Thursday 10 March 2011

ഉദ്യോഗസ്ഥ


                                                     
           
[ആദ്യത്തേതെന്തും നമുക്ക് പ്രിയപ്പെട്ടതാണല്ലൊ. ആദ്യത്തെ കന്മണി,ആദ്യ പ്രണയം..അങ്ങിനെ..അതു പോലെയാണ്‌ എനിക്ക് ആദ്യമായി അച്ചടിമഷി പുരണ്ട എന്റെ കഥയും..ഒരുപാട്‌ പോരായ്മകൾ ഉണ്ടെങ്കിലും അത് ഇവിടെ പകർത്തുകയാണ്‌]

കാറ്റിലുലയുന്ന നെല്‌പ്പാടങ്ങൾ,കുടവുമെടുത്തൊരു പെൺകുട്ടി,ക്രിക്കറ്റ് ബാറ്റുമായി നടന്നു വരുന്ന പയ്യൻ...അങ്ങിനെയങ്ങിനെ ഒരു സ്ക്രീനിലെന്ന പോലെ മിന്നിമറയുന്ന ദൃശ്യങ്ങൾ.ഇങ്ങിനെ എത്ര നേരം വേണമെങ്കിലും ഇരിക്കാം.ഒരു മുഷിപ്പും തോന്നില്ല.

ഒരുപാട് നേരം കാറ്റ്‌ മുഖത്തടിക്കുമ്പോൾ ഒരു നേരിയ അസ്വസ്ഥതയൊക്കെയുണ്ട്.കണ്ണടയിട്ടത് നന്നായി.യാത്രയിൽ കണ്ണിന്റെ സംരക്ഷണം അത് ഏറ്റെടുക്കുന്നുണ്ട്‌. അല്ലെങ്കിൽ, എന്താ ഈ സംരക്ഷണം എന്ന് പറഞ്ഞാല്‌?എന്തിനോ വേണ്ടി,ഏതോ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്ന പദം.യഥാർത്ഥത്തിൽ ആരെങ്കിലും ആരെയെങ്കിലും സംരക്ഷിക്കുന്നുണ്ടോ?ഇങ്ങിനെ ചിന്തിച്ചിരിക്കുമ്പോൾ മനസ്സിലേക്ക് കടന്നു വരുന്നത് ആശയങ്ങളല്ല;ഭ്രാന്തുകളാണ്‌.

മനൂ...പുറത്തേക്ക് നോക്ക്.എന്ത് ഭംഗിയുള്ള സ്ഥലങ്ങൾ! ഈ ഭൂമി എത്ര സുന്ദരിയാല്ലേ? ഈ വനങ്ങളുടെ പച്ച എന്റെ ഹൃദയാന്തർഭാഗത്തേക്ക് ആഴ്ന്നിറങ്ങുന്നു.അവിടെ കുളിര്‌ പകരുന്നു. ഹരിതം എന്നത് ആഹ്ളാദത്തെ സൂചിപ്പിക്കുന്ന നിറമാണെന്ന് പറഞ്ഞതാരാണ്‌? ആ വ്യക്തിക്കും എനിക്കും ഒരേ മനസ്സായിരിക്ക്യോ?

ഇങ്ങിനെ ബസ്സിലിരിക്കാൻ എന്ത് സുഖമാണ്‌,അല്ലേ മനൂ. ഈ യാത്ര ഒരിയ്ക്കലും അവസാനിക്കാതിരുന്നെങ്കിൽ..എങ്കിൽ..!എന്തൊരു നല്ല സ്വപ്നം! മനൂ..നിനക്കും ഇങ്ങിനെയൊക്കെ തോന്ന്ണില്ലേ? ഈ സ്വപ്നങ്ങളാണല്ലൊ നമ്മളെയൊക്കെ നയിക്കുന്നത്‌.ജീവിയ്ക്കാൻ പ്രേരിപ്പിക്കുന്നത്. ഇന്നത്തെ സ്വപ്നങ്ങൾ നാളത്തെ യാഥാർത്ഥ്യമത്രെ. നമുക്കും സ്വപ്നങ്ങളെ താലോലിക്കാം.

