Sunday, 26 June 2011

ഒരു യാത്രാ മധ്യേ....

["അടരുവാന്‍ വയ്യ ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുന്നതാണെന്റെ സ്വര്‍ഗം
നിന്നിലടിയുന്നതെ നിത്യ സത്യം........................" ]



     ഒരു തോളിൽ നീളം കുറഞ്ഞൊരു ബാഗ്‌. മറ്റേതിൽ കൈകുഞ്ഞ്‌.“ ആരെങ്കിലും ഒന്നെഴുന്നേറ്റ്‌ തന്നെങ്കിൽ..”..ബസ്സിന്റെ മുകളിലെ കമ്പിയിൽ പിടിച്ച്‌ തൂങ്ങി നില്ക്കുമ്പോൾ സംഭവിക്കില്ലെന്നറിയാമെങ്കിലും വെറുതെ ആശിച്ചു പോയി..ബസ്സിൽ യാത്ര ചെയ്തിട്ട്‌ ഒരു പാട്‌ നാളായി. അതിന്റെ ശീലക്കേടുമുണ്ട്‌. മകന്റെ നിർത്താതുള്ള കരച്ചിൽ കൂടി ആയപ്പോൾ വല്ലാത്തൊരു അസഹനീയത.

     രാത്രി മുഴുവൻ മകൻ കരച്ചിലായിരുന്നു. പനിയും നേരിയ ശ്വാസം മുട്ടലും. ഇന്നലെ ആരേയും അവൻ ഉറക്കിയില്ല. അലോപതി മരുന്ന്‌ കൊടുക്കാറില്ല. പാർവ്വതിക്കും ശ്യാമേട്ടനും ഒരുപോലെ ആയുർവേദത്തോടാണ്‌ താല്പര്യം. സ്ഥിരമായി നാരായണ സ്വാമി വൈദ്യരെയാണ്‌ കാണിക്കാറ്‌. ഇന്ന്‌ ശ്യാമേട്ടന്റെ ഓഫീസിൽ ഇൻസ്പെക്ഷനാണ്‌. പോവാതെ തരമില്ല. ഒരു നിവർത്തിയുണ്ടായിരുന്നെങ്കിൽ അവളേയും കുഞ്ഞിനേയും തനിച്ചയക്കുമായിരുന്നില്ല. ജീവിതം തിരക്കേറിയതാണ്‌. ഒപ്പം ജീവിച്ചു തീർക്കാനുള്ളതും.

     “ചിറകറ്റ പക്ഷിക്കു ചിറകുമായി നീ
ഇനി പിറകെ വരല്ലേ വരല്ലേ...”
ബാഗിൽ നിന്നും മൊബൈൽ നാദം. ശ്യാമേട്ടനാവും. ഇന്നിത്‌ എത്രാമത്തെ തവണയാണ്‌! ടെൻഷൻ കാണും. വൈദ്യരെ കണ്ട്‌ ഇറങ്ങിയ ഉടനെ അവൾ വിളിക്കാൻ ശ്രമിച്ചതാണ്‌. അദ്ദേഹം എടുത്തില്ല. തിരക്കിലാവാം. ഇപ്പോൾ  തിരിച്ചു വിളിക്കുമ്പോൾ അവൾക്ക്‌ ഫോണെടുക്കാൻ കഴിയുന്നുമില്ല. ചില സാഹചര്യങ്ങൾ തമ്മിൽ കൂടിച്ചേരാൻ ഒരുപാട്‌ പ്രയാസപ്പെടും. കോർത്തിണക്കിയാലും ഇണങ്ങാത്ത കണ്ണികളുമുണ്ട്‌.

     അങ്ങോട്ട്‌ പോകാൻ സ്റ്റേഡിയം ബസ്സ്റ്റാന്റ്‌ വരെ ശ്യാമേട്ടനും വന്നിരുന്നു. മടങ്ങുമ്പോൾ അവിടെ വന്ന്‌ കാത്ത്‌ നില്ക്കാമെന്ന്‌ പറഞ്ഞിട്ടുമുണ്ട്‌. സ്റ്റേഡിയത്തിന്‌ ഇന്നെന്തൊരു മോടിയായിരുന്നു! വഴിയോരക്കച്ചവടങ്ങളില്ലാത്ത റോഡിന്‌ വളരെ വീതി തോന്നി. വൃത്തിയും. റോഡിന്റെ വശങ്ങളിൽ തൂക്കിയിട്ട വർണ്ണക്കടലാസുകൾ കാറ്റിലാടി. മന്ത്രിയെ വരവേല്ക്കാനായി ഒരുങ്ങി നില്ക്കുകയാണ്‌ സ്റ്റേഡിയം. പാലക്കാടൻ മണ്ണിന്‌, ആടായാഭരണങ്ങൾ അണിഞ്ഞ്‌ വരന്റെ വരവിനായി കാത്തിരിക്കുന്ന പുതുക്ക പെണ്ണിന്റെ നാണം!! ഇന്നൊരു  ഉദ്ഘാടന ചടങ്ങുണ്ട്‌. ഉച്ചക്ക്‌ ശേഷം വിദ്യാലയങ്ങൾക്കും ഓഫീസുകൾക്കും അവധി. ഉച്ചക്ക്‌ മുൻപ്‌ വീടെത്താൻ അവളും ധൃതിപ്പെടുന്നത്‌ അത്കൊണ്ടാകും. വൈദ്യരോട്‌ വിളിച്ച്‌ പറഞ്ഞിരുന്നത്‌ കൊണ്ട്‌ ചെന്നയുടനെ കാണാനായി. മടക്കയാത്രയും വേഗമായി.

     ബസ്സ്‌ കുരിയോട്‌ സ്റ്റോപ്പിൽ നിർത്തി. കുറെ പേർ ഇറങ്ങി. ബസ്സിനകം വെളിച്ചം കണ്ടു. ഇരിക്കാൻ സ്ഥലവുമായി ഒരാൾ തൊട്ടു വിളിച്ചു. ആദ്യം ഒന്ന്‌ ഞെട്ടിയോ? “മാഷ്‌”! മാഷിനരികിൽ ഇരിക്കാൻ ഒരു നിമിഷം ഒന്ന്‌ ശങ്കിച്ചു. കുരിയോട്‌ നിന്നും നാലഞ്ച്‌ ചെറുപ്പക്കാർ കയറുന്നുണ്ട്‌. ഇരുപ്പിടം അവർ കൈയ്യേറും മുൻപ്‌ വേഗം ഇരുന്നു. ഈ അവശതയിൽ മറ്റൊന്നും ആലോചിക്കാത്തതാ നല്ലത്‌.

     തോളിൽ നിന്ന്‌ മകനെ മടിയിലിരുത്തി. കൈകൾക്കും ആശ്വാസം. മകന്റെ കരച്ചിലിനും നേരിയ ശമനം. ഇരിപ്പൊന്ന്‌ നേരെയായപ്പോൾ മാഷിനെ നോക്കി. എത്ര നാളായി ഇദ്ദേഹത്തെ കണ്ടിട്ട്‌?! ഒരു ദശാബ്ദത്തിൽ കൂടുതലായിക്കാണണം.

     “സുഖാണോ പാച്ചൂ...”

     മാഷിന്റെ സൗമ്യമായ ചോദ്യം. “പാച്ചൂ..” ആ വിളിക്കുണ്ട്‌ ആ പഴയ ഈണവും ഇമ്പവും.

