൾ ഒരു കൂട്ടുകാരി സ്വകാര്യം പറഞ്ഞു സുഗന്ദിക്ക് അച്ഛനില്ലെന്ന്. അത്ഭുതം അതല്ല അവളുടെ അച്ഛൻ മരിച്ചിട്ടുമില്ല.സംശയങ്ങൾ മനസ്സിൽ കിടന്നുരുണ്ടുകൂടട്ടെ! പുറത്ത് വരരുത്. പ്രായത്തിന്റെ പക്വതയില്ലാത്തവൾ എന്ന ചീത്തപ്പേര്‌ പണ്ടേയുണ്ട്. ഇവിടെ നിശബ്ദതയാവാം. നിശബ്ദതക്കും വാക്കുകൽ ഉണ്ടത്രെ!

വളരുന്തോറും പിളരുന്ന രാഷ്ട്രീയ പാർട്ടികളെ പോലെ മുതിരുന്തോറും ഞങ്ങൾ സുഗന്ദിയിൽ നിന്നകന്നു. ഒട്ടും സഹിക്കാൻ കഴിയാത്ത കാരണം അവളുടെ അമ്മക്ക് പകരുന്ന രോഗമുണ്ടെന്നതത്രെ. അമ്മയുടെ ദീനവും മകളോടുള്ള അകല്ച്ചയും തമ്മിലുള്ള ബന്ധമെന്തെന്ന് എനിക്കും അറിയില്ലായിരുന്നു. എല്ലാരും പാടിയത് ഞാനും പാടി. അത്രമാത്രം! അർത്ഥ മറിയാത്തവക്ക് മുന്നിൽ മൗനം തന്നെ ഉചിതം. ഈ മൗനവും ഈ നിശബ്ദതയും വാചാലമാണ്‌.

സുഗന്ദി പഠനം നിർത്തിയതെന്തിനായിരുന്നു? വിവാഹമെന്നാരോ പറഞ്ഞു.ആരേയും ക്ഷണിച്ചില്ല. ആരും പോയതുമില്ല. വിവാഹം കഴിഞ്ഞും പഠിക്കുന്നവർ ഒരുപാട് പേരുണ്ട്.പക്ഷെ, സുഗന്ദി പിന്നെ പഠിച്ചില്ല. ആരും അന്വേഷിച്ചതുമില്ല.

അന്ന് കൂട്ടുകാരോടൊപ്പം ടിപ്പുവിന്റെ കോട്ടയിലേക്ക് ഇറങ്ങിയതാണ്‌. ചില സായാഹ്നങ്ങളിൽ കൂട്ടുകാരൊത്തൊരു കറങ്ങൽ..മനസ്സിനതൊരു സുഖമാണ്‌.ടിപ്പുവിന്റെ കോട്ടയെ ചുറ്റിപറ്റി നില്ക്കുന്ന എന്റെ ബാല്യം സന്തോഷമായും നഷ്ടബോധമായും,കണ്ണീരായും,വേദനയായും മനസ്സിലൂടെ അങ്ങിനെ കടന്നുപോകും. അന്ന് നടക്കാനിറങ്ങിയ സമയത്തെ പഴിച്ചുപോയി.ചുരിദാറിന്റെ ടോപ്പിനേയും ഷാളിനേയുമൊക്കെ അനുസരണക്കേട് പഠിപ്പിക്കുന്ന ശക്തമായ തീ തുപ്പുന്ന പാലക്കാടൻ കാറ്റ്..തീക്കാറ്റും പൊടിപടലങ്ങളും ശരീരത്തെ തളർത്തി.പാതവക്കിൽ നിന്നും ഞങ്ങളുടെ നേരെ നീട്ടിയ കൈകളിലേക്ക് അലക്ഷ്യമായി നോക്കിയതാണ്‌. ഉള്ളിലൊരു അഗ്നിപർവ്വതമാണോ പൊട്ടിയത്!! തന്റെ കരങ്ങളും കണ്ണുകളും എത്ര പെട്ടെന്നാണ്‌ സുഗന്ദിയുടെ അമ്മ പിൻവലിച്ചത്!!!!

അതെന്തൊരു ദിവസമായിരുന്നു! ഉണ്ണാനോ ഉറങ്ങാനോ കഴിയാതെ.....

എന്നെ പോലെ തന്നെ എന്റെ നിദ്രക്കുമുണ്ട് സ്വാർത്ഥത. മനസ്സിന്റെ ഏകാന്തതയിൽ മാത്രം വിരുന്നു വരുന്ന, മനസ്സിൽ വേദനയൊ അലട്ടലൊ എന്തെങ്കിലും ഉണ്ടെന്നറിഞ്ഞാൽ പിണങ്ങിപ്പോകുന്ന സുന്ദരനായ നിദ്ര..അന്നവൻ എനിക്കരികിലേക്ക് വന്നതെയില്ല..മനസ്സ് മുഴുവൻ സുഗന്ദിയും അമ്മയുമാണെന്ന് നിദ്ര അറിഞ്ഞുവോ?