എന്താണ്‌ മനുവിങ്ങനെ സൂക്ഷിച്ചു നോക്കുന്നത്?

ശരിയാണ്‌.ഇങ്ങിനെ സ്വയം മറന്നിരിക്കാൻ കഴിയുന്നതെങ്ങിനെയാണെന്നല്ലേ? എനിക്കും അതറീണില്ല. ഞാനെന്താ ഇങ്ങനെ എന്ന് ഒരുപാട് തവണ ഞാനും ആലോചിച്ചിട്ടുണ്ട്. അതും ഈ പ്രായത്തിൽ...

പക്ഷെ,മനൂ..നീയൊരു മഹാസത്യമറിയുക.ആത്മാവിന്റെ മഞ്ഞുകാലം ശരീരത്തിന്റെതിൽ നിന്നും ശരീരത്തിന്റെ ഇല പൊഴിയും കാലം ആത്മാവിന്റേതിൽ നിന്നും വിഭിന്നമാണത്രെ.

ഈ വനങ്ങളും ഈ മനുവും മാത്രമെ ഇന്നെന്റെ മനസ്സിലുള്ളൂ.

മകൾ...ഒരുപാട് വേദനയ്ണ്ട് എനിക്കവളെക്കുരിച്ചോർക്കുമ്പോൾ. എനിക്കറിയാം അവൾ സ്നേഹത്തിനായി എന്തു മാത്രം ദാഹിക്കുന്നുണ്ടെന്ന്; അവളെ സ്നേഹിക്കാൻ ഞാൻ മാത്രേ ഉള്ളൂ എന്നും.മനൂ..എനിക്ക്..ഞാൻ..ഞാനവിടെ വല്ലാതെ പരാജിതയാവുന്നു!

കൗമാരത്തിന്റെ വർണ്ണങ്ങൾ അവളെ സ്വാധീനിക്കാത്തതെന്തെന്നും മനസ്സിൽ മഴവില്ലും മയില്പീലിയും മാത്രം വിരിയേണ്ട ഈ പ്രായത്തിൽ അവളിൽ വിരക്തിവന്നടിഞ്ഞതെന്തെന്നും ഞാനറിയുന്നു. അക്ഷരങ്ങളെ സ്നേഹിക്കുന്ന, അക്ഷരങ്ങളെ താലോലിക്കുന്ന, അക്ഷരങ്ങളുടെ കൂട്ടുകാരിയാണവളിന്ന്. എന്നിൽ നിന്ന് ലഭിക്കാതെ പോയതെല്ലാം അവൾ അക്ഷരങ്ങളിലൂടെ ഊറ്റിക്കുടിക്കാൻ ശ്രമിക്കുന്നു.പരിഭവമോ പരാതിയോ ഇല്ലാതെ..എല്ലാം അറിഞ്ഞിട്ടും ഒന്നും കണ്ടില്ലെന്ന് ഞാൻ നടിക്കുന്നു.

പക്ഷെ മനൂ..എനിക്ക്‌ വയ്യ..ജീവിത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാനായി ബദ്ധപ്പെടുന്നതിനിടയിൽ....

ഇന്ന്..ഇന്നെങ്കിലും അവൾക്കരികിൽ ഇരിക്കണമെന്ന് വിചാരിച്ചതാണ്‌.ഇന്നവൾടെ പിറന്നാളല്ലേ?

മനു മറന്നോ?ഓ..! നിനക്കതൊന്നും അറിയില്ലല്ലൊ. ല്ലെ?

ലീവ് തരപ്പെടാതെ വന്നപ്പോ ഞാൻ നേരത്തെ എത്താമെന്ന് അവൾക്ക് വാക്ക് കൊടുത്തതാണ്‌.

പക്ഷെ........