     വട്ടക്കണ്ണടയും നീളൻ താടിയും. ഒരു മാറ്റവുമില്ല മാഷിന്‌. കാലം അവളെ അല്പം വീർപ്പിച്ചിട്ടുണ്ടെന്ന്‌ മാഷ്‌ പറഞ്ഞു. വെളുത്ത്‌ മെലിഞ്ഞ പാച്ചു മനസ്സിൽ നിന്ന്‌ മായുന്നില്ലെന്നും. കാലത്തിന്റെ പറഞ്ഞാൽ തീരാത്ത പരാജയമായി മാഷങ്ങിനെ കണ്മുന്നിൽ! അതും കേട്ട്‌ മറന്ന, അല്ല, മറക്കാൻ ശ്രമിച്ച ഇമ്പമാർന്ന “പാച്ചു” എന്ന വിളിയുമായി. പാർവ്വതി വീട്ടുകർക്കും കൂട്ടുകാർക്കും  പാറുക്കുട്ടിയാണ്‌. മാഷിനു മാത്രം പാച്ചുവും.

     നിറഞ്ഞ ക്ലാസ്സ്‌ മുറികളിൽ പോലും അവൾ അനുഭവിച്ചിരുന്ന കനത്ത ഏകാന്തത. അതിനെ ഇടക്കിടെ ഭഞ്ജിച്ചിരുന്ന മാഷ്‌. അവളുടെ മുഖമൊന്ന്‌ വാടിയാൽ മാഷ്‌ അറിയും. മനസ്സൊന്ന്‌ പിടഞ്ഞാൽ മാഷ്‌ സാന്ത്വനം ചൊരിയും. ഹൃദയത്തിന്റെ ഉള്ളറകളിലേക്ക്‌ മാഷ്‌ പ്രവേശിക്കുന്നതെങ്ങിനെയെന്നറിയാതെ പലപ്പോഴും അതിശയിച്ചിട്ടുണ്ട്‌.

     പ്രായം മുപ്പതുകളിൽ ചെന്നെത്തിയിട്ടും മാഷ്‌ അവിവാഹിതനായി തുടരുന്നത്‌ പ്രണയ നൈരാശ്യം കൊണ്ടാണെന്ന്‌ കൂട്ടുകാർ പറഞ്ഞു. മാഷുമായി ഒരാത്മ ബന്ധം ഉണ്ടായിട്ടും ഇരട്ടിയോളം പ്രായമുള്ള മാഷോട്‌ അതേകുറിച്ച്‌ ചോദിക്കാൻ എന്തൊ ഒരു അരുതായ്ക.

     നാടോ വീടോ എവിടെയെന്ന്‌ ചോദിച്ചിട്ടില്ലെങ്കുലും മറ്റ്‌ കുട്ടികളെക്കാൾ മാഷെ കുറിച്ച്‌ എന്തെല്ലാമോ അറിയാം എന്ന ഭാവം. പതിനാറാം വയസ്സിലെ പിതൃവിയോഗം. പത്ത്‌ മക്കളിൽ മുതിർന്ന മകൻ. ചുമലിൽ ഏറ്റിയാൽ പൊങ്ങാത്ത കുടുംബഭാരം. കുടുംബത്തിന്റെ ആശ്രയകേന്ദ്രം.കൗമാരത്തിൽ യൗവ്വനവും യുവത്വത്തിൽ വാർദ്ധക്യവും കൈയ്യിലേന്തി യാത്ര തുടരുന്ന കരുത്തനായ തേരാളി. യൗവ്വനത്തിന്റെ വേലിയേറ്റത്തിൽ തന്നെ ആത്മാവിന്റെ വേലിയിറക്കവും അനുഭവിച്ചറിഞ്ഞ മാഷ്‌.

     വർഷങ്ങൾക്ക്‌ ശേഷം വീട്ടിൽ വിവാഹാലോചനകൾ തുടങ്ങിയപ്പോൾ മാഷിന്റെ മുഖം മാത്രം മനസ്സിലേക്ക്‌ ഓടിയെത്തിയതെന്താണ്‌? അതും ഒരിക്കൽ പോലും, പ്രണയപൂർണ്ണമായ ഒരു നോട്ടം പോലും സമ്മാനിച്ചിട്ടില്ലാത്ത മാഷ്‌!! എന്ത്‌ ധൈര്യത്തിൻ മേലാണ്‌ ആ പേര്‌ ഉറക്കെ പ്രഖ്യാപിച്ചത്‌?!

     അദ്ദേഹത്തിന്റെ നാടും വീടും ഇന്നത്തെ അവസ്ഥയും ഒന്നുമറിയില്ലെന്ന്‌ പറഞ്ഞപ്പോൾ ഉയർന്ന അച്ഛന്റെയും കൂടപ്പിറപ്പുകളുടേയും പൊട്ടിച്ചിരിയിൽ അലിഞ്ഞു ചേർന്ന അവളുടെ കണ്ണീർ മുത്തുകൾ...അടുത്തുണ്ടായിരുന്നപ്പോഴൊന്നും ആ ബന്ധം ഒരു പ്രണയ പരിമളം ചൊരിഞ്ഞില്ല.എന്നിട്ടും ഇപ്പോൾ തോന്നുന്ന ഈ ഭാവത്തെ എന്ത്‌ പേരിട്ട്‌ വിളിക്കണം? പക്വതയില്ലായ്മയും ഒരു ശാപമാണ്‌.

     വഴിയിൽ വെച്ച്‌ മാഷിനെ കണ്ടെന്ന്‌ ഒരുദിവസം ആങ്ങള പറഞ്ഞു. വിവരങ്ങളെല്ലാം ധരിപ്പിച്ചുവെന്നും. വീട്ടിലെ ഫോൺ നമ്പർ മാഷിന്‌ നൽകിയിട്ടുണ്ട്‌; രണ്ട്‌ ദിവസത്തിനകം വിളിക്കുമെന്ന്‌..

     ആകാശപ്പൊയ്കയിലെ നക്ഷത്രങ്ങളെ കൈക്കലാക്കിയ ആനന്ദം. ‘എന്റെ പ്രേമം പോലെയാണെന്റെ മരണമെങ്കിൽ ഞാൻ മരിച്ചു കൊള്ളട്ടെ..’ എന്നുറക്കെ പ്രഖ്യാപിച്ച പ്രിയ ദസ്തയേവ്സ്കീ..നിനക്കു പ്രണാമം! ഊണിലും ഉറക്കത്തിലും ഫോൺ നാദത്തിനായി കാതോർത്തു. നിമിഷങ്ങൾ ദിവസങ്ങളായും മണിക്കൂറുകൾ വർഷങ്ങളായും തോന്നി. നിമിഷങ്ങളും മിനിറ്റുകളും മണിക്കൂറുകളും ഒക്കെ ചേർന്ന്‌ ഒരു മനോഹര വൃക്ഷമായി പൂത്തുലഞ്ഞു  നിന്നു. പിന്നീട്‌, ആ പൂക്കളൊന്നൊന്നായി വാടി കരിഞ്ഞ്‌ കൊഴിഞ്ഞ്‌ വീണു. ഓരോ കോളും മാഷിന്റേതാവണേ  എന്ന്‌ മനമുരുകി പ്രാർത്ഥിച്ചു. ചില കാത്തിരിപ്പുകൾ അനന്തവും അനശ്വരവുമാണ്‌.

     പ്രണയം തീവ്രമാകുന്തോറും പ്രണയിക്കുന്ന വസ്തു അപ്രാപ്യമായികൊണ്ടിരിക്കുമെന്നത്‌ ഒരു ലോകതത്വമാണോ? അതോ..
    മനുഷ്യന്‌ നൽകപ്പെട്ട ഏറ്റവും വലിയ അനുഗ്രഹം മറവിയത്രെ. മറവിയെന്ന മനോഹര പദത്തിന്റെ മറയും പിടിച്ച്‌ ശ്യാമേട്ടന്റെ ജീവിതത്തിലേക്ക്‌ ചേക്കേറാൻ മാഷിന്റെ നിശബ്ദത വഴികാട്ടിയായി.

