പാലക്കാടിന്റെ 'ഠ' വട്ടത്തില്‍ നിന്നും അപ്രതീക്ഷിതമായ ഒരു പുറത്തുകടക്കല്‍. അലിഗര്‍ സര്‍വ്വകലാശാലയില്‍ ഒരു പരീക്ഷാസംബന്ധിയായി ബുധനാഴ്ച എത്തേണ്ടതുണ്ടായിരുന്നു. ഇന്‍ഫര്‍മേഷന്‍ ലഭിക്കുന്നത് തിങ്കളാഴ്ചയും. സാധാരണഗതിയില്‍ വേണ്ടെന്ന് വെയ്ക്കാറുള്ള ഇത്തരം പരീക്ഷകളില്‍ ഇതിന് പോകാമെന്ന് തീരുമാനിക്കപ്പെട്ടതില്‍ ഞാനിപ്പഴും അത്ഭുതം കൂറുന്നു.
തീവണ്ടിയില്‍ പോയാല്‍ ബുധനാഴ്ച എത്തില്ലെന്നുള്ളതിനാല്‍ ഫ്ലൈറ്റില്‍ പോകാന്‍ തീരുമാനിക്കപ്പെട്ടു. സന്തോഷം കൊണ്ട് ഞാന്‍ തുള്ളിച്ചാടി. ആകാശത്തിലൂടെ വിമാനം പറന്ന് നീങ്ങുന്നത് കൗതുകത്തോടെ മാത്രം നോക്കി കണ്ടിട്ടുള്ള ഞാന്‍ ഒരു വിമാനത്തില്‍ കയറാന്‍ പോവുകയാണ്! പാലക്കാടിന് പുറത്തുള്ള ലോകത്തിനുമപ്പുറം ആകാശക്കാഴ്ചകള്‍ കാണാനുള്ള ഭാഗ്യമാണ് കരഗതമായിരിക്കുന്നത്. അതും നിനച്ചിരിക്കാതെ പെട്ടെന്നൊരുനാള്‍..!
വീട്ടില്‍ നിന്നും റെയില്‍വെ സ്റ്റേഷന്‍ വരെ കാറിലാണ് പോയത്.അവിടന്ന് എയര്‍പോര്‍ട്ട് വരെ തീവണ്ടിയിലും. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തോടടുക്കുമ്പോഴേക്കും എന്റെ സിരകളിലെ രക്തപ്രവാഹംഇരട്ടിച്ചിരുന്നു. ബേക്കറികളും കൗണ്ടറുകളും ,തുടര്‍ച്ചയായി തറ വൃത്തിയാക്കികൊണ്ടിരിക്കുന്ന പെണ്ണുങ്ങള്‍, പട്ടാളവേഷത്തിലെ സെക്ക്യൂരിറ്റികള്‍, മണം പിടിച്ച് കൊണ്ടൊരു നായ,അതിന്റെ മുന്നിലും പിന്നിലുമായി ഓരോ സെക്യുരിറ്റി ഓഫീസര്‍മാര്‍, പൊട്ടിച്ചിരിക്കാനായി ഒരു എക്സിറ്റ് കൗണ്ടര്‍, പൊട്ടിക്കരയാനായി ഒരു പ്രവേശന കൗണ്ടറ്,.. അങ്ങിനെ പുതുമയാര്‍ന്ന ദൃശ്യ വിരുന്നായിരുന്നു എനിക്ക് വിമാനത്താവളം.