ശരിയാണ്‌ മനൂ. ഈ യാത്ര അവസാനിക്കണം. ബസ്സ് വേഗത കൂട്ടണം. അസ്തമയത്തിന്‌ മുമ്പ് വീടെത്തണം.
എന്തിനീ വ്യർത്ഥമോഹങ്ങൾ?!എന്നത്തേയുംകാൾ രണ്ട്‌ മണിക്കൂറോളം താനിന്ന്‌ വൈകിയിക്കുന്നു. അർത്ഥശൂന്യതയെ വാരിപ്പുണരാൻ മനൂനെപ്പോലെ താനും ഇഷ്ടപ്പെട്ടിരുന്നില്ലല്ലൊ. എന്നിട്ടും ഇന്ന് ഞാനതൊക്കെയും ചെയ്യുന്നു.മനസ്സ് ദുർബലപ്പെടുകയാണോ? പണ്ടത്തെ അനിഷ്ടങ്ങളൊക്കെയും ഇന്നത്തെ ഇഷ്ടങ്ങളായി തീർന്നിരിക്കുന്നു.

നേരത്തെ എത്താമെന്ന് പറഞ്ഞത് ഒരിയ്ക്കലും അവൾ വിശ്വസിച്ചിരിക്കില്ലെന്നറിയാം. അവൾക്കിതൊക്കെ എന്നേ പരിചിതമായിരിക്കുന്നു.സന്ധ്യ കഴിഞ്ഞാൽ അവൾക്ക് കൂട്ടിന്‌ അപ്പുറത്തെ മിനിക്കുട്ടി ഉണ്ടാവും.

ചിലപ്പോൾ തോന്നും വിശ്രമിക്കാൻ നേരമായീന്ന്‌. ഉദ്യോഗത്തിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി ഒരു ശാന്തമായ ജീവിതം.! ഉദ്യോഗം..അത് നഷ്ടപ്പെട്ടാൽ..പിന്നീട് തിരിച്ചു കിട്ടിയെന്നു വരില്ല.ജീവിതവും അവസരവും എല്ലാം ഒരിക്കൽ മാത്രം.

നന്നായി ഇരുട്ടി അല്ലെ?എനിക്ക് വഴിയൊക്കെ കാണാൻ നല്ല ബുദ്ധിമുട്ടുണ്ട്.ഇയ്യിടെയായി അങ്ങിനെയാണ്‌. വല്ല കല്ലിലും തട്ടി വീണാലും ആരും അറിയില്ല. വേഗം നടക്കാം, ല്ലെ?

ഞാനെന്താണ്‌ പറഞ്ഞത്‌?! വീണാൽ ആരും അറിയില്ലെന്നൊ?!! ഒറ്റയ്ക്കാണ്‌ എന്ന സത്യം യാഥാർഥ്യബോധത്തോടെ ഉൾക്കൊള്ളാൻ ഇടയ്ക്കെങ്കിലും ഞാനും തയ്യാറാവുന്നു!!!

മനൂ....നീ എനിക്കാരാണ്‌?......

എനിക്ക് നീ എല്ലാമെല്ലാമായിരുന്നില്ലേ?

എന്നിട്ടും എന്തിനു നീ എന്നെ സമൂഹത്തിൽ ഒറ്റപ്പെടുത്തി.? ആൾക്കൂട്ടത്തിൽ എന്തിനെന്നെ തനിച്ചാക്കി? എന്തിനു നീ എനിക്കൊരവിവാഹിതയായ അമ്മയുടെ വേഷം തന്നു..?

എല്ലാ നാണയങ്ങൾക്കും രണ്ട് പുറങ്ങളുണ്ടെന്ന് അന്ന് ഞാനറിന്നിരുന്നില്ലേ? അതൊ അവയൊക്കെയും അവസരോചിതമായി മറന്നതോ? മറവിയും ഒരു അനുഗ്രഹമാണല്ലൊ. നിന്റെ രണ്ടാമത്തെ മുഖം എന്നെ വല്ലാതെ ഞെട്ടിച്ചു; നോവിച്ചു. സഹപാഠികൾക്കു കൂടി പങ്കുവെയ്ക്കാൻ എങ്ങിനെ നിനക്കു കഴിഞ്ഞു??!!!

