Monday, 15 August 2011

ഇതെന്റെ ആദ്യ ദൂരയാത്ര..!

     പാലക്കാടിന്റെ 'ഠ' വട്ടത്തില്‍ നിന്നും അപ്രതീക്ഷിതമായ ഒരു പുറത്തുകടക്കല്‍. അലിഗര്‍ സര്‍വ്വകലാശാലയില്‍ ഒരു പരീക്ഷാസംബന്ധിയായി ബുധനാഴ്ച എത്തേണ്ടതുണ്ടായിരുന്നു. ഇന്‍ഫര്‍മേഷന്‍ ലഭിക്കുന്നത് തിങ്കളാഴ്ചയും. സാധാരണഗതിയില്‍ വേണ്ടെന്ന് വെയ്ക്കാറുള്ള ഇത്തരം പരീക്ഷകളില്‍ ഇതിന്‌ പോകാമെന്ന് തീരുമാനിക്കപ്പെട്ടതില്‍ ഞാനിപ്പഴും അത്ഭുതം കൂറുന്നു.
തീവണ്ടിയില്‍ പോയാല്‍ ബുധനാഴ്ച എത്തില്ലെന്നുള്ളതിനാല്‍ ഫ്ലൈറ്റില്‍ പോകാന്‍ തീരുമാനിക്കപ്പെട്ടു. സന്തോഷം കൊണ്ട് ഞാന്‍ തുള്ളിച്ചാടി. ആകാശത്തിലൂടെ വിമാനം പറന്ന് നീങ്ങുന്നത് കൗതുകത്തോടെ മാത്രം നോക്കി കണ്ടിട്ടുള്ള ഞാന്‍ ഒരു വിമാനത്തില്‍ കയറാന്‍ പോവുകയാണ്‌! പാലക്കാടിന് പുറത്തുള്ള ലോകത്തിനുമപ്പുറം ആകാശക്കാഴ്ചകള്‍ കാണാനുള്ള ഭാഗ്യമാണ്‌ കരഗതമായിരിക്കുന്നത്. അതും നിനച്ചിരിക്കാതെ പെട്ടെന്നൊരുനാള്‍..!

     വീട്ടില്‍ നിന്നും റെയില്‍വെ സ്റ്റേഷന്‍ വരെ കാറിലാണ്‌ പോയത്.അവിടന്ന് എയര്‍‌പോര്‍ട്ട് വരെ തീവണ്ടിയിലും. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തോടടുക്കുമ്പോഴേക്കും എന്റെ സിരകളിലെ രക്തപ്രവാഹംഇരട്ടിച്ചിരുന്നു.         ബേക്കറികളും കൗണ്ടറുകളും ,തുടര്‍‌ച്ചയായി തറ വൃത്തിയാക്കികൊണ്ടിരിക്കുന്ന പെണ്ണുങ്ങള്‍, പട്ടാളവേഷത്തിലെ സെക്ക്യൂരിറ്റികള്‍, മണം പിടിച്ച് കൊണ്ടൊരു നായ,അതിന്റെ മുന്നിലും പിന്നിലുമായി ഓരോ സെക്യുരിറ്റി ഓഫീസര്‍‌മാര്‍, പൊട്ടിച്ചിരിക്കാനായി ഒരു എക്സിറ്റ് കൗണ്ടര്‍‌, പൊട്ടിക്കരയാനായി ഒരു പ്രവേശന കൗണ്ടറ്‌,.. അങ്ങിനെ പുതുമയാര്‍ന്ന ദൃശ്യ വിരുന്നായിരുന്നു എനിക്ക് വിമാനത്താവളം.

     പൊതുവെ കണ്ണീരിന്റെ നനവുള്ള പ്രവേശന കൗണ്ടറിലൂടെ അകത്തുകടന്നു. ബാഗുകള്‍ പെട്ടിക്കകത്തൂടെ അപ്പുറത്തെത്തുംബോള്‍ പച്ച ലൈറ്റ് കാണുന്നതും ശരീര പരിശോധനയും എനിക്ക് കൗതുകമേകി. അപ്പുറത്തെ മുറിയില്‍ വിമാനത്തിന്റെ നമ്പര്‍ വിളിക്കുമ്പോഴും പ്രവേശിക്കേണ്ട ഗേറ്റ് നമ്പര്‍ വിളിക്കുമ്പോഴും പുറമെ ശാന്തമെങ്കിലും മനസ്സ് ആഹ്ലാദം കൊണ്ട് തുള്ളിക്കളിച്ചു. ഒരു വലിയ സ്റ്റെപ്പിലൂടെ വിമാനത്തില്‍ പ്രവേശിച്ചപ്പോള്‍ പുഞ്ചിരിയോടെ സ്വാഗതം ചെയ്ത സുന്ദരനായ യുവാവ്. സീറ്റ് നമ്പറ് നോക്കി ഇരുപ്പുറപ്പിച്ചത് ഞാന്‍ വിമാനം മുഴുവന്‍ നോക്കികണ്ടതിന് ശേഷം മാത്രമാണ്. ഇരിക്കുന്ന സീറ്റിന്‌ മുന്നില്‍ തെളിയുന്ന കുഞ്ഞ് സ്ക്രീന്‍ നോക്കിയിരുന്നു. അതില്‍ വിമാന അപകടത്തെ കുറിച്ചുള്ള മുന്നറിയിപ്പും എങ്ങിനെ പുറത്ത് കടക്കണം എന്നും വിവരിച്ചു. അത് കേട്ടയുടനെ അത് വരെയുണ്ടായിരുന്ന എന്റെ സന്തോഷം മുഴുവന്‍ ഒറ്റ നിമിഷം കൊണ്ട് കെട്ടടങ്ങി. അപകട സാധ്യത മാത്രം  മനസ്സില്‍ മുഴങ്ങി നിന്നു. ഭയം കൊണ്ട് എന്റെ ഉള്ള് കിടുങ്ങാന്‍ തുടങ്ങി. ‘ആകാശത്തിന്റെ നെറുകയില്‍ എത്തിയിട്ട് അപകടം സംഭവിച്ചാല്‍ exitലൂടെ പുറത്ത് കടന്നിട്ട് എന്ത് ചെയ്യാനാണ്‌‘?എന്ന ചിന്ത എന്നെ മഥിച്ചു.

     വിമാനം ഉയര്‍‌ന്ന് പൊങ്ങി.താഴെ ഭൂമി വളരെ നേര്‍‌ത്ത് നേര്‍ത്ത് വന്നു.മുന്നിലെ സ്ക്രീനില്‍ വിമാനത്തിന്റെ വേഗതയും ഉയരവും എത്തിപ്പെടുന്ന സ്ഥലത്തിന്റെ മാപ്പും കാണിച്ചുകൊണ്ടിരുന്നു. ഭയം കൊണ്ട് വിറക്കുന്നുണ്ടെങ്കിലും ആകാശകാഴ്ചകള്‍ കണ്ട് തന്നെ ഇരുന്നു. കുട്ടിക്കാലത്ത് മഴമേഘങ്ങള്‍ ഘനീഭവിച്ച് മഴ പെയ്യുന്നു എന്ന് പഠിക്കുമ്പോഴും,  ഈ മേഘങ്ങള്‍ ചിലപ്പോള്‍ ഒരു മായക്കാഴ്ചയാവാം എന്നെന്റെ മനസ്സ് പറഞ്ഞിരുന്നു.മേഘങ്ങള്‍ എന്നത് ഒരു സത്യമാണെന്ന് അടുത്ത് നിന്ന് കണ്ടറിഞ്ഞു. ഒത്തിരി മേഘങ്ങളാണ്‌ കീഴ്‌പോട്ടുള്ള ദൃശ്യം. ഇരുണ്ട് കറുത്ത മേഘങ്ങളും സത്യങ്ങളാണ്‌. മുകളിലും താഴേയും മേഘങ്ങള്‍. ആകാശപ്പൊയ്കയുടെ നടുവില്‍ ഞാന്‍! ആകാശച്ചെരുവിന്റെ നീലിമ ഒരു മിഥ്യാകാഴ്ചയാണെന്നും കരുതിയിരുന്നു. ആകാശത്തിന്റെ നീലിമയും സത്യമെന്ന് അറിഞ്ഞു.
ഞാന്‍ വീണ്ടും സീറ്റിനുമുന്നിലെ സ്ക്രീനിലേക്ക് നോക്കി. 11000   മീറ്റര്‍ ഉയരത്തിലാണ്‌ ഭൂമിയില്‍ നിന്നും. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഉണ്ടാവുന്ന വാര്‍ത്ത 'ഞാന്‍  വിമാനാപകടത്തില്‍...' എന്ന് തുടങ്ങുന്ന വരിയാകുമോ അതോ ' ഞാനും വിമാന യാത്രചെയ്തു എന്നതാകുമൊ  എന്ന് ഇടക്കിടെ വെറുതെ ചിന്തിച്ചുകൊണ്ടിരുന്നു. മരണത്തെ ഞാന്‍ ഇത്ര മാത്രം ഭയക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞു. എത്ര ഭയന്നാലും ഏതൊരാത്മാവും അനുഭവിച്ചറിയേണ്ട രുചിയാണ്‌ മരണത്തിന്റെതെന്ന് അറിഞ്ഞുകൊണ്ടുതന്നെ.

     എല്ലാവര്‍ക്കും ഭക്ഷണം വിതരണം ചെയ്യപ്പെട്ടു. ഉപ്പുമാവും, മസാല അപ്പവും ബന്നും ഫലങ്ങളും ഒക്കെയായിരുന്നു വിഭവങ്ങള്‍. എന്റെ ശ്രദ്ധ ഭക്ഷണത്തിലേക്ക് തിരിഞ്ഞത് ടെന്‍ഷന്‌ അല്പം അയവ് വരുത്തി. അങ്ങിനെ ഞാനും ആകാശത്ത് വെച്ച് ഭക്ഷണം കഴിച്ചവളായി മാറി. ഭക്ഷണശേഷം വീണ്ടും പുറത്തെ ആകാശവും വിമാനത്തിന്റെ ചിറകും നോക്കി ഭയപ്പാടോടെ,പ്രാര്‍ത്ഥനയോടെ ഇരുന്നു. മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. അത് കൊണ്ട് വാച്ചിലെ സൂചി നീങ്ങുന്നതും നോക്കി സമയം കളഞ്ഞു.