പൊതുവെ കണ്ണീരിന്റെ നനവുള്ള പ്രവേശന കൗണ്ടറിലൂടെ അകത്തുകടന്നു. ബാഗുകള്‍ പെട്ടിക്കകത്തൂടെ അപ്പുറത്തെത്തുംബോള്‍ പച്ച ലൈറ്റ് കാണുന്നതും ശരീര പരിശോധനയും എനിക്ക് കൗതുകമേകി. അപ്പുറത്തെ മുറിയില്‍ വിമാനത്തിന്റെ നമ്പര്‍ വിളിക്കുമ്പോഴും പ്രവേശിക്കേണ്ട ഗേറ്റ് നമ്പര്‍ വിളിക്കുമ്പോഴും പുറമെ ശാന്തമെങ്കിലും മനസ്സ് ആഹ്ലാദം കൊണ്ട് തുള്ളിക്കളിച്ചു. ഒരു വലിയ സ്റ്റെപ്പിലൂടെ വിമാനത്തില്‍ പ്രവേശിച്ചപ്പോള്‍ പുഞ്ചിരിയോടെ സ്വാഗതം ചെയ്ത സുന്ദരനായ യുവാവ്. സീറ്റ് നമ്പറ് നോക്കി ഇരുപ്പുറപ്പിച്ചത് ഞാന്‍ വിമാനം മുഴുവന്‍ നോക്കികണ്ടതിന് ശേഷം മാത്രമാണ്. ഇരിക്കുന്ന സീറ്റിന് മുന്നില്‍ തെളിയുന്ന കുഞ്ഞ് സ്ക്രീന്‍ നോക്കിയിരുന്നു. അതില്‍ വിമാന അപകടത്തെ കുറിച്ചുള്ള മുന്നറിയിപ്പും എങ്ങിനെ പുറത്ത് കടക്കണം എന്നും വിവരിച്ചു. അത് കേട്ടയുടനെ അത് വരെയുണ്ടായിരുന്ന എന്റെ സന്തോഷം മുഴുവന്‍ ഒറ്റ നിമിഷം കൊണ്ട് കെട്ടടങ്ങി. അപകട സാധ്യത മാത്രം മനസ്സില്‍ മുഴങ്ങി നിന്നു. ഭയം കൊണ്ട് എന്റെ ഉള്ള് കിടുങ്ങാന്‍ തുടങ്ങി. ‘ആകാശത്തിന്റെ നെറുകയില്‍ എത്തിയിട്ട് അപകടം സംഭവിച്ചാല്‍ exitലൂടെ പുറത്ത് കടന്നിട്ട് എന്ത് ചെയ്യാനാണ്‘?എന്ന ചിന്ത എന്നെ മഥിച്ചു.
വിമാനം ഉയര്‍ന്ന് പൊങ്ങി.താഴെ ഭൂമി വളരെ നേര്‍ത്ത് നേര്‍ത്ത് വന്നു.മുന്നിലെ സ്ക്രീനില്‍ വിമാനത്തിന്റെ വേഗതയും ഉയരവും എത്തിപ്പെടുന്ന സ്ഥലത്തിന്റെ മാപ്പും കാണിച്ചുകൊണ്ടിരുന്നു. ഭയം കൊണ്ട് വിറക്കുന്നുണ്ടെങ്കിലും ആകാശകാഴ്ചകള്‍ കണ്ട് തന്നെ ഇരുന്നു. കുട്ടിക്കാലത്ത് മഴമേഘങ്ങള്‍ ഘനീഭവിച്ച് മഴ പെയ്യുന്നു എന്ന് പഠിക്കുമ്പോഴും, ഈ മേഘങ്ങള്‍ ചിലപ്പോള്‍ ഒരു മായക്കാഴ്ചയാവാം എന്നെന്റെ മനസ്സ് പറഞ്ഞിരുന്നു.മേഘങ്ങള്‍ എന്നത് ഒരു സത്യമാണെന്ന് അടുത്ത് നിന്ന് കണ്ടറിഞ്ഞു. ഒത്തിരി മേഘങ്ങളാണ് കീഴ്‌പോട്ടുള്ള ദൃശ്യം. ഇരുണ്ട് കറുത്ത മേഘങ്ങളും സത്യങ്ങളാണ്. മുകളിലും താഴേയും മേഘങ്ങള്‍. ആകാശപ്പൊയ്കയുടെ നടുവില്‍ ഞാന്‍! ആകാശച്ചെരുവിന്റെ നീലിമ ഒരു മിഥ്യാകാഴ്ചയാണെന്നും കരുതിയിരുന്നു. ആകാശത്തിന്റെ നീലിമയും സത്യമെന്ന് അറിഞ്ഞു.