പ്രതികരിയ്ക്കരുത്! സ്ത്രീ സർവ്വം സഹയത്രെ! ആരൊക്കെയോ കളിക്കുന്ന കളങ്ങളിലെ കരുക്കൾ മാത്രമാണ്‌ നമ്മൾ. പ്രതികരണശേഷിയില്ലാത്ത ഒരു തലമുറ വളരട്ടെ! വളർന്ന്‌ പെരുകട്ടെ!!

എങ്കിലും..മനൂ..നീ ഒന്നറിയുക. ഞാൻ സ്നേഹിച്ചത് നിന്റെ നല്ല മുഖത്തെയാണ്‌. ആ മുഖത്തെ ഞാൻ ഇന്നും സ്നേഹിക്കുന്നു. ആത്മാർത്ഥസ്നേഹം എല്ലാ പോരായ്മകളും സഹിക്കുന്നു.

എന്റെ മനസ്സ് നിറയെ നീയാണ്‌. നീ ഇന്നും എന്റെ ആത്മാവാണ്‌. എന്റെ ജപങ്ങളൊക്കെയും നിന്റെ നാമമാണ്‌.എന്റെ ജീവന്റെ സ്പന്ദനം തന്നെ നീയാണ്‌.

മനൂ..അതാ നോക്ക്‌. അവൾ വീട്ടുപടിക്കൽ തന്നെയുണ്ട്. തന്നെ കണ്ടതും മിനികുട്ടി വിടവാങ്ങുന്നു.മോളുടെ മുഖം ക്ഷീണിച്ചിരിക്കുന്നു. അവൾക്ക് കിടക്കാരുന്നില്ലേ? എന്തിനിങ്ങനെ കാത്തിരിക്കുന്നു? ഓ..പ്രതീക്ഷയോടെയുള്ള കാത്തിരിപ്പും ജീവിതമാണെന്നല്ലെ എം.ടി. പറഞ്ഞിരിക്കുന്നത്.

“വൈകുമാരുന്നേൽ ഫോൺ ചെയ്യാരുന്നില്ലേ? അപ്പുറത്തെ ആരെയെങ്കിലും സ്റ്റോപ്പിലേക്ക് വിടാരുന്നു. രാത്രീല്‌ മമ്മിയിങ്ങനെ തനിച്ച്..അതും കണ്ണ്‌ പോലും ശരിക്കും ....”

മനൂ..ഞാൻ തനിച്ചാണോ? നീയില്ലേ എന്റെ കൂടെ? എന്നിട്ടും....

ഒരു പിറന്നാൾ സമ്മാനം പോലും വാങ്ങാൻ താൻ മറന്നിരിക്കുന്നു! മനൂ..നിനക്കെങ്കിലും ഒന്ന്‌ ഓർമ്മപ്പെടുത്താരുന്നില്ലേ എന്നെ?
                                           

17 comments:

  1. nannayitund.dhaivam ningale anugrahikate

    ReplyDelete
  2. എഴുത്തിന്റെ ശൈലിയും ഉള്ളടക്കത്തിലെ മേന്മയും കൊണ്ട് തന്നെയാണ് അച്ചടിമഷിപുരളാന്‍ ഈ കഥ യോഗ്യമായത്.
    കഥ അതേപടി ഇമേജ് പോസ്റ്റ്‌ ആക്കാതെ ടൈപ് ചെയ്തു പോസ്ടിയതും നന്നായി.
    ആശംസകള്‍

    ReplyDelete
  3. "ആത്മാവിന്റെ മഞ്ഞുകാലം ശരീരത്തിന്റെതിൽ നിന്നും ശരീരത്തിന്റെ ഇല പൊഴിയും കാലം ആത്മാവിന്റേതിൽ നിന്നും വിഭിന്നമാണത്രെ. " നല്ല വരി..

    കഥ വളരെ നന്നായിരിക്കുന്നൂ.... എഴുത്ത് തുടരുക..
    എല്ലാവിധ ആശംസകളും..

    ReplyDelete
  4. നല്ല കഥ.. നല്ല വരികള്‍ ..!!
    കഥാപാത്രത്തിന്‍റെ പേരു പോലും വളരെ നല്ലത്..!!
    ;)

    ഇഷ്ടായി..!!