     ഒടുവില്‍ 'ഞാനും വിമാനയാത്ര ചെയ്തു' എന്ന വാര്‍ത്തയാല്‍ ദില്ലിയില്‍  എത്തി. വിമാനത്താവളത്തില്‍ നിന്നും ടാക്സിയില്‍ കയറി.നേരത്തെ പറഞ്ഞിരുന്നത് പോലെ എം പിയുടെ ഓഫീസിലേക്കാണ്‌ പോയത്.പോകും വഴി രാഷ്ട്രപതി ഭവനും ഇന്ത്യഗേറ്റുമൊക്കെ ടാക്സിക്കാരന്‍ കാണിച്ചു തന്നു. ഓഫീസില്‍ എം പി യെകാണാന്‍ എത്തിയവരും പി എ മാരും ഒക്കെ ഉണ്ടായിരുന്നു.എല്ലാം മലയാളികളാണെന്ന് തോന്നുന്നു. എന്നോട് മലയാളത്തില്‍ സംസാരിച്ചു. പേഴ്സണല്‍ സ്റ്റാഫിലെ സിമ്മി സാറ്‌ അകത്ത് കുളിക്കാനും വസ്ത്രം മാറാനും സൗകര്യം ചെയ്ത് തന്നു.വൈകുന്നേരം അലിഗഡിലേക്കുള്ള ട്രെയ്നിന്‍‌റെ സമയം അന്വേഷിക്കുകയും ചെയ്തു.

      ഉച്ചതിരിഞ്ഞ് എം പി വന്നു. അദ്ദേഹത്തെ നേരില്‍ കണ്ട് ഞാന്‍ അതിശയിക്കുകയാണ്‌. ഒരു സിനിമാതാരത്തേയോ രാഷ്ട്രീയ നേതാക്കളെയോ ഒന്നും നേരില്‍ കണ്ടിട്ടില്ലാത്ത ഞാന്‍ സ്വപ്നം കാണുകയാണോ എന്ന് സ്വയം നുള്ളി നോക്കി. വളരെ സാധാരണാമായ ' ഊണ്‌ കഴിഞ്ഞോ? ചായ പറയട്ടെ?' എന്നിങ്ങനെയുള്ള കുശലാന്വേഷണങ്ങള്‍ ഉയിരോടെ ഒരു എം പി യെ കണ്ട ഭയപ്പാടില്‍ നിന്നെന്നെ ഊരിയെടുത്തു.

     വൈകുന്നേരം സിമ്മിസര്‍  ട്രയിന്‍ കയറ്റി വിടാന്‍ കൂടെ വന്നു. ഇരുനിറമുള്ള ഉയരം കുറഞ്ഞ ആ യുവാവിന്റെ വേഗതക്കൊപ്പമെത്താന്‍ ഞാന്‍ പെടാപാടുപെട്ടു.ഭൌമാന്തര്‍ ഭാഗത്തുള്ള മെട്രോ ട്രെയിനില്‍ ആദ്യമായി കയറി. ഇറങ്ങേണ്ടുന്ന സ്ഥലം ചാന്ദ്നി ചൗക്ക് എന്ന് പറഞ്ഞു തന്നു. ഒടുവില്‍, എന്റെ ഭയം കണ്ടിട്ടാവണം ലേഡീസ് കമ്പാര്‍ട്ട്‌മെന്‍‌റില്‍ കയറണ്ട കൂടെ വന്നോളാന്‍ പറഞ്ഞു. അങ്ങിനെ ഞാനും ജെനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറി.ഓരോ സ്റ്റോപ്പും അനൗണ്‍സ് ചെയ്യുന്നുണ്ടായിരുന്നു .അങ്ങിനെ ഭൂമിക്കടിയിലൂടെ ചാന്ദിനിചൗക്കിലെത്തി .അവിടെ പ്രവേശിക്കുംമ്പോഴും പുറത്ത് കടക്കുമ്പോഴുമുള്ള നടപടി ക്രമങ്ങള്‍  ഒത്തിരി ആയിരുന്നു.
    
     പിന്നെ റെയില്‍‌വേസ്റ്റേഷനിലേക്ക് കയറി. അവിടെ വല്ലാതെ തിരക്ക് അനുഭവപ്പെട്ടു. ക്യൂവിന്റെ നീളം കണ്ട് തന്നെ ഞാന്‍ വിവശയായി. സിമ്മിസര്‍ ക്യൂവില്‍ നിന്നു. ഒരു  ഇരുപ്പിടം പോലുമില്ലാത്ത പഴയദില്ലി. അസഹ്യമായ ചൂട് നിറഞ്ഞ അന്തരീക്ഷം. ഞാന്‍ വിയര്‍‌ത്തൊലിച്ചു. താഴെ വെറും നിലത്തിരിക്കുന്ന ആളുകളെ നോക്കി. വിയര്‍‌പ്പുകൊണ്ടും അഴുക്ക് കൊണ്ടും മുഷിഞ്ഞു നാറിയതല്ലാത്ത ഒരാളെ പോലും കാണാനായില്ല. ഞാനും അവരിലൊരാളായി. ആ അഴുക്കു നിറഞ്ഞ വെറും തറയില്‍ ഇരിക്കാന്‍ ആര്‍‌ക്കും ഒരു വൈമനസ്യവുമില്ലെന്നത് എനിക്ക് അത്ഭുതമായി തോന്നി.

     മണിക്കൂറുകളോളം നീണ്ട നില്പിനു ശേഷം എന്റെ കാലുകള്‍‌ കുഴയാന്‍ തുടങ്ങി. ഈ അഴുക്കു പിടിച്ച തറയില്‍ ഇരിക്കാന്‍ ആര്‍‌ക്കും ബുദ്ധിമുട്ടില്ലാത്തതിന്റെ കാരണം അനുഭവിച്ചറിഞ്ഞു. റെയില്‍‌വേ സ്റ്റേഷന്‍ എന്നാല്‍ ഗ്രാനൈറ്റ് പതിച്ച തറകളും,  സ്റ്റീലിന്റെയും ഗ്രാനേറ്റിന്റെയും ഇരുപ്പിടങ്ങളും ഒക്കെ ആയിരുന്നു മനസ്സില്‍. അല്ലാതെയും റെയില്‍‌വേസ്റ്റേഷനുണ്ടെന്നത് എനിക്ക് മനസ്സിലായി. എന്റെ ബാഗിന്റെ പുറത്തു തന്നെ ഞാന്‍ ഇരുന്നു.  ടോയ്‌ലറ്റില്‍ പോകണമെന്നുണ്ടായിരുന്നു .ഇതൊക്കെയാണ്‌ ഇവിടത്തെ അവസ്ഥയെങ്കില്‍ ടോയ്‌ലെറ്റിന്‍‌റെ വൃത്തിയെ കുറിച്ച് ഓര്‍ത്തതു കൊണ്ടും ട്രെയിനില്‍  കയറിയിട്ടാവാം എന്നത് കൊണ്ടും സഹിച്ചിരുന്നു.

     ദീര്‍‌ഘനേരത്തിന്‌ ശേഷം സിമ്മിസര്‍ ടിക്കറ്റുമായി വന്നു. അദ്ദേഹവും വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു. തീവണ്ടി പുറപ്പെടേണ്ട സമയമായതിനാല്‍ അദ്ദേഹം ധൃതിപെട്ട് നടന്നു. ഒപ്പമെത്താന്‍ ഞാന്‍ ഓടേണ്ടി വന്നു. ട്രെയിനില്‍  കയറി. ജനറല്‍ കമ്പാര്‍ട്ട്മെന്റ്. ഭാഗ്യത്തിന് ഇരിക്കാന്‍ സ്ഥലം കിട്ടി. ഇറങ്ങുന്നിടത്ത് ജമാല്‍ എന്ന പയ്യന്‍ കാത്ത് നില്‍ക്കുമെന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം യാത്രയായി. ജമാലിനെ ഫോണില്‍ വിളിച്ചു നോക്കി. എത്തുന്ന സമയമാകുമ്പോള്‍ സ്റ്റേഷനില്‍ കാണുമെന്ന് പറഞ്ഞു. തെല്ലൊരാശ്വാസത്തോടെ ഞാന്‍ ചുറ്റും നോക്കി. ഒരു വൃത്തിയുള്ള മുഖമോ വൃത്തിയുള്ള വസ്ത്രം ധരിച്ചതോ ആയ ആരേയും കാണാന്‍ കഴിഞ്ഞില്ല.അടുത്തിരിക്കുന്നവരില്‍ നിന്നുള്ള ദുര്‍‌ഗന്ധം എന്റെ മൂക്കിനെ ആലോസരപ്പെടുതുകയും പിന്നെയത് ചര്‍ദ്ദിയായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. സിറ്റി ട്രെയിന്‍ ആയത് കൊണ്ട് ടോയ്‌ലെറ്റ് ഇല്ലെന്ന അറിവ് എന്നെ ശരിക്കും വിഷമിപ്പിച്ചു

     രാത്രി പത്ത് മണിയോടെ അലിഗറില്‍ എത്തി. പറഞ്ഞിരുന്നത് പോലെ ജമാല്‍, നിഷാദ് എന്നീ വിദ്യാര്‍ത്ഥികള്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നു. അവര്‍ നേരത്തെ ബുക്ക് ചെയ്ത് വെച്ചിരുന്ന റൂമിലേക്ക് സൈക്കിള്‍ റിക്ഷയിലാണ്‌ പോയത്.  സൈക്കിള്‍ റിക്ഷ ഞാന്‍ ആദ്യമായാണ്‌ നേരില്‍ കാണുന്നത്. അതിലിരുന്ന് നാട് കാണുമ്പോള്‍ ഒരു പ്രത്യേക സുഖം തോന്നി. അവിടെ മഴ പെയ്തിരുന്നെന്ന് തോന്നുന്നു. അല്പം തണുത്ത കാറ്റ് വീശി. അത് വരെ അനുഭവിച്ചിരുന്ന വൈഷമ്യങ്ങള്‍‌ക്ക് നേരിയ ആശ്വസം.