     മാഷ്‌ മകനെയൊന്ന്‌ വാത്സല്യപൂർവ്വം തലോടി. അവൻ വീണ്ടും കരയാനും.അമളിപറ്റിയ പോലെ മാഷ്‌ അവളെ നോക്കി. സുഖമില്ലെങ്കിൽ അവൻ അങ്ങിനെയാണ്‌. എന്തിനും ഏതിനും കരഞ്ഞുകൊണ്ടിരിക്കും. അവന്റെ അസ്വസ്ഥതകൾ പ്രകടിപ്പിക്കാനുള്ള ഏകമാർഗ്ഗം.

     മാഷിന്റെ കുടുംബത്തെ കുറിച്ച്‌ തെല്ലൊരാകാംക്ഷയോടെ ചോദിച്ചു. അല്പനേരം അവർക്കിടയിൽ ചേക്കേറിയ മൗനം. മാഷിന്നും അവിവാഹിതനായി തുടരുന്നു..!!!

    “പാച്ചൂ..നീ അവസരം തന്നില്ലാല്ലൊ?” എന്ന മറുചോദ്യത്തിൽ ഒളിഞ്ഞിരുന്നത്‌ വെറും കുസൃതിയോ?

     മാഷ്‌ അവളുടെ സഹോദരനെ കണ്ടിട്ടേ ഇല്ലെന്ന്‌ പറഞ്ഞു. ഫോൺ നമ്പർ വാങ്ങിയിട്ടുമില്ല. സത്യത്തിന്റെ പാതകൾ വിചിത്രവും നിഗൂഢവുമാണ്‌. അന്വേഷിച്ചാലും ചിലത്‌ കണ്ടെത്തില്ല. പാച്ചുവിൽ നിന്നും പാറുക്കുട്ടിയിലേക്കുള്ള തരംഗദൈർഘ്യം മനസ്സിൽ കണക്കാക്കുകയായിരുന്നു പാർവ്വതി.

     പെട്ടെന്ന്‌ സ്റ്റോപ്പല്ലാത്ത സ്ഥലത്ത്‌ ബസ്സ്‌ നിർത്തിയത്‌ എന്തിനായിരിക്കും? കുറച്ച്‌ ചെറുപ്പക്കാർ കയറുന്നുണ്ട്‌. അവർ തടുത്തതാവാം. ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക്‌ മുന്നിൽ ചോദ്യചിഹ്നങ്ങൾ പെറ്റു പെരുകുന്നു. കയറുന്ന യുവാക്കൾക്ക്‌ പതിവിൽ കൂടുതൽ വേഗതയും വ്യഗ്രതയും. കയറിയവർ ആരെയൊക്കെയോ തിരയുന്നു. കൈയിലുണ്ടായിരുന്ന ആയുധങ്ങളിലേക്ക്‌ ശ്രദ്ധയെത്തും മുമ്പേ ഒഴുകിയ ചോരപ്പുഴ. ബസ്സിനകത്ത്‌ ഉയർന്ന കൂട്ടനിലവിളി. അവർ കുരിയോട്‌ സ്റ്റോപ്പിൽ നിന്നും കയറിയവരെ തിരഞ്ഞു പിടിച്ച്‌ വെട്ടുന്നു. അരുണിമയാർന്ന നിറച്ചാർത്തിൽ കണ്ണുകൾ മങ്ങിയതാണോ? രക്തതുള്ളികൾ മുഖത്തേക്ക്‌ തെറിച്ച്‌ വീണപ്പോൾ കണ്ണുകളിൽ പടർന്നത്‌ ഇരുളിമ. കൈയിൽ നിന്നും മകൻ ഊർന്നു വീഴുന്നു. താഴെ വീഴുന്ന കുഞ്ഞിനോ, ബോധം മറയുന്ന പാച്ചുവിനോ, വെട്ടേറ്റ്‌ പിടയുന്ന ശരീരങ്ങൾക്കോ ...ആർക്കാർക്ക്‌ താങ്ങാവണമെന്നറിയാതെ സ്തബ്ദനായി നില്ക്കുന്ന മാഷ്‌..!!!
     “ചിറകറ്റ പക്ഷിക്കു ചിറകുമായി നീ
ഇനി പിറകെ വരല്ലേ വരല്ലേ...”
ബാഗിൽ നിന്നും വീണ്ടും മൊബൈൽ നാദം......
                     
      ***************************

60 comments:

  1. മനസ്സിലേക്ക് കടന്നു വന്ന മനോഹരവാക്യങ്ങള്‍ ആദ്യമേ പറയട്ടെ...
    "പ്രണയം തീവ്രമാകുന്തോറും പ്രണയിക്കുന്ന വസ്തു അപ്രാപ്യമായികൊണ്ടിരിക്കുമെന്നത്‌ ഒരു ലോകതത്വമാണോ? അതോ.."
    "ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക്‌ മുന്നിൽ ചോദ്യചിഹ്നങ്ങൾ പെറ്റു പെരുകുന്നു."
    "കോർത്തിണക്കിയാലും ഇണങ്ങാത്ത കണ്ണികളുമുണ്ട്‌."

    അനുവിന്റെ എഴുത്ത് വളരെ മികച്ച നിലവാരത്തില്‍ തന്നെ തുടരുന്നു...
    വളരെ മികച്ച ഒരു പ്രണയ കഥ. സാധാരണ പ്രണയ കഥകളില്‍ നിന്നും തീര്‍ത്തും വിത്യസ്തവും. എന്നാല്‍ പ്രണയം മാത്രമല്ല, കഥയില്‍ എന്നുള്ളത് എടുത്തു പറയേണ്ടിയിരിക്കുന്നു.
    വിഷയ ദാരിദ്ര്യത്തിന്റെ ചട്ടക്കൂടില്‍ അനുവിന് ഒതുങ്ങി കൂടേണ്ടി വരില്ല എന്ന് മനസ്സ് പറയുന്നു..

    തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ക്ലൈമാക്സ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

    അത് പോലെ ഒന്ന് രണ്ടു ചെറിയ തെറ്റും പറയട്ടെ...
    "രാത്രി മുഴുവൻ മകൻ കരച്ചിലായിരുന്നു. പനിയും നേരിയ ശ്വാസം മുട്ടലും. ഇന്നലെ ആരേയും അവൻ ഉറക്കിയില്ല. അലോപതി മരുന്ന്‌ കൊടുക്കാറില്ല. അവൾക്കും ശ്യാമേട്ടനും ഒരുപോലെ ആയുർവേദത്തോടാണ്‌ താല്പര്യം"
    ഇവിടെ അവള്‍ക്കും എന്നാണോ അതോ തനിക്കും എന്നാണോ വേണ്ടത്?
    "ഉത്ഘാടന" ആണോ ഉദ്ഘാടന ആണോ ശരി?

    " പ്രായം മുപ്പതുകളിൽ ചെന്നെത്തിയിട്ടും മാഷ്‌ അവിവാഹിതനായി തുടരുന്നത്‌ പ്രണയ നൈരാശ്യം കൊണ്ടാണെന്ന്‌ കൂട്ടുകാർ പറഞ്ഞു. " ഈ വാക്യം ഭൂതകാലമാണോ വാര്‍ത്ത‍മാനകാല വാക്യമാണോ എന്ന സംശയം ആദ്യം ഉണ്ടാക്കി. അല്പം മാറ്റം വരുത്തി ഭൂതകാലമാക്കി, സംശയം വരാത്ത രീതിയില്‍ എഴുതണേ..

    എന്തായാലും അനുവിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...!!!
    നന്നായി വരട്ടെ...എല്ലാവിധ ഭാവുകങ്ങളും..

    ReplyDelete
  2. ചിലപ്പോള്‍ അങ്ങിനെയാണ്. എല്ലാം ശരിയാണ് എന്ന് കരുതി പ്രതീക്ഷയോടെ കണക്ക് കൂട്ടി കാത്തിരിക്കുമ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കാത്തവരുടെ ഭാഗത്ത്‌ നിന്നുള്ള കബളിപ്പിക്കല്‍ തീരെ പ്രതീക്ഷിക്കാത്തതാണ്.
    മാഷും പാച്ചുവിനെ പോലെ ആയിരുന്നിരിക്കാം. ചില മൌനങ്ങളും സംസാരിക്കാറുണ്ട്.
    ഒതുക്കത്തോടെ നല്ലൊരു കഥ.