    ReplyDelete
  5. റിയാസ്:..അനുഗ്രഹ പ്രാർത്ഥനക്ക് നന്ദി..

    ഇസ്മായിൽ കുറുമ്പടി:..വായനക്ക് നന്ദി..സത്യം പറയട്ടെ..ഞാനിവിടെ ഒരു എൽ.കെ.ജി.കുട്ടിയെ പോലെ നിന്നു പരുങ്ങുകയാണ്‌..ഒരുപാട് സംശയങ്ങളുണ്ട്.ആരോട് ചോദിക്കണം,എങ്ങിനെ ചോദിക്കണം ,എന്തു വിചാരിക്കും എന്നൊക്കെ ഒന്നു മുതൽ പത്തു വരെയുള്ള ചേച്ചിമാരേയും ചേട്ടന്മാരേയും നോക്കി ചിന്തിചു നില്ക്കുന്ന പോലെ..ഈ ഇമേജ് പോസ്റ്റ് ഇടാനൊന്നും അറിയാഞ്ഞിട്ടു തന്നെയാണ്‌ എന്ന് സത്യസന്ധമായി പറയട്ടെ..!

    മഹേഷ്:..ഈ പ്രോത്സാഹനത്തിന്‌ നന്ദി....
    മനൂ...ഈ പേരിൽ എനിക്ക് ആരേയും അറിയില്ല.ഒരു പത്ര വാർത്ത വല്ലാതെ നൊമ്പരപ്പെടുത്തിയപ്പോൾ ഒന്ന് എഴുതിയതാണ്‌.പേരിൽ കിട്ടിയ സമാനത ആ കഥാപാത്രത്തിന്റെ സ്വഭാവത്തിൽ കിട്ടിയിട്ടുണ്ടാവരുതേ എന്ന് പ്രാർത്ഥിക്കുന്നു....

    ReplyDelete
  6. അയ്യോ.. ഞാന്‍ പേരു പോലും എന്നാ എഴുതിയത് അല്ലെ?
    പേരു മാത്രം എന്നു തിരുത്തൂട്ടോ..!!
    പെട്ടെന്ന് കമന്‍റി പോയപ്പോള്‍ സംഭവിച്ചതാ...!
    :)

    ReplyDelete
  7. സത്യത്തില്‍ തുടക്കത്തില്‍ ഒന്നും തോന്നിയില്ല അനശ്വര. യതൊരു പ്രത്യേകതയുമില്ലാത്ത ഒരു കഥയായാണ് തോന്നിയത്. പക്ഷെ അവസാനം കഥയില്‍ കൊണ്ടുവന്ന ആ ഡൈമന്‍ഷണല്‍ വേരിയേഷന്‍ അത് സിമ്പിളീ സൂപ്പര്‍ബ്. അത് മാത്രമാണ് ഈ കഥയെ ഇത്ര വ്യത്യസ്ഥമാക്കിയത്. ഒരു ചെറിയ തന്തുവിനെ എങ്ങിനെ വ്യത്യസ്തമാക്കാം എന്ന് അവിടെ നിന്നും അറിയിക്കുന്നു അനശ്വര. കഴിവുണ്ട് എന്നതിന്റെ കൈയൊപ്പും അവിടെയുണ്ട്. തുടരുക. എവിടെയാണ് ഇത് പ്രസിദ്ധീകരിച്ചത്. എനിക്ക് ഏറ്റവും മുകളിലുള്ള ഇമേജ് വ്യൂ ആകുന്നില്ല. ഒരു പക്ഷെ അതില്‍ ഉണ്ടാവാം ആ ഡീറ്റേയ്ത്സ് അല്ലേ.. ആശംസകള്‍

    ReplyDelete
  8. മനോരാജ്: താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി പറയട്ടെ. കഥ വന്നതൊരു സഹകരണ ഫോറത്തിൽ..എന്റൊരു സുഹൃത്ത് നൽകിയ സർപ്രൈസ്..അല്ലതെ ഞാൻ ഒന്നിലും അയക്കാറില്ല..അതിനുള്ള ആത്മവിശ്വാസമൊന്നുമില്ല.