     ഹോട്ടല്‍ഗുല്‍മാര്‍ഗ്ല്‍ ആയിരുന്നു താമസം.  അവര്‍ വിളിച്ച് പറഞ്ഞ് ചപ്പാത്തി റൂമില്‍ എത്തിച്ച് തന്നു. നാളെ കാലത്ത് എത്തും എന്ന് അറിയിച്ച് അവര്‍ പോയി. അന്നത്തെ ഉറക്കത്തിന്റെ ഗാഢത പ്രത്യേകതയുള്ളത് തന്നെ. ഞാനിത്രയും തളര്‍ന്ന് കുഴഞ്ഞ് ഉറങ്ങിപ്പോയിട്ടില്ല മുന്‍പൊരിക്കലും.

     രാവിലെ നിഷാദ് എത്തി. സൈക്കിള്‍‌‌റിക്ഷയില്‍  സര്‍വ്വകലാശാലയിലേക്ക് കൊണ്ടുപോയി.  നോമ്പ് കാലമായത് കൊണ്ട് രാവിലെ ഭക്ഷണം കിട്ടിയില്ല.ഉച്ചയോടെ പരീക്ഷ കഴിഞ്ഞ്കോളേജില്‍ നിന്നിറങ്ങുമ്പോള്‍ വെയിലിന്റെ ചൂടേറ്റ് കാത്ത് നില്പിന്റെ വിരസതയോടെ നൊയമ്പിന്റെ ആലസ്യത്തോടെ നിഷാദും കൂട്ടുകാരന്‍ സല്‍മാനും ഉണ്ടായിരുന്നു.എവിടെ നിന്നോ സംഘടിപ്പിച്ച പഴവും ജ്യൂസും തന്ന് അവര്‍ റൂമിലേക്ക് റിക്ഷ വിളിച്ച് തന്നു.

     മടക്കത്തെ കുറിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍ ഇത് വരെ വന്ന സ്ഥിതിക്ക് ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ കുറിച്ച് ഓര്‍മ്മിച്ചു. അങ്ങിനെ ആഗ്രയിലേക്ക് പോവാന്‍ തീരുമാനിച്ചു. അലിഗറില്‍ നിന്നും സല്‍മാന്‍‌ ആഗ്രയിലേക്കുള്ള ബസ് കയറ്റി വിട്ടു. ആഗ്രയില്‍ കാത്ത് നില്‍ക്കുന്നത്  വിനോദ് സര്‍ ആണ്‌.

     അലിഗഡിനെ പിന്നിലാക്കി ബസ് മുന്നോട്ട് നീങ്ങുംതോറും ചുറ്റുപാടുമുള്ള കാഴ്ചകള്‍ രസകരമായികൊണ്ടിരുന്നു. താജിന്റെ സിറ്റിയിലേക്ക് കയറിയപ്പോള്‍ ഒരു പ്രത്യേക സുഖം തോന്നി. ധാരാളം വാഹനങ്ങളും വൃത്തിയുള്ള ആളുകളും ഒക്കെ കണ്ടപ്പോള്‍ എനിക്കല്പം ആശ്വസമായി. പറഞ്ഞത് പോലെ ബസ്സ്റ്റാന്റില്‍ വിനോദ് സര്‍ വന്നു. എയര്‍ഫോഴ്സുകാരന്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ ഒരു വലിയ ഗൗരവക്കാരനെയാണ്‌ ഞാന്‍ പ്രതീക്ഷിച്ചത്. ഒരു ജാഡയുമില്ലാത്ത എയര്‍ഫോഴ്സുകാരനും എനിക്ക് കൗതുകമായി.അദ്ദേഹം ഹോട്ടല്‍ പവനിലാണ്‌ മുറി ബുക്ക് ചെയ്തിരുന്നത്. താജ്മഹലിലേക്ക് കാലത്ത് തന്നെ പോകണമെന്നും ഉച്ചവെയില്‍ ആയാല്‍ കാല്‍ പൊള്ളുമെന്നും പറഞ്ഞുതന്നിട്ട് അദ്ദേഹം താല്‍കാലിക യാത്ര പറഞ്ഞു

     പിറ്റേന്ന് ഏഴുമണിക്കു തന്നെ അദ്ദേഹമെത്തി. രാവിലെ ഒരു സൗത്തിന്ത്യന്‍ ഹോട്ടലില്‍ നിന്ന് പ്രാതല്‍  കഴിച്ച് ഓട്ടൊറിക്ഷയില്‍ താജ്മഹലിലേക്ക് പോയി. ഒരു ഭാഗത്ത് വെച്ച് ഓട്ടോ നിര്‍ത്തി. പിന്നീടങ്ങോട്ട് അല്പം നടക്കാനുള്ളതിനാല്‍ കുതിരവണ്ടി വിളിച്ചു. അങ്ങിനെ ആദ്യമായി കുതിരവണ്ടിയില്‍ കയറി. ഇതൊന്നും സ്വപ്നമല്ലെന്ന് തിരിച്ചറിയാന്‍ ഇടക്കിടെ കൈയില്‍ നുള്ളി നുള്ളി കൈ ചെമന്ന് തുടങ്ങിയിരുന്നു. ദേഹപരിശോധനയും ബാഗ് പരിശോധനയും നടന്നു. ബാഗില്‍ ഉണ്ടായിരുന്ന ബിസ്കറ്റ് അവര്‍ വേസ്റ്റ്‌ ബോക്സില്‍ നിക്ഷേപിച്ചു.ഭക്ഷ്യവസ്തുക്കള്‍ അനുവദനീയമല്ലത്രെ!

     താജ്‌മഹലിലേക്ക് പ്രവേശിക്കാന്‍ ഭീമാകാരമായ കൂറ്റന്‍ ചെമന്ന കവാടം. അതിന്റെ ഉയരവും മനോഹാരിതയും കണ്ട് ഒരു നിമിഷം ഞാനങ്ങിനെ നിന്നു. പിന്നെ അകത്തേക്ക്. ദൂരെ നിന്നും താജ്‌മഹല്‍ എന്ന ആ മഹാത്ഭുതം എന്റെ സ്വന്തം കണ്ണുകള്‍  കൊണ്ട്, നേരിട്ട്, മറയില്ലാതെ ഞാന്‍ നോക്കി കണ്ടു!! വിനോദ് സര്‍ ക്യാമറ എടുത്തിരുന്നു. അദ്ദേഹത്തിന്റെ ക്യാമറ കണ്ണുകള്‍ പരിസരം ഒപ്പിയെടുത്തുകൊണ്ടിരുന്നു.
  ചെരുപ്പുകള്‍ സൂക്ഷിക്കാന്‍ കൊടുത്ത് ടോക്കണ്‍ വാങ്ങി. അങ്ങിനെ ആ അനശ്വര പ്രണയത്തിന്റെ ശവകുടീരത്തിനകത്തേക്ക് പ്രവേശിച്ചു. ആ കൂറ്റന്‍ കെട്ടിടത്തിന്റെ ഒത്ത കേന്ദ്രത്തില്‍ നിന്ന് മുംതാസ് ബീഗത്തിന്റെ ഖബറിടത്തിന്റെ കേന്ദ്രത്തിലേക്ക് ഒരു  കയര്‍. അത്രക്കും കൃത്യതയോടെയാണ്‌ ശില്പി അത് പണിതിരിക്കുന്നത്. വെളുത്ത മാര്‍ബിള്‍ കൊണ്ട് തിളങ്ങുന്ന ആ ശവകുടീരത്തില്‍ നില്‍ക്കുമ്പോള്‍ അത് പണിത ശേഷം ഇനിയൊന്ന് പണിയാതിരിക്കാനായി ക്രൂരമായി വധിക്കപ്പെട്ട ശില്പിയെ മനസ്സില്‍ ഓര്‍ത്തു. മാര്‍ബിളില്‍ കൊത്തിയെടുത്ത ലോട്ടസ്, ജാസ്മിന്‍ ഫ്ലവര്‍ എന്നിങ്ങനെയുള്ള ഡിസൈനുകള്‍ ഒത്തിരി നേരം നോക്കി നിന്നു പോയി. ഒരു പ്രണയത്തിന്റെ പേരില്‍ അനേകായിരങ്ങളുടെ കണ്ണീരും വിയര്‍പ്പും കൊണ്ട് നിര്‍മ്മിതമായ മഹല്‍! രാജ്യത്തിന്റെ ക്ഷേമത്തിനായി ചിലവഴിക്കേണ്ട ധനം ഇത്തരത്തില്‍ ദുര്‍‌വിനിയോഗം ചെയ്ത ഷാജഹാന്‍ ചക്രവര്‍ത്തി! വര്‍ഷങ്ങള്‍ക്ക് ശേഷവും നാമം പ്രകീര്‍ത്തിക്കപ്പെട്ട സ്ത്രീകളില്‍ അസൂയ ജനിപ്പിക്കുന്ന മുംതാസ് ബീഗം! ...അങ്ങിനെ ചിന്തകള്‍ ഒഴുകുകയാണ്‌.