    ReplyDelete
  3. മനോഹരം.
    സ്നേഹം, പ്രണയം, പ്രനയഭംഗം, വേദന, കലാപം, നിസ്സഹായാവസ്ഥ,
    എല്ലാം വന്നിട്ടുണ്ട് കഥയില്‍.
    വികാരങ്ങളുടെ ശരിയായ മിശ്രണം.
    നല്ല ആസ്വാദനം നല്‍കിയ കഥ.
    അഭിനന്ദനങ്ങള്‍

    ReplyDelete
  4. കഥ മനോഹരമായി പറഞ്ഞു. യാത്രയും അവിചാരിതമായ കണ്ടു മുട്ടലും എല്ലാം വളരെ സ്വഭാവികതയോടെ പറഞ്ഞ കഥ ഒരു ദുരന്തത്തില്‍ അവസാനിക്കും എന്ന് കരുതിയില്ല.

    തീര്‍ത്തും അപ്രതീക്ഷിതമായ ക്ലൈമാക്സിലൂടെ വായനക്കാരുടെ മനസ്സില്‍ നൊമ്പരം ബാക്കിയാക്കി മനോഹരമായ ഈ കൊച്ചു കഥയിലൂടെ കഥാകാരി തന്റെ രചനാ വൈഭവം തെളിയിച്ചു. അഭിനന്ദനങ്ങള്‍

    ReplyDelete
  5. നല്ല കഥ ,നല്ല രചനാപാടവം
    പാച്ചുവിന്‍റെ ലോകത്തില്‍ നിന്നും മാഷിന്റെ ലോകത്തേക്കും തിരിച്ചുമുള്ള യാത്ര അത്ര സ്വാഭാവികമായി തോന്നിയില്ല
    (ഇതൊരു വലിയ വിമര്‍ശനമായി കാണരുതെന്ന് അപേക്ഷ
    റിയാലിറ്റി ഷോകളിലെ ജഡ്ജ്മാര്‍ പറയാറില്ലേ.അതുപോലെ താങ്കളുടെ നിലവാരം കൂടുതലായത് കൊണ്ട് അതനുസരിച്ച് പറഞ്ഞെന്നേയുള്ളൂ. ഷോയിലെ പോലെ തന്നെ പറയുന്ന ആളിന് നിലവാരം കൂടുതലുണ്ടായിട്ടല്ല പറഞ്ഞത്)
    നല്ല വായനാനുഭവത്തിനു നന്ദി. ആശംസകള്‍

    ReplyDelete
  6. മനോഹരം എന്നല്ല ഓതേണ്ടത്..
    അതി മനോഹരം
    നന്നായി മാഷേ..
    എന്റെ മനസ്സില്‍ തന്നെ കൊണ്ടു..

    ReplyDelete
  7. നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍..

    ReplyDelete
  8. അനശ്വര,

    മനോഹരമായ കഥ..നല്ല കയ്യടക്കത്തോടെ അവതിരിപ്പിച്ചു..അഭിനന്ദനങ്ങള്‍ .

    ReplyDelete
  9. ആവശ്യമായ ചേരുവകളൊക്കെ കൃത്യമായി ചേര്‍ത്ത് സൃഷ്ടിച്ചെടുത്ത സുന്ദരമായ ഈ കഥ ഇഷ്ടപെട്ടു അനശ്വര.

    ആദ്യഭാഗത്തുള്ള “അവള്‍” ചെറുതിനേയും കുറച്ച് കുഴക്കി. പാച്ചു, മകന്‍, ശ്യാമേട്ടന്‍ ഇവരെ കൂടാതെ നാലാമതൊരാളുടെ പ്രസന്‍സാണ് ആ വാക്കില്‍ തോന്നുന്നത്. എങ്കിലും...കഥയുടെ വായനാസുഖത്തില്‍ അത് അത്ര ശ്രദ്ധിക്കപെടുമെന്ന് തോന്നുന്നില്ല. അപ്രതീക്ഷിതമായ അവസാനവും. എല്ലാം കൊണ്ടും നല്ല നിലവാരം പുലര്‍ത്തുന്ന പോസ്റ്റ്

    എഴുത്തുകാരിക്ക് അഭിനന്ദങ്ങളും ആശംസകളും!

    ReplyDelete
  10. ഏച്ചുകെട്ടിയപോലിരിക്കുന്ന അവസാനമൊഴിച്ചാൽ നന്നായി കഥ പറഞ്ഞു,

    ReplyDelete
  11. കൊള്ളാം .... മനോഹരമായിട്ടുണ്ട് !!!

    ReplyDelete
  12. എഴുത്തിലെ വ്യതിരക്തതയ്ക്ക് അഭിവാദ്യങ്ങള്‍ ,ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍

    ReplyDelete
  13. പ്രിയ അനശ്വരാ.....

    കഥ വായിച്ചു. പ്രത്യേകിച്ച് ചില വരികള്‍ വളരെ ഇഷ്ട്ടപ്പെട്ടു .

    "പ്രണയം തീവ്രമാകുന്തോറും പ്രണയിക്കുന്ന വസ്തു അപ്രാപ്യമായികൊണ്ടിരിക്കുമെന്നത്‌ ഒരു ലോകതത്വമാണോ?"

    പിന്നെ

    "സത്യത്തിന്റെ പാതകൾ വിചിത്രവും നിഗൂഢവുമാണ്‌. അന്വേഷിച്ചാലും ചിലത്‌ കണ്ടെത്തില്ല."

    കഥയുടെ ചില ഭാഗങ്ങൾകുറേക്കൂടി നന്നാക്കാമായിരുന്നു .
    അനശ്വരക്കു തീര്‍ച്ചയായും അതിനു കഴിയും.

    "ഒരു തോളിൽ നീളം കുറഞ്ഞൊരു ബാഗ്‌. മറ്റേതിൽ കൈകുഞ്ഞ്‌.“ ആരെങ്കിലും ഒന്നെഴുന്നേറ്റ്‌ തന്നെങ്കിൽ..”..ബസ്സിന്റെ മുകളിലെ കമ്പിയിൽ പിടിച്ച്‌ തൂങ്ങി നില്ക്കുമ്പോൾ സംഭവിക്കില്ലെന്നറിയാമെങ്കിലും വെറുതെ ആശിച്ചു പോയി."

    ഈ വരികള്‍ ഒന്ന് കൂടി വായിച്ചു നോക്കു .അനശ്വര ഇതിലും മനോഹരമായി വാക്കുകള്‍ കോര്‍ത്ത്‌ ഇണക്കാറു ണ്ടല്ലോ.
    ക്ലൈമാക്സ്‌ "കലാപം " ആക്കേണ്ടിയിരുന്നില്ല എന്ന്‌ വായിച്ചപ്പോള്‍ തോന്നി .
    എന്‍റെ അഭിപ്രായം പറഞ്ഞതാണ് കേട്ടോ.

    അത്തരം ചില ചെറിയ പ്രശ്നങ്ങള്‍ ഒഴിച്ചാല്‍ ഈ രചന വളരെ വളരെ മനോഹരം.പിന്നെ എനിക്കേറ്റവും പ്രിയപ്പെട്ട ദസ്തയേവ്സ്കീയുടെ വാക്കുകള്‍ കഥയില്‍ പരാമര്‍ശിച്ചതില്‍ നിറഞ്ഞ സന്തോഷം .

    ഒരു കാര്യം കൂടി ,
    തുടക്കത്തില്‍ പറഞ്ഞിരിക്കുന്ന ആ കവിതയുടെ രചയിതാവ് ശ്രീ ഓ എന്‍ വി സാര്‍ ആണ് .
    ആലാപനമാണ്ശ്രീ മധുസൂദനന്‍ നായര്‍ സാര്‍ .
    പിന്നെ ആ വരികള്‍ ഇങ്ങനെ ....