ഞാന്‍ വീണ്ടും സീറ്റിനുമുന്നിലെ സ്ക്രീനിലേക്ക് നോക്കി. 11000 മീറ്റര്‍ ഉയരത്തിലാണ് ഭൂമിയില്‍ നിന്നും. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഉണ്ടാവുന്ന വാര്‍ത്ത 'ഞാന്‍ വിമാനാപകടത്തില്‍...' എന്ന് തുടങ്ങുന്ന വരിയാകുമോ അതോ ' ഞാനും വിമാന യാത്രചെയ്തു എന്നതാകുമൊ എന്ന് ഇടക്കിടെ വെറുതെ ചിന്തിച്ചുകൊണ്ടിരുന്നു. മരണത്തെ ഞാന്‍ ഇത്ര മാത്രം ഭയക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞു. എത്ര ഭയന്നാലും ഏതൊരാത്മാവും അനുഭവിച്ചറിയേണ്ട രുചിയാണ് മരണത്തിന്റെതെന്ന് അറിഞ്ഞുകൊണ്ടുതന്നെ.
എല്ലാവര്‍ക്കും ഭക്ഷണം വിതരണം ചെയ്യപ്പെട്ടു. ഉപ്പുമാവും, മസാല അപ്പവും ബന്നും ഫലങ്ങളും ഒക്കെയായിരുന്നു വിഭവങ്ങള്‍. എന്റെ ശ്രദ്ധ ഭക്ഷണത്തിലേക്ക് തിരിഞ്ഞത് ടെന്‍ഷന് അല്പം അയവ് വരുത്തി. അങ്ങിനെ ഞാനും ആകാശത്ത് വെച്ച് ഭക്ഷണം കഴിച്ചവളായി മാറി. ഭക്ഷണശേഷം വീണ്ടും പുറത്തെ ആകാശവും വിമാനത്തിന്റെ ചിറകും നോക്കി ഭയപ്പാടോടെ,പ്രാര്‍ത്ഥനയോടെ ഇരുന്നു. മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. അത് കൊണ്ട് വാച്ചിലെ സൂചി നീങ്ങുന്നതും നോക്കി സമയം കളഞ്ഞു.
ഒടുവില്‍ 'ഞാനും വിമാനയാത്ര ചെയ്തു' എന്ന വാര്‍ത്തയാല്‍ ദില്ലിയില്‍ എത്തി. വിമാനത്താവളത്തില്‍ നിന്നും ടാക്സിയില്‍ കയറി.നേരത്തെ പറഞ്ഞിരുന്നത് പോലെ എം പിയുടെ ഓഫീസിലേക്കാണ് പോയത്.പോകും വഴി രാഷ്ട്രപതി ഭവനും ഇന്ത്യഗേറ്റുമൊക്കെ ടാക്സിക്കാരന്‍ കാണിച്ചു തന്നു. ഓഫീസില്‍ എം പി യെകാണാന്‍ എത്തിയവരും പി എ മാരും ഒക്കെ ഉണ്ടായിരുന്നു.എല്ലാം മലയാളികളാണെന്ന് തോന്നുന്നു. എന്നോട് മലയാളത്തില്‍ സംസാരിച്ചു. പേഴ്സണല്‍ സ്റ്റാഫിലെ സിമ്മി സാറ് അകത്ത് കുളിക്കാനും വസ്ത്രം മാറാനും സൗകര്യം ചെയ്ത് തന്നു.വൈകുന്നേരം അലിഗഡിലേക്കുള്ള ട്രെയ്നിന്‍റെ സമയം അന്വേഷിക്കുകയും ചെയ്തു.
ഉച്ചതിരിഞ്ഞ് എം പി വന്നു. അദ്ദേഹത്തെ നേരില്‍ കണ്ട് ഞാന്‍ അതിശയിക്കുകയാണ്. ഒരു സിനിമാതാരത്തേയോ രാഷ്ട്രീയ നേതാക്കളെയോ ഒന്നും നേരില്‍ കണ്ടിട്ടില്ലാത്ത ഞാന്‍ സ്വപ്നം കാണുകയാണോ എന്ന് സ്വയം നുള്ളി നോക്കി. വളരെ സാധാരണാമായ ' ഊണ് കഴിഞ്ഞോ? ചായ പറയട്ടെ?' എന്നിങ്ങനെയുള്ള കുശലാന്വേഷണങ്ങള്‍ ഉയിരോടെ ഒരു എം പി യെ കണ്ട ഭയപ്പാടില്‍ നിന്നെന്നെ ഊരിയെടുത്തു.