    
     താജ്‌മ്യൂസിയത്തില്‍ താജ്‌മഹലും പരിസരവുമൊക്കെ ഒരു ചിത്രകാരന്‍ വരച്ചു വെച്ചിരിക്കുന്നു. ക്യാമറകണ്ണുകള്‍ നാണിച്ചുപോകും ചിത്രങ്ങള്‍! അതില്‍ ഷാജഹാനും മുംതാസ് ബീഗവും ഉണ്ട്. മുംതാസ് എന്ന സുന്ദരിയുടെ ചിത്രം തെല്ല് അസൂയയോടെ ഞാന്‍ നോക്കി. അവിടന്ന് വിട വാങ്ങുമ്പോള്‍ ആര്‍‌‍ക്കിയോളജിക്കല്‍  വിഭാഗത്തിന്‌ ഇന്ന് സമ്പാദ്യം തരുന്ന ഒരു കെട്ടിടം എന്നതിനെക്കാള്‍ ഒരു കാലത്ത് ഒരു ചക്രവര്‍ത്തി കാണിച്ച ധൂര്ത്തായിരുന്നു മനസ്സിലെ ബിംബം.


  ഉച്ചയൂണ്‌ കഴിഞ്ഞ് ആഗ്ര കോട്ടയിലേക്ക് പോയി. ഷാജഹാന്‍ മകനാല്‍ തടവിലാക്കപ്പെട്ട കോട്ട. അതിന്റെ കിടങ്ങുകളും കടുവാത്തോട്ടവും ഇരുമ്പുദണ്ഡ്‌ ഉരുട്ടും പാലവും അതിശയിപ്പിക്കുന്നവ തന്നെ. അതിനകത്ത് മുംതാസിന്റെ രണ്ട് പെണ്മക്കളുടെ മുറികളും ഒത്ത നടുവില്‍ ഷാജഹാന്റേയും മുംതാസിന്റെയും കിടപ്പുമുറിയും. അവയെല്ലാം ഒരു കാലത്ത് സ്വര്‍ണ്ണങ്ങള്‍ കൊണ്ടും രത്നങ്ങള്‍ കൊണ്ടും അലങ്കരിക്കപ്പെട്ടിരുന്നന്നും, ബ്രിട്ടീഷുകാര്‍ അവയെല്ലാം പറിച്ചെടുത്ത് നാടുകടത്തിയെന്നും ഗൈഡ് പറഞ്ഞു. മുംതാസിന്റെ ആദ്യവിവാഹമായിരുന്നില്ല അതെന്നും ഷാജഹാന്റെ നാലാമത്തെ ഭാര്യയാണ്‌ അവരെന്നും പതിനാലാം പ്രസവത്തിലാണ്‌ അവര്‍ മരിച്ചതെന്നും ഗൈഡ് പറഞ്ഞു.  ഓരോ ഗൈഡും ഓരോ കഥ പറയുമെന്നും ചിലത് സത്യവും ചിലത് അസത്യവുമെന്ന് വിനോദ് സര്‍ ഓര്‍‌മ്മിപ്പിച്ചുകൊണ്ടിരുന്നു. അവരുടെ സ്നാനസ്ഥലം, തടവറകള്‍, മച്ലിഭവന്‍, മുംതാസിനു വേണ്ടി മാത്രം നിര്‍‌മ്മിച്ച ചില്ല് മുറി, മുന്തിരിത്തോട്ടങ്ങള്‍, നിസ്കാരപള്ളി, ദീവാനാഖാസ്, ദീവാനെ ആം എല്ലാം കണ്ട് സന്ധ്യയോടെ പുറത്ത് കടന്നു. ഇരുട്ടും മുന്നെ മുറിയില്‍ തിരിച്ചെത്തി.
   .

     പിറ്റേന്ന് രാവിലെ തീവണ്ടി കയറ്റിവിടാന്‍ വിനോദ് സര്‍ വന്നു. ഒപ്പം ട്രയിനില്‍ കഴിക്കാനുള്ള ഭക്ഷണവുമായി ഭാര്യയും കുഞ്ഞുവാവയും. അങ്ങിനെ മഹാത്ഭുതങ്ങളുടെ നടുവില്‍ നിന്നും നാട്ടിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. തീവണ്ടിയിലെ എസി കമ്പാര്‍ട്ട്മെന്റിലായിരുന്നു മടക്കയാത്ര. ചൂടും വൃത്തിഹീനതയും ഒന്നുമില്ലാത്ത സുഖകരമായ മടക്കം. ഞാന്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി എന്റെ ഇന്ത്യയെ കണ്ടുകൊണ്ടിരുന്നു. ഇന്ത്യന്‍ റെയില്‍‌വേയും അതിന്റെ പരിസരങ്ങളും ലോകത്തിലെ ഏറ്റവും വലിയ ശൗച്യാലയമാക്കി മാറ്റിയ ഭാരതീയരെ ഞാന്‍ കണ്ടു. ഗ്രാമീണതയെന്നാല്‍ നിറഞ്ഞ പച്ചപ്പും കളകളാരവം പൊഴിക്കുന്ന അരുവികളും ഒക്കെയുള്ള എന്റെ സങ്കല്പ്പം തകര്‍ന്നുടഞ്ഞു. ഗ്രാമം എന്നാല്‍ ശൗച്യാലയമില്ലാത്ത വീടുകളും, വെറും ഇഷ്ടികകള്‍ അടുക്കി വെച്ച താമസസ്ഥലവും, ഒരു വിദ്യാലയമോ പ്രാഥമികാരോഗ്യ കേന്ദ്രമോ പോലുമില്ല്ലാത്ത എന്തിന്‌, വൈദ്യുതിയോ വെള്ളമോ പോലുമില്ലാത്ത ഒന്നാണ്‌ എന്ന് ഞാന്‍ മനസ്സിലാക്കി. ഗ്രാമീണതയുടെ മനോഹാരിത എന്ന എന്റെ മനസ്സിലെ ചിത്രം ഗ്രാമീണതയുടെ പരാധീനത എന്ന് മാറ്റിവരച്ചു.

     ആന്ധ്രാപ്രദേശിലൂടെ ട്രെയിന്‍ കടന്ന് പോയപ്പോള്‍ അല്പം സുഖം തോന്നി. പാലക്കാടിന്റെത് പോലുള്ള വയലേലകളും പനകളും മനസ്സിനെ ആകര്‍ഷിച്ചു. തിരികെ വീടണഞ്ഞപ്പോള്‍ മനസ്സില്‍ എന്തായിരുന്നു? ഈ ഭൂമിയിലെ ഈ കൊച്ചു കേരളത്തിലെ പാലക്കാടിന്റെ മകളായി ജനിക്കാന്‍ കഴിഞ്ഞത് തന്നെയാണ്‌ ഏറ്റവും വലിയ ഭാഗ്യം എന്നായിരുന്നു ഞാനന്നെന്റെ ഡയറിയില്‍ കുറിച്ചിട്ടത്. ഇത് തന്നെയാണ്‌ സ്വര്‍ഗ്ഗം!!! പഴയൊരു സിനിമാഗാനം ഞാന്‍ വെറുതെ മൂളി..
              "ഈ മനോഹര തീരത്ത് തരുമോ
               ഇനിയൊരു ജന്മം കൂടി...."

56 comments:

  1. യാത്രാസാഹിത്യം ഒരു കരപറ്റിക്കാൻ ഇത്തിരി പാടാണേന്നു തോന്നാറുണ്ട്.വായനയുടെ സുഖം മുറിഞ്ഞു പോകാതെ അനുവാചകനെ സഹയാത്രികനാക്കാൻ കഴിയുമ്പോൾ സ്ര് ഷ്ടി മനോഹരമാകുന്നു.അനു ഈ വിഷയത്തിൽ ഏറെക്കുറേ വിജയിച്ചിരിക്കുന്നു.ഓരോ സ്ഥലത്തു നിന്നും അടുത്ത ഇടങ്ങളിലേക്ക് പെട്ടെന്നു പറന്നിറങ്ങുന്ന പ്രതീതി.അനുവിന്റെ സാധാരണ രചനകളിൽ നിന്നും വ്യത്യസ്തമായി ആത്മഭാഷണങ്ങൾ കുറവാണു,ഉള്ളവയാകട്ടെ കഥാപാത്രങ്ങളെ അടർത്തിയെടുത്തു നൽകുന്നു.യാത്രാവിവരണം എന്ന നിലക്ക് അടുക്കും ചിട്ടയും ഭംഗിയുമുള്ള രചന..വളരെ നിഷ്കളങ്കയായ ഒരു കുട്ടിയിൽ നിന്നും തുടങ്ങി സാവധാനം വിഷയത്തിലേക്കു കടന്ന രീതി എനിക്കിഷ്ടമായി.. പക്ഷേ എന്തോ എവിടെയോ സാധാരണയിൽ നിന്നും ഒരു വ്യത്യാസം..അതെന്താണെന്നെനിക്കറിയില്ല.. :)

    ReplyDelete
  2. അനശ്വര, മനോഹോരമായ യാത്ര കുറിപ്പ്..ഒപ്പം യാത്ര ചെയ്ത ഒരു പ്രതീതിയുണ്ടായിരുന്നു..ഒട്ടും ബോറടിപ്പിച്ചില്ല..ഒറ്റയടിക്ക് വിമാനം,റിക്ഷ,കുതിരവണ്ടി,ബസ്‌,തീവണ്ടി എല്ലാത്തിലും കേറി അല്ലെ!!! ഒരു ബോട്ട് യാത്ര കൂടി ആവായിരുന്നു :-)

    ReplyDelete
  3. ആഹാ, യാത്രാവിവരണം കൊള്ളാല്ലോ..

    ReplyDelete
  4. ഭാഗ്യവതി... ഇനിയും ധാരാളം യാത്രകൾക്കുള്ള അവസരങ്ങൾ ഉണ്ടാകട്ടെ... ലോകം മുഴുവനും സഞ്ചരിക്കാൻ......
    ഒരു ചെറിയതിരുത്ത്.....
    അങ്ങിനെ അനശ്വര ആ പ്രണയത്തിന്റെ ശവകുടീരത്തിനകത്തേക്ക് പ്രവേശിച്ചു.