    "അടരുവാന്‍ വയ്യ ...
    അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും
    ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുന്നതാണെന്റെ സ്വര്‍ഗം
    നിന്നിലടിയുന്നതെ നിത്യ സത്യം........................"

    ഇനിയും എഴുതുക .നല്ല കഥകള്‍ക്കായി കാത്തിരിക്കുന്നു .ആശംസകള്‍.

    ReplyDelete
  14. @സുജ: സുജയുടേതുപോലുള്ളൊരു തെറ്റിദ്ധാരണ ആ കവിതയുടെ രചയിതാവിനെ കുറിച്ച് പലരിലും ഉള്ളതായി അറിയുന്നു. പക്ഷേ, രചനയും ആലാപനവും ശ്രീ മധുസൂദനന്‍‍ നായരുടേത് തന്നെയെന്ന് പറയട്ടെ.

    പലപ്പോഴുമായി പലയിടത്തും വാദപ്രതിവാദങ്ങള്‍ ഉണ്ടായിട്ടുള്ള ഈ വിഷയത്തിന്‍‍റെ സംശയ നിവൃത്തിക്കായി ഒരു ലിങ്ക് പരിചയപെടുത്തുന്നു. ആശംസകള്‍!

    http://samastham.wordpress.com/2007/12/01/madhu/

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. ഒരുപാട് എഴുതണമെന്നുണ്ട്.
    പക്ഷെ.....ഒരു വാക്ക് മാത്രം.
    ഈഅടുത്തനാളില്‍ വായിച്ചതില്‍ ഏറ്റവും ഹൃദയസ്പര്‍ശിയായ ഒരു കഥ!

    ReplyDelete
  17. അവസാനം എന്തോ ഒരു സൂപ്പര്‍ ട്വിസ്റ്റ്???

    ReplyDelete
  18. നല്ല കഥ.
    മനോഹരം എന്നു പറയാന്‍ തോന്നിയില്ല.
    ഇറ്റയ്ക്കിടെ വന്ന വല്യ വാചകങ്ങള്‍, പ്രണയത്തെപ്പറ്റിയും മറ്റുമുള്ളവ
    ഒറ്റയ്ക്ക് നന്നെങ്കിലും ഏന്തോ ഒരു ഏച്ചുകെട്ടല്‍ തോന്നി. പ്രമേയം പഴക്കമുള്ള ഒന്നാണെങ്കിലും
    അവതരനം നന്നായി. ആശംസകള്‍

    ReplyDelete
  19. വിഷയം കൊള്ളാം. പ്രണയത്തില്‍ തന്നെ അല്പം വ്യത്യസ്തത വരുത്തിയിട്ടുണ്ട്. മാഷ്- കുട്ടി പ്രണയം ഒട്ടേറെ കേട്ട ക്ലീഷേ ആണെങ്കില്‍ പോലും അവസാനമുണ്ടായ ട്വിസ്റ്റ് കൊള്ളാം. ഇനി ചില തിരുത്തുലുകള്‍ ആവശ്യമെന്ന് തോന്നുന്ന ഭാഗങ്ങള്‍ പറയാം.

    മഹേഷ് വിജയന്‍ പറഞ്ഞ തിരുത്ത് ഇനിയും വരുത്താത്തതെന്തെന്ന് തന്നെ ചോദിക്കട്ടെ. “അവൾക്കും ശ്യാമേട്ടനും ഒരുപോലെ ആയുർവേദത്തോടാണ്‌ താല്പര്യം“ ഇവിടെ തനിക്കും ശ്യാമേട്ടനും എന്നത് തന്നെയാണ് ശരി. കഥ പറയുന്നത് ഫര്‍സ്റ്റ് പേര്‍സണ്‍ തന്നെ.

    പിന്നെ ഇതില്‍ ചേര്‍ത്ത ആദ്യ കവിതയുടേ ഓഡിയോ വേര്‍ഷനില്‍ “പൊലിയുന്നതാണെന്റെ സ്വര്‍ഗം“ എന്നല്ല വീണു പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം എന്നാണ്. അത് കറക്റ്റ് ഏതാണെന്ന് എനിക്കും കണ്‍ഫ്യൂഷന്‍ ഉണ്ട്. പിന്നെ ആ കവിതയുടെ രചനയും ആലാപനവും മധുസൂദനന്‍ നായര്‍ തന്നെ. രണ്ടാമത്തെ കവിതയില്‍ (അയ്യപ്പപ്പണിക്കരുടെ) ചിറകറ്റ പക്ഷിക്കു ചിറകുമായി നീ
    ഇനിയും പിറകെ വരല്ലേ വരല്ലേ...”
    നീ ഇനി പിറകേ വരല്ലേ വരെല്ലേ എന്നാണ് കേട്ടോ.. തിരുത്തുക..

    ReplyDelete
  20. നന്നായിട്ടുണ്ട്......
    എഴുത്തുകാരിക്ക് അഭിനന്ദങ്ങളും ആശംസകളും......!

    ReplyDelete
  21. നല്ല അവതരണം... അവസാന പരഗ്രാ‍ഫ് ഇല്ലാതെ വായിക്കാന്‍ നല്ല സുഖം
    അവസാന പാരഗ്രാഫ് കഥയുമായി ചേരാത്ത പോലെ തോന്നി.

    എഴുത്ത് കൊള്ളാം

    ReplyDelete
  22. കഥ വായിച്ചു ,നന്നായിടുണ്ട് . അവസാനം വായനക്കാരെ വിഷമം ഉണ്ടാകും
    പാച്ചു മാഷെ ഇനിയും കാണുമോ?
    നിങ്ങളുടെ സൃഷ്ടികള്‍ എല്ലാം ജീവസ്പര്‍ഷങ്ങളായി തോനികുന്നുണ്ട്

    വലിയ വായന മുന്‍വിതിയോടെ തുടങ്ങിയത് കൊണ്ടാനോനു അറിയില്ല കഥ പെറ്റെന്
    തീര്‍ണപോലെ തോനി
    ഇനിയം കൂടുതല്‍ നല്ല സൃഷ്ടികള്‍ നിങ്ങളില്‍നിന്നുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

    ReplyDelete
  23. ഞാൻ ഈ ബ്ലോഗിൽ ആദ്യമായാണെത്തുന്നത്. വന്നത് വെറുതെയായില്ല. ഹ്ര്‌ദയത്തിൽ തൊട്ട ഒരു കഥ വായിച്ചു.

    ചെറുവാക്യങ്ങളാൽ വലിയ അർത്ഥങ്ങളും ആശയവും സംവേദിക്കാനുള്ള മിടുക്ക് പ്രത്യേകം പരാ‍മർശനീയം, പ്രശംസനീയം.

    (കൗമാരത്തിൽ യൗവ്വനവും യുവത്വത്തിൽ വാർദ്ധക്യവും കൈയ്യിലേന്തി യാത്ര തുടരുന്ന കരുത്തനായ തേരാളി. യൗവ്വനത്തിന്റെ വേലിയേറ്റത്തിൽ തന്നെ ആത്മാവിന്റെ വേലിയിറക്കവും അനുഭവിച്ചറിഞ്ഞ മാഷ്‌).

    (നിമിഷങ്ങൾ ദിവസങ്ങളായും മണിക്കൂറുകൾ വർഷങ്ങളായും തോന്നി. നിമിഷങ്ങളും മിനിറ്റുകളും മണിക്കൂറുകളും ഒക്കെ ചേർന്ന്‌ ഒരു മനോഹര വൃക്ഷമായി പൂത്തുലഞ്ഞു നിന്നു. പിന്നീട്‌, ആ പൂക്കളൊന്നൊന്നായി വാടി കരിഞ്ഞ്‌ കൊഴിഞ്ഞ്‌ വീണു).