തിരിച്ചറിവുകൾ ഒന്നൊന്നായി കൈയെത്തി തൊടുകയാണോ? സുഗന്ദിയുടെ അച്ഛനില്ലായ്മയുടെ പൊരുളാണഴിഞ്ഞത്. പാതവക്കിലെ കുഞ്ഞുമക്കൾക്കൊന്നും അച്ഛനുണ്ടാവാറില്ലെന്ന് എവിടെയോ ഞാനും വായിച്ചിട്ടുണ്ട്.

വഴിയോരത്ത് നിന്നും മകളെ ഇംഗ്ളീഷ് മീഡിയത്തിൽ പഠിക്കാനയച്ചൊരമ്മ!
രാത്രികളിൽ ഉറക്കമൊഴിച്ച് മകളുടെ ചാരിത്ര്യത്തിനു കൂട്ടിരുന്നൊരമ്മ..
പ്രായപൂർത്തി എത്തിയയുടനെ മകൾക്കൊരു സംരക്ഷകനെ കണ്ടെത്താൻ കഴിഞ്ഞൊരമ്മ..
ഇതിലും വലിയ സ്വപ്നങ്ങൾ ആ അമ്മക്കുണ്ടായിരുന്നൊ?....

എന്റെ മനസ്സിലെ കാർമേഘങ്ങൾ ഘനീർഭവിച്ചു. ഇനി പെയ്യാതെ വയ്യ!! കണ്ണുനീർ കവിൾത്തടത്തിലൂടെ ഒലിച്ചിറങ്ങി. കൺപോളകളുടെ ഭാരം ക്രമേണ കുറഞ്ഞ് കുറഞ്ഞ് വരും പോലെ! ഇപ്പോൾ കണ്ണുകൾ പതുക്കെ തുറക്കാം..

വീണ്ടും വീണ്ടും എന്റെ കവിളിൽ തട്ടുന്നതാരാണെന്ന് പതുക്കെ കണ്ണു തുറന്ന് നോക്കി. മുഖത്ത് നല്ല പുഞ്ചിരിയുമായി ഡോക്ടർ അൻവർ സാദത്ത്. “ഇന്നലെ ഞങ്ങളെയൊക്കെ ബേജാറാക്കിയല്ലൊ അനുക്കുട്ടീ..” അയാൾ വെളുക്കെ ചിരിച്ചു. ഞാൻ പതുക്കെ ചുറ്റും നോക്കി. അമ്മ കരയുകയാണ്‌. അച്ഛനും മറ്റുള്ളവരും ചില്ലിനപ്പുറത്താണ്‌..

അമ്മ കരഞ്ഞതെന്തിനാണ്‌?!!! പരീക്ഷക്ക് A+ കിട്ടിയില്ലെങ്കിൽ ഇങ്ങിനെ ഒരു മകളില്ലെന്ന് പറഞ്ഞത് അമ്മയല്ലെ? വീട്ടിൽ കയറ്റില്ലെന്നും പറഞ്ഞില്ലെ? എനിക്ക് A+ കിട്ടിയില്ലെന്ന് അമ്മ അറിഞ്ഞില്ലെ ഇതു വരെ?!!!

റിസൾട്ടറിഞ്ഞ നിമിഷം ലോകം മുഴുവൻ ശൂന്യമായത് പോലെ. എന്റെയുള്ളിലെ അമ്പിളിമാമനും നക്ഷത്രങ്ങളും ഒരുമിച്ച് കെട്ടടങ്ങിയത് പോലെ. അല്പനേരം കഴിഞ്ഞ് അവിടെ തെളിഞ്ഞതൊരു ഒറ്റ നക്ഷത്രം.അതിന്‌ സുഗന്ദീടെ അമ്മയുടെ ഛായ! എന്നിലൂടെ സുഗന്ദിമാർ പിറക്കാതിരിക്കട്ടെ എന്ന് ചിന്തിച്ചത് ബാലിശമോ?!!
അമ്മയുടെ കണ്ണീരല്ല ഈ മകൾക്കാവശ്യം.സ്നേഹമാണ്‌.സാന്ത്വനമാണ്‌.സംരക്ഷണമാണ്‌..നാക്കുകൾക്ക് കുഴച്ചിൽ ഉള്ളത് പോലെ. പറയാൻ ശ്രമിക്കുന്നത് പകുതിയെ പുറത്ത് വരുന്നുള്ളു എന്ന് തോന്നുന്നു. ഡോക്ടർ വീണ്ടും കുത്തിവെച്ച മരുന്നിന്റെ ശക്തി കൊണ്ടാണോ കണ്ണുകൾ അടഞ്ഞ് പോകുന്നത്..?

“പേടിക്കാനൊന്നുമില്ല. ഉണർന്നൂന്നെയുള്ളൂ. ഓർമ്മ വരാൻ കുറച്ചൂടെ സമയമെടുക്കും. ഒന്നുകൂടി മയങ്ങി എണീക്കട്ടെ. തല്ക്കാലം പുറത്തറിയണ്ട.കേസും കൂട്ടോം...” ഡോക്ടറുടെ ആശ്വാസ വചനങ്ങളാണ്‌.