വൈകുന്നേരം സിമ്മിസര്‍ ട്രയിന്‍ കയറ്റി വിടാന്‍ കൂടെ വന്നു. ഇരുനിറമുള്ള ഉയരം കുറഞ്ഞ ആ യുവാവിന്റെ വേഗതക്കൊപ്പമെത്താന്‍ ഞാന്‍ പെടാപാടുപെട്ടു.ഭൌമാന്തര്‍ ഭാഗത്തുള്ള മെട്രോ ട്രെയിനില്‍ ആദ്യമായി കയറി. ഇറങ്ങേണ്ടുന്ന സ്ഥലം ചാന്ദ്നി ചൗക്ക് എന്ന് പറഞ്ഞു തന്നു. ഒടുവില്‍, എന്റെ ഭയം കണ്ടിട്ടാവണം ലേഡീസ് കമ്പാര്‍ട്ട്‌മെന്‍റില്‍ കയറണ്ട കൂടെ വന്നോളാന്‍ പറഞ്ഞു. അങ്ങിനെ ഞാനും ജെനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറി.ഓരോ സ്റ്റോപ്പും അനൗണ്‍സ് ചെയ്യുന്നുണ്ടായിരുന്നു .അങ്ങിനെ ഭൂമിക്കടിയിലൂടെ ചാന്ദിനിചൗക്കിലെത്തി .അവിടെ പ്രവേശിക്കുംമ്പോഴും പുറത്ത് കടക്കുമ്പോഴുമുള്ള നടപടി ക്രമങ്ങള്‍ ഒത്തിരി ആയിരുന്നു.
പിന്നെ റെയില്‍വേസ്റ്റേഷനിലേക്ക് കയറി. അവിടെ വല്ലാതെ തിരക്ക് അനുഭവപ്പെട്ടു. ക്യൂവിന്റെ നീളം കണ്ട് തന്നെ ഞാന്‍ വിവശയായി. സിമ്മിസര്‍ ക്യൂവില്‍ നിന്നു. ഒരു ഇരുപ്പിടം പോലുമില്ലാത്ത പഴയദില്ലി. അസഹ്യമായ ചൂട് നിറഞ്ഞ അന്തരീക്ഷം. ഞാന്‍ വിയര്‍ത്തൊലിച്ചു. താഴെ വെറും നിലത്തിരിക്കുന്ന ആളുകളെ നോക്കി. വിയര്‍പ്പുകൊണ്ടും അഴുക്ക് കൊണ്ടും മുഷിഞ്ഞു നാറിയതല്ലാത്ത ഒരാളെ പോലും കാണാനായില്ല. ഞാനും അവരിലൊരാളായി. ആ അഴുക്കു നിറഞ്ഞ വെറും തറയില്‍ ഇരിക്കാന്‍ ആര്‍ക്കും ഒരു വൈമനസ്യവുമില്ലെന്നത് എനിക്ക് അത്ഭുതമായി തോന്നി.
മണിക്കൂറുകളോളം നീണ്ട നില്പിനു ശേഷം എന്റെ കാലുകള്‍ കുഴയാന്‍ തുടങ്ങി. ഈ അഴുക്കു പിടിച്ച തറയില്‍ ഇരിക്കാന്‍ ആര്‍ക്കും ബുദ്ധിമുട്ടില്ലാത്തതിന്റെ കാരണം അനുഭവിച്ചറിഞ്ഞു. റെയില്‍വേ സ്റ്റേഷന്‍ എന്നാല്‍ ഗ്രാനൈറ്റ് പതിച്ച തറകളും, സ്റ്റീലിന്റെയും ഗ്രാനേറ്റിന്റെയും ഇരുപ്പിടങ്ങളും ഒക്കെ ആയിരുന്നു മനസ്സില്‍. അല്ലാതെയും റെയില്‍വേസ്റ്റേഷനുണ്ടെന്നത് എനിക്ക് മനസ്സിലായി. എന്റെ ബാഗിന്റെ പുറത്തു തന്നെ ഞാന്‍ ഇരുന്നു. ടോയ്‌ലറ്റില്‍ പോകണമെന്നുണ്ടായിരുന്നു .ഇതൊക്കെയാണ് ഇവിടത്തെ അവസ്ഥയെങ്കില്‍ ടോയ്‌ലെറ്റിന്‍റെ വൃത്തിയെ കുറിച്ച് ഓര്‍ത്തതു കൊണ്ടും ട്രെയിനില്‍ കയറിയിട്ടാവാം എന്നത് കൊണ്ടും സഹിച്ചിരുന്നു.