    ReplyDelete
  5. പരീക്ഷേടെ പേരും പറഞ്ഞ് ഒരൊന്നൊന്നര കറക്കം. ആദ്യയാത്രയുടെ ആ ഒരു സന്തോഷവും, ഓരോന്ന് കാണുമ്പോഴുള്ള ആശ്ചര്യവും വായനയില്‍ അനുഭവിക്കാന്‍ കഴിയണുണ്ട്. വീമാനയാത്രയൊക്കെ രസകരമായി തന്നെ പറഞ്ഞു. അവസാനിക്കുമ്പോഴേക്കും ആകെ സിരിയസ്സായിപോയോ!

    ഇവ്ടെ വര്‍ഷങ്ങളായി പ്ലാന്‍ ചെയ്തിട്ടും നടക്കാത്ത സ്വപ്നമാണ് താജ്‌മഹലൊക്കെ. ആ ഭാഗമൊക്കെ വായിച്ചപ്പൊ അസൂയ തോന്നിപോയി. ഹ്മം.... മ്മടെ കൊന്നേം പൂക്കും! ആ സിമ്മി സാറിനെ ഒന്ന് പരിചയപെട്ടാല്‍ കൊള്ളാരുന്നു. അങ്ങ് ഡല്ലീലും ഒരു പിടി നല്ലതല്യോ ;)

    ആശംസകള്‍ അനശ്വര.
    (ഇതിനിടയിലെപ്പഴാ പരൂക്ഷസംബന്ധിയായ കാര്യം നടത്തിയത്? അതോ ആ കാര്യമൊക്കെ മറന്നോ) ;)

    ReplyDelete
  6. നന്നായി ട്ടോ വിവരണം.
    പ്രത്യേകിച്ച് താജ്മഹല്‍ മുതലുള്ള സംഭവങ്ങള്‍.
    അല്‍പം ചരിത്രത്തെയും കൂട്ട് പിടിച്ചെ ഴുതിയ ആ ഭാഗങ്ങള്‍ കൂടുതല്‍ നന്നായി.
    എല്ലാം കൂടെ ഒരു പോസ്റ്റില്‍ ഒതുക്കാനുള്ള തിരക്ക് രാജധാനി എക്സ്പ്രസ് പോലെ പോസ്റ്റ്‌ വേഗത്തിലായിപ്പോയി.
    പക്ഷെ നല്ല വിവരണം തന്നെ. ആസ്വദിച്ചു.

    ReplyDelete
  7. യാത്രാകുറിപ്പുകള്‍ മനോഹരം ആവുന്നത് ആദ്യാവസാനം മടുപ്പുലവാക്കാതെ അത് വായിക്കാന്‍ കഴിയുമ്പോള്‍ ആണ്.എല്ലാവര്ക്കും കഴിയാത്തതും അത് തന്നെ..
    ബ്ലോഗ്ഗര്‍ ജ്യോ എഴുതുമ്പോഴും ഇങ്ങനെ തന്നെ തോന്നാറുണ്ട്.

    തുടക്കം മുതല്‍ ഒടുക്കം വരെ നല്ല ഒഴുക്കോടെ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. എല്ലാ അഭിനന്ദനങ്ങളും..

    വായിച്ചു വായിച്ചു താജ് എന്ന അത്ഭുതം കാണാന്‍ കൊതി കൂടുന്നു..പത്തു വര്‍ഷങ്ങള്‍ക്കു മുന്പ് കാണാനുള്ള ഒരു അവസരം ഡല്‍ഹി വരെ എത്തിയിട്ടും കളഞ്ഞു കുളിച്ചതോര്‍ക്കുമ്പോള്‍ ഒരു വിഷമം..

    ReplyDelete
  8. നിഷ്കളങ്കമായ ഒരു യാത്രാവിവരണം....... ലോകം മുഴുവന്‍ കറങ്ങിയാലും സ്വന്തം നാടുതന്നെയാണ് നമുക്ക് സ്വര്‍ഗ്ഗമായി തോന്നുക....... പ്രത്യേകിച്ച് നമ്മള്‍ മലയാളികള്‍ക്ക്...............

    ReplyDelete
  9. എല്ലാ കംമെന്റ്സിനോടും യൌജിക്കുന്നു

    മനോഹരമായ അവതരണം ...
    ഇഷ്ട്ടപെട്ടു

    ReplyDelete
  10. നന്നായി എഴുതി.
    കൂടെ കാഴ്ചകള്‍ കണ്ടു യാത്ര ചെയ്ത പ്രതീതി.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  11. ''ഒരു പ്രണയത്തിന്റെ പേരില്‍ അനേകായിരങ്ങളുടെ കണ്ണീരും വിയര്‍പ്പും കൊണ്ട് നിര്‍മ്മിതമായ മഹല്‍! രാജ്യത്തിന്റെ ക്ഷേമത്തിനായി ചിലവഴിക്കേണ്ട ധനം ഇത്തരത്തില്‍ ദുര്‍‌വിനിയോഗം ചെയ്ത ഷാജഹാന്‍ ചക്രവര്‍ത്തി! '' താജിനെ കുറിച്ച് വര്‍ണിക്കുമ്പോള്‍ ഇതു മറന്നു പോകുമോ എന്ന് കരുതി 8th പഠിക്കുമ്പോള്‍ ടൂറിനു പോയപ്പോള്‍ താജ് കണ്ടപ്പോള്‍ ഭയങ്കര സന്തോഷവും ഷാജഹാനോട് ഏറെ പ്രിയവുമായിരുന്നെങ്കിലും ചരിത്രം മനസ്സിലകിയതോടെ തീരാത്ത അമര്‍ഷമാണ്‌ .
    യാത്ര വിവരണം നന്നായിടുണ്ട് അലിഗഡ് ലേകല്ലേ പോയത് അപ്പോള്‍ ചരിത്ര പ്രസിദ്ധമായ അലിഗഡ് നെ കുറിച്ചും ചെറുതായി സൂചിപിക്കാമായിരുന്നു

    ReplyDelete
  12. വായിക്കുകയായിരുന്നില്ല. അനശ്വരയോടൊപ്പം ഓടുകയായിരുന്നു. എന്ത് സ്പീടാണ് ഈ യാത്രക്ക്. ബ്ലോഗ്‌ പോസ്റ്റിന്റെ പരിമിതിയില്‍ ഒതുക്കി പറയാനാവും ഈ ഓട്ടം എന്ന് തോന്നുന്നു.കഥാ പാത്രങ്ങള്‍ പലതും ഇടയ്ക്കു മിന്നി മറഞ്ഞു പോയി. ടേക്ക് ഓഫ്‌ മുതല്‍ ഒരു നോണ്‍ സ്റ്റോപ്പ്‌ റണ്ണിംഗ്. എങ്കിലും യാത്ര ശരിക്കും ആസ്വദിച്ചു വായിച്ചു എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്.

    ReplyDelete
  13. great.... inganeyokke kazhivulla aalanalle? athil oru thiruth und... hotel gwaliyor alla.... Gulmarg anu.... very nice.... fantastic.... mun comments vayichappol ningale parijarikkan avasaram kittiyathil njan oralpam ahankarikkunnu

    ReplyDelete
  14. ഈ യാത്ര ശരിക്കും ആസ്വദിച്ചൂട്ടൊ..
    പിന്നെന്താന്നുച്ചാ ഭയങ്കര സ്പീഡായിപ്പോയില്ലേന്നൊരു സംശയം...
    "ഈ മനോഹര തീരത്ത് തരുമോ
    ഇനിയൊരു ജന്മം കൂടി...."
    അതു തന്നെയാ എനിക്കും പറയാനുള്ളത്...!!

    ReplyDelete
  15. അബ്ദുല്‍ കബീര്‍: കബീര്‍ക്കാ ആദ്യവായനക്കും കമന്റിനും നന്ദി കേട്ടൊ. യാത്ര കഴിഞ്ഞ് വന്നപ്പൊ ഒരു ഡയറിക്കുറിപ്പ് പോലെ എഴുതിയതാണ്‌. ബ്ലോഗില്‍ ഇടാന്‍ പ്ലാന്‍ ഉണ്ടായിരുന്നില്ല. കൂട്ടുകാര്‍ യാത്രാവിശേഷം ചോദിച്ചപ്പൊ ഇട്ടതാണ്‌.

    ഒരു ദുബായിക്കാരന്‍: അത് ശരിയാ ഷജീര്‍ക്കാ....ആകാശം മുതല്‍ ഭൂമിക്കടിയിലൂടെ വരെ സഞ്ചരിച്ചു. ബോട്ട് യാത്രയുടെ കുറവുണ്ട്..ഹ്മ്മ്...
    മലമ്പുഴയില്‍ ബോട്ടില്‍ കേറിയിട്ടുണ്ട്. അത് കൊണ്ട് ബോട്ടില്‍ പോകാന്‍ കൗതുകമൊന്നുമില്ല ട്ടൊ..

    ajith:അജിത്തേട്ടാ വരവിനു നന്ദി.

    പൊന്മളക്കാരന്‍: അനുഗ്രഹത്തിന്‌ നന്ദി...പക്ഷെ,..എനിക്കിപ്പൊ എവിടെയും പോകണമെന്നെ ഇല്ല. യാത്രയുടെ ആഗ്രഹം തന്നെ തീര്‍ന്നു.
    ജയേട്ടാ..വേണ്ട, വേണ്ട..തിരുത്ത് വേണ്ട...ഹ്മ്മ്ം....