ഞാൻ സ്വബോധത്തിൽ തന്നെയാണെന്ന് പറയണമെന്ന് തോന്നി.കഴിഞ്ഞില്ല. അപ്പൊഴേക്കും എവിടെ നിന്നൊ വെളുത്ത മാലാഖ ഉടുപ്പുമിട്ട് കുറെ LKG കുഞ്ഞുങ്ങൾ.. അവർ എനിക്ക് ചുറ്റും നൃത്തം വെച്ചു. എന്നിട്ട് പതുക്കെ ഉയർന്ന് പൊങ്ങി. വസന്ത പൗർണ്ണമിയുടെ തിളക്കമാർന്ന ഈ വെളുത്ത രാത്രിയിൽ ആ കുഞ്ഞുങ്ങൾ വെളുത്ത പഞ്ഞിക്കെട്ട് പോലുള്ള മേഘപാളികൾക്കുള്ളിലേക്ക് നീങ്ങുന്നു. എന്നെയും അവർ ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു; പാട്ടുകളുടേയും കഥകലുടേയും മറ്റൊരു ലോകത്തിലേക്ക്........


35 comments:

  1. "എന്റെ മനസ്സിലെ കാർമേഘങ്ങൾ ഘനീർഭവിച്ചു. ഇനി പെയ്യാതെ വയ്യ!!"

    പ്രിയ അനശ്വര,
    തുറന്നു പറയട്ടെ...
    അടിപൊളി ആയിരിക്കുന്നു...
    ഒറ്റയിരുപ്പില്‍ ഞാനിത് മൂന്നു തവണ വായിച്ചു...
    ഓരോ തവണയും വായിക്കുമ്പോഴും ഓരോ വാക്യവും കൂടുതല്‍ മനോഹരമാണെന്ന് തോന്നി...
    നിന്നിലെ കഥാകാരി കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് ചേക്കേറുകയാണ്...
    ഇനിയും ഒരുപാട് എഴുതണം...
    'എനിക്കെല്ലാവരോടും അസൂയയാരിരുന്നു', 'അസൂയക്കാരി മാത്രമല്ല ഒരു ദേഷ്യക്കരി കൂടിയാണ്‌ ഞാൻ' ഇങ്ങനെ തുടങ്ങുന്ന പാരഗ്രാഫുകള്‍ ഒത്തിരി ഇഷ്ടപ്പെട്ടു...

    "ദേഷ്യമില്ലാതിരുന്നത് അച്ഛനോടു മാത്രം.എന്റെ ഭ്രാന്തൻ സ്വപ്നങ്ങൾക്കും കാല്പ്പനിക കഥകൾക്കും ശ്രോതാവായ, അക്ഷരങ്ങൾ കൂട്ടി വായിക്കാൻ തുടങ്ങുമ്പോൾ തന്നെ ആത്മാവിൽ ഒരു ചിതയും മാമ്പഴവും മന:പാഠമാക്കിതന്ന അച്ഛൻ"

    "ആഗ്രഹങ്ങളില്ലാത്ത അവൾക്ക് ഞാനെന്റെ മുനമാറ്റിയിടുന്ന പെൻസിലുകളും മണക്കുന്ന റബ്ബറുകളും നല്കി സൂക്ഷ്മതയില്ലാത്തവൾ എന്ന പേരുകൂടി സമ്മാനമായി നേടിയെടുത്തു. "
    ഇതുപോലെ കുറെ മനോഹരങ്ങളായ വാക്യങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്‌ ഈ കഥ...

    എന്ത് കൊണ്ടും എഴുത്തുകാരി അഭിനന്ദനം അര്‍ഹിക്കുന്നു...

    ReplyDelete
  2. ഈ വ്യഥകള്‍ സ്വാഭാവികം..മാനുഷികം..
    സുഗന്ധിയും അമ്മയും വായനക്കാരുടെ മനസ്സിലും കിടന്ന് വിങ്ങിക്കൊണ്ടിരിക്കുന്നു..

    ReplyDelete
  3. ചിന്ത , ജാലകം തുടങ്ങിയ ബ്ലോഗ്‌ അഗ്രിഗേറ്ററുകളില്‍ രെജിസ്റ്റര്‍ ചെയ്യൂ.. കൂടുതല്‍ വായനക്കാരെ ലഭിക്കും..

    ചിന്തയില്‍ രെജിസ്റ്റര്‍ ചെയ്യുവാന്‍ editor@chintha.com -ലേക്ക് സൈറ്റിന്റെ അഡ്രസ്‌ സഹിതം മെയില്‍ ചെയ്തു മറുപടിക്കായി കാത്തിരിക്കുക.
    ഒപ്പം ഈ കഥ എഡിറ്റ്‌ ചെയ്തു ലേബലില്‍ 'ചെറുകഥ' എന്നതിന് ഒപ്പം 'കഥ' എന്ന് കൂടി ഇടുക. അഗ്രിഗട്ടരില്‍ ഏത് ക്യാറ്റഗറിയില്‍ പോസ്റ്റ് വരനമെന്നതിനു ഈ ലേബല്‍ സഹായകമാകും...