    (മനുഷ്യന്‌ നൽകപ്പെട്ട ഏറ്റവും വലിയ അനുഗ്രഹം മറവിയത്രെ. മറവിയെന്ന മനോഹര പദത്തിന്റെ മറയും പിടിച്ച്‌ ശ്യാമേട്ടന്റെ ജീവിതത്തിലേക്ക്‌ ചേക്കേറാൻ മാഷിന്റെ നിശബ്ദത വഴികാട്ടിയായി)

    ഒട്ടും നിനയ്ക്കാത്ത ഒരു സംഭവത്തോടെ കഥയവസാനിച്ചപ്പോൾ ഒരു പളുങ്ക് പാത്രം കയ്യിൽ നിന്ന് പൊടുന്നനെ താഴെവീണുപോയാലെന്നപോലെ വായനക്കാരനായ ഞാനും നിന്നുപോകുന്നു......

    ReplyDelete
  24. ...പ്രണയം തീവ്രമാകുന്തോറും പ്രണയിക്കുന്ന വസ്തു അപ്രാപ്യമായികൊണ്ടിരിക്കുമെന്നത്‌ ഒരു ലോകതത്വമാണോ? ..

    നല്ല സ്യഷ്ടി..!
    കാവ്യാത്മകമായ രചനാശൈലി കൊണ്ട് തികച്ചും വേറിട്ടുനില്‍ക്കുന്നു.
    അവസാന ഖണ്ഠികയിലെ അപ്രതീക്ഷിത തിരിവുമാത്രമേ ഒരു വല്ലായ്മയായി തോന്നുന്നുള്ളു.ഒരുപക്ഷേ കഥാകാരിയുടെ മനം പോലെ, യാഥാര്‍ധ്യങ്ങള്‍ എപ്പോഴും വല്ലായ്മയുളവാക്കുന്നവയായതിനാലാവാം ആ തോന്നല്‍...!

    ഒത്തിരിയാശംസകള്‍..!!

    ReplyDelete
  25. പ്രണയമംഗുരിച്ച ഹൃദയം
    പ്രഹരമേറ്റപവന് തുല്യം
    അതരളി പൂത്ത വനം പോല്‍
    ആരും അതിരിടാത്ത സ്വപ്നവനിക

    ReplyDelete
  26. കഥ ഇഷ്ടമായി.
    എന്നാലും ക്ലൈമാക്സിലേക്ക് ഇത്ര പെട്ടെന്നു വരേണ്ടിയിരുന്നില്ല എന്നൊരു തോന്നല്‍

    ReplyDelete
  27. എഴുത്തുകാരിക്ക് അഭിനന്ദങ്ങളും ആശംസകളും......!

    ReplyDelete
  28. അനശ്വര ..

    അനശ്വരമായ സ്റ്റൈലന്‍ പ്രയോഗങ്ങള്‍ .
    ആണ്‌ ഏറ്റവും ആകര്‍ഷകം ..ഒരിക്കലും
    മനസ്സില്‍ നിന്നു മായില്ല ...എല്ലാവരും
    എടുത്തു പറഞ്ഞു ..ആവര്‍ത്തിക്കുന്നില്ല ..


    അവസാന ഭാഗം വിമര്‍ശനം അര്‍ഹിക്കുന്നു
    എന്ന് തോന്നി .അത് ഒരു അനുഭവവും ആയി
    ബന്ധിപ്പിക്കുന്നു എന്ന് തോന്നുകയും ചെയ്തു .
    എന്നാലും കഥയുമായി അതിനു ബന്ധം ഇല്ലാതെ
    പോയത് ഒരു കുറവ് അല്ലെ ?

    മാഷോ ഈ കഥയിലെ ആരെങ്കിലുമോ ഇതില്‍ ഇല്ലാത്ത സ്ഥിതിക്ക് ഇത് വേറൊരു കഥയ്ക്ക് ഉള്ള പ്ലോട്ട് തന്നെ ആക്കാമായിരുന്നു ..മാഷ്- പാച്ചി കഥയ്ക്ക് മുറുക്കം കുറഞ്ഞു
    പോവില്ലായിരുന്നു...


    ഹൃദയം നിറഞ്ഞ ആശംസകള്‍ ..പുതിയ പോസ്റ്റ്‌ ഒന്ന് മെയില്‍ അയക്കുമോ .?എന്‍റെ ബ്ലോഗില്‍ വന്നില്ലായിരുന്നെങ്കില്‍
    എനിക്ക് ഈ വായന നഷ്ടം ആകുമായിരുന്നു .ഒട്ടും ഇഷ്ടം
    ആകാത്ത നഷ്ടം ..

    ReplyDelete
  29. This comment has been removed by the author.

    ReplyDelete
  30. ഇസ്മായില്‍ കുറുമ്പടി :- പറഞ്ഞത് ഒരു വരിയോ അനേകം വരികളൊ എന്നതിലൊന്നുമില്ല, വന്നു എന്നറിയിച്ചുവല്ലൊ..നന്ദി...

    അരീക്കൊടന്‍:- വന്നതിന് നന്ദി..

    ഫൊസിയ :- മനോഹരങ്ങളാവാതിരുന്നതിന് എന്ത് ചെയ്യാനാവും?! എന്റെ കഴിവിന്റെ പരിതികളില്‍ നിന്നുള്ള എഴുത്തല്ലെ എനിക്ക് വരൂ...പിന്നെ വാചകങ്ങള്‍ വലുതായോ? പരമാവധി ചെറിയ വരികള്‍ എഴുതാന്‍ ശ്റമിച്ചിരുന്നതാണ്‌..വരികള്‍ ഒന്ന് കോട്ട് ചെയ്യാരുന്നു ട്ടൊ..എനിക്ക് മനസ്സിലാവാന്‌...
    അഭിപ്രായത്തിനു നന്ദി..

    മനോരാജ്:‌ ജീവിതം തന്നെ ആവറ്ത്തന വിരസം...ല്ലെ? മഹേഷ് പറഞ്ഞത്‌ തിരുത്താതിരുന്നത് , അവിടെ 'ഞാന്‍' കഥാപാത്റമായി വന്നതെ ഇല്ലല്ലൊ..അപ്പൊ എന്ത് വേണമെന്നറിയാതെ ആയി ..അതാ..അവിടെ പാറ്വതി എന്ന് തന്നെ ഇട്ടു..അതല്ലെ നല്ലത്..?!

    പൊന്മളക്കാരന്‍:- നന്ദി കേട്ടൊ..

    Hashim:- thank u Hashim...

    റിയാസ്..:- ഹ ഹ....എനിക്ക് റിയയുടെ കമന്റ് നന്നായി ഇഷ്ടപ്പെട്ടു..മാഷിനി പാച്ചുവിനെ കാണുമൊ എന്നല്ലെ?....കഥയില്‍ ചോദ്യമില്ലെന്നാ...എന്നാലും...ജുലൈ വരെ കണ്ടില്ലാട്ടൊ..ഇനി എങ്ങാനും കണ്ടെന്ന് അറിഞ്ഞാല്‍ നമ്മള്‍ വിടുമൊ? ഉടനെ വരൂലെ അടുത്ത കഥ...!!
    വേഗം തീറ്ന്നതായി തോന്നിയോ? കുറച്ച് സത്യങ്ങള്‍ അങ്ങിനെ തന്നെ ആവട്ടെ എന്ന് കരുതി..ഭാവനയുടെ അതിപ്റസരം വേണ്ടെന്ന് വെച്ചതാ...

    ജെയിംസ്:-നന്ദി...

    പള്ളിക്കരയില്‍:-ഈ അഭിപ്റായത്തിന്‌ നന്ദി അറിയിക്കട്ടെ..! വായനയില്‍ ഈ കഥ എങ്ങിനെ എന്ന് ഈ ഒറ്റ കമന്റ് കൊണ്ട് എനിക്ക് മനസ്സിലാക്കാനായി..കണ്ണാടിയിലേക്ക് സ്വാഗതം...ഇനിയും വരണേ...