    ചെറുത്: പ്ലാന്‍ ചെയ്തിട്ട് നടന്നില്ല ല്ലെ? എനിക്കല്പം അഹങ്കാരം തോന്നുന്നു..ശ്ശൊ ഇനി എന്നെ കണ്ണ് തട്ടുകയൊന്നും ചെയ്യല്ലെ.. പറഞ്ഞേക്കാം..
    കണ്ടോ കണ്ടോ ..ഞാനിവടെ എത്ര പേരുടെ കാര്യം പറഞ്ഞു..എന്നിട്ടും സിമ്മി ജോര്‍ജ്ജ് സാറിന്റെ കാര്യം മാത്രം തിരക്കിയത് കണ്ടോ... പദവിയുള്ളോരെയേ പറ്റൂ ല്ലെ?
    ശ്ശൊ ഈ അച്ചായ്ന്റെ കാര്യം!! അപ്പൊ ..."...രാവിലെ നിഷാദ് എത്തി. സൈക്കിള്‍‌‌റിക്ഷയില്‍ സര്‍വ്വകലാശാലയിലേക്ക് കൊണ്ടുപോയി. നോമ്പ് കാലമായത് കൊണ്ട് രാവിലെ ഭക്ഷണം കിട്ടിയില്ല.ഉച്ചക്ക് കോളേജില്‍ നിന്നിറങ്ങുമ്പോള്‍ വെയിലിന്റെ ചൂടേറ്റ് കാത്ത് നില്പിന്റെ വിരസതയോടെ നൊയമ്പിന്റെ ആലസ്യത്തോടെ നിഷാദും കൂട്ടുകാരന്‍ സല്‍മാനും ഉണ്ടായിരുന്നു.എവിടെ നിന്നോ സംഘടിപ്പിച്ച പഴവും ജ്യൂസും തന്ന് അവര്‍ റൂമിലേക്ക് റിക്ഷ വിളിച്ച് തന്നു...." ഈ ഭാഗം വായിച്ചപ്പൊ അച്ചായനെന്താ തോന്നിയേ?

    ചെറുവാടി: അല്ലെന്നെ..പോസ്റ്റ് മുന്നില്‍ കണ്ട് ചെറുതാക്കിയതല്ല. ഇത്രയും സംഭവങ്ങളെ അന്ന് ഉണ്ടായുള്ളു..ഒരു തിരക്കിട്ട യാത്ര തന്നെ ആയിരുന്നെന്ന് തോന്നുന്നു..അല്ലതെ പോസ്റ്റാന്‍ വേണ്ടി ഒന്നും വിട്ടുകളഞ്ഞിട്ടില്ല...

    ReplyDelete
  16. വില്ലേജ്മാന്‍: ജ്യൊയുടെ ലിങ്ക് എനിക്ക് തരണേ..
    ദില്ലി വരെ എത്തിയെങ്കിലും കാണാതെ വന്നോ? സാരമില്ലെന്നെ....അവസരങ്ങള്‍ ഇനീം വരും..പോകുമ്പൊ സത്യത്തില്‍ ആഗ്ര പോകുമെന്ന് വിചാരിച്ചേ ഇല്ല..അതാ, ഒക്കെത്തിനും ഒരു സമയമുണ്ടെന്ന് മോഹന്‍ലാല്‍ നാടോടിക്കാറ്റില്‍ പറയുന്നത്...!!

    ഹാഷിക്ക്: അത് ശരിയാട്ടൊ. നമ്മുടെ നാട് തന്നെയാ നല്ലത്..ഇനി ഒരു യാത്രയുടെ ആഗ്രഹമെ ഇല്ലാതായി..കേരളത്തിനുള്ളിലെ യാത്രകള്‍ മതി ല്ലെ? അതാ മനസ്സിന്‍ സുഖം.

    റിയാസ്: ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത് കേട്ടപ്പൊ ഒരു സന്തോഷം..
    മനോജ് വെങ്ങോല: യാത്രക്കൊപ്പം കൊണ്ട് വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്..

    ziyad: അലിഗഡിനെ കുറിച്ച് പറയാരുന്നു ല്ലെ? സര്‍ സയ്ദ് അഹമ്മദ് ഖാനെ കുറിച്ചൊക്കെ..നല്ല നിര്‍ദ്ദെശം ട്ടൊ.. ചരിത്രങ്ങള്‍ എല്ലാര്‍കും അറിയുന്നതല്ലെ..അപ്പൊ എഴുതി മുഷിപ്പിക്കണ്ട എന്ന് കരുതി ...

    അക്ബര്: അക്ബര്‍ക്കയെ എന്നോടൊപ്പം ഓടിക്കാന്‍ കഴിഞ്ഞെന്ന് പറഞ്ഞാ പിന്നെ ഇതില്‍ പരം ഒരു സന്തോഷം വേറെ ഇല്ല തന്നെ. പന്തയം വെക്കാരുന്നു ല്ലെ?

    നിഷാദ് കുന്നുകാവ്: ഹോട്ടലിന്റെ പേരു തിരുത്തി കേട്ടൊ....ഇങ്ങനെ പൊക്കണ്ടാട്ടൊ....ആ യാത്രയില്‍ നോമ്പും വെച്ച് ആ പൊരി വെയിലത്ത് ഇത്രയൊക്കെ ഓടി നടന്ന് ചെയ്തു തന്നതിന് എങ്ങിനെ നന്ദി പറയണമെന്നറിയാതെ ഇരിക്കുകയാ ഞാന്‍..എല്ലാ സഹായത്തിനും ഹൃദയം നിറഞ്ഞ നന്ദി പറയട്ടേ..

    ReplyDelete
  17. അവതരണം കൊള്ളാം.

    അനശ്വര പ്രണയ സൌധ(?)ത്തിലെ കൊലയാളി ഭവനത്തെ വെര്‍ത്തിരിച്ച് കാണാന്‍ കഴിഞ്ഞതില്‍ അനശ്വരക്ക് സ്മാള്‍ സല്യൂട്ട്.

    ReplyDelete
  18. നിഷ്കളങ്കമായ ഈ എഴുത്ത് ഒരുപാടിഷ്ടായിട്ടോ... ഇനിയും ഒരുപാടൊരുപാട് യാത്രകള്‍ ചെയ്യാനും നല്ല യാത്രാവിവരണങ്ങള്‍ എഴുതാനും കഴിയട്ടെ... എല്ലാ ആശംസകളും...

    ReplyDelete
  19. അനശ്വരാ ...വളരെ ഇഷ്ടമായി ഈ രചനാ ശൈലി...Simple and elegant..ഇനിയും ഒത്തിരി ഒത്തിരി യാത്ര ചെയ്യാനും ആ അനുഭവങ്ങൾ പങ്കുവക്കുവാനുമുള്ള ഭാഗ്യം ഉണ്ടാകട്ടെ !

    പല തവണ ഡൽഹിയിൽ പോയിട്ടുണ്ടെങ്കിലും താജ് മഹൽ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. പ്രണയിനിക്കൊപ്പം എന്നെങ്കിലും സന്ദർശിക്കാമെന്നോർത്ത് ഒഴിവാക്കുകയായിരുന്നു. ഇനി എന്നാണാവോ ?

    ReplyDelete
  20. താജ് മഹല്‍ കാണാത്തോരൊക്കെ വേഗം പോയി കണ്ടുവാ.!രാജ് പാ‍ല്‍ ബില്ലൊക്കെ വരും മുന്‍പ്..അരാ എപ്പൊഴാ അതൊക്കെ അടിച്ചു മാറ്റുന്നേന്നു പറയന്‍ പറ്റില്ല..!!

    ദില്ലിക്കാഴ്ച്ചകളൊക്കെ കാണാന്‍ എനിക്കും ഒരിക്കല്‍ സാധിച്ചിരുന്നു. അന്ന് അതൊക്കെ എഴുതാന്‍ ഇത്തരം സൂത്രങ്ങളൊന്നും ഇല്ലാരുന്നല്ലോ..!
    ഈ വിവരണം വീണ്ടും ഒരനുഭൂതിയായി..!
    കുറേക്കൂടി പടങ്ങള്‍ ചേര്‍ക്കാമായിരുന്നു.
    നന്നായെഴുതി..
    ആശംസകള്‍..!!

    ReplyDelete
  21. ആകാശത്തിന്റെ നെറുകയില്‍ എത്തിയിട്ട് അപകടം സംഭവിച്ചാല്‍ exitലൂടെ പുറത്ത് കടന്നിട്ട് എന്ത് ചെയ്യാനാണ്‌‘? [പറക്കാല്ലോ‍ാ‍ാ]

    ശരിയാണ്, ധൂര്‍ത്തിന്റെ സാക്ഷ്യപത്രം, എങ്കിലും ഒരു ഹര്‍ഷദ്മേത്തയോ, ഇക്കാലത്തെ നാലാംകിട രാഷ്ട്രീയക്കാരോ സമ്പാദിച്ച് തനിക്കാകിയില്ല, കാലഘട്ടവും ഓര്‍ക്കണമല്ലോ..

    യാത്രാവിവരണം നന്നായി, ചെറുത് പറഞ്ഞപോലെ പരൂഷ എഴുതാന്‍ മറന്നോ, ങെ.. :))

    [ചിത്രങ്ങള്‍, ആദ്യത്തേത് മാത്രമായിരുന്നു അന്ന് കണ്ടത്, അത് അസ്സലായിട്ടുണ്ട്. പിന്നീട് കൂട്ടിച്ചേര്‍ത്തോ? എങ്കിലും ചിത്രങ്ങള്‍ കുറവാണെന്ന പരാതി ഉണ്ട്]
    ===
    ചാന്ദ്നി ചൌക്ക് എന്നല്ലേ? ആ‍ാ‍ാ‍ാ‍ാ..