    ജാലകത്തില്‍ രെജിസ്റ്റര്‍ ചെയ്യുന്നതിന് ഈ ലിങ്ക് സന്ദര്‍ശിക്കുക..
    bloghelpline.cyberjalakam

    ReplyDelete
  4. ഞാനും കടമെടുക്കുന്നു...
    "എന്റെ മനസ്സിലെ കാർമേഘങ്ങൾ ഘനീർഭവിച്ചു. ഇനി പെയ്യാതെ വയ്യ!!"
    ഒരു കഥക്കുള്ളില്‍ മറ്റൊരു മാനോഹരമായ കഥ.സുഗന്ധിയും അവളുടെ അമ്മയും അനുവും തമ്മിലെ ഇഴയടുപ്പം,സുഗന്ധിയുടെ കനത്ത കൺ പോളയും കഥാകാരിയും തമ്മിലെ പാരസ്പര്യം എല്ലാം അതി മനോഹരം.ശ്രീ മഹേഷ്‌ പറഞ്ഞതെല്ലാം വാസ്തവം.ഓരോ വരികളും സ്വയം സമ്പൂര്‍ണത നേടിയ പോലെ.കുഞ്ഞു മനസ്സുകളുടെ നൊമ്പരങ്ങള്‍ പോലും അനുഭവിപ്പിക്കാന്‍ ശേഷിയുള്ള ഭാഷ കൊണ്ട്ട് അനശ്വര ബഹുമാനം തോന്നാന്‍ മാത്രം വളര്‍ന്നിരിക്കുന്നു.“ഇന്നലെ ഞങ്ങളെയൊക്കെ ബേജാറാക്കിയല്ലൊ അനുക്കുട്ടീ..” ഈ യൊരു വരി മതി കഥാകാരിയുടെ മനസ്സിലേക്ക് പ്രവേശിക്കാന്‍... സ്നേഹത്ത്തിന്റ്യും പരിഗണനയുടേയും പച്ചപ്പു തേടുന്ന മനസ്സിന്റെ വെളിപ്പെടൽ പൊലെ തോന്നി..വിശേഷിച്ചു മറ്റു രണ്ടു സ്ര് ഷ്ടികളുടെ അനുഭവത്തിൽ...
    ഏതായാലും വളരെ സന്തോഷം. ഇനിയും എഴുതുക.
    അങ്ങനെ ഒരുപാടുകളുമായി, ചിന്തകളുടെ തരംഗ ദൈർഘ്യം സ്നേഹത്തിന്റെ പാലം കൊണ്ട് ഒന്നാക്കുന്ന സ്ര് ഷ്ടികൾ.. അവക്കു വേണ്ടി കാത്തിരിക്കുന്നു... ..

    ReplyDelete
  5. കഥ പറഞ്ഞ രീതി .. അത് വളരെ മനോഹരമായിരിക്കുന്നു. ഒട്ടും ബോറടിപ്പിക്കാതെ , വളരെ രസകരമായി എന്നാല്‍ അതിനേക്കാള്‍ ക്യൂരിയോസിറ്റി ജനിപ്പിക്കുമാറ് കഥ ഡവലപ്പ് ചെയ്തു. ചില വാക്കുകള്‍ ഒട്ടേറെ തവണ ആവര്‍ത്തിച്ചത് ചെറിയ രസക്കേടായി തോന്നിയെങ്കിലും മൊത്തത്തിലുള്ള ഫീലിനു മുന്‍പില്‍ അത് നെഗ്ലജിബിള്‍ ആണ്. മനോഹരമായ ഭാഷയും.. നല്ല കൈയടക്കവും ഈ കഥയില്‍ കാട്ടിയിട്ടുണ്ട്.

    ReplyDelete
  6. ഈയിടെ വായിച്ചതില്‍ ശ്രദ്ധേയമായ ഒരു പോസ്റ്റ്‌ ആയി ഞാനിതിനെ കാണുന്നു.
    വശ്യമായ ശൈലിയില്‍ വ്യക്തമായ വാക്കുകള്‍ യുക്തമായി വിന്യസിച്ചിരിക്കുന്നു.
    വെളുപ്പ്‌ നിറം വൃത്തിയുടെയും നിഷ്കളങ്കതയുടെയും നിറമാണ് പക്ഷെ പലപ്പോഴും ആ നിറം നാം വെറുക്കുകയും ചെയ്യുന്നില്ലേ? വെളുത്ത മുടിയും വെള്ളപാന്ധും വെളുപ്പ്‌ തന്നെ. എന്നാല്‍ മരണത്തിന് നിറമില്ല എന്നാണു എന്റെ അറിവ്. പക്ഷെ കറുപ്പ്കൊടികൊണ്ട് നാം അതിനെ കറുപ്പിക്കുന്നു എന്നത് ശരി തന്നെ.

    "അമ്മ കരഞ്ഞതെന്തിനാണ്‌?!!! പരീക്ഷക്ക് A+ കിട്ടിയില്ലെങ്കിൽ ഇങ്ങിനെ ഒരു മകളില്ലെന്ന് പറഞ്ഞത് അമ്മയല്ലെ? വീട്ടിൽ കയറ്റില്ലെന്നും പറഞ്ഞില്ലെ? എനിക്ക് A+ കിട്ടിയില്ലെന്ന് അമ്മ അറിഞ്ഞില്ലെ ഇതു വരെ?!!! "
    ഈ വാക്കുകള്‍ വിശദമായ ചര്‍ച്ചക്ക് വിഷയമാണ്.ഈ കഥയുടെ മര്മ്മവും അതു തന്നെ എന്ന് കരുതുന്നു. ഈ വിഷയം ഒരു ലേഖനമാക്കി വിശദമായി പോസ്ടിയാല്‍ നന്നായിരിക്കുമെന്നു തോന്നുന്നു.
    എഴുത്ത് നിര്‍ത്താതെ തുടരുക.
    ('സുഗന്ദി' എന്ന് എല്ലായിടത്തും പ്രയോഗിച്ചിരിക്കുന്നു. 'സുഗന്ധി' എന്നല്ലേ ശരി?)
    ഭാവുകങ്ങള്‍