ദീര്‍ഘനേരത്തിന് ശേഷം സിമ്മിസര്‍ ടിക്കറ്റുമായി വന്നു. അദ്ദേഹവും വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു. തീവണ്ടി പുറപ്പെടേണ്ട സമയമായതിനാല്‍ അദ്ദേഹം ധൃതിപെട്ട് നടന്നു. ഒപ്പമെത്താന്‍ ഞാന്‍ ഓടേണ്ടി വന്നു. ട്രെയിനില്‍ കയറി. ജനറല്‍ കമ്പാര്‍ട്ട്മെന്റ്. ഭാഗ്യത്തിന് ഇരിക്കാന്‍ സ്ഥലം കിട്ടി. ഇറങ്ങുന്നിടത്ത് ജമാല്‍ എന്ന പയ്യന്‍ കാത്ത് നില്‍ക്കുമെന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം യാത്രയായി. ജമാലിനെ ഫോണില്‍ വിളിച്ചു നോക്കി. എത്തുന്ന സമയമാകുമ്പോള്‍ സ്റ്റേഷനില്‍ കാണുമെന്ന് പറഞ്ഞു. തെല്ലൊരാശ്വാസത്തോടെ ഞാന്‍ ചുറ്റും നോക്കി. ഒരു വൃത്തിയുള്ള മുഖമോ വൃത്തിയുള്ള വസ്ത്രം ധരിച്ചതോ ആയ ആരേയും കാണാന്‍ കഴിഞ്ഞില്ല.അടുത്തിരിക്കുന്നവരില്‍ നിന്നുള്ള ദുര്‍ഗന്ധം എന്റെ മൂക്കിനെ ആലോസരപ്പെടുതുകയും പിന്നെയത് ചര്‍ദ്ദിയായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. സിറ്റി ട്രെയിന്‍ ആയത് കൊണ്ട് ടോയ്‌ലെറ്റ് ഇല്ലെന്ന അറിവ് എന്നെ ശരിക്കും വിഷമിപ്പിച്ചു
രാത്രി പത്ത് മണിയോടെ അലിഗറില്‍ എത്തി. പറഞ്ഞിരുന്നത് പോലെ ജമാല്‍, നിഷാദ് എന്നീ വിദ്യാര്‍ത്ഥികള്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. അവര്‍ നേരത്തെ ബുക്ക് ചെയ്ത് വെച്ചിരുന്ന റൂമിലേക്ക് സൈക്കിള്‍ റിക്ഷയിലാണ് പോയത്. സൈക്കിള്‍ റിക്ഷ ഞാന്‍ ആദ്യമായാണ് നേരില്‍ കാണുന്നത്. അതിലിരുന്ന് നാട് കാണുമ്പോള്‍ ഒരു പ്രത്യേക സുഖം തോന്നി. അവിടെ മഴ പെയ്തിരുന്നെന്ന് തോന്നുന്നു. അല്പം തണുത്ത കാറ്റ് വീശി. അത് വരെ അനുഭവിച്ചിരുന്ന വൈഷമ്യങ്ങള്‍ക്ക് നേരിയ ആശ്വസം.
ഹോട്ടല്‍ഗുല്‍മാര്‍ഗ്ല്‍ ആയിരുന്നു താമസം. അവര്‍ വിളിച്ച് പറഞ്ഞ് ചപ്പാത്തി റൂമില്‍ എത്തിച്ച് തന്നു. നാളെ കാലത്ത് എത്തും എന്ന് അറിയിച്ച് അവര്‍ പോയി. അന്നത്തെ ഉറക്കത്തിന്റെ ഗാഢത പ്രത്യേകതയുള്ളത് തന്നെ. ഞാനിത്രയും തളര്‍ന്ന് കുഴഞ്ഞ് ഉറങ്ങിപ്പോയിട്ടില്ല മുന്‍പൊരിക്കലും.