    ReplyDelete
  22. അനശ്വരയുടെ ഡയരി ക്കുറിപ്പുകള്‍ !! അടി പൊളി പോസ്റ്റ്‌

    ReplyDelete
  23. യാത്രയും വിവരണവും ഇഷ്ടായി .
    ആശംസകള്‍

    ReplyDelete
  24. യാത്രകള്‍ അനല്പമായ അറിവുകള്‍ നമുക്കേകുന്നുണ്ട് .
    കണ്ണീരിനും വിയര്‍പ്പിനും മുകളില്‍ രക്തം കലര്‍ത്തി പണികഴിപ്പിച്ച ധൂര്ത്തിന്റെ അനശ്വര സ്മാരകം പ്രണയമല്ല ദുഖമാണ് മനസ്സില്‍ കൊണ്ടുവരുന്നത്‌! ആളും അര്‍ത്ഥവും അധികാരവും ഉണ്ടെങ്കില്‍ ഇതിനെക്കാള്‍ വലിയ സ്മാരകങ്ങള്‍ പണികഴിപ്പിക്കാന്‍ ആര്‍ക്കും കഴിയും.
    ലളിതസുന്ദര തനത് ശൈലിയില്‍ ഉള്ള ഈ യാത്രാവിവരണം വിവിധ മേഖലകളെ സ്പര്‍ശിച്ചു കടന്നു പോയി.
    ആശംസകള്‍
    ഇനിയും ഒരുപാട് യാത്രകള്‍ തരപ്പെടട്ടെ എന്നാശിക്കുന്നു.

    ഓടോ:(പൊട്ടിച്ചിരിക്കാനായി ഒരു എക്സിറ്റ് കൗണ്ടര്‍‌, പൊട്ടിക്കരയാനായി ഒരു പ്രവേശന കൗണ്ടറ്‌) ലത് കലക്കി.നമ്മള്‍ ഗള്‍ഫുകാര്‍ക്കിട്ടാണല്ലോ കൊട്ട് അല്ല?

    ReplyDelete
  25. valare nannai ezhuthi!!!!!!!
    welcome to my blog
    blosomdreams.blogspot.com
    if u like it follow and support me

    ReplyDelete
  26. പൊട്ടിച്ചിരിക്കാനായി ഒരു എക്സിറ്റ് കൗണ്ടര്‍‌, പൊട്ടിക്കരയാനായി ഒരു പ്രവേശന കൗണ്ടറ്‌,.. നല്ല വരികളിലൂടെ ഒട്ടും മുഷിപ്പിക്കാതെയുള്ള ഒരു യാത്രാ വിവരണം...അനു...നന്നയി ഈ രചന എല്ലാ ഭാവുകങ്ങളും.

    ReplyDelete
  27. യാത്രാവിവരണം മനോഹരമായിട്ടുണ്ട് അനശ്വര. ഒരു രണ്ട് മൂന്ന് അദ്ധ്യായമായി പറയാമായിരുന്നില്ലേ. താജ്മഹല്‍ വിവരണം ഒക്കെ വളരെ രസകരമായി. എന്നാലും ഇത്രയേറെ ദൂരം ഒറ്റക്ക് പോയ അനശ്വരയെ സമ്മതിച്ചു.

    ReplyDelete
  28. വിവരണം നന്നായി. ഷാജഹാന്റെയും മുംതാസിന്റെയും പ്രണയസ്മാരകം കാണാനുള്ള ഭാഗ്യമുണ്ടായത് തന്നെ വലിയ കാര്യം. ആ ശില്പിയെ കൊല്ലുകയാണോ കൈകള്‍ വെട്ടിക്കളയുകയാണോ ചെയ്തത്. കേട്ടിട്ടുള്ള ഒരു കഥയില്‍ കൈവെട്ടി കളഞ്ഞതിന് ശേഷമാണ് ശില്പി താജ്മഹലിന്റെ മകുടത്തില്‍ ഒരു ദ്വാരം ഇട്ടിട്ടുണ്ടെന്നത് ഷാജഹാനോട് പറയുന്നത്. ശില്പിക്കല്ലാതെ മറ്റാര്‍ക്കും അത് റെക്റ്റിഫൈ ചെയ്യുവാന്‍ കഴിയുകയുമില്ലത്രൈ. ഇപ്പോഴും അങ്ങിനെ ഒരു ദ്വാരം താജ്മഹലില്‍ ഉണ്ട് എന്നൊക്കെയാണ് എന്റെ കേട്ടുകേള്‍വി. സത്യമാണോ എന്നതറിയില്ല..

    പോസ്റ്റ് നന്നായി. ബോറടിപ്പിക്കുന്നില്ല.

    ReplyDelete
  29. മനസ്സ്‌ സഞ്ചരിച്ച വഴികളില്‍ ശരീരത്തിനു എത്താന്‍ കഴിയുമ്പോള്‍ നമ്മുടെ സന്തോഷം അതിരുകള്‍ഇല്ലാത്തതാകുന്നു....... ആ യാത്ര വിവരിക്കാന്‍ കഴിയുകഅതിലും വലിയ സന്തോഷം ആണ്‌..... ആശംസകള്‍

    ReplyDelete
  30. thanks for remembering me vivaranam kollam real india kanda santhosham illa nammude kerelam swrgamanennu ippol manassilayille

    ReplyDelete
  31. മണ്ണിൽ നിന്ന് വിണ്ണിലേക്കുയർന്ന് വീണ്ടും മണ്ണിലിറങ്ങിയപ്പോൾ അന്നു വരെ പരിചയിച്ചിട്ടില്ലാത്ത ശീല,സ്വഭാവ സവിശേഷതകളെയാണല്ലോ തൊട്ടറിഞ്ഞത്. ഇന്ത്യൻ നഗരങ്ങൾക്കു മാത്രമല്ല, ഗ്രാമങ്ങൾക്ക് പോലും തമ്മിൽ അമ്പരിപ്പിക്കുന്ന വൈജാത്യങ്ങളുണ്ടെന്ന് ബോദ്ധ്യപ്പെട്ടുവല്ലോ. എല്ലാറ്റിനുമൊടുവിൽ പാലക്കാടൻ മണ്ണിന്റെ വില ബോദ്ധ്യപ്പെട്ട നിമിഷത്തെക്കുറിച്ചെഴുതിയപ്പോൾ കുറിപ്പിനു പ്രസാദാത്മകമായ പരിസമാപ്തി.

    യാത്രാവിവരണം നന്നായിരിക്കുന്നു. വലിഞ്ഞിഴയാതെ, ചടുലമായി അവതരിപ്പിച്ചത് ഏറെ നന്നായി

    ReplyDelete
  32. മിക്കവാറും യാത്രകള്‍ രസകരമായും ആകാംശാഭാരിതമായും തുടങ്ങി ആസ്വദിച്ചു ഒടുവില്‍ തളര്‍ന്നും സീരിയസ് ആയും നോസ്റ്റു ഫീലിംഗ് ഉണ്ടാക്കിയും ഒക്കെയാണ് അവസാനിക്കാറ്...
    നല്ല അവതരണം

    ReplyDelete
  33. ഈ വേഗത കൊള്ളാം.വിവരണം വ്യത്യസ്തമായ ഒരനുഭവമായി.അഭിനന്ദനങ്ങള്‍...

    ReplyDelete
  34. പോസ്ടിനോരിത്തിരി നീളം കൂടിയെങ്കിലും രസായിട്ട് തന്നെ വായിച്ചു... ശുഭാശംസകള്‍..

    ReplyDelete
  35. "കുട്ടിക്കാലത്ത് മഴമേഘങ്ങള്‍ ഘനീഭവിച്ച് മഴ പെയ്യുന്നു എന്ന് പഠിക്കുമ്പോഴും, ഈ മേഘങ്ങള്‍ ചിലപ്പോള്‍ ഒരു മായക്കാഴ്ചയാവാം എന്നെന്റെ മനസ്സ് പറഞ്ഞിരുന്നു." നല്ലൊരു വാക്യം...

    "ഒരു പ്രണയത്തിന്റെ പേരില്‍ അനേകായിരങ്ങളുടെ കണ്ണീരും വിയര്‍പ്പും കൊണ്ട് നിര്‍മ്മിതമായ മഹല്‍! രാജ്യത്തിന്റെ ക്ഷേമത്തിനായി ചിലവഴിക്കേണ്ട ധനം ഇത്തരത്തില്‍ ദുര്‍‌വിനിയോഗം ചെയ്ത ഷാജഹാന്‍ ചക്രവര്‍ത്തി! " തികച്ചും വേറിട്ട ചിന്ത തന്നെ അനശ്വര... ഏതാനും മാസം മുന്‍പ് ഞാന്‍ താജ് മഹല്‍ സന്ദര്‍ശിച്ചപ്പോള്‍ ഇതൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല..പക്ഷെ നിന്റെ ചിന്തകള്‍ വേറിട്ടത് തന്നെ.. കീപ്‌ ഇറ്റ്‌ അപ്പ്‌.

    ഒട്ടും ബോറടിപ്പിക്കാതെ രസകരമായി പറഞ്ഞിരിക്കുന്നു അനു..നല്ലൊരു യാത്രാ വിവരണം..
    പക്ഷെ എന്റെ വ്യക്തിപരമായ അഭിപ്രായം പറയട്ടെ... ഇത്തരം യാത്രകളില്‍ നിന്നും നിനക്ക് കിട്ടുന്ന അറിവുകള്‍ കാണുന്ന കാഴ്ചകള്‍ അവ യാത്രാ വിവരണമായി എഴുതാതെ എന്നാല്‍ അതേ മനുഷ്യരെ സാഹചര്യങ്ങളെ ആസ്പദമാക്കി ഒരു കഥ മെനഞ്ഞെടുത്ത് എഴുതൂ. നിനക്ക് കഥകള്‍ ആണ് ഏറ്റവും അനുയോജ്യമായ മേഖല എന്നാണു എനിക്ക് തോന്നുന്നത്.

    എന്തായാലും എഴുത്തില്‍ ഒരുപാട് ഉയരങ്ങള്‍ താണ്ടാന്‍ നിനക്ക് സാധിക്കുമാറാകട്ടെ...
    എല്ലാവിധ നന്മകളും നേരുന്നു...

    ReplyDelete
  36. കമന്റു മോഡറേഷന്‍ ഉള്ള ബ്ലോഗുകള്‍ക്ക്‌ ഇനി മേല്‍ ഞാന്‍ കമന്റു ഇടുന്നതായിരിക്കില്ല. കേട്ടോ അനു :-)

    ReplyDelete
  37. ഞാന്‍ അവധി കഴിഞ്ഞു കുറേശെ ഓരോ മെയിലും വായിച്ചു വരുന്നു..ഒത്തിരി ഉണ്ട്...