    ReplyDelete
  7. പറഞ്ഞതെല്ലാം മനോഹരമായിരിക്കുന്നു.കറയില്ലാത്ത ചില സത്യങ്ങൾ

    " അസൂയക്കാരി മാത്രമല്ല ഒരു ദേഷ്യക്കരി കൂടിയാണ്‌ ഞാൻ. ഭാരക്കൂടുതൽ ഉള്ളത് കൊണ്ട് ബാഗിനോട് ദേഷ്യം. സ്വന്തം ബാഗിനു പുറമെ സഹോദരങ്ങളുടെയും ബാഗുകൾ കൂടി സംരക്ഷിക്കുകയും ഓട്ടൊറിക്ഷയിൽ മറക്കാതെ വെയ്ക്കുകയും ഒക്കെ ചെയ്യേണ്ടി വരുമ്പോൾ ആ അഞ്ചുവയസ്സുകാരിക്ക് കൂടപ്പിറപ്പുകളോട് ദേഷ്യം. താഴെയുള്ള സഹോദരങ്ങൾക്ക് മാത്രം അമ്മ ചോറ്‌ വാരിക്കൊടുക്കുമ്പോൾ അമ്മയോട് ദേഷ്യം.എഴുതിയാലും എഴുതിയാലും തീരാത്തത്ര ഹോംവർക്ക് തരുമ്പോൾ ടീച്ചറോട് ദേഷ്യം. കളിക്കാൻ വിടാതിരിക്കുമ്പോൾ സായാഹ്നങ്ങളോട് ദേഷ്യം.ഉറക്കം മതിയാവാതെ തന്നെ നേരം വെളുക്കുമ്പോൾ പ്രകൃതിയോട് ദേഷ്യം. കാരണങ്ങളില്ലാതെ ഒറ്റക്കിരുന്ന് കരഞ്ഞുപോവുമ്പോൾ തൊട്ടാവാടി എന്ന് വിളിക്കുന്ന കൂട്ടുകാരോടും ദേഷ്യം!!!! "

    ReplyDelete
  8. മുകളില്‍ കാണുന്നത് പോലെയുള്ള കമ്മന്റുകള്‍ ഇവിടെ പോസ്റ്റാന്‍ സത്യത്തില്‍ എനിക്കറിയുകയില്ല. എങ്കിലും പറയട്ടെ... ഒരുപാട് പാട് പെട്ട് വായിച്ചത് വെറുതെയായില്ല. ഒരുപാടിഷ്ടപ്പെട്ടു... നല്ല ആശയം.. എന്നില്‍ അസൂയയുണ്ടാക്കുന്നതില്‍ അത്ഭുതമൊന്നുമില്ല. തുടരുകക... ഇനിയും പൂക്കള്‍ വിരിയിക്കുക.. ഭാവുകങ്ങള്‍..

    ReplyDelete
  9. മഹേഷ് വിജയൻ: ആദ്യവായനക്കും ആദ്യ commentഇനും ആദ്യമെ നന്ദി പറയുന്നു..ഒരു തുടക്കക്കാരി എന്ന നിലയിൽ അകറ്റി നിർത്താതെ തെറ്റുകൾചൂണ്ടിക്കാട്ടുകയും സമയാസമയങ്ങളിൽ വേണ്ട നിർദ്ദേശങ്ങളിം നിർദ്ദേശങ്ങലും നല്കി മുന്നോട്ട് നയിക്കുന്നതിന്‌ ഏതു വാക്കുകൾ കൊണ്ടെന്റെ കടപ്പാട് അറിയിക്കണമെന്നറിയുന്നില്ല...
    may flowers: വായനക്കും വരവിനും thanks..
    സുഗന്ദി താങ്കളുടെ മനസ്സിൽ ഒരു വേദനയായെങ്കിൽ എന്റെ മനസ്സിൽ താങ്ങാൻ കഴിയാത്ത കുറ്റബോധമാണ്‌..അടുത്തുണ്ടായിരുന്നപ്പോഴൊന്നും അറിഞ്ഞില്ല..അറിഞ്ഞപ്പോഴാകട്ടെ അകലങ്ങളിലും..
    abdul kabeer: താങ്കളുടെ വരികൾ നല്കുന്ന ആത്മവിശ്വാസം ചെറുതല്ല..വരികളിലൂടെ കഥാകാരിയുടെ മനസ്സിലേക്ക് ഒരെത്തിനോട്ടം...!!
    manoraj:അഭിപ്രായത്തിന്‌ നന്ദി..തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്..എങ്കിലും എനിക്ക് വ്യക്തമായിട്ടില്ല..
    ഒരു കാര്യം പറയുമ്പോൾ അതിൽ -ve ഉം ഉണ്ടാകും +veഉം ഉണ്ടാകും.“ഞാൻ വിഷം കഴിച്ചു ”എന്ന് പറയുന്നത് ഒരു -ve ആയി ഞാൻ കരുതുന്നു..അതു കൊണ്ട് അതിന്റെ importance കുറക്കാൻ വെളുപ്പ് നിറം ഒരു പ്രതീകമായി ആവർത്തിച്ചിട്ടുണ്ട്.
    പ്രായവ്യത്യാസങ്ങളില്ലാത്ത മക്കളെ വളർത്തുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന ഉദ്യൊഗസ്ഥയായ അമ്മക്ക് മകളെ സ്നേഹിക്കാൻ കഴിയാതെ വരുകയും മകളെ സ്നേഹിക്കാൻ സമയമുള്ള അമ്മക്ക് അവളെ സംരക്ഷിക്കാൻ പാടുപെടേണ്ടിവരുകയും ചെയ്യുന്നത് പറയുമ്പോൾ 2 അമ്മമാരും തമ്മിൽ confusion വരാതിരിക്കാൻ സുഗന്ദീടെ അമ്മ എന്നതും ആവർത്തിക്കപ്പെട്ടു..
    ഇതു 2 ഉം അല്ലാതെ വന്നിട്ടുള്ള ആവർത്തനങ്ങൾ കാണിച്ചാൽ തിരുത്താവുന്നതാണ്‌..
    തുടർന്നും നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകുമെന്ന് കരുതുന്നു...