രാവിലെ നിഷാദ് എത്തി. സൈക്കിള്‍റിക്ഷയില്‍ സര്‍വ്വകലാശാലയിലേക്ക് കൊണ്ടുപോയി. നോമ്പ് കാലമായത് കൊണ്ട് രാവിലെ ഭക്ഷണം കിട്ടിയില്ല.ഉച്ചയോടെ പരീക്ഷ കഴിഞ്ഞ്കോളേജില്‍ നിന്നിറങ്ങുമ്പോള്‍ വെയിലിന്റെ ചൂടേറ്റ് കാത്ത് നില്പിന്റെ വിരസതയോടെ നൊയമ്പിന്റെ ആലസ്യത്തോടെ നിഷാദും കൂട്ടുകാരന്‍ സല്‍മാനും ഉണ്ടായിരുന്നു.എവിടെ നിന്നോ സംഘടിപ്പിച്ച പഴവും ജ്യൂസും തന്ന് അവര്‍ റൂമിലേക്ക് റിക്ഷ വിളിച്ച് തന്നു.
മടക്കത്തെ കുറിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍ ഇത് വരെ വന്ന സ്ഥിതിക്ക് ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ കുറിച്ച് ഓര്‍മ്മിച്ചു. അങ്ങിനെ ആഗ്രയിലേക്ക് പോവാന്‍ തീരുമാനിച്ചു. അലിഗറില്‍ നിന്നും സല്‍മാന്‍ ആഗ്രയിലേക്കുള്ള ബസ് കയറ്റി വിട്ടു. ആഗ്രയില്‍ കാത്ത് നില്‍ക്കുന്നത് വിനോദ് സര്‍ ആണ്.
അലിഗഡിനെ പിന്നിലാക്കി ബസ് മുന്നോട്ട് നീങ്ങുംതോറും ചുറ്റുപാടുമുള്ള കാഴ്ചകള്‍ രസകരമായികൊണ്ടിരുന്നു. താജിന്റെ സിറ്റിയിലേക്ക് കയറിയപ്പോള്‍ ഒരു പ്രത്യേക സുഖം തോന്നി. ധാരാളം വാഹനങ്ങളും വൃത്തിയുള്ള ആളുകളും ഒക്കെ കണ്ടപ്പോള്‍ എനിക്കല്പം ആശ്വസമായി. പറഞ്ഞത് പോലെ ബസ്സ്റ്റാന്റില്‍ വിനോദ് സര്‍ വന്നു. എയര്‍ഫോഴ്സുകാരന്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ ഒരു വലിയ ഗൗരവക്കാരനെയാണ് ഞാന്‍ പ്രതീക്ഷിച്ചത്. ഒരു ജാഡയുമില്ലാത്ത എയര്‍ഫോഴ്സുകാരനും എനിക്ക് കൗതുകമായി.അദ്ദേഹം ഹോട്ടല്‍ പവനിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. താജ്മഹലിലേക്ക് കാലത്ത് തന്നെ പോകണമെന്നും ഉച്ചവെയില്‍ ആയാല്‍ കാല്‍ പൊള്ളുമെന്നും പറഞ്ഞുതന്നിട്ട് അദ്ദേഹം താല്‍കാലിക യാത്ര പറഞ്ഞു
പിറ്റേന്ന് ഏഴുമണിക്കു തന്നെ അദ്ദേഹമെത്തി. രാവിലെ ഒരു സൗത്തിന്ത്യന്‍ ഹോട്ടലില്‍ നിന്ന് പ്രാതല്‍ കഴിച്ച് ഓട്ടൊറിക്ഷയില്‍ താജ്മഹലിലേക്ക് പോയി. ഒരു ഭാഗത്ത് വെച്ച് ഓട്ടോ നിര്‍ത്തി. പിന്നീടങ്ങോട്ട് അല്പം നടക്കാനുള്ളതിനാല്‍ കുതിരവണ്ടി വിളിച്ചു. അങ്ങിനെ ആദ്യമായി കുതിരവണ്ടിയില്‍ കയറി. ഇതൊന്നും സ്വപ്നമല്ലെന്ന് തിരിച്ചറിയാന്‍ ഇടക്കിടെ കൈയില്‍ നുള്ളി നുള്ളി കൈ ചെമന്ന് തുടങ്ങിയിരുന്നു. ദേഹപരിശോധനയും ബാഗ് പരിശോധനയും നടന്നു. ബാഗില്‍ ഉണ്ടായിരുന്ന ബിസ്കറ്റ് അവര്‍ വേസ്റ്റ് ബോക്സില്‍ നിക്ഷേപിച്ചു.ഭക്ഷ്യവസ്തുക്കള്‍ അനുവദനീയമല്ലത്രെ!