    എനിക്ക് ഒത്തിരി ഇഷ്ടം ആയി ഈ യാത്ര കുറിപ്പ്..പല ഭാഗങ്ങള്‍ ആകി എങ്കില്‍ കുറേക്കൂടി നന്നായി എഴുതാന്‍ സാധികുമായിരുന്നു .കുഴപ്പം ഉണ്ട് എന്നല്ലാ..ആസ്വദിച്ചു എഴുതാനും ആസ്വദിച്ചു വായിക്കാനും അതാണ്‌ നല്ലത്..ഒരു വിമാന യാത്ര എന്നാണു ആദ്യം കരുതിയത്‌..ഇത് ശരിക്കും മാരത്തോണ്‍ എഴുത്ത് ആയില്ലേ എന്ന് ഒന്ന് തിരിഞ്ഞു നോക്ക്...ഒരു പക്ഷെ അനശ്വരയുടെ excitement കാരണം ഒന്നും pending ല്‍ വെയ്ക്കാന്‍ തോന്നികാണില്ല അല്ലെ.?

    ac ആയിരുന്നിട്ടു കൂടി ഒരു 'തീവണ്ടി' (ഇപ്പൊ കല്കരി അല്ലല്ലോ എന്നാലും ആ വാക് മാറ്റാന്‍ തോന്നുന്നില്ല)യാത്രയുടെ രസം പേറി ഞാന്‍ മക്കളോടൊപ്പം ഉത്തരെന്ത്യന്‍ റെയില്‍വേ യില്‍ നടത്തിയത് ഒരിക്കല്‍ ഇത് പോലെ സാഹസം ആയി മാറി..ഉച്ചക്ക് മൂന്നു മണിക്ക് ട്രെയിനില്‍ കയറിയ എന്റെ ഭാര്യയും മോളും "പിടിച്ചു നിന്നത്" പിറ്റേ ദിവസം രാവിലെ പത്തു മണി വരെ..!!! അഹങ്കാരം എന്ന് ചിലര് പറഞ്ഞേക്കും..പക്ഷെ സത്യം ആയും കാശ് കൊടുത്തുള്ള ടോയിലെറ്റ് വരെ ശ്രമിച്ചു..ഓക്കാനം വരുമ്പോള്‍ പിന്നെ എന്ത് ചെയ്യും..(ആണ്‍ ആയി പിറന്നതിനു നന്ദി പറഞ്ഞ ഒരു നിമിഷം ആയിരുന്നു എനിക്കും രണ്ടു ആണ്‍ മക്കള്‍ക്കും)..എഴുതിയാല്‍ ഒരു പോസ്ടിനുണ്ട്... അനശ്വര ഒരു വലിയ കാഴ്ച ഭംഗിയായി അവതരിപ്പിച്ചു...അഭിനന്ദനങ്ങള്‍...

    ReplyDelete
  38. Very nice story telling. I was in Delhi for several years and I can understand your feelings.... great write up... bravo

    ReplyDelete
  39. മഴ അറിയുന്നുണ്ടോ പൂവിന്ടെ സ്നേഹം ...
    രാവ് അറിയുന്നുണ്ടോ നിലാവിന്ടെ സ്നേഹം ...
    മുംതാസ് അറിഞ്ഞിരുന്നോ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ സ്നേഹം ...
    അല്ലെ ...നന്നായി എഴുതി.
    കൂടെ കാഴ്ചകള്‍ കണ്ടു യാത്ര ചെയ്ത പ്രതീതി.
    അഭിനന്ദനങ്ങള്‍....

    ReplyDelete
  40. യാത്രാനുഭവം വളരെ നന്നായി എഴുതി. അറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ വിവരണത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചു.അഭിനന്ദനങ്ങൾ.....

    ReplyDelete
  41. ഇവിടെയെത്താന്‍ വളരെ വൈകി.അര്‍ത്ഥസംപുഷ്ടമായ ആശയങ്ങളാല്‍ ആവിഷ്കാരം മനോഹരമാക്കി.പാലക്കാടിന്റെ ലളിതസൌന്ദര്യം വീണ്ടും തിരിച്ചറിയപ്പെടുന്നതില്‍ സന്തോഷം തോന്നുന്നു.

    ReplyDelete
  42. യാത്ര നന്നായി.. വിത്യസ്തമായി ചുരുങ്ങിയ വാചകങ്ങളിൽ കാഴ്ചകൾ ഒതുക്കി...

    കേരളത്തിനെ സൗന്ദര്യം അറിയണമെങ്കിൽ നമ്മൾ പുറത്തു പോയേ തീരൂ..

    പക്ഷെ ഗ്രാമങ്ങൾക്ക് ഒരു പ്രത്യേക ഭംഗിയുണ്ടേന്ന് വിശ്വസിക്കുന്ന ഒരാളാണു ഞാൻ, ഒരു പക്ഷെ അവിടെ ശൗചാലയങ്ങൾ ഇല്ലായിരിക്കാം.. വലിയ വീടുകൾ ഇല്ലായിരിക്കാം .. എങ്കിലും അതിനൊരു പ്രത്യേക ഭംഗിയില്ലേ.....


    ആശംസകൾ

    ReplyDelete
  43. Kalarppillatha ezhuth... Valare manoharam.... Othiri ishtapettu....

    ReplyDelete
  44. Kalarppillatha ezhuth.... Valare manoharam...., othiri ishtappettu....Kalarppillatha ezhuth.... Valare manoharam...., othiri ishtappettu....

    ReplyDelete
  45. എന്നാണാവോ നുമ്മൾക്കൊക്കെ ഈ വഴി പോകാനൊക്കുക.. :(
    എന്തായാലും ഒന്നു കറങ്ങണം.. :)

    ReplyDelete
  46. പ്രിയ സുഹൃത്തേ. ദൂരയാത്ര വായിച്ചു. സാധാരണ യാത്ര വിവരണം എന്നതില്‍ കവിഞ്ഞ് ഒന്നുമില്ല എന്നാണ് ആദ്യം ഓര്‍ത്തത്‌ . പിന്നെ ഒരു കാര്യം മനസ്സില്‍ വന്നു. ആദ്യ അനുഭവം.. അത് വിമാന യാത്രയോ കപ്പല്‍ യാത്രയോ എന്തുമാകട്ടെ.. അതിനു വല്ലാത്ത ഒരു അനുഭൂതി ഉണ്ട്. പിന്നെ, ആഗതരെ സഹായിക്കുവാന്‍ മറുനാടന്‍ മലയാളികള്‍ കാട്ടുന്ന സുമനസ്സിന്റെ ചിത്രം ഈ ബ്ലോഗില്‍ വ്യക്തമാണ് .. സന്തോഷം. തുടര്‍ന്ന് എഴുതുക

    ReplyDelete
  47. എന്റെയും കുടുംബതോടോപ്പമുള്ള ആദ്യ യാത്ര തജിലെക്കായിരുന്നു ....
    എനിക്ക് അന്ന് കിട്ടിയ കുറച്ചു വിവരങ്ങള്‍ പങ്കു വെക്കട്ടെ ...
    ആ ശില്പിയെ വധിച്ചു എന്നത് ഒരു വെറും കഥ മാത്രമാണ് ... അതുപോലെ വെള്ളത്തുള്ളികള്‍
    മുംതാസിന്റെ ശവ കുടീരത്തില്‍ വീഴും എന്നുള്ളതും കഥ മാത്രം ... അവിടെ ഏറ്റവും കൂടുതല്‍
    അത്ഭുതപ്പെടുത്തിയത് അതിന്റെ construction ആണ് .. 24 കിണറുകള്‍ക്ക് മുകളില്‍ ആണ് താജ് മഹല്‍
    പണിതത് .. ആ കിണറുകള്‍ക്ക് ഉള്ളില്‍ ഏതോ ഒരു പ്രത്യേക തരം മരക്കഷണം കുത്തി നിര്‍ത്തിയിരുന്നു ..
    താജിനെ ഭൂമി കുലുക്കത്തില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി ആയിരുന്നു ഇത് ...
    പിന്നെ മറ്റൊന്ന് താജിന്റെ ചുറ്റിലും ഉള്ള തൂണുകള്‍ 90 ഡിഗ്രി കുത്തനെ ആണെന്ന് തോന്നും എങ്കിലും സത്യത്തില്‍ അവയെല്ലാം
    കുറച്ച് പുറത്തേക്ക് വളഞ്ഞിട്ടാണ് ... ഭൂമി കുലുക്കാമോ മറ്റോ വന്നാല്‍ തൂണുകള്‍ താജിന് മുകളില്‍ വീഴാതിരിക്കാനായിരുന്നു ഇങ്ങനെ ഒരു നിര്‍മ്മിതി ...
    ഇനിയുമുണ്ട് ഒരുപാടു വിശേഷങ്ങള്‍ construction ല്‍ ...
    ഒപ്പം താജിന് പുറകില്‍ യമുനയ്ക്ക് അപ്പുറത്ത് ഒരു ബ്ലാക്ക്‌ താജ് മഹല്‍ പണി തുടങ്ങിയതും കാണാം ...
    അതിന്റെ കഥയും കേട്ട് കാണും എന്ന് വിശ്വസിക്കുന്നു ...

    ReplyDelete
  48. നല്ല വിവരണം. അഭിനന്ദനങ്ങള്‍

    ReplyDelete
  49. നല്ല വിവരണം. അഭിനന്ദനങ്ങള്‍

    ReplyDelete
  50. നല്ല വിവരണം. എന്നാലും നമ്മുടെ സ്വന്തം നാട്, അതെന്നും നമുക്ക് പ്രിയപ്പെട്ടതു തന്നെ അല്ലേ…

    ReplyDelete
  51. വൈവിധ്യങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ നമ്മുടെ തിരിച്ചറിവിന് ഗാഢതയേറുന്നു.

    ReplyDelete