    ReplyDelete
  10. ഇസ്മായിൽ കുറുമ്പടി: thank u for your nice commet. നിറമില്ലെന്ന് താങ്കൾ വിശ്വസിക്കുന്ന മരണത്തിനെ വെളുപ്പിച്ചതിന്റെ കാരണം നേരത്തെ മനൊരാജിനോട് പറഞ്ഞതിൽ നിന്ന് മനസ്സിലാവും എന്ന് കരുതട്ടെ!
    സ്വാമി യാണ്‌ ശരി..എങ്കിലും ചിലർ ചാമി എന്ന് പേരിടുകയും എഴുതുകയും നമ്മൾ ശരിയാക്കിയാൽ അതെന്റെ പേരല്ല എന്ന് പറയുകയും ചെയ്യും.
    ഫത്വിമ=correct പക്ഷെ, പത്തുമ്മ.പാത്ത,പാത്തു..എന്നൊക്കെ recordഇൽ വരുന്നില്ലെ?
    അതു പോലെ സുഗന്ധി യാണ്‌ ശരി..but her name is സുഗന്ദി...
    ഇത്ര സൂക്ഷ്മമായി വായിച്ചതിനും വിലയിരുത്തിയതിനും നന്ദി പറയട്ടെ! തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു..

    riyas: സംശയിക്കണ്ട റിയ..ചില സത്യങ്ങൾ തന്നെ..പുറത്ത്‌ കാണിക്കാത്ത എന്റെ ദേഷ്യവും അസൂയയും കുശുമ്പുമൊക്കെ എഴുതി തീർക്കട്ടെ! വായനക്ക് നന്ദിയുണ്ട്..

    ഷബ്ന : ഞാൻ ആദ്യം വായിച്ച blog ഷബ്നയുടേതാണ്‌..ഇത്രയും കവിതകൾ കണ്ട് ശരിക്കും എനിക്കാണ്‌ അസൂയതോന്നിപ്പോയത്..വർഷത്തിൽ ഒന്നൊ രണ്ടൊ അതിൽ കൂടുതൽ എനിക്ക് എഴുതാൻ കഴിയാറില്ല..വന്നതിനും commentഇലൂടെ വന്നു എന്ന് അറിയിച്ചതിനും thanks...

    ReplyDelete
  11. മൂന്നാമത്തെ പാരഗ്രഫ് വരെ ഒരു രസവും തോന്നിയില്ലാ
    തുടര്‍ന്നുള്ള വരികള്‍ നല്ല ഫെലിങ്ങ് തന്നു. അക്ഷര കൂട്ടങ്ങളെ നന്നായി അടുക്കിയിരിക്കുന്നു
    ചിലത് നന്നായി തോന്നിയതിനാല്‍ ആവര്‍ത്തിച്ച് തന്നെ വായിച്ചു.
    നല്ല എഴുത്ത്.

    ReplyDelete
  12. artha sambushttavaum, aashaya poornnavumaya varikal..... bhavukangal......

    ReplyDelete
  13. മനോഹരം !
    ഇതാണ് കഥയുടെ സൌന്ദര്യം ! വീണ്ടും എഴുതു.

    ReplyDelete
  14. നന്നായിരിയ്ക്കുന്നു

    ReplyDelete
  15. മനോഹരമായ കഥ.
    ഭംഗിയായി പറഞ്ഞിരിക്കുന്നു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  16. നല്ലൊരു കഥ
    നന്നായി അവതരിപ്പിച്ചു.

    ReplyDelete
  17. മനോഹരം... അവിടുത്തെ കമന്റ് കണ്ടപ്പോള്‍ വെറുതേ ഒന്ന് കയറി നോക്കിയതാ... നല്ല ഒഴുക്കോടെ വളരെ രസകരമായി വായിച്ചു. എല്ലാരും പറഞ്ഞു കഴിഞ്ഞു. വീണ്ടും പറയുന്നു, വാക്കുകള്‍ക്കൊക്കെ നല്ല അടുക്കും ചിട്ടയും.