താജ്‌മഹലിലേക്ക് പ്രവേശിക്കാന്‍ ഭീമാകാരമായ കൂറ്റന്‍ ചെമന്ന കവാടം. അതിന്റെ ഉയരവും മനോഹാരിതയും കണ്ട് ഒരു നിമിഷം ഞാനങ്ങിനെ നിന്നു. പിന്നെ അകത്തേക്ക്. ദൂരെ നിന്നും താജ്‌മഹല്‍ എന്ന ആ മഹാത്ഭുതം എന്റെ സ്വന്തം കണ്ണുകള്‍ കൊണ്ട്, നേരിട്ട്, മറയില്ലാതെ ഞാന്‍ നോക്കി കണ്ടു!! വിനോദ് സര്‍ ക്യാമറ എടുത്തിരുന്നു. അദ്ദേഹത്തിന്റെ ക്യാമറ കണ്ണുകള്‍ പരിസരം ഒപ്പിയെടുത്തുകൊണ്ടിരുന്നു.
താജ്‌മ്യൂസിയത്തില്‍ താജ്‌മഹലും പരിസരവുമൊക്കെ ഒരു ചിത്രകാരന്‍ വരച്ചു വെച്ചിരിക്കുന്നു. ക്യാമറകണ്ണുകള്‍ നാണിച്ചുപോകും ചിത്രങ്ങള്‍! അതില്‍ ഷാജഹാനും മുംതാസ് ബീഗവും ഉണ്ട്. മുംതാസ് എന്ന സുന്ദരിയുടെ ചിത്രം തെല്ല് അസൂയയോടെ ഞാന്‍ നോക്കി. അവിടന്ന് വിട വാങ്ങുമ്പോള്‍ ആര്‍ക്കിയോളജിക്കല്‍ വിഭാഗത്തിന് ഇന്ന് സമ്പാദ്യം തരുന്ന ഒരു കെട്ടിടം എന്നതിനെക്കാള്‍ ഒരു കാലത്ത് ഒരു ചക്രവര്‍ത്തി കാണിച്ച ധൂര്ത്തായിരുന്നു മനസ്സിലെ ബിംബം.
ഉച്ചയൂണ് കഴിഞ്ഞ് ആഗ്ര കോട്ടയിലേക്ക് പോയി. ഷാജഹാന്‍ മകനാല്‍ തടവിലാക്കപ്പെട്ട കോട്ട. അതിന്റെ കിടങ്ങുകളും കടുവാത്തോട്ടവും ഇരുമ്പുദണ്ഡ് ഉരുട്ടും പാലവും അതിശയിപ്പിക്കുന്നവ തന്നെ. അതിനകത്ത് മുംതാസിന്റെ രണ്ട് പെണ്മക്കളുടെ മുറികളും ഒത്ത നടുവില്‍ ഷാജഹാന്റേയും മുംതാസിന്റെയും കിടപ്പുമുറിയും. അവയെല്ലാം ഒരു കാലത്ത് സ്വര്‍ണ്ണങ്ങള്‍ കൊണ്ടും രത്നങ്ങള്‍ കൊണ്ടും അലങ്കരിക്കപ്പെട്ടിരുന്നന്നും, ബ്രിട്ടീഷുകാര്‍ അവയെല്ലാം പറിച്ചെടുത്ത് നാടുകടത്തിയെന്നും ഗൈഡ് പറഞ്ഞു. മുംതാസിന്റെ ആദ്യവിവാഹമായിരുന്നില്ല അതെന്നും ഷാജഹാന്റെ നാലാമത്തെ ഭാര്യയാണ് അവരെന്നും പതിനാലാം പ്രസവത്തിലാണ് അവര്‍ മരിച്ചതെന്നും ഗൈഡ് പറഞ്ഞു. ഓരോ ഗൈഡും ഓരോ കഥ പറയുമെന്നും ചിലത് സത്യവും ചിലത് അസത്യവുമെന്ന് വിനോദ് സര്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അവരുടെ സ്നാനസ്ഥലം, തടവറകള്‍, മച്ലിഭവന്‍, മുംതാസിനു വേണ്ടി മാത്രം നിര്‍മ്മിച്ച ചില്ല് മുറി, മുന്തിരിത്തോട്ടങ്ങള്‍, നിസ്കാരപള്ളി, ദീവാനാഖാസ്, ദീവാനെ ആം എല്ലാം കണ്ട് സന്ധ്യയോടെ പുറത്ത് കടന്നു. ഇരുട്ടും മുന്നെ മുറിയില്‍ തിരിച്ചെത്തി. 

.
പിറ്റേന്ന് രാവിലെ തീവണ്ടി കയറ്റിവിടാന്‍ വിനോദ് സര്‍ വന്നു. ഒപ്പം ട്രയിനില്‍ കഴിക്കാനുള്ള ഭക്ഷണവുമായി ഭാര്യയും കുഞ്ഞുവാവയും. അങ്ങിനെ മഹാത്ഭുതങ്ങളുടെ നടുവില്‍ നിന്നും നാട്ടിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. തീവണ്ടിയിലെ എസി കമ്പാര്‍ട്ട്മെന്റിലായിരുന്നു മടക്കയാത്ര. ചൂടും വൃത്തിഹീനതയും ഒന്നുമില്ലാത്ത സുഖകരമായ മടക്കം. ഞാന്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി എന്റെ ഇന്ത്യയെ കണ്ടുകൊണ്ടിരുന്നു. ഇന്ത്യന്‍ റെയില്‍വേയും അതിന്റെ പരിസരങ്ങളും ലോകത്തിലെ ഏറ്റവും വലിയ ശൗച്യാലയമാക്കി മാറ്റിയ ഭാരതീയരെ ഞാന്‍ കണ്ടു. ഗ്രാമീണതയെന്നാല്‍ നിറഞ്ഞ പച്ചപ്പും കളകളാരവം പൊഴിക്കുന്ന അരുവികളും ഒക്കെയുള്ള എന്റെ സങ്കല്പ്പം തകര്‍ന്നുടഞ്ഞു. ഗ്രാമം എന്നാല്‍ ശൗച്യാലയമില്ലാത്ത വീടുകളും, വെറും ഇഷ്ടികകള്‍ അടുക്കി വെച്ച താമസസ്ഥലവും, ഒരു വിദ്യാലയമോ പ്രാഥമികാരോഗ്യ കേന്ദ്രമോ പോലുമില്ല്ലാത്ത എന്തിന്, വൈദ്യുതിയോ വെള്ളമോ പോലുമില്ലാത്ത ഒന്നാണ് എന്ന് ഞാന്‍ മനസ്സിലാക്കി. ഗ്രാമീണതയുടെ മനോഹാരിത എന്ന എന്റെ മനസ്സിലെ ചിത്രം ഗ്രാമീണതയുടെ പരാധീനത എന്ന് മാറ്റിവരച്ചു.
ആന്ധ്രാപ്രദേശിലൂടെ ട്രെയിന്‍ കടന്ന് പോയപ്പോള്‍ അല്പം സുഖം തോന്നി. പാലക്കാടിന്റെത് പോലുള്ള വയലേലകളും പനകളും മനസ്സിനെ ആകര്‍ഷിച്ചു. തിരികെ വീടണഞ്ഞപ്പോള്‍ മനസ്സില്‍ എന്തായിരുന്നു? ഈ ഭൂമിയിലെ ഈ കൊച്ചു കേരളത്തിലെ പാലക്കാടിന്റെ മകളായി ജനിക്കാന്‍ കഴിഞ്ഞത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം എന്നായിരുന്നു ഞാനന്നെന്റെ ഡയറിയില്‍ കുറിച്ചിട്ടത്. ഇത് തന്നെയാണ് സ്വര്‍ഗ്ഗം!!! പഴയൊരു സിനിമാഗാനം ഞാന്‍ വെറുതെ മൂളി..
"ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി...."