    പ്റഭന്‍ ക്റ്ഷ്ണന്‍..വരവിനു നന്ദി..അവസാനത്തെ വേറിട്ടു നില്‍ക്കല്‍ ഇത് പോസ്റ്റൂമ്പോള്‍ ഒരു വായനക്കാരന്‍ പോലും അതിനെ ഉള്‍ക്കൊള്ളുമെന്ന് വിചാരിച്ചില്ല ട്ടൊ..അത് അങിനെ ആയിരുന്നു.അപ്പൊ അതില്‍ ഒന്നും ചെയ്തില്ലെന്ന് മാത്റം..

    k.m.Rasheed:
    റോസാപ്പൂക്കള്‍:-
    chandu nair:-
    വരവിനും അഭിപ്റായത്തിനും നന്ദി..

    എന്റെ ലോകം....
    വിന്‍സെന്റ് സര്‍..ഈ അഭിപ്റായത്തിനു നന്ദി പറഞ്ഞോട്ടെ..!
    എന്റെ മനസ്സില്‍ തോന്നുന്ന ഭ്രാന്തുകള്‍ കുറിച്ചിടാന്‍ ഒരിടമായി ബ്ലോഗ് കാണുന്നു..മെയില്‍ പലറ്ക്കും
    disturbance ആകുമോ എന്നൊരു തോന്നല്‍..അതാ ചെയ്യാത്തത്...എന്റെ ലോകം എനിക്കിഷ്ടമായി..ഇടക്കിടെ വരും..ഞാന്‍ വരുമ്പൊ എന്നെ ഓര്‍ക്കും..അപ്പൊ വായിക്കാന്‍ സമയം കിട്ടുമ്പൊ ഇടക്ക് വന്ന് നോക്കണേ...വായന വിരസമായില്ല എന്ന അഭിപ്റായത്തിന്‌ പ്റത്യേക നന്ദി പറയുന്നു....

    ReplyDelete
  31. അനശ്വര.....നന്നായിട്ടുണ്ട്.ആദ്യമായിക്കാണുകയാണ് വായിക്കുകയാണ് എന്നു തോന്നുന്നു."പ്രണയം തീവ്രമാകുന്തോറും പ്രണയിക്കുന്ന വസ്തു അപ്രാപ്യമായികൊണ്ടിരിക്കുമെന്നത്‌ ഒരു ലോകതത്വമാണോ?,അനശ്വരയുടെ ഈ വാക്കുകളോടു ഞാൻ നൂറ്റിഒന്നു വട്ടം ആവർത്തിക്കുന്നു.സത്യം സത്യം സത്യം

    ReplyDelete
  32. അനു, കഥ ഒത്തിരി ഇഷ്ടായി..
    വായിച്ചു തീര്‍ന്നപ്പോള്‍ കുറച്ചുകൂടി വയിക്കനുണ്ടായിരുന്നെങ്കില്‍
    എന്ന ഒരു തോന്നല്‍..
    മനസ്സിലെ മരിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രണയത്തോട് വീണ്ടും ഒരു
    പ്രണയം തോന്നി..ഈ കഥ വായിച്ചപ്പോള്‍..

    നന്ദി അനൂ..
    ക ച ട ത പ യില്‍ വന്നതിനും എനിക്ക് ഈ കണ്ണാടി തന്നതിനും..

    ReplyDelete
  33. ആദ്യമായിട്ടാ ഈ പാല ക്കാടന്‍ പരിമുള്ള ബ്ലോഗ്‌ കാണുന്നത്
    കഥ നന്നായിരിക്കുന്നു
    പ്രണയം തീവ്രമാകുന്തോറും പ്രണയിക്കുന്ന വസ്തു അപ്രാപ്യമായികൊണ്ടിരിക്കുമെന്നത്‌ ഒരു ലോകതത്വമാണോ?
    ഇത് ഒരു തത്വമോ അനുഭവമോ

    ReplyDelete
  34. ആദ്യമായിട്ടാ ഈ പാല ക്കാടന്‍ പരിമുള്ള ബ്ലോഗ്‌ കാണുന്നത്
    കഥ നന്നായിരിക്കുന്നു
    പ്രണയം തീവ്രമാകുന്തോറും പ്രണയിക്കുന്ന വസ്തു അപ്രാപ്യമായികൊണ്ടിരിക്കുമെന്നത്‌ ഒരു ലോകതത്വമാണോ?
    ഇത് ഒരു തത്വമോ അനുഭവമോ

    ReplyDelete
  35. അനശ്വര, നല്ല കഥ... നല്ല ഒരു വായന..

    >> ഒരു നിവർത്തിയുണ്ടായിരുന്നെങ്കിൽ അവളേയും കുഞ്ഞിനേയും തനിച്ചയക്കുമായിരുന്നില്ല. ജീവിതം തിരക്കേറിയതാണ്‌. ഒപ്പം ജീവിച്ചു തീർക്കാനുള്ളതും << ഇത് തന്നെയും കുഞ്ഞിനേയും എന്ന് മാറ്റിഎഴുതാമായിരുന്നു എന്ന് തോന്നി .

    ReplyDelete
  36. രിയപ്പെട്ട അനശ്വര,
    മഴ പെയ്യുന്ന ഈ ദിവസം,കൂട്ടുകാരിയുടെ വരികള്‍ മനസ്സില്‍ വിങ്ങല്‍ ഉണര്‍ത്തുന്നു!കണ്ണില്‍ ഈര്‍പ്പം അവശേഷിപ്പിച്ചു,ഹൃദയത്തില്‍ മുള്‍മുന കൊണ്ട പോലെ!
    അഭിനന്ദനങ്ങള്‍!
    തിരിച്ചു കിട്ടാത്ത സ്നേഹം എന്നും മനസ്സിന്റെ വിങ്ങലാണ്!
    സസ്നേഹം,
    അനു

    ReplyDelete
  37. അതീവസുന്ദരമായി എഴുതിയിരിക്കുന്നു.
    ഒരിക്കല്ലും തിരിച്ചു വരില്ലയെന്നറിഞ്ഞിട്ടും മാഷ് കാത്തിരിന്നിട്ടുണ്ടാവും അതാണല്ലോ ഓര്‍മ്മകള്‍ വാരിയെറിഞ്ഞിരിക്കുന്നത്.
    ചെറുപ്പകാര്‍ ചോരകളം തീര്‍ത്ത ഭാവന അസലായി.

    ആശംസകള്‍.

    ReplyDelete
  38. പ്രായം മുപ്പതുകളിൽ ചെന്നെത്തിയിട്ടും മാഷ്‌ അവിവാഹിതനായി തുടരുന്നത്‌ പ്രണയ നൈരാശ്യം കൊണ്ടാണെന്ന്‌ കൂട്ടുകാർ പറഞ്ഞു. മാഷുമായി ഒരാത്മ ബന്ധം ഉണ്ടായിട്ടും ഇരട്ടിയോളം പ്രായമുള്ള മാഷോട്‌ അതേകുറിച്ച്‌ ചോദിക്കാൻ എന്തൊ ഒരു അരുതായ്ക.

    "ഇരട്ടിയോളം പ്രായമുള്ള മാഷോട്‌ അതേകുറിച്ച്‌ ചോദിക്കാൻ എന്തൊ ഒരു അരുതായ്ക."അപ്പോള്‍ ശൈശവ വിവാഹമായിരുന്നു അല്ലേ ?
    എന്തോ മ്മക്ക് അവിടെ ഒരു പോരായ്മ തോന്നി ...

    ReplyDelete
  39. സപ്ന: സപ്ന ആദ്യ വരവിനു നന്ദി കേട്ടൊ..കണ്ണാടിയിലേക്ക് സ്വാഗതം...