    "വളരുന്തോറും പിളരുന്ന രാഷ്ട്രീയ പാർട്ടികളെ പോലെ" എന്ന വാക്ക് മാത്രം ഇഷ്ടായില്ല. മനോഹരമായ ഈ കഥയില്‍ ഈ വാക്ക് ഒരു കല്ലുകടിയായി തോന്നി.

    ഇവിടെ ഒരു ചീട്ടെടുത്തു.. ഇനി ഇടക്കിടെ വരാം... ആശംസകള്‍

    ReplyDelete
  18. നന്നായി അവതരിപ്പിച്ചു.
    ആശംസകള്‍

    ReplyDelete
  19. ‘പ്രത്യേകിച്ചും മൂത്തമകൾ!! മുതിർന്ന മക്കളെ ആർക്കും വേണ്ട.’

    മൂത്തതായി ജനിക്കുന്നത് മകളായാലും മകനായാലും പ്രശ്നം തന്നെയാണ്.എല്ലാ കുറ്റവും അവർക്ക്. എല്ലാ നിഷേധങ്ങളും അവർ ഏറ്റുവാങ്ങണം. ആദരവും സ്നേഹവും അവകാശങ്ങളും എല്ലാം ഇളയത്തുങ്ങൾക്ക്. ഇതൊരു സത്യമാണ്.

    കഥ നന്നായിരിക്കുന്നു. നന്നായി പറഞ്ഞ് ഫലിപ്പിക്കാനറിയാം.
    തുടരുക... ഇനിയും വരാം..
    ആശംസകൾ....

    ReplyDelete
  20. നല്ല കഥ ഇഷ്ടമായി.
    അഭിനന്ദനങ്ങള്‍

    ReplyDelete
  21. വെള്ളയും കറുപ്പും. പിശന്ന
    കുഞ്ഞുങ്ങളടെ ലോകവും.നന്നായി.

    ReplyDelete
  22. കഥ വായിച്ചു. മനോഹരമായ ആഖ്യാനം. അമ്മക്ക് മറ്റൊരു കുട്ടി ജനിക്കുമ്പോള്‍ അമ്മയുടെ ലാളന പങ്കുവെക്കപ്പെടുന്ന കുരുന്നുമനസ്സിന്‍റെ നൊമ്പരംമുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും ചിന്തകളില്‍ വന്ന ഭാവപ്പകര്ച്ചയും ബാല്യ മനസ്സിന്റെ സുഗന്ധമായ "സുഗന്ദി" എന്ന കൂട്ടുകാരി പിന്നീട് മനസ്സിന്‍റെ നൊമ്പരമാകുന്നതും അനുവാചകരെ വിസ്മയിപ്പിച്ചു കൊണ്ട് കുറഞ്ഞ വരികളില്‍ പറയാന്‍ കഴിഞ്ഞു.

    ഒരു ചെറുകഥയുടെ ഫ്രൈമില്‍ ഒതുങ്ങാത്ത പ്രമേയത്തെ വാക്കുകളുടെ നിയന്ത്രണത്തിലൂടെ മികവുറ്റതാക്കി എന്ന് എനിക്ക് തോന്നുന്നു.

    ReplyDelete
  23. അമ്മ കരഞ്ഞതെന്തിനാണ്‌?!!! പരീക്ഷക്ക് A+ കിട്ടിയില്ലെങ്കിൽ ഇങ്ങിനെ ഒരു മകളില്ലെന്ന് പറഞ്ഞത് അമ്മയല്ലെ? വീട്ടിൽ കയറ്റില്ലെന്നും പറഞ്ഞില്ലെ? എനിക്ക് A+ കിട്ടിയില്ലെന്ന് അമ്മ അറിഞ്ഞില്ലെ ഇതു വരെ?!!! .... അതു കലക്കി...

    നന്നായിട്ടുണ്ട് ആശംസകൾ

    ReplyDelete
  24. എനിക്കും നിനക്കുമൊന്നും എഴുതാതിരിക്കാനകില്ല. ഓര്മകള്‍ കതയായും കവിതയായും നമുക്ക് കുരിച്ചിടാതിരിക്കാനുമാകില്ല. ചിലത് കൊണ്ടു. ചിലത് മുറിവെല്പ്പിച്ചു. എഴുതിയത് ആരെയും വേദനിപ്പിക്കന്ടെന്നു കരുതി പോസ്റ്റ് ചെയ്യല്‍ നിര്ത്തിയിരിക്കുകയാനു. ഇനി എനിക്കും എഴുതി തുടങാം അല്ലെ.

    ReplyDelete
  25. * hashim: എനിക്ക് ആരംഭശൂരത്തം ഇല്ല ല്ലെ ഹാഷിം? ബാക്കി ഇഷ്ടപ്പെട്ടു എന്നരിയിച്ചതിനു നന്ദി.
    *jayaraj,villageman,nileenam,ചെറുവാടി,riyas എല്ലാവരുടെയും വായനക്കും അഭിപ്രായത്തിനും thanks.
    *ഷബീർ: വായനക്കും നന്ദി. ഇഷ്ടപ്പെട്ട വരികളെ പോലെ ഇഷ്ടമാകാത്ത വരികളും ചൂണ്ടിക്കാണിച്ചതിനു നന്ദി തിരിച്ചിലാൻ.