    മെയ്ഫ്ലവേർസ്: വായനക്കും അഭിപ്രായത്തിനും നന്ദി പറയുന്നു..

    ReplyDelete
  9. അനശ്വരാ.. ഇരുത്തം വന്നൊരു എഴുത്തുകാരിയുടെ കൈത്തഴക്കം പ്രതിബിംബിക്കുന്ന രചനയാണു എന്നു പറഞ്ഞാൽ അതിൽ അതിശയോക്തി കാണരുത്.ആത്മാംശം നിറഞ്ഞു നിൽക്കുന്നൊരു ആഖ്യാനം എന്നു പറയുമ്പോൾ എനിക്ക് തന്നെ അതിശയം തോന്നുന്നു.ഒന്നും തുറന്നെഴുതാതെ ഒരു വലിയ ജീവിതം ചിതറിയ ചില ചില്ലുകഷ്ണങ്ങളിൽ മനോഹരാമായി ചേർത്തു വെച്ചിരിക്കുന്നു..അഭിനനന്ദനങ്ങൾ.. പിന്നെ ആത്മ വിശ്വാസക്കുറവു എന്നത് കഴിവുള്ളവർക്കു മാത്രമുണ്ടാകുന്നതാണു. അങ്ങനെയല്ലേ..എങ്കിൽ തുടരാം.. ചറപറാ എഴുതേണ്ട..ഉള്ളതു ഇതു പോലെ... കുറ്റം കണ്ടാൽ കുറ്റവും പറയും..ട്ടോ.

    ReplyDelete
  10. നല്ല കഥ..ഇഷ്ടായി.. :)

    ReplyDelete
  11. ഉദ്യോഗസ്ഥ നല്ല ഒരു കഥ ,പിന്നെ മനു മനു എന്ന് ഇടക് ഇടക് വരുന്നു അത് ഇത്തിരി കൂടി പോയോ എന്ന് ഒരു സംശയം
    വിരഹിയായ ഒരു ഉദ്യോഗസ്ഥയുടെ അല്ലെങ്കില്‍ ഒരു സ്ത്രീയുടെ നേര്‍ത്ത ചിത്രം വരക്കുന്നു...എങ്കിലും അവള്‍ മായാതെ സൂക്ഷിക്കുന്നു ഇന്നലകളുടെ ആ നല്ല നാളുകളെ ....

    ReplyDelete
  12. നല്ലത്.. ചെറിയൊരു സങ്കേതത്തെ ഇത്ര നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞത് എഴുത്ത് കാരിയുടെ കൌമാരത്തില്‍ തന്നെയാണെന്നറി യുമ്പോള്‍ അത്ഭുതം കൂറിപ്പോകുന്നു. കമന്റ്‌ പോസ്റ്റ്‌ ചെയ്യാന്‍ word varification ഒഴിവാക്കുന്നതല്ലേ നല്ലത്..?
    ആശംസകള്‍...
    എന്റെ ബ്ലോഗുകളിലേക്കും ക്ഷണിക്കുന്നു......

    ReplyDelete
  13. അബ്ദുൽ കബീർ,ബെഞ്ചാലി,my dreams,ഷബ്ന:..വരവിനും വായനക്കും comment ഇലൂടെ വരവ് അറിയിച്ചതിനും നന്ദി പറയുന്നു..

    ReplyDelete
  14. ഇതും നല്ലത്....വളരെ വളരെ

    ReplyDelete
  15. സുന്ദരമായ ആഖ്യാനം. കുഞ്ഞു വരികളിലൂടെ ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു പോകുന്നു ഈ കൊച്ചു കഥ.

    ReplyDelete
  16. നല്ല വാകുകൾ, നല്ല പ്രമേയം, നല്ല വഴിതിരിവുകൾ, നല്ല അവതരണം…!
    ഹും എന്നിറ്റ് എൽ കെ ജി കുട്ടിയാണത്രേ…!

    ReplyDelete