    മുസാഫിറ്: മുസാഫിറില്‍ പ്റണയം ഉണറ്ത്താന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍ ധന്യയായി,..ട്ടൊ..

    കൊമ്പന്‍: മ്മേ..കൊമ്പാ...ഇമ്മാതിരി ചോദ്യോക്കെ ചോദിച്ച് പേടിപ്പിക്ക്യാ..?!
    ഇങ്ങിനെ ഒരു തത്വമുണ്ടൊ എന്നൊന്നും എനിക്കറിയില്ല്ല കേട്ടൊ..ആറ്ക്കെങ്കിലും അറിയുമെങ്കില്‍ പറയട്ടേ..ഇല്ലെങ്കില്‍ ഇതും അനശ്വരതത്വങ്ങളില്‍ പെടുത്താം..

    ഹാഷിക്ക്: കഥ പറഞ്ഞത് എല്ലാം അവളില്‍ നിന്നായത് കൊണ്ട് ഇടക്കിടെ 'താന്‍ 'എന്ന് എഴുതുനത് ശരിയല്ല എന്നാ എനിക്ക് തോന്നുന്നത്...

    അനുപമ:ശരിയാണ്‌ അനുപമാ.."തിരിച്ചു കിട്ടാത്ത സ്നേഹം എന്നും മനസ്സിന്റെ വിങ്ങലാണ്!"..എം.ടി.യുടെ ഈ വരികള്‍ ഇവിടെ കുറിച്ച അനുപമക്ക് നന്ദി അറിയിക്കുന്നു..

    സങ്കല്പങ്ങള്‍:..പ്റതീക്ഷയോടെയുള്ള കാത്തിരുപ്പും ജീവതമാണെന്നാ എം.ടി. പറഞ്ഞത്..അപ്പൊ പ്റതീക്ഷകളില്ലാത്ത കാത്തിരുപ്പോ..?!!
    സന്ദറ്ശനത്തിനു നന്ദി...

    ഫൈസല്‍ ബാബു..: അതെയ്....അത് പത്തില്‍ പഠിക്കുംമ്പൊഴത്തെ കാര്യാ ട്ടൊ അവിടെ പറഞ്ഞത്...കുറച്ച് വറ്ഷം കഴിഞ്ഞിട്ടാ വിവാഹം കഴിഞ്ഞത് എന്ന് പറഞ്ഞിട്ടുണ്ട്..തിരക്കില്‍ വായിച്ചതാ ല്ലെ? സാരമില്ല..മനസ്സിലാവായ്ക വന്നെങ്കില്‍ എഴുത്തിന്റെ പ്രശ്നവുമാവാം...വന്നതിനു നന്ദി...

    ReplyDelete
  40. ഇക്കഥയും ഇഷ്ടമായി

    ReplyDelete
  41. ഇതുവരെ വരാത്തതില്‍ വിഷമിക്കുന്നു . ഇപ്പോള്‍ വന്നപ്പോള്‍ അതിലും വിഷമം . കഥ വായിച്ചിട്ടാണ് കേട്ടോ. എന്ന് വച്ചാല്‍ നന്നായി മനസ്സില്‍ കോണ്ടു ഈ കഥ .

    ReplyDelete
  42. nannayittundu kadha.........
    Pakshe kaaryangal oru cinema stule aayippoyo ennoru samshayam....:D
    Bhaavukangal.

    ReplyDelete
  43. കഥ ഹൃദയഹാരിയായി ..
    ആശംസകള്‍

    ReplyDelete
  44. നന്നായിട്ടുണ്ട്. ഈ ചാതുര്യം കഥയില്‍ മാത്രം ഒതുക്കതിരിക്കൂ.

    ReplyDelete
  45. ആദ്യമായാണിവിടെ , കവിതയൊക്കെ നിര്‍ത്തി ബ്ലോഗടച്ചുപൂട്ടാന്‍ ആലോചിക്കുമ്പോള്‍ ഒരു കമന്റുമായാരാണൊരു പുതിയ ആള്‍ എന്നു നോക്കാന്‍ വന്നതാ.. കഥ നന്നായി കേട്ടൊ.. അഭിനന്ദനങ്ങള്‍ .

    ReplyDelete
  46. വായിച്ചു... നല്ല കഥ... ആശംസകൾ..

    ReplyDelete
  47. നല്ല കഥ.

    (ക്ലൈമാക്സിലെ ദുരന്തവർണന മാറ്റി മറ്റൊന്നാക്കിയിരുന്നെങ്കിൽ പ്രണയതീവ്രത കൂടുതൽ പ്രതിഫലിപ്പിക്കാമായിരുന്നു എന്നൊരു തോന്നൽ...)

    ReplyDelete
  48. സുന്ദരമായി എഴുതിയിരിക്കുന്നു.ആശംസകള്‍

    ReplyDelete
  49. മനോഹരമായി പറഞ്ഞുപോയ ഒരു കഥ; പക്ഷെ കഥാന്ത്യം മനപ്പൂര്‍വ്വം ഉണ്ടാക്കിയെടുത്തതുപോലെ!

    ReplyDelete
  50. മനോഹരം എന്ന് ഞാന്‍ ഈ കഥയെ വിളിച്ചാല്‍ അതീ കഥയോട് നീതി പുലര്‍ത്തല്‍ ആവില്ല..


    അതിനാല്‍ അതിമനോഹരം എന്ന് വിളിക്കട്ടെ!
    സുന്ദരമായ ഭാഷ.

    വൈകിവന്നതിനു ക്ഷമാപണം..വീണ്ടും വരാം

    ReplyDelete
  51. അനശ്വര,

    മനോഹരമായ കഥ
    ആശംസകള്‍

    ReplyDelete
  52. ഞാന്‍ കോപി ചെയ്തത് പേസ്റ്റുന്നില്ല, അതെല്ലാരും പറഞ്ഞെക്കണ് :))

    കഥ നന്നായിരിക്കുന്നു, നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും നഷ്ടപ്പെടുത്തിയതിലെ വേദന, ശേഷം കൂടിച്ചേരലില്‍ അതിന്റെ ഓര്‍മ്മകള്‍, അവസാനം..

    ആശംസകള്‍..
    (ഓ:ടോ: കുരിയോട് ബസ്, അഞ്ചരക്കണ്ടി വഴിയാണോ പോകുന്നെ?)

    ReplyDelete
  53. നന്നായിട്ടുണ്ട്..പറഞ്ഞത് തന്നെ വീണ്ടും പറയുന്നില്ല..അഭിനന്ദനങ്ങൾ

    ReplyDelete
  54. വളരെ നന്നായിരിക്കുന്നു.... ആശംസകൾ...

    ReplyDelete
  55. അവിചാരിതമായി എത്തിപ്പെട്ടു..കണ്ടു...വായിച്ചു..ഇഷ്ട്ടപ്പെട്ടു. വാക്കുകള്‍ കൊണ്ട് അലങ്കാരം നിറഞ്ഞ വാചകങ്ങള്‍ സൃഷ്ടിക്കാനുള്ള സാമര്‍ത്ഥ്യം അപാരം. ആശംസകള്‍. ഇക്കു മയ്യഴി

    ReplyDelete
  56. കഥ വായിച്ചു,, അന്ത്യം അപ്രതീക്ഷിതമായി..

    നന്നായി.. ആശംസകൾ

    ReplyDelete
  57. നല്ല രസതിൽ വായിച്ചു വന്നതായിരുന്നു, പക്ഷേ അവസാനം…. അത് ഇഷ്ട്ടപ്പെട്ടില്ല…

    ReplyDelete
  58. നല്ല ഭാഷയും ശൈലിയും. വളരെ ഇഷ്ടപ്പെട്ടു. പക്ഷെ കഥാന്ത്യം ഒട്ടും യോജിപ്പില്ലാതെപോയത് ഒരു കുറവായി ഞാന്‍ പറഞ്ഞ്കൊള്ളട്ടെ അനശ്വരേ....

    ReplyDelete