    *ബെഞ്ചാലി:thanks
    *വീ.കെ: കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ നൊമ്പരം അതായിരുന്നു ട്ടൊ.അനുകൂലിച്ചപ്പോൾ എനിക്ക് സന്തോഷം തോന്നുന്നു..
    *റോസാപൂക്കൾ, ഒരില വെറുതെ,...വായനക്ക് നന്ദി..

    ReplyDelete
  26. *akbar: വായനക്കും വിശകലനത്തിനും വിശദമായ അഭിപ്രായത്തിനും നന്ദി..തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.

    *ജിയാസു: ഇഷ്ടപ്പെട്ട വരി ചൂണ്ടിക്കാണിച്ചതിനും വരവിനും നന്ദി.

    *pinbenchukkaari: സത്യമാണ്‌.എത്രയൊക്കെ അടിച്ചമർത്തിയാലും എനിക്കും നിനക്കുമൊന്നും എഴുതാതിരിക്കാനാകില്ല. എന്റെ നൊമ്പരങ്ങൾ പറഞ്ഞു എന്ന് മാത്രം. ഏതെങ്കിലും വരികളിലെ ദ്വയാർത്ഥമോ, വരികളോ വേദനിപ്പിച്ചുവെങ്കിൽ മാപ്പ് ചോദിക്കുന്നു. ആരെയും വേദനിപ്പിക്കാൻ ഞാനും ആഗ്രഹിക്കുന്നില്ല.നിർത്തിയേടത്ത് നിന്ന് തന്നെ എഴുത്ത് തുടങ്ങുക.വീണ്ടും വരുമെന്ന് കരുതുന്നു.

    ReplyDelete
  27. hai anaswara what a story this,really fentastic

    ReplyDelete
  28. വൈകി ലഭിച്ചൊരു വായന.
    കഥയേക്കാളും കഥ പറഞ്ഞുവന്ന രീതിയാണ് ചെറുതിന് കൂടുതല്‍ ഇഷ്ടപെട്ടതെന്ന് പറയും.ദേഷ്യക്കാരി, അസൂയക്കാരി, ആദ്യസന്താനത്തിന്‍‌റെ കൊച്ചു അസ്വസ്ഥതകള്‍ എല്ലാം സുന്ദരമായി അവതരിപ്പിച്ചു. മുകളില്‍ പലരും സൂചിപ്പിച്ച പോലെ മനോഹരവും പക്വവുമായ നല്ല വരികള്‍.

    ആശംസകള്‍!

    ReplyDelete
  29. ഇതും നല്ലത്....നല്ലൊരു കഥപറച്ചിലുകാരി വളര്‍ന്നുവരുന്നു.

    ReplyDelete
  30. നല്ലൊരു കഥ, അതിനേക്കാൾ നന്നായി പറഞ്ഞിരുക്കുന്നു….
    ആശംസകൾ….

    ReplyDelete
  31. മനോഹരമായ കഥ പറച്ചില്‍ ..ഉറച്ചു പക്വമായ ചിന്തകളില്‍ നിന്ന് വ്യത്യസ്തമായി കുട്ടികള്‍ ചിന്തിക്കുന്ന രീതിയില്‍ നിന്ന് വിട്ടുമാറാതെ കഥാപത്രത്തെ നടത്താന്‍ കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട് ...ചില കഥകള്‍ ബുദ്ധി കൊണ്ട് വായിക്കാനും ചിലത് മനസ് കൊണ്ട് വായിക്കാനും തോന്നും .ബുദ്ധിയില്‍ വൈകാരികതയില്ല .ഈ കഥ മനസ് കൊണ്ടാണ് വായിക്കാന്‍ പറ്റിയത് ...നന്ദി ..

    ReplyDelete
  32. മനോഹരമായ കഥ പറച്ചില്‍ ..ഉറച്ചു പക്വമായ ചിന്തകളില്‍ നിന്ന് വ്യത്യസ്തമായി കുട്ടികള്‍ ചിന്തിക്കുന്ന രീതിയില്‍ നിന്ന് വിട്ടുമാറാതെ കഥാപത്രത്തെ നടത്താന്‍ കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട് ...ചില കഥകള്‍ ബുദ്ധി കൊണ്ട് വായിക്കാനും ചിലത് മനസ് കൊണ്ട് വായിക്കാനും തോന്നും .ബുദ്ധിയില്‍ വൈകാരികതയില്ല .ഈ കഥ മനസ് കൊണ്ടാണ് വായിക്കാന്‍ പറ്റിയത് ...നന്ദി ..

    ReplyDelete
  33. നല്ല എഴുത്ത്......

    ReplyDelete
  34. അവതരണം വളരെ ഇഷ്ടമായി അനൂ....സൂക്ഷ്മതയില്ലാത്തവള്‍ എന്ന് പേരുകേള്‍പ്പിച്ചപ്പോഴും, നിശബ്ദതയെ ഇഷ്ടപ്പെട്ടപ്പോഴും, അഹങ്കാരിയായപ്പോഴും, വെളുപ്പിനെ ഇഷ്ടപ്പെട്ടപ്പോഴുമൊക്കെ ആ രീതി ഞാന്‍